ഡോ.ബിജു ടെറന്‍സ്
(പ്രൊഫസര്‍ ആന്‍ഡ് ഹെഡ്, കോമേഴ്സ് വിഭാഗം ആന്‍ഡ് ഡയറക്ടര്‍, സെന്റര്‍ ഫോര്‍ ഗ്ലോബല്‍ അക്കാഡമിക്സ് കേരള സര്‍വകലാശാല)
രജതജൂബിലി: ആഘോഷത്തില്‍ നിന്ന് ഉത്തരവാദിത്തത്തിലേക്ക്
ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ ദിശ ഒരു സ്ഥാപനത്തിന് ആത്മപരിശോധനയുടെയും പുനര്നിര്ണ്ണയത്തിന്റെയും സമയമാണ്. കെആര്‍എല്‍സിസി രജതജൂബിലിയിലേക്ക് കടക്കുമ്പോള്‍, പിന്നിട്ട വഴികളിലേക്ക് നന്ദിയോടെ തിരിഞ്ഞുനോക്കാനും, വര്‍ത്തമാനത്തെ ധൈര്യത്തോടെ അഭിമുഖീകരിക്കാനും, ഭാവിക്കായി പ്രത്യാശയുടെ പാതകള്‍ തുറക്കാനുമുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. രജതജൂബിലി ഒരു ചരിത്രാഘോഷം മാത്രമല്ല ദൗത്യം വീണ്ടും തിരിച്ചറിയാനും മുന്‍ഗണനകള്‍ പുനഃക്രമീകരിക്കാനുമുള്ള കൃപയുടെ സമയമാണ്. ഫ്രാന്‍സിസ് പാപ്പാ ഓര്‍മ്മിപ്പിച്ചതുപോലെ, സിനഡാത്മകത ഒരു പരിപാടിയല്ല. സഭയുടെ ജീവശൈലിയാണ് നടക്കുക. കേള്‍ക്കുക. തീരുമാനിക്കുക, പ്രവര്‍ത്തിക്കുക.
ഒരുമിച്ച് 2002 മെയ് 24-ന് രൂപംകൊണ്ട കെആര്‍എല്‍സിസി വിദ്യാഭ്യാസം, തൊഴിലാളി അവകാശങ്ങള്‍, അല്മായ നേതൃത്വവികസനം, ജെ.ബി. കോശി കമ്മീഷന് മുമ്പാകെയുള്ള പഠനാവതരണം എന്നിവയിലൂടെ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തി – ഇവയെ അഭിമാനത്തോടെ സ്മരിക്കുന്നു. ഇന്ന് വീണ്ടും ചോദ്യം: അടുത്ത ഇരുപത്തിയഞ്ച് വര്‍ഷം നാം എങ്ങനെ യാത്ര ചെയ്യണം? നാല് ചോദ്യങ്ങളിലൂടെ ആ യാത്ര നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു – നമ്മള് എന്തിനാണ് ഒരുമിച്ചത്? എവിടെയാണ് നില്‍ക്കുന്നത്? ദൈവവും സഭയും എന്താണ് ആവശ്യപ്പെടുന്നത്? എങ്ങനെ പ്രവര്‍ത്തിക്കണം?
നമ്മള് എന്തിനാണ് ഒരുമിച്ചത്?
”രണ്ടോ മൂന്നോ പേര് എന്റെ നാമത്തില്‍ ഒരുമിച്ചുകൂടുന്നിടത്ത് അവരുടെ മേധ്യ ഞാന്‍ ഉണ്ടായിരിക്കും.’ (മത്തായി 18:20)
ഓരോ സ്ഥാപനത്തിന്റെയും ജനനം ഒരു ചരിത്രാവശ്യത്തില് നിന്നാണ്. നൂറ്റാണ്ടുകളായി വിശ്വാസസമ്പന്നമായ പാരമ്പര്യമുള്ള കേരളത്തിലെ ലത്തീന്‍ സമൂഹം ദീര്‍ഘകാല സാമൂഹിക-സാമ്പത്തിക പിന്നാക്കാവസ്ഥയും അഭിമുഖീകരിച്ചു. ഇത് ഒറ്റപ്പെട്ട രൂപതകള്‍ക്ക് പരിഹരിക്കാനാവില്ലെന്ന തിരിച്ചറിവില്‍, 2001-ല്‍ ലത്തീന്‍ മെത്രാന്മാര് ഒരുമിച്ചുചേര്‍ന്ന്, 2002 മെയ് 24-ന് കെആര്‍എല്‍സിസി ഉദ്ഘാടനം ചെയ്തു.
കെആര്‍എല്‍സിസി എന്തിനുവേണ്ടി?
കെആര്‍എല്‍സിസി ഒരു സംഘടന മാത്രമല്ല ഒരു സംവാദവേദിയും ഏകോപനസംവിധാനവും സമുദായശബ്ദവുമാണ്; രൂപതകള്‍ പരസ്പരം പഠിക്കാനും അല്മായ നേതൃത്വത്തെ വളര്‍ത്താനും സഭയുടെ സാമൂഹികദൗത്യം ഫലപ്രദമാക്കാനുമുള്ള ഒരു ദൗത്യമാണ്. ഇന്ന് വരാപ്പുഴ, തിരുവനന്തപുരം, കോഴിക്കോട് എന്നീ മൂന്ന് അതിരൂപതകളിലായി പന്ത്രണ്ട് രൂപതകള്‍, ഇരുപത്തിനാല് കമ്മീഷനുകള്‍, ആറ് മന്ത്രാലയങ്ങള്‍ വഴി ഇരുപത് ലക്ഷത്തോളം വരുന്ന സമുദായത്തിന്റെ പൊതുവേദിയാണിത്.
