കൊച്ചി: വരാപ്പുഴ അതിരൂപതയുടെ വികാരി ജനറൽമാരായ മോൺ. മാത്യു കല്ലിങ്കലിനും മോൺ. മാത്യു ഇലഞ്ഞിമിറ്റത്തിനും പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ മാർപാപ്പ “Chaplain to His Holiness“ എന്ന പേപ്പൽ ബഹുമതി നൽകി ആദരിച്ചു.
വരാപ്പുഴ അതിരൂപതയുടെ വൈദിക സമ്മേളനത്തിൽ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നിയുക്ത വൈദികർക്ക് സ്ഥാനചിഹ്നങ്ങൾ അണിയിച്ച് ബഹുമതി സമ്മാനിച്ചു. ചടങ്ങിൽ സഹായമെത്രാൻ ഡോ. ആൻറണി വാലുങ്കൽ ആശംസകൾ നേർന്നു.
സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ ഇടവകാംഗമായ മോൺ. മാത്യു കല്ലിങ്കൽ, വരാപ്പുഴ അതിരൂപതയുടെ പ്രൊക്കുറേറ്റർ, എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി (ESSS) ഡയറക്ടർ, അസീസി വിദ്യാനികേതൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടർ എന്നീ നിലകളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മരട് മേരി മഗ്ദലിൻ ഇടവകാംഗമായ മോൺ. മാത്യു ഇലഞ്ഞിമിറ്റം തോട്ടക്കാട്ടുകര പള്ളി വികാരി, മൈനർ സെമിനാരി റെക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചശേഷം ദീർഘകാലം ഓസ്ട്രിയയിൽ വികാരിയായി പ്രവർത്തിച്ചു. നിലവിൽ വരാപ്പുഴ അതിരൂപതയിലെ സെമിനാരി വിദ്യാർത്ഥികൾ, വൈദികർ, സന്യസ്തർ എന്നിവർക്കായുള്ള വികാരി ജനറലായി സേവനം അനുഷ്ഠിച്ചുവരികയാണ്.
ഇരുവൈദികർക്കും ലഭിച്ച പേപ്പൽ ബഹുമതി വരാപ്പുഴ അതിരൂപതയ്ക്കാകെ അഭിമാനകരമായ അംഗീകാരമാണ്.

