മാനാഞ്ചേരിക്കുന്ന്: വർത്തമാനകാല സമൂഹത്തിൽ വലിയൊരു വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ലഹരിക്കെതിരെ ബോധവൽക്കരണം ലക്ഷ്യമിട്ട് മാനാഞ്ചേരിക്കുന്ന് സെന്റ് പോൾസ് ദൈവാലയത്തിൽ ലഹരിവിരുദ്ധ ഡിബേറ്റ് സംഘടിപ്പിച്ചു. വിവിധ ശുശ്രൂഷ സമിതികളുടെ ആഭിമുഖ്യത്തിൽ ‘V.O.I.C.E.’ (Voicing Opposition In Combatting Excesses) എന്ന പേരിൽ ഞായറാഴ്ച സെന്റ് പോൾസ് മതബോധന ഹാളിലായിരുന്നു പരിപാടി നടന്നത്.
ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ കേന്ദ്ര സമിതി സെക്രട്ടറി ബെർണി ബിനോജ് സ്വാഗതം ആശംസിച്ചു. വികാരി ഫാ. ഷാജു കുരിശിങ്കൽ ദീപം തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. കോട്ടപ്പുറം രൂപത പാസ്റ്ററൽ കൗൺസിൽ ജോയിന്റ് സെക്രട്ടറി ജെസ്സി ജെയിംസ് മോഡറേറ്റർ ആയിരുന്നു.
ഇടവകയിൽ നിന്നുള്ള റിസോഴ്സ് പേഴ്സൺസ് ആയ സുനിൽ കുന്നത്തൂർ, ജോയ്സൺ ഈരനുള്ളിൽ, മേഴ്സി പയസ് , ജാസ്മിൻ ജോയ് , നിഖിൽ ജോസ് , അനക്സ് തോമസ് എന്നിവർ പാനൽ മെമ്പേഴ്സായി ചർച്ചയിൽ പങ്കെടുത്തു.
തുടർന്ന് ചോദ്യോത്തരവേളയും ലഹരിവിരുദ്ധ പ്രതിജ്ഞയും നടന്നു. വികാരി ഫാ. ഷാജു കുരിശിങ്കൽ നന്ദി പ്രകാശിപ്പിച്ചു. വിദ്യാഭ്യാസ, അൽമായ, സാമൂഹ്യ, യുവജന ശുശ്രൂഷ സമിതികൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