സഭയും സമുദായവും
ചിലപ്പോള്‍ ‘സഭ’യും ‘സമുദായവും’ രണ്ടാണെന്ന രീതിയില്‍ ചര്‍ച്ചകള്‍ നടക്കാറുണ്ട് – ഈ ദ്വന്ദ്വം ആരോഗ്യകരമല്ല. സഭ ഇല്ലാതെ സമുദായമില്ല; സമുദായമില്ലാതെ സഭയുടെ ദൗത്യം പൂര്‍ണമാകില്ല. ആരാധനയും സാമൂഹിക ഉത്തരവാദിത്തവും പരസ്പരപൂരകങ്ങളാണ് – ദരിദ്രന്റെ കണ്ണുനീര് കാണാത്ത ആരാധന അപൂര്‍ണമാണ്. ഈ രണ്ടിനെയും സമന്വയിപ്പിക്കുന്നതിലാണ് കെആര്‍എല്‍സിസിയുടെ യഥാര്‍ത്ഥ ശക്തി.
ഒരു പുതിയ ചോദ്യം
ഇരുപത്തിനാല് വര്‍ഷം മുമ്പ് നാം ചോദിച്ചത് ”എന്തുകൊണ്ട് ഒരു കെആര്‍എല്‍സിസി വേണം?’ എന്നായിരുന്നു. ഇന്ന് ചോദിക്കേണ്ടത്: ‘ഓരോ ലത്തീന്‍ കത്തോലിക്കനും കെആര്‍എല്‍സിസി തന്റെ ജീവിതത്തില്‍ എന്ത് മാറ്റം സൃഷ്ടിച്ചു എന്ന് പറയാന്‍ കഴിയുമോ?’ ഒരു ശബ്ദമായിരുന്ന കെആര്‍എല്‍സിസി ഇനി ഒരു പഠിക്കുന്ന സംഘടനയും, പിന്നീട് ഒരു രൂപാന്തര പ്രസ്ഥാനവുമാകണം കൂടുതല്‍ യോഗങ്ങളല്ല, കൂടുതല്‍ കേള്‍വിയും ഫലങ്ങളും ജീവിതപരിവര്‍ത്തനവുമാണ് വേണ്ടത്.
നമ്മള് എന്താണ് നേടിയെടുത്തത്?
”കര്‍ത്താവിനു നന്ദിപറയുവിന്‍; അവിടുന്ന് നല്ലവനാണ്; അവിടുത്തെ കാരുണ്യം അനന്തമാണ്.”
(സങ്കീര്‍ത്തനം 136:1)
ഇരുപത്തിനാല് വര്‍ഷങ്ങള്‍ ഒരു സംഘടനയുടെ ചരിത്രത്തില്‍ ചെറിയ കാലയളവല്ല. രജതജൂബിലിയിലേക്ക് കടക്കുമ്പോള്‍ ആദ്യം വേണ്ടത് ഈ യാത്രയെ അനേകം ബിഷപ്പുമാരുടെയും വൈദികരുടെയും സന്ന്യസ്തരുടെയും അല്മായ നേതാക്കളുടെയും കൂട്ടായ പരിശ്രമത്തെ – നന്ദിയോടെ ഓര്‍ക്കുകയാണ്.
2011 ഫെബ്രുവരി 27-നും 2014 ഫെബ്രുവരി 28-നും കെആര്‍എല്‍സിസി സംഘടിപ്പിച്ച രണ്ട് ”മഹാസംഗമങ്ങളില്’ ഓരോന്നിലും ഒരു ലക്ഷത്തിലധികം പേര് പങ്കെടുത്ത്, സമുദായത്തിന്റെ അവകാശപത്രിക സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിച്ചു – സാമൂഹിക ഇടപെടലിന്റെ പുതിയ മാതൃക. പാഠം വ്യക്തമാണ്: ഒറ്റപ്പെട്ട ശബ്ദങ്ങള്‍ കേള്‍ക്കപ്പെടില്ല; ഒരുമിച്ചുള്ള ശബ്ദം സമൂഹത്തെയും ഭരണകൂടത്തെയും ചിന്തിപ്പിക്കും.
ജെ.ബി.കോശി കമ്മിഷന് – ഒരു ചരിത്ര സംഭാവന
കഴിഞ്ഞ കാല് നൂറ്റാണ്ടിനുള്ളിലെ ഏറ്റവും പ്രധാന ഇടപെടലുകളിലൊന്നാണ് ലത്തീന്‍ സമുദായത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെ ജെ.ബി. കോശി കമ്മീഷന് മുന്നില്‍ ശാസ്ത്രീയമായി അവതരിപ്പിച്ചത് – ഒരു സമൂഹം ആദ്യമായി സ്വന്തം യാഥാര്‍ത്ഥ്യങ്ങളെ കണക്കുകളിലൂടെ അവതരിപ്പിച്ച ചരിത്രനിമിഷം. എന്നാല്‍ ഒരു പഠനം പൂര്‍ത്തിയായാല്‍ ദൗത്യം അവസാനിക്കുമോ? ഇല്ല – അവിടെയാണ് യഥാര്‍ത്ഥ ദൗത്യം ആരംഭിക്കുന്നത്.
ആറ് മന്ത്രാലയങ്ങളും ഇരുപത്തിനാല് കമ്മീഷനുകളും വിദ്യാഭ്യാസം, യുവജനങ്ങള്‍, കുടുംബം, സാമൂഹികസേവനം, സ്ത്രീശാക്തീകരണം, അല്മായ നേതൃത്വം എന്നിവയിലേക്ക് ശുശ്രൂഷ വ്യാപിപ്പിച്ചു ഈ വൈവിധ്യം സംഘടനയുടെ ശക്തിയാണ്. എന്നാല്‍ ഇവ തമ്മില്‍ എത്രത്തോളം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു എന്നത് ചോദ്യമായി അവശേഷിക്കുന്നു.
അല്മായ നേതൃത്വം – ഒരു പുതിയ സാധ്യത
കെആര്‍എല്‍സിസിയുടെ ഏറ്റവും വലിയ സംഭാവനകളിലൊന്ന് അല്മായ നേതൃത്വത്തിന് പുതിയ സാധ്യതകള്‍ തുറന്നതാണ.് സഭയുടെ ദൗത്യം വൈദികരുടേത് മാത്രമല്ല, ദൈവജനത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തമാണെന്ന് ഇത് വ്യക്തമാക്കി. എങ്കിലും അടുത്ത തലമുറയിലെ നേതാക്കളെ കണ്ടെത്തി പരിശീലിപ്പിക്കുന്ന ക്രമബദ്ധമായ സംവിധാനത്തിലേക്ക് നാം ഇനിയും വളരണം.
