ജെകോബി
ഒറ്റരാത്രികൊണ്ട് വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ജനവാസമേഖലകളെ ഭൂപടത്തില്‍ നിന്ന് തുടച്ചുനീക്കിയ, കേരളത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ രണ്ടാമാണ്ടോര്മയുണര്ത്താനെന്ന പോലെ ഇരച്ചുപെയ്യുന്ന മഴയത്ത് മേപ്പാടി കള്ളാടിയില്‍ ഉണ്ടായ മണ്ണിടിച്ചില്‍ നാടിനെ വീണ്ടും നടുക്കി. തീവ്ര കാലാവസ്ഥാ സാഹചര്യത്തില്‍ കള്ളാടിയില്‍ പുതിയ തുരങ്കപാത നിര്‍മാണ പ്രദേശത്ത് സംഭവിച്ചത് പ്രകൃതിക്ഷോഭമെന്നതിനെക്കാള്‍ മനുഷ്യകൃതദുരന്തമാണെന്ന് ഭരണാധികാരികള്‍ ആരോപിക്കുമ്പോള്‍ അവിടെ നടന്ന മനുഷ്യക്കുരുതിക്ക് ആരാണ് ഉത്തരം പറയേണ്ടത്?
തുരങ്കപാത നിര്‍മാണത്തിനായി തുരന്നെടുത്ത മണ്ണ് മലമുകളില്‍ വലിയ കുന്നുകളായി കൂട്ടിയിട്ടിരിക്കയായിരുന്നു. ഇവിടെ ചെറിയ തോതില്‍ മണ്ണിടിഞ്ഞപ്പോള്‍ കഴിഞ്ഞ ജൂണ്‍ 20ന് പണിനിര്ത്തിവയ്ക്കാന് ജില്ലാ കലക്ടര്‍ സ്റ്റോപ് മെമ്മോ നല്‍കുകയും അശാസ്ത്രീയമായി കൂനകൂട്ടിയിരുന്ന മണ്ണും അവശിഷ്ടങ്ങളും അടിയന്തരമായി നീക്കം ചെയ്യുന്നതിന് ദുരന്തനിവാരണ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും തുരങ്കനിര്‍മാണ കരാറുകാരോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. കനത്ത മഴയ്ക്കിടെ ഈ മണ്ണും അവശിഷ്ടങ്ങളും ഇടിഞ്ഞ് ചൂരല്‍മല-മേപ്പാടി റോഡിലേക്കും മീനാക്ഷിപ്പാലത്തിലേക്കും പുഴയിലേക്കും കുത്തിയൊലിച്ചുവീഴുകയായിരുന്നു. 24 മണിക്കൂറിനിടെ ഈ പ്രദേശത്ത് 265 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തുകയുണ്ടായി – സീസണിലെ ഏറ്റവും കനത്ത മഴ. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാംപുകള്‍ക്കു മുകളിലേക്കാണ് ടണ്‍ കണക്കിന് മണ്ണും ചെളിയും ഇരച്ചെത്തിയത്. തുരങ്കപാതയ്ക്കായി കെട്ടിയ കോണ്‍ക്രീറ്റ് മതിലും തകര്‍ന്നുവീണു. ഒരു മോസ്ക്കും വീടും ബസ് സ്റ്റോപ്പും മണ്ണിനടിയിലായി. തൊഴിലാളികളുമായി വന്ന രണ്ട് ബസുകളും ഏതാനും വാഹനങ്ങളും മണ്ണിനടിയില്‍പ്പെട്ടു. ഒരു ടാങ്കര്‍ലോറി ചെളിപ്രവാഹത്തില് നിയന്ത്രണം വിട്ട് നീങ്ങി.
