മാലിപ്പുറം: ട്രോളിംഗ് നിരോധനത്തെ തുടർന്ന് ബുദ്ധിമുട്ട് അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് കൈത്താങ്ങാകാൻ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത നടപ്പാക്കുന്ന ‘സുഭിക്ഷം’ പദ്ധതിയുടെ നാലാം ഘട്ടത്തിന് തുടക്കമായി. മാലിപ്പുറം സെന്റ് ജോസഫ് ദൈവാലയത്തിൽ നടന്ന ചടങ്ങിൽ ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി. ക്ലീറ്റസ് ഭക്ഷ്യകിറ്റ് എളംകുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെന്നി ബെർണാഡിനും മാലിപ്പുറം സെന്റ് ജോസഫ് ഇടവക വികാരി ഫാ. റോക്കി ജോസ്ലിൻ എക്സ് ചക്കാലക്കലിനും കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു.
കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക്കിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രമോട്ടർ ഫാ. റാഫേൽ സ്റ്റിനിൽ ചാണാശ്ശേരി ആമുഖപ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറി ഇൻചാർജ് അരുൺ സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് വിനോജ് വർഗീസ്, സെക്രട്ടറി ഫെർഡിൻ ഫ്രാൻസിസ്, സോഷ്യോ-പൊളിറ്റിക്കൽ ഫോറം കൺവീനർ മാനുവൽ ബെന്നി, ജോമോൻ ആന്റണി, വൈപ്പിൻ മേഖലാ പ്രസിഡന്റ് റൂബൻ മാർട്ടിൻ, വൈസ് പ്രസിഡന്റ് ഷെൽഡ്രീന റോഡ്രിഗസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പദ്ധതിയുടെ ഭാഗമായി മത്സ്യബന്ധനം നടത്തുന്ന മാലിപ്പുറം ഇടവകയിലെ മത്സ്യത്തൊഴിലാളികൾക്ക് 500 കിലോ അരി വിതരണം ചെയ്തു. ട്രോളിംഗ് നിരോധന കാലത്ത് വരുമാന നഷ്ടം നേരിടുന്ന മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമാകുകയാണ് കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ ‘സുഭിക്ഷം’ പദ്ധതി.