ഒരു സംഘടനയുടെ ഏറ്റവും വലിയ നേട്ടം കെട്ടിടങ്ങളോ പ്രമേയങ്ങളോ അല്ല – മനുഷ്യരാണ്. കെആര്എല്സിസിയിലൂടെ വളര്‍ന്ന അനേകം സമര്‍പ്പിത അല്മായ നേതാക്കളാണ് നമ്മുടെ ഏറ്റവും വലിയ മൂലധനം. ഇവയെല്ലാം അഭിമാനം നല്കുന്നു; ഒപ്പം ചിന്തിക്കാം തീരുമാനങ്ങളില്‍ എത്ര ശതമാനം പ്രാവര്‍ത്തികമായി? മികച്ച മാതൃകകള്‍ എത്രത്തോളം പങ്കുവെക്കപ്പെട്ടു? ഈ ചോദ്യങ്ങള്‍ വിമര്‍ശനത്തിനല്ല, അടുത്ത ഇരുപത്തിയഞ്ച് വര്‍ഷത്തിന്റെ വിജയത്തിനാണ്.
‘കഴിഞ്ഞ ഇരുപത്തിനാല് വര്‍ഷങ്ങള്‍ നമ്മെ ഒരുമിപ്പിച്ചു. അടുത്ത ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ നമ്മെ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാക്കണം. ചരിത്രത്തില്‍ നിന്ന് പഠിക്കുന്ന സംഘടനകളാണ് ഭാവി നിര്‍മ്മിക്കുന്നത്.’
യാഥാര്‍ത്ഥ്യത്തിന്റെ വെളിച്ചത്തില്‍ നാം എന്താണ് കാണുന്നത്?
”നിങ്ങള്‍ സത്യം അറിയുകയും, സത്യം നിങ്ങളെ സ്വാതന്ത്രരാക്കുകയും ചെയ്യും .’ (യോഹന്നാന് 8:32)
ഓരോ ജൂബിലിയും നമ്മെ രണ്ട് കണ്ണാടികളുടെ മുന്നില്‍ നിര്‍ത്തുന്നു ചരിത്രത്തിന്റെയും യാഥാര്‍ത്ഥ്യത്തിന്റെയും. ചരിത്രം അഭിമാനിപ്പിക്കും; യാഥാര്‍ത്ഥ്യം ചിന്തിപ്പിക്കും. രണ്ടും ഒരുപോലെ കാണുമ്പോഴാണ് ഭാവി നിര്‍മ്മിക്കാന്‍ കഴിയുന്നത്. ദാരിദ്ര്യത്തെക്കുറിച്ചല്ല ദരിദ്രരെക്കുറിച്ചാണ്; നയങ്ങളെക്കുറിച്ചല്ല – നമ്മുടെ കുടുംബങ്ങളെക്കുറിച്ചാണ്. അസ്വസ്ഥത ഇല്ലാതെ നവീകരണം ഉണ്ടാകില്ല.
ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നുകാട്ടുന്നു: 54% ചെറുകിട ഭൂവുടമകള്‍/കടബാധ്യതയുള്ളവര്‍, 49% ദാരിദ്ര്യരേഖയ്ക്ക് താഴെ, 89% അസംഘടിത തൊഴില്‍ മേഖലയില്‍. 12% മാത്രം ബിരുദധാരികള്‍; 3.5% ബിരുദാനന്തരം. ഭൂരഹിതരും തീരദേശ വെല്ലുവിളികളും അസമത്വം സങ്കീര്‍ണ്ണമാക്കുന്നു.
ജെ.ബി. കോശി റിപ്പോര്‍ട്ടിനപ്പുറം 2026-ലെ കേരളം പുതിയ ചോദ്യങ്ങളും ഉയര്‍ത്തുന്നു – യുവജനങ്ങള്‍ കൃത്രിമബുദ്ധിയും ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയും ആഗോള തൊഴില്‍ വിപണിയുമായി മത്സരിക്കണം. തീരസംരക്ഷണം ഇന്ന് ഉപജീവനവും കുടുംബവും കാലാവസ്ഥാനീതിയുടെയും കൂടി പ്രശ്നമാണ്. നമ്മുടെ വെല്ലുവിളികളെ പുതിയ കണ്ണുകളിലൂടെ വായിക്കണം.
അടുത്ത ഇരുപത്തിയഞ്ച് വര്‍ഷത്തിന്റെ വിജയം നിര്‍ണ്ണയിക്കുന്ന ചോദ്യം: നമ്മുടെ ഓരോ രൂപതയ്ക്കും അറിയാമോ എത്ര കുട്ടികള്‍ പഠനം നിര്‍ത്തി, എത്ര യുവാക്കള്‍ തൊഴിലില്ലാതെയാണ്, എത്ര മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ കടബാധ്യതയിലാണ്, എത്ര വയോധികര്‍ ഒറ്റയ്ക്കാണ്? അറിയാത്ത പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ല – ഡാറ്റ ശേഖരണം ഒരു പാസ്റ്ററല്‍ ഉത്തരവാദിത്തമാണ്.
സഹായം ആവശ്യമുള്ളവര്‍ നമ്മെ തേടിവരണോ, നാം അവരെ കണ്ടെത്തി സമീപിക്കണോ? യേശു കാത്തിരുന്നില്ല – രോഗികളുടെയും ദരിദ്രരുടെയും അടുത്തേക്ക് ഇറങ്ങിച്ചെന്നു. അതുകൊണ്ട് ശുശ്രൂഷ ‘ഓഫീസിലേക്ക് വരുന്നവര്‍ക്കുള്ള സേവനം’ എന്നതില്‍ നിന്ന് ‘ജനങ്ങളിലേക്കിറങ്ങിച്ചെല്ലുന്ന ദൗത്യം’ ആകണം. ഒരു വിദ്യാര്‍ഥിക്ക് സ്കോളര്‍ഷിപ്പ് നഷ്ടമാകുന്നത് പലപ്പോഴും ദാരിദ്ര്യം കൊണ്ടല്ല, വിവരം ലഭിക്കാത്തതുകൊണ്ടാണ്.