മരിച്ചവരുടെയും പരിക്കേറ്റവരുടെയും പട്ടികയില്‍ ഇതരസംസ്ഥാന തൊഴിലാളികളാണേറെയും. കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ കൂടുതല്‍ സാങ്കേതിക സന്നാഹങ്ങളോടെ രാത്രിയും തുടര്‍ന്നു. ഉരുള്‍പൊട്ടലല്ല, മണ്ണിടിച്ചിലാണ്; ഇത് പ്രകൃതിദുരന്തമല്ല എന്നും മറ്റുമുള്ള വിശദീകരണങ്ങള്‍ നഷ്ടപ്പെട്ട ജീവനുകള്‍ക്കും അത്യാഹിതം നേരിട്ടവര്‍ക്കും നാടിനുമുണ്ടായ ആഘാതങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും ഏതെങ്കിലും തരത്തില്‍ പരിഹാരമോ ആശ്വാസമോ ആകുന്നില്ല. തുരങ്കനിര്‍മാണത്തിനായി നീക്കിയ മേല്‍മണ്ണും മറ്റും അപകടകരമായി കുന്നുകൂട്ടിയത് നീക്കം ചെയ്യാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ നിര്‍ദേശിച്ചിട്ടും പദ്ധതി കരാറുകാര്‍ കുറ്റകരമായ അനാസ്ഥ കാണിച്ചുവെങ്കില്‍ സര്‍ക്കാര്‍ അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണം; ദുരന്തത്തിന് നഷ്ടപരിഹാരം തേടണം. തുരങ്കനിര്‍മാണ പ്രദേശത്തെ മലനിരകളില്‍ ആദ്യം മണ്ണിടിച്ചിലുണ്ടാവുകയും തുടര്‍ന്ന് മണ്‍കൂനകള്‍ ചെളിപ്രവാഹത്തില് കുത്തിയൊലിച്ചിറങ്ങുകയും ചെയ്തു എന്ന മറ്റൊരു ആഖ്യാനത്തെക്കുറിച്ച് കൂടുതല്‍ ഗൗരവതരമായ അന്വേഷണം ആവശ്യമാണ്.
2024 ജൂലൈയിലെ ഉരുള്‍പൊട്ടലില്‍ സര്‍ക്കാര്‍ രേഖകള്‍ പ്രകാരം മരണസംഖ്യ 298 ആണ്. എന്നാല്‍ വിവിധ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മരിച്ചവരുടെ എണ്ണം 420 വരും, 118 പേരെ കാണാതായെന്നായിരുന്നു പ്രാഥമിക വിവരം. ഉത്തരേന്ത്യയില്‍ നിന്നുള്ള രജിസ്റ്റര്‍ ചെയ്യാത്ത കുടിയേറ്റ തോട്ടംതൊഴിലാളികളും ദുരന്ത മേഖലയില്‍ ഉണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ മുണ്ടക്കൈ, അട്ടമല, ചൂരല്‍മല, പുഞ്ചിരിമറ്റം ഭാഗത്ത് ഉരുളെത്തുന്നതിനു മുന്‍പ് 48 മണിക്കൂറിനിടെ 570 മില്ലിമീറ്റര്‍ പേമാരിയില്‍ ഇരവഞ്ഞിപ്പുഴയുടെ ഗതിതന്നെ മാറുകയുണ്ടായി. ഈ മഹാദുരന്തമേഖലയ്ക്കടുത്തായാണ് ഇപ്പോള്‍ മേപ്പാടി കള്ളാടിയില്‍ തുരങ്കം ആരംഭിക്കുന്നിടത്ത് ‘ഡെബ്രി സ്ലിപ്’ എന്നു വിശേഷിപ്പിക്കപ്പെടുന്ന മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. 2018-ലെ പ്രളയത്തിനുശേഷം വയനാട്ടില്‍ ഇരുന്നൂറിലധികം ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലും നടന്നതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്.
