റോം: സമൂഹത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്നവരോടുള്ള സഭയുടെ കരുതൽ വീണ്ടും പ്രകടമാക്കി ലെയോ പതിനാലാമൻ പാപ്പ. കാസ്റ്റൽ ഗാൻഡോൾഫോയിലെ ബോർഗോ ലൗദാത്തോ സി ഉദ്യാനത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി ഒരുക്കിയ സ്നേഹവിരുന്നിൽ റോം രൂപതയുടെ കീഴിലുള്ള വിവിധ ദുരിതസാഹചര്യങ്ങളിൽ കഴിയുന്ന ഏകദേശം 200 പേർ, അവരിൽ 40-ഓളം കുട്ടികളും പങ്കെടുത്തു.
വിരുന്നിൽ പങ്കെടുത്തവരോട് സംസാരിച്ച പാപ്പ, മനുഷ്യർക്ക് ഭക്ഷണത്തോടൊപ്പം നീതിയുടെയും കാരുണ്യത്തിന്റെയും സാഹോദര്യത്തിന്റെയും വിശപ്പുമുണ്ടെന്ന് ഓർമ്മിപ്പിച്ചു. എല്ലാവരെയും ഒരുപോലെ സ്വീകരിക്കുന്നതും ശത്രുതയ്ക്ക് പകരം സ്നേഹവും അനുരഞ്ജനവും ക്ഷമയും വളർത്തുന്നതുമായ സമൂഹം രൂപപ്പെടുത്താൻ ഓരോരുത്തരും പ്രതിജ്ഞാബദ്ധരാകണമെന്ന് അദ്ദേഹം പറഞ്ഞു.
‘പൊന്തിഫ്’ എന്ന പദത്തിന്റെ അർഥം “പാലം പണിയുന്നവൻ“ എന്നാണെന്ന് ചൂണ്ടിക്കാട്ടിയ പാപ്പ, ജനങ്ങൾക്കിടയിൽ ഐക്യത്തിന്റെയും പ്രത്യാശയുടെയും പാലങ്ങൾ നിർമ്മിക്കുകയാണ് സഭയുടെ ദൗത്യമെന്ന് വ്യക്തമാക്കി. ദാരിദ്ര്യത്തിന് കാരണമാകുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കുകയും അനീതിക്ക് ഇടമില്ലാത്ത സമൂഹം കെട്ടിപ്പടുക്കുകയും ചെയ്യേണ്ടത് എല്ലാവരുടെയും കൂട്ടുത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
ഉച്ചഭക്ഷണത്തിന് മുമ്പ് വിരുന്നിൽ പങ്കെടുത്തവർക്കും അവരുടെ കുടുംബങ്ങൾക്കും ദുരിതമനുഭവിക്കുന്ന ലോകമെമ്പാടുമുള്ള ജനങ്ങൾക്കും വേണ്ടി പാപ്പ പ്രത്യേക പ്രാർഥന നടത്തി. വിരുന്ന് ഒരുക്കുന്നതിനും അതിന്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും അദ്ദേഹം നന്ദിയും രേഖപ്പെടുത്തി.