സ്വന്തം ജനങ്ങളെക്കുറിച്ച് പഠിക്കാത്ത സമൂഹം അനുമാനങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാന്‍ തുടങ്ങും. തിരുവനന്തപുരം അതിരൂപതയിലെ പ്രോഗ്രാം ഫോര്‍ കമ്യൂണിറ്റി ഓര്ഗനൈസേഷന് (പിസിഒ) പോലുള്ള സംരംഭങ്ങള്‍ സമൂഹപഠനത്തിന് മാതൃകയായിരുന്നു. കുടിയേറ്റം, തൊഴില്‍, മത്സ്യത്തൊഴില്‍, ഡിജിറ്റല്‍ വിടവ്, യുവജനസ്വപ്നങ്ങള്. തുടര്‍ച്ചയായ പഠനമില്ലാതെ പാസ്റ്ററല്‍ ആസൂത്രണം അപൂര്‍ണ്ണമാണ്.
യാഥാര്‍ത്ഥ്യം കാണുമ്പോള്‍ നിരാശ തോന്നാം. പക്ഷേ യേശു അഞ്ച് അപ്പവും രണ്ട് മീനും കണ്ടപ്പോള്‍ അപര്യാപ്തതയല്ല, സാധ്യതയാണ് കണ്ടത്. ജൂബിലിയും നമ്മെ പഠിപ്പിക്കുന്നത് പ്രശ്നപ്പട്ടിക തയ്യാറാക്കാനല്ല, പ്രത്യാശയുടെ പുതിയ ചരിത്രം എഴുതാനാണ്.
‘യാഥാര്‍ത്ഥ്യത്തെ കാണാന്‍ ധൈര്യമുള്ള സഭയ്ക്കു മാത്രമേ പ്രത്യാശയുടെ ഭാവി നിര്‍മ്മിക്കാന്‍ കഴിയൂ.’
ദൈവം നമ്മില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത്?
‘ നീതി പ്രവര്‍ത്തിക്കുക, കരുണ കാണിക്കുക, നിന്റെ ദൈവത്തിന്റെ സന്നിധിയില്‍ വിനീതനായി ചരിക്കുക.’ (മിക്കാ 6:8)
ബൈബിളിലെ ഓരോ കാലഘട്ടവും ഒരു ചോദ്യത്തോടെ ആരംഭിക്കുന്നു. ആദാമിനോട്: ‘നീ എവിടെയാണ്?’ കായേനോട്: ‘നിന്റെ സഹോദരന് എവിടെയാണ്?’ മോശയോട്: ”എന്റെ ജനത്തിന്റെ നിലവിളി നീ കേള്‍ക്കുന്നുണ്ടോ?” ഇന്ന് രജതജൂബിലിയിലേക്ക് കടക്കുന്ന കെആര്എല്സിസിയോടും ദൈവം ചോദിക്കുന്നതായി തോന്നുന്നു: ‘എന്റെ ജനങ്ങള്‍ എവിടെയാണ്?’ ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താതെ ജൂബിലി ആഘോഷത്തിന് ജീവന് ഉണ്ടാകില്ല.
സഭയുടെ ജീവന്റെ കേന്ദ്രം വിശുദ്ധ കുര്‍ബാനയാണ്; അവിടെ നിന്നാണ് നമ്മുടെ ശക്തിയും ദൗത്യവും. എന്നാല്‍ കുര്‍ബാനയുടെ അവസാനത്തിലെ ആഹ്വാനം സുവിശേഷത്തിന് സാക്ഷ്യം നല്‍കാനാണ്. സഭയില്‍ പ്രവേശിക്കുന്നത് ആരാധനയ്ക്കാണ്; പുറപ്പെടുന്നത് ദൗത്യത്തിനാണ്. സഭയുടെ ജീവിതം ആരാധനയില്‍ അവസാനിക്കുന്നില്ല – അവിടെ നിന്നാണ് ആരംഭിക്കുന്നത്.
ബൈബിളില്‍ ജൂബിലി കേവലം ആഘോഷമായിരുന്നില്ല അത് സമൂഹത്തിന്റെ പുനഃസ്ഥാപനമായിരുന്നു: അടിമകള്‍ക്ക് സ്വാതന്ത്ര്യം, കടബാധ്യതകള്‍ക്ക് മോചനം, ഭൂമിയുടെ പുനര്‍വിതരണം. അതിനാല്‍ കെആര്‍എല്‍സിസി സ്വയം ചോദിക്കണം – നമ്മുടെ ഏറ്റവും പിന്നിലുള്ള കുടുംബത്തിന് ഈ ജൂബിലി എന്താണ് നല്‍കുന്നത്? ജൂബിലി പരിപാടികളിലല്ല, മനുഷ്യരുടെ ജീവിതത്തില്‍ അനുഭവപ്പെടണം.
ലൂക്കാ 4-ല്‍ യേശു തന്റെ പൊതുശുശ്രൂഷ ആരംഭിക്കുമ്പോള്‍ അവതരിപ്പിക്കുന്ന നസ്രത് മാനിഫെസ്റ്റോ -ദരിദ്രര്‍ക്ക് സുവിശേഷം, തടവുകാര്‍ക്ക് മോചനം, അന്ധര്‍ക്ക് കാഴ്ച ആദ്യം പറഞ്ഞത് പാവപ്പെട്ട മനുഷ്യനെക്കുറിച്ചാണ്, ഇന്നും അതാണ് സഭയുടെ ദൗത്യം. അഞ്ചായിരം പേരെ പോഷിപ്പിച്ച അദ്ഭുതത്തിനു മുമ്പ് യേശു ജനങ്ങളെയും അവരുടെ വിശപ്പും ലഭ്യമായ വിഭവങ്ങളും കണ്ടു അതിനുശേഷമാണ് അദ്ഭുതം സംഭവിച്ചത്.
