കൊടുങ്ങല്ലൂർ: കോട്ടപ്പുറം രൂപതയുടെ നേതൃത്വത്തിൽ മാതാപിതാക്കൾക്കും അധ്യാപകർക്കുമായി സംഘടിപ്പിച്ച സെമിനാറിൽ, ജെൻസി (Gen Z), ആൽഫ തലമുറകൾ നേരിടുന്ന വെല്ലുവിളികളും അവയെ ഫലപ്രദമായി അതിജീവിക്കാനുള്ള മാർഗങ്ങളും ചർച്ചയായി.
പുതിയ കാലം പുതിയ വെല്ലുവിളികളാണ് കുട്ടികൾക്കും യുവതലമുറയ്ക്കും മുന്നിൽ ഉയർത്തുന്നതെന്ന് സെമിനാറിൽ അഭിപ്രായപ്പെട്ടു. സാങ്കേതികവിദ്യയുടെ പരിധിവിട്ട ഉപയോഗം മൂലം ജെൻസി, ആൽഫ തലമുറകളിൽ ചിന്താശേഷി, ഏകാഗ്രത, വിവേചനബുദ്ധി എന്നിവ കുറയുന്നതായി ഏറ്റവും പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നതായി സെമിനാറിൽ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തെ മാതാപിതാക്കളും അധ്യാപകരും അതീവ ഗൗരവത്തോടെ കാണണമെന്നും നിർദേശിച്ചു.
സാങ്കേതികവിദ്യയെ പൂർണമായി ഒഴിവാക്കുകയല്ല, മറിച്ച് അതിനെ വിനോദോപാധിയിൽ നിന്ന് വിജയത്തിലേക്കുള്ള ഉപകരണമാക്കി മാറ്റാൻ കുട്ടികളെ പരിശീലിപ്പിക്കുകയാണ് വേണ്ടതെന്ന് സെമിനാർ വിലയിരുത്തി. ഇതിനായി വ്യക്തമായ ലക്ഷ്യബോധം, മുൻഗണനാക്രമം (Priority), ആസൂത്രണം (Planning) എന്നിവ ചെറുപ്പം മുതൽ തന്നെ വളർത്തിയെടുക്കണമെന്നും നിർദേശിച്ചു.
കുട്ടികളുടെ സമഗ്ര വളർച്ചയ്ക്ക് ആഴത്തിലുള്ള ദൈവവിശ്വാസവും മൂല്യാധിഷ്ഠിത ജീവിതവും അനിവാര്യമാണെന്നും, ശാസ്ത്രീയമായ അറിവ് ആർജിച്ച് മാതാപിതാക്കളും അധ്യാപകരും മാതൃകാപരമായ ജീവിതം നയിക്കണമെന്നും സെമിനാറിൽ ആഹ്വാനം ചെയ്തു.
“മക്കളെല്ലാം നല്ലവരാണ്; ശരിയായ മാർഗനിർദേശവും പിന്തുണയും ലഭിക്കുമ്പോൾ അവർ സമൂഹത്തിന്റെ മികച്ച പൗരന്മാരായി വളരും” എന്ന സന്ദേശത്തോടെയാണ് സെമിനാർ സമാപിച്ചത്.