താമരശേരി ചുരത്തിലെ യാത്രാക്ലേശം ഒഴിവാക്കി വയനാട്, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കോഴിക്കോട് മറിപ്പുഴ മുതല്‍ വയനാട് മീനാക്ഷിപ്പാലം വരെയുള്ള 8.11 കിലോമീറ്റര്‍ ട്വിന്‍ ട്യൂബ് ടണല്‍ ഇടതുമുന്നണിയുടെ 2021-ലെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറഞ്ഞിരുന്ന കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാനസൗകര്യ വികസന പദ്ധതികളിലൊന്ന് എന്ന നിലയിലാണ് 2025 ഓഗസ്റ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തത്. ഓസ്ട്രേലിയന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് കട്ട് ആന്‍ഡ് കവര്‍ രീതിയില്‍ പാറ തുരക്കാനുള്ള റോക്ക് ഡ്രില്‍ ബൂമറുമൊക്കെയായി കഴിഞ്ഞ തിരഞ്ഞെടുപ്പിനു മുന്‍പായി, 2026 മാര്‍ച്ചില്‍ കോഴിക്കോട് മറിപ്പുഴയില്‍ ടണലിന്റെ ഫസ്റ്റ് ബ്ലാസ്റ്റ് സ്വിച്ച്ഓണ്‍ പിണറായി വിജയന് നിര്‍വഹിച്ചു. കേരളത്തിലെ ഏറ്റവും നീളം കൂടിയ റോഡ് തുരങ്കമാണിത്, ഇന്ത്യയിലെ മൂന്നാമത്തെ നീളം കൂടിയ ഇരട്ട ടണലും. 2043.74 കോടി രൂപ ചെലവു വരുന്ന ടണല്‍, സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ എന്ന രീതിയില്‍ കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷനാണ് ഡിസൈന്‍ ചെയ്ത് നിര്‍മിക്കുന്നത്. കിഫ്ബി പദ്ധതിച്ചെലവ് വഹിക്കുന്നു. ഭോപ്പാലിലെ ദിലിപ് ബില്‍ഡ്കോണ്‍ ലിമിറ്റഡ്, കൊല്‍ക്കത്തയിലെ റോയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയാണ് കരാറുകാര്‍.
വയനാട്ടില്‍ മേപ്പാടി-കള്ളാടി-ചൂരല്‍മല സ്റ്റേറ്റ് ഹൈവേയുമായും, കോഴിക്കോട് ഭാഗത്ത് മറിപ്പുഴ-മുത്തപ്പന്‍പുഴ-ആനക്കാംപൊയില്‍ റോഡുമായും ബന്ധിപ്പിക്കുന്ന തുരങ്കപാത പൂര്‍ത്തിയാകുന്നതോടെ ആനക്കാംപൊയില്‍ നിന്ന് കള്ളാടിയിലേക്കുള്ള യാത്രാസമയം 90 മിനിറ്റില്‍ നിന്ന് 20 മിനിറ്റായി കുറയും. താമരശേരി ചുരം കയറാതെ വയനാട്ടിലെത്താന്‍ 35 കിലോമീറ്റര്‍ ദൂരക്കുറവ്. തുരങ്കപാതയുടെ ഇരട്ട ട്യൂബ് ഘടനയില്‍ 300 മീറ്റര്‍ ഇടവിട്ട് ക്രോസ് പാസേജും വെന്റിലേഷനും എമര്‍ജന്‍സി ലേബേയും ഉള്‍പ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളുണ്ട്. പ്രാദേശിക കണക്റ്റിവിറ്റിയും ടൂറിസവും വികസിപ്പിക്കുന്നതോടൊപ്പം, കര്‍ണാടകയിലെ മൈസൂരു, ബെംഗളൂരു നഗരങ്ങളിലേക്കും, ഊട്ടി, കൂര്‍ഗ് തുടങ്ങിയ തെക്കന്‍ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുമുള്ള യാത്ര എളുപ്പമാകും. കാലാവസ്ഥാ ദുരന്തങ്ങളില്‍ ഒരു സുപ്രധാന രക്ഷാമാര്‍ഗമായി തുരങ്കപാത മാറുമെന്നും കോഴിക്കോട്ട് വൈദ്യസഹായം ലഭ്യമാക്കാനുള്ള സൗകര്യം മെച്ചപ്പെടുമെന്നുമൊക്കെ അവകാശവാദമുണ്ടായി.കേരളത്തിലെ പശ്ചിമഘട്ടത്തില്‍ ഉരുള്‍പൊട്ടലിന് ഏറ്റവും സാധ്യതയുള്ള ഭാഗങ്ങളില്‍ ഒന്നിലൂടെയാണ് തുരങ്കം കടന്നുപോകുന്നത്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള, വളരെ ദുര്‍ബലമായ ഭൂപ്രദേശമാണിതെന്ന് തുരങ്കപദ്ധതിക്ക് പാരിസ്ഥിതികാനുമതി നല്കിയ സംസ്ഥാന വിദഗ്ധ അപ്രൈസല്‍ കമ്മിറ്റിതന്നെ സ്ഥിരീകരിക്കുന്നുണ്ട്.