ലൂക്കാ 10-ലെ നല്ല സമരിയാക്കാരന് കണ്ടു, നിന്നു, അടുത്തുചെന്നു, പരിചരിച്ചു, ചുമതലപ്പെടുത്തി, തിരിച്ചുവരാമെന്ന് വാഗ്ദാനം ചെയ്തു – ഒരു തുടര്‍ച്ചാ സംവിധാനം സൃഷ്ടിച്ചു. ഒറ്റത്തവണ സഹായമല്ല. ഇതാണ് സഭയുടെ ശൈലി. താലന്തുകളുടെ ഉപമ പഠിപ്പിക്കുന്നത് ലഭിച്ച അനുഗ്രഹങ്ങള്‍ സൂക്ഷിക്കാന്‍ മാത്രമല്ല, വര്‍ദ്ധിപ്പിക്കാനാണ് ഓരോ രൂപതയ്ക്കും വ്യത്യസ്തത താലന്തുകളുണ്ട്; അവ കണ്ടെത്തി വളര്‍ത്തലാണ് നമ്മുടെ കടമ.
അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 6-ല്‍ വിധവമാര്‍ അവഗണിക്കപ്പെടുന്നു എന്ന പരാതി ഉയര്‍ന്നപ്പോള്‍ അപ്പോസ്തോലന്മാര് പ്രശ്നം നിഷേധിച്ചില്ല – യോഗം വിളിച്ചു, കേട്ടു, ചുമതല വിഭജിച്ചു. പരിഹരിച്ചു. ഇത് സഭയുടെ ആദ്യ പാസ്റ്ററല്‍ റിവ്യൂ മീറ്റിംഗ് ആയിരുന്നു. പ്രശ്നങ്ങളെ കേള്‍ക്കുന്ന സഭയാണ് വളരുന്നത്.
സഭയുടെ വിജയം ഉത്സവങ്ങളുടെ എണ്ണത്തിലോ കെട്ടിടങ്ങളിലോ അല്ല അളക്കപ്പെടേണ്ടത് – ഒരു കുട്ടി പഠനം തുടരുമ്പോള്‍, ഒരു കുടുംബം ദാരിദ്ര്യത്തില്‍ നിന്ന് ഉയരുമ്പോള്‍, ഒരു യുവാവ് തൊഴിലിലേക്ക് പ്രവേശിക്കുമ്പോള്‍ ആണ്. ദൈവം പ്രതീക്ഷിക്കുന്നത് കൂടുതല്‍ അധികാരമല്ല ഉത്തരവാദിത്തമാണ്; കൂടുതല്‍ പ്രസംഗമല്ല കേള്‍വിയാണ്. ‘കര്‍ത്താവേ, നമ്മുടെ ജനങ്ങളെ നിന്റെ കണ്ണുകളിലൂടെ കാണാന്‍ ഞങ്ങളുടെ കണ്ണുകള്‍ തുറക്കണമേ.’
ദൈവം നമ്മില്‍ നിന്ന് പ്രതീക്ഷിക്കുന്നത് കൂടുതല്‍ അധികാരമല്ല, കൂടുതല്‍ ഉത്തരവാദിത്തമാണ്; കൂടുതല്‍ സ്ഥാപനങ്ങളല്ല, കൂടുതല്‍ സാക്ഷ്യമാണ്; കൂടുതല്‍ പ്രസംഗങ്ങളല്ല, കൂടുതല്‍ കേള്‍വിയാണ്; കൂടുതല്‍ പദ്ധതികളല്ല, കൂടുതല്‍ രൂപാന്തരമാണ്. അതുകൊണ്ട് രജതജൂബിലി വര്‍ഷത്തില്‍ നമ്മുടെ ഏറ്റവും വലിയ പ്രാര്‍ഥന ഇങ്ങനെയാകണം: ‘കര്‍ത്താവേ, നമ്മുടെ കണ്ണുകള്‍ തുറക്കണമേ; നമ്മുടെ ജനങ്ങളെ ഞങ്ങള്‍ നിന്റെ കണ്ണുകളിലൂടെ കാണാന്‍.”
സഭ ജീവിക്കുന്ന സമൂഹമാണ് ഓരോ കാലഘട്ടത്തിലും പരിശുദ്ധാത്മാവ് പുതിയ വഴികളിലേക്ക് നയിക്കുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ചോദിച്ചു: ലോകത്തെ ഭയപ്പെടാതെ എങ്ങനെ നടക്കാം? ഫ്രാന്‍സിസ് പാപ്പാ ചോദിച്ചു: സഭ പുറത്തേക്കിറങ്ങാന്‍ തയ്യാറാണോ? ലെയോ പതിനാലാമന്‍ ചോദിക്കുന്നു: സാങ്കേതിക യുഗത്തിലും മനുഷ്യാന്തസ്സ് സംരക്ഷിക്കപ്പെടുന്നുണ്ടോ? സഭ ഭൂതകാലം ആവര്‍ത്തിക്കാനല്ല, വിശ്വാസത്തില്‍ ഉറച്ച് ഭാവി രൂപപ്പെടുത്താനാണ് വിളിക്കുന്നത്.
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ സഭയെ ലോകത്തിന്റെ സന്തോസന്തോഷദുഃഖങ്ങളില് പങ്കുചേരുന്ന ദൈവജനമായി അവതരിപ്പിച്ചു. സഭയുടെ സാമൂഹിക പഠനരേഖകള്‍ ഒരേ ദിശയിലാണ്: വിശ്വാസം ? സാക്ഷ്യം ? സേവനം നീതി ? മനുഷ്യവികസനം സാമ്പത്തികം മാത്രമല്ല, ആത്മീയവും സാമൂഹികവുമായ സമഗ്ര വളര്‍ച്ച. സമുദായത്തിന്റെ പ്രശ്നങ്ങള്‍ സഭയുടെ പ്രശ്നങ്ങളാണ്.
ഫ്രാന്‍സിസ് പാപ്പാ സിനഡാത്മകതയെ സഭയുടെ ജീവിതകേന്ദ്രത്തിലേക്ക് തിരികെക്കൊണ്ടുവന്നു. 2024-ലെ സിനഡ് മൂന്ന് വാക്കുകള്‍ നല്കി: കമ്യൂണിയന്‍, പാര്‍ട്ടിസിപ്പേഷന്‍, മിഷന്.
അഞ്ച് പരിവര്‍ത്തനങ്ങള്‍
സഭയുടെ പഠനരേഖകള്‍ ഒരുമിച്ച് വായിക്കുമ്പോള്‍ അഞ്ച് പരിവര്‍ത്തനങ്ങള്‍ വ്യക്തമാകുന്നു ആത്മീയം (ആരാധനയില്‍ നിന്ന് സാക്ഷ്യത്തിലേക്ക്), പാസ്റ്ററല്‍ (പരിപാലനത്തില്‍ നിന്ന് ദൗത്യത്തിലേക്ക്), സാമൂഹികം (കാരുണ്യത്തില്‍ നിന്ന് ശാക്തീകരണത്തിലേക്ക്), സ്ഥാപനപരം (വ്യക്തികേന്ദ്രിതത്തില് നിന്ന് സംവിധാനകേന്ദ്രിതത്തിലേക്ക്), സാംസ്കാരികം (പ്രതികരണത്തില്‍ നിന്ന് മുന്കൈയെടുക്കലിലേക്ക്) – ഇവയാണ് അടുത്ത ഇരുപത്തിയഞ്ച് വര്‍ഷത്തിന്റെ പ്രവര്‍ത്തനദിശ.
അറിവില്‍ അധിഷ്ഠിതമായ സഭയിലേക്ക്
‘അജ്ഞത നിമിത്തം എന്റെ ജനം നശിക്കുന്നു’ (ഹോസിയ 4:6)
സിനഡാത്മകതയുടെ ഏറ്റവും മനോഹരമായ വാക്ക് ലിസനിംഗ് ആണ്. ജനങ്ങളുടെ ശബ്ദം, യുവജനങ്ങളുടെ പ്രതീക്ഷകള്‍, ദരിദ്രരുടെ നിശബ്ദത കേള്‍ക്കല്‍. ഇത് വിവരശേഖരണമല്ല, സ്നേഹത്തിന്റെ ആദ്യപ്രവൃത്തിയാണ്. ഒരു രൂപതയ്ക്ക് എത്ര ഇടവകകളും വൈദികരും ഉണ്ടെന്ന് പെട്ടെന്ന് പറയാം – പക്ഷേ എത്ര കുട്ടികള്‍ പഠനം നിര്‍ത്തി, എത്ര യുവാക്കള്‍ എഐ മേഖലയില്‍ പഠിക്കുന്നു എന്നറിയാമോ? കാണുക, കേള്‍ക്കുക, മനസ്സിലാക്കുക. പ്രവര്‍ത്തിക്കുക – ഇതാണ് സഭയുടെ രീതി; അറിവ് ഒരു പാസ്റ്ററല്‍ ഉത്തരവാദിത്തമാണ്.
കുടുംബശ്രീ മിഷനില്‍ പ്രവര്‍ത്തിച്ച കാലത്തെ മാസംതോറുമുള്ള സംസ്ഥാന അവലോകനയോഗം എന്നെ സ്വാധീനിച്ചു. കുറ്റം കണ്ടെത്താനല്ല, പഠിക്കാനുള്ള വേദിയായിരുന്നു അത്; ഓരോ ജില്ലയും ഡാറ്റയുമായി എത്തി മികച്ച മാതൃകകള്‍ പങ്കുവെച്ചു. ഇത്തരമൊരു ലേണിംഗ് ഓര്ഗനൈസേഷന് സംസ്കാരം ഓരോ രൂപതയിലും ഉണ്ടായിരുന്നെങ്കില്‍ എത്ര കുടുംബങ്ങളുടെ ജീവിതം മാറുമായിരുന്നു!
തിരുവനന്തപുരം അതിരൂപതയിലെ പ്രോഗ്രാം ഫോര്‍ കമ്യൂണിറ്റി ഓര്‍ഗനൈസേഷന്റെ (പിസിഒ) ആത്മാവ് ഇന്നും പ്രസക്തമാണ്. അതിനെ മൂന്ന് പരസ്പര ബന്ധിത സംവിധാനങ്ങളായി ഈ രേഖ മുന്നോട്ടുവയ്ക്കുന്നു:
കമ്യൂണിറ്റി റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് സെന്റര്‍.
കേന്ദ്രം ഗവേഷണത്തിന് മാത്രമല്ല, നയരൂപീകരണത്തിനാണ് – കമ്യൂണിറ്റി സര്‍വേ, ലൈവ്ലിഹുഡ് മാപ്പിംഗ്, ഗവണ്മെന്റ് സ്കീം ട്രാക്കിംഗ് എന്നിവയാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍.
കമ്യൂണിറ്റി ഒബ്സര്‍വേറ്ററി, പ്രൊഫൈല്‍ ആന്‍ഡ് ഡാഷ്ബോര്‍ഡ്. രൂപതയുടെ സോഷ്യല്‍ റഡാര്‍ ആണിത്. ഓരോ ഇടവകയ്ക്കും ഒരു കമ്യൂണിറ്റി പ്രൊഫൈല്‍ വേണം. കുടുംബങ്ങള്‍, ഡ്രോപ്ഔട്ട്സ്, ഭൂരഹിതര്‍, സര്‍ക്കാര്‍ പദ്ധതി ഗുണഭോക്താക്കള്‍. മുന്നറിയിപ്പ്: മനുഷ്യരെ അക്കങ്ങളാക്കി മാറ്റരുത് – ഡാറ്റയുടെ പിന്നില്‍ ഓരോ മുഖവുമുണ്ട്.
ഗവണ്മെന്റ് ലൈസണ്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ മിഷന്- സര്‍ക്കാര്‍ ഓരോ വര്‍ഷവും നൂറുകണക്കിന് പദ്ധതികള്‍ പ്രഖ്യാപിക്കുന്നു സ്കോഷര്‍ഷിപ്പുകള്‍, ഭവനപദ്ധതികള്‍, സ്കില്‍ ഡവലപ്മെന്റ് തുടങ്ങിയവ. എത്ര കുടുംബങ്ങള്‍ക്ക് ഇതറിയാം? ഓരോ രൂപതയിലും ഒരു ഫെസിലിറ്റേഷന്‍ സെല്‍ വേണം. സഭസര്ക്കാരാകരുത് – ജനങ്ങളും സര്‍ക്കാരും തമ്മിലുള്ള വിശ്വാസത്തിന്റെ പാലമാകണം.