അപ്രൈസല്‍ കമ്മിറ്റി നല്കിയ അനുമതിപത്രത്തില്‍ അപകടസാധ്യതകള്‍ അക്കമിട്ട് നിരത്തുന്നു: 2019, 2024 വര്‍ഷങ്ങളില്‍ ഇവിടെ മനുഷ്യജീവനും സ്വത്തുനാശങ്ങള്ക്കും കാരണമായ ശക്തമായ ഉരുള്‍പൊട്ടലുണ്ടായതാണ്. അപ്രതീക്ഷിത നീരൊഴുക്ക്, ഭൂചലന സാധ്യത, തുരങ്കത്തിനായി നടത്തുന്ന പാറപൊട്ടിക്കലിന്റെ ഫലമായി ഭൂമി അസ്ഥിരമാകല് എന്നിവയ്ക്കെല്ലാം സാധ്യതയുണ്ട്. പരിസ്ഥിതിലോല മേഖലയായതിനാല്‍ വലിയ അടിസ്ഥാന വികസന പദ്ധതികള്‍ അവിടെ സാധ്യമല്ല. ആനത്താരകള്‍ ഉള്‍പ്പെടുന്ന 17.26 ഹെക്ടര്‍ വനഭൂമിയിലൂടെ തുരങ്കം കടന്നുപോകുന്നു; മനുഷ്യ-വന്യജീവി സംഘര്‍ഷം വര്‍ധിക്കാനിടയുണ്ട്. പ്രാന്തവത്ക്കരിക്കപ്പെട്ട ആദിവാസികളുടെ നാല് ആവാസ പ്രദേശങ്ങള്‍ തുരങ്കത്തിന്റെ 500 മീറ്റര്‍ – 1.5 കിലോമീറ്റര്‍ പരിധിയിലുണ്ട്; അവര്‍ക്ക് പാരിസ്ഥിതിക-സാമൂഹ്യ ആഘാതങ്ങളുണ്ടാകും. 27 കുടുംബങ്ങളുള്ള വയനാട്ടിലെ അരണമല കാട്ടുനായ്ക്ക കോളനി പദ്ധതിബാധിത പ്രദേശത്താണ്. മമ്മിക്കുന്ന്, കുപ്പച്ചി, കള്ളാടി, അരണമല കോളനി എന്നിവിടങ്ങളിലെ 32 ആദിവാസി കുടുംബങ്ങള്‍ ടണല്‍ റോഡിനോട് ചേര്‍ന്നാണ് താമസിക്കുന്നത്. പ്രകൃതിസംരക്ഷണത്തിനായുള്ള ഇന്റര്‍നാഷണല്‍ യൂണിയന്റെ ചെമന്ന പട്ടികയില്‍ പെടുന്ന വംശനാശ ഭീഷണി നേരിടുന്ന അഞ്ച് പക്ഷികളും, അന്യം നിന്നുപോകുന്ന വിഭാഗത്തില്‍ പെടുന്ന ബാണാസുര ചിലപ്പന്‍, നീലഗിരി ഷോലക്കിളി എന്നിവയും, അപായനിലയിലുള്ള മൂന്ന് ജീവികളും പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്ന 14 ജീവിവംശങ്ങളും 1972-ലെ വന്യജീവി സംരക്ഷണ നിയമ പട്ടിക ഒന്ന്-എയില്പെടുന്ന 29 ജീവിവംശങ്ങളും പട്ടിക രണ്ട്-എയില്‍ പെടുന്ന 155 ജീവിവംശങ്ങളും ഇവിടെയുണ്ട്.