ഈ മൂന്ന് സംവിധാനങ്ങളും ചേര്‍ന്നതാണ് ‘അറിവില്‍ അധിഷ്ഠിതമായ സഭ” എന്ന ഈ ഭാഗത്തിന്റെ കാതല്‍.
കഴിഞ്ഞ ഇരുപത്തിനാല് വര്‍ഷം അനേകം മികച്ച പ്രമേയങ്ങള്‍ പാസാക്കി. അടുത്ത ഇരുപത്തിയഞ്ച് വര്‍ഷം ഫലങ്ങളുടേതാകണം ”എത്ര യോഗങ്ങള്‍?’ പകരം ‘എത്ര ജീവിതങ്ങള്‍ മാറി?’; ‘എത്ര പദ്ധതികള്‍?’ പകരം ‘എത്ര മാറ്റങ്ങള്‍ ഉണ്ടായി?’
സഭ പഠിപ്പിക്കുന്ന സഭയാണ്; പക്ഷേ അതിനുമുമ്പ് പഠിക്കുന്ന സഭയാകണം. ഓരോ രൂപതയും മറ്റൊന്നില്‍ നിന്ന് പഠിക്കണം. പന്ത്രണ്ട് രൂപതകളിലെ മികച്ച ആശയങ്ങള്‍ പങ്കുവെക്കാന്‍ കെആര്‍എല്‍സിസി ഒരു ബെസ്റ്റ് പ്രാക്റ്റീസ് പോര്‍ട്ടല്‍ സ്ഥാപിക്കണം. ഓരോ രൂപതയും വര്‍ഷംതോറും അഞ്ച് മികച്ച മാതൃകകള്‍ പങ്കുവയ്ക്കണം.
സാമ്പത്തിക ഓഡിറ്റ് പോലെ, സഭയുടെ ദൗത്യത്തിനും ചിട്ടയായ അവലോകനം ആവശ്യമാണ് – മൂന്ന് തലങ്ങളില്‍:
ഒന്ന്: വാര്‍ഷിക മിഷന് റിവ്യൂ. ഓരോ രൂപതയും ഓരോ വര്‍ഷവും ഡാറ്റയുമായി എത്തി നേട്ടങ്ങളും പിന്നാക്കവും പരിഹാരങ്ങളും അടുത്ത വര്‍ഷത്തെ ലക്ഷ്യങ്ങളും അവതരിപ്പിക്കുന്ന മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
രണ്ട്: അഞ്ചു വര്‍ഷത്തിലൊരിക്കല്‍ പാസ്റ്ററല്‍ ഓഡിറ്റ് ഇന്സ്പെക്ഷന് അല്ല, റിഫ്ളക്ഷന്‍ ആണ്. ദൗത്യം എത്രത്തോളം പൂര്‍ത്തിയായി? ഏത് ശുശ്രൂഷകള്‍ ഫലപ്രദമായി? മിഷന്, യൂത്ത്, ഫാമിലീസ്, ലീഡര്ഷിപ്, ബെസ്റ്റ് പ്രാക്ടീസ് എന്നിവയാണ് പരിശോധനാ മേഖലകള്‍.
രൂപതാ ഡാഷ്ബോര്‍ഡ് ഓരോ ബിഷപ്പിനും ഗ്രീന്‍, യെല്ലോ, റെഡ് സൂചകങ്ങളുള്ള വാര്‍ഷിക ഡാഷ്ബോര്‍ഡ് ലഭിക്കണം – പുരോഗതിയും ശ്രദ്ധ വേണ്ടതും ഒറ്റനോട്ടത്തില്‍ കാണാന്‍.
സഭയിലെ നേതൃത്വം പദവിയല്ല, സ്റ്റുവാര്‍ഡ്ഷിപ് ആണ്. പ്ലാനിംഗ്, മോണിറ്ററിംഗ്, മെന്ററിംഗ്, സക്സഷന്‍ പ്ലാനിംഗ് വേണം, അപ്പോഴാണ് ഒരു വ്യക്തി മാറിയാലും ദൗത്യം തുടരുന്നത്. ഒരു നല്ല നേതാവ് യാദൃശ്ചികമായി ഉണ്ടാകുന്നില്ല – പ്രാര്‍ഥനയിലൂടെയും പരിശീലനത്തിലൂടെയും രൂപപ്പെടുന്നു. യേശു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയതാണ് നേതൃത്വത്തിന്റെ നിര്‍വചനം അധികാരമല്ല ഉത്തരവാദിത്തം, നിയന്ത്രണമല്ല സേവനം.
വിശുദ്ധ പൗലോസ് പഠിപ്പിക്കുന്നു ഒരേ ശരീരം, പല അവയവങ്ങള്‍, പല ദാനങ്ങള്‍. ഒരാള്‍ മികച്ച അധ്യാപകന്, മറ്റൊരാള്‍ സംഘാടകന്‍ ഈ വൈവിധ്യം സഭയുടെ ശക്തിയാണ്. വൈദിക പരിശീലനകാലത്തുതന്നെ ഓരോരുത്തരുടെയും കാരിസം തിരിച്ചറിഞ്ഞ്, അതനുസരിച്ച് ഉത്തരവാദിത്തം നല്കുന്ന സംസ്കാരം സഭയുടെ ശുശ്രൂഷ കൂടുതല്‍ ഫലപ്രദമാക്കും.
സഭയുടെ വലിയ വെല്ലുവിളി അല്മായ നേതൃത്വവികസനമാണ് – വിദ്യാഭ്യാസം, നിയമം, സാങ്കേതികവിദ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ ദൗത്യത്തിലേക്ക് ക്ഷണിക്കണം. യുവജനങ്ങള്‍ ഭാവി മാത്രമല്ല വര്‍ത്തമാനവുമാണ് – തീരുമാനങ്ങളുടെ പങ്കാളികളാക്കണം. സ്ത്രീകളുടെ നേതൃത്വശേഷിയെ സഭകൂടുതല്‍ പ്രയോജനപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഒരു സ്ഥാപനം വളരുന്നുണ്ടോ എന്നറിയാനുള്ള മാനദണ്ഡം അടുത്ത നേതാക്കളെ അത് എങ്ങനെ തയ്യാറാക്കുന്നു എന്നതാണ്. ഓരോ രൂപതയിലും ഒരു ലീഡര്ഷിപ് ഫോര്മേഷന് അക്കാദമി വേണം. ലീഡര്ഷിപ്, ഡിജിറ്റല്‍ സ്കില്‍സ്, കാത്തലിക് സോഷയല്‍ ടീച്ചിംഗ്, സിനഡാലിറ്റി. യഥാര്‍ത്ഥ ക്രൈസ്തവ നേതാവ് മറ്റു നേതാക്കളെ രൂപപ്പെടുത്തും – അതാണ് അടുത്ത ഇരുപത്തിയഞ്ച് വര്‍ഷത്തിന്റെ ലക്ഷ്യം.
ഉപസംഹാരം
”ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്ക് ജീവന് ഉണ്ടാകാനും അത് സമൃദ്ധമായി ഉണ്ടാകാനുമാണ്.
(യോഹന്നാന് 10:10)
ഓരോ വലിയ പ്രസ്ഥാനവും ഒരു സ്വപ്നത്തില്‍ നിന്നാണ് ആരംഭിച്ചത്. രജതജൂബിലിയിലേക്ക് കടക്കുമ്പോള്‍ നാം ചോദിക്കണം: ‘2050-ല്‍ നമ്മുടെ സമൂഹത്തെ എങ്ങനെ കാണാന്‍ ആഗ്രഹിക്കുന്നു?’ ഇത് ഇന്നത്തെ തീരുമാനങ്ങളെ നയിക്കുന്ന ദര്‍ശനമാണ്.
നമ്മുടെ സ്വപ്നം സമ്പത്തോ അധികാരമോ അല്ല – അന്തസ്സോടെ ജീവിക്കുന്ന ഒരു സമൂഹമാണ്: ഒരു കുട്ടിക്കും പഠനം നിര്ത്തേണ്ടിവരാത്ത, ഒരു യുവാവിനും സ്വപ്നം ഉപേക്ഷിക്കേണ്ടിവരാത്ത, ഒരു മത്സ്യത്തൊഴിലാളി കുടുംബത്തിനും അനിശ്ചിതത്വം ജീവിതമാകാത്ത, ഒരു വയോധികനും ഏകാന്തതയില്‍ കഴിയേണ്ടിവരാത്ത, ഒരു സ്ത്രീക്കും അവസരം നിഷേധിക്കപ്പെടാത്ത സമൂഹം.
വിദ്യാഭ്യാസവും സംരംഭകത്വവും – നമ്മുടെ ഏറ്റവും വലിയ നിക്ഷേപം
ബ്ലൂ- 2050ലെ കെആര്‍എല്‍സിസി വിദ്യാഭ്യാസത്തെ ജീവിതാവസരങ്ങളുടെ വാതിലായി കാണും. സിവില്‍ സര്‍വീസസ്, സയന്‍സ്, എഐ, മെഡിസിന്, എന്റര്പ്രന്ഷിപ് എന്നിവിടങ്ങളിലെല്ലാം നമ്മുടെ യുവജനങ്ങള്‍ മുന്നേറണം. തൊഴില്‍ കണ്ടെത്തുന്നതിനുപകരം തൊഴില്‍ സൃഷ്ടിക്കുന്ന യുവാക്കളെ വളര്‍ത്തണം ഇക്കണോമി, സ്റ്റാര്‍ട്ട് അപ്പുകള്‍, ഡിജിറ്റല്‍ കൊമേഴ്സ് എന്നിവയിലേക്ക്. സാമൂഹിക ശുശ്രൂഷ ജീവകാരുണ്യത്തില്‍ മാത്രം ഒതുങ്ങരുത്. ജീവിതനിര്മ്മാണത്തിലേക്ക് വളരണം.
സ്ത്രികള്‍, യുവജനങ്ങള്‍, മത്സ്യത്തൊഴിലാളി സമൂഹം
2050-ലെ കെആര്‍എല്‍സിസി സ്ത്രീകളെ സഹനേതാക്കളായാണ് കാണുന്നത് കുടുംബം, ഗവേഷണം, നയരൂപീകരണം എന്നിവിടങ്ങളിലെല്ലാം. നമ്മുടെ യുവജനങ്ങള്‍ എഐ ഉപയോഗിക്കുന്നവരായിരിക്കണം, എഐ നിയന്ത്രിക്കുന്നവരല്ല – ഗ്ലോബല്‍ സിറ്റിസണ്‍സ് ആയിരിക്കും, പക്ഷേ ആഴത്തില്‍ ഗോസ്പല്‍ സെന്റേര്‍ഡ് ലീഡേഴ്സ് ആയിരിക്കണം.
കെആര്‍എല്‍സിസിയുടെ സ്വപ്നം
2050-ല്‍ കെആര്‍എല്‍സിസിയെക്കുറിച്ച് പറയണം: അത് ഒരു സംഘടനയല്ല, ഒരു പ്രസ്ഥാനമാണ്; ഒരു പഠിക്കുന്ന സമൂഹമാണ്; ഒരു രൂപാന്തര ശക്തിയാണ് – ബിഷപ്പുമാരും വൈദികരും അല്മായരും യുവജനങ്ങളും ഒരുമിച്ച് നടക്കുന്നു. ചിന്തിക്കുന്നു. പ്രവര്‍ത്തിക്കുന്നു. ഓരോ ഇടവകയും പ്രത്യാശയുടെ കേന്ദ്രം, ഓരോ യുവാവും നേതാവ്, ഓരോ വയോധികനും അന്തസ്സോടെ ജീവിക്കുന്ന – അപ്പോഴാണ് രജതജൂബിലി ഒരു പുതിയ ചരിത്രത്തിന്റെ തുടക്കമാകുന്നത്.