പദ്ധതിയുടെ നടത്തിപ്പുകാരായ പൊതുമരാമത്ത് വകുപ്പ് ആവശ്യമായ ഭൗമശാസ്ത്ര-ജലശാസ്ത്ര പഠനങ്ങള്‍ നടത്തിയിട്ടില്ലെന്നും സൂചിപ്പിക്കുന്ന വിദഗ്ധ സമിതി, അപകട സാധ്യതകളെ മറികടക്കാനെന്ന പേരില്‍ 25 വ്യവസ്ഥകളും മുന്നോട്ടുവെക്കുന്നുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളുടെ സൂക്ഷ്മ ഭൂപടം തയാറാക്കുക എന്നതാണ് ഒരു വ്യവസ്ഥ! തുരങ്കത്തിനായി പാറ പൊട്ടിക്കുമ്പോള്‍ ഉപരിതല കമ്പനങ്ങള്‍ ഉണ്ടാകരുത് എന്നതാണ് മറ്റൊരു വ്യവസ്ഥ. ‘പാറപൊട്ടിക്കല്‍ പ്രവചനാതീതമായ കമ്പനാഘാതങ്ങള് സൃഷ്ടിക്കും’ എന്ന് കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടുതാനും. നാല് ഗ്രൗണ്ട് വൈബ്രേഷന്‍ മോണിറ്ററിംഗ് സിസ്റ്റങ്ങള്‍ സ്ഥാപിക്കുക, പരിസ്ഥിതി മാനേജ്മെന്റ് കമ്മിറ്റിയുടെ പതിവ് നിരീക്ഷണം നടത്തുക, നിര്‍മ്മാണ ഘട്ടത്തില്‍ വായുവിന്റെ ഗുണനിലവാരം നിരന്തരം പരിശോധിക്കുക, കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങള്‍ സ്ഥാപിക്കുക എന്നിങ്ങനെ പോകുന്നു മറ്റ് നിബന്ധനകള്‍.
കോഴിക്കോട് ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ വാവുല്‍ മല, ഒരു ഷോല വനവും ഹൃദയാകൃതിയിലുള്ള ഹൃദയസരസ് തടാകവുമുള്ള വയനാട്ടിലെ ഇക്കോ-ടൂറിസം കേന്ദ്രമായ ചേമ്പ്ര പീക്ക് എന്നിവയടക്കം പാരിസ്ഥിതിക പ്രാധാന്യമുള്ള മേഖലകളിലൂടെയാണ് തുരങ്കപാത കടന്നുപോകുന്നത്. ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലവര്‍ഷ മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നാണിത്. നീലഗിരി ബയോസ്ഫിയര്‍ റിസര്‍വിന്റെ ഒരു ഭാഗം പദ്ധതിയുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്‍പ്പെടുന്നു. പശ്ചിമഘട്ടത്തിലെ ഏറ്റവും സമ്പന്നമായ ജൈവവൈവിധ്യ ഭൂപ്രകൃതികളിലൊന്നായ യുനെസ്കോയുടെ ലോക പൈതൃക മേഖലയിലാണ് ടണല്‍ അലൈന്മെന്റ്. ബാണാസുര കുന്നുകള്‍, ചെമ്പ്ര കൊടുമുടി, സമീപത്തുള്ള സംരക്ഷിത ഭൂപ്രകൃതി എന്നിവയുമായി ബന്ധപ്പെട്ട ആവാസ വ്യവസ്ഥകള്‍ വിഘടിപ്പിക്കുന്നത് ആനകളുടെ കുടിയേറ്റപാതകളെ ബാധിക്കും. വയനാട്ടിലും അയല്‍ജില്ലകളിലും മനുഷ്യ-ആന സംഘര്‍ഷം രൂക്ഷമാകാന്‍ ഇത് ഇടവരുത്തും.
പരിസ്ഥിതിലോല പ്രദേശങ്ങളായി അടയാളപ്പെടുത്തിയ കോഴിക്കോട്ടെ തിരുവമ്പാടി, വയനാട്ടിലെ വെള്ളരിമല ഗ്രാമങ്ങള്‍ പദ്ധതി മേഖലയില്‍ ഉള്‍പ്പെടുന്നു. തുരങ്കത്തിന്റെ 5.76 കിലോമീറ്റര്‍ ദൂരം വനഭൂമിയിലൂടെ കടന്നുപോകുന്നു. പശ്ചിമഘട്ട മലനിരകളില്‍നിന്ന് ചാലിയാറിലേക്ക് ഒഴുകിയെത്തുന്ന നിരവധി നീരുറവകളുടെയും കൈത്തോടുകളുടെയും നിലനില്പിനെ തുരങ്കപാത ബാധിക്കുന്നതെങ്ങനെയെന്നോ, അതിന്റെ പാരിസ്ഥിതിക, സാമൂഹിക പ്രത്യാഘാതങ്ങളെന്തെന്നോ പഠിക്കാതെയാണ് പദ്ധതിയുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചത്. ”വികസനത്തിന് തടയിടാന്‍ ആരെയും അനുവദിക്കില്ല” എന്ന് പദ്ധതി ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി മുന്നറിയിപ്പുനല്കുകയും ചെയ്തു.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് സ്റ്റേജ് 2 ക്ലിയറന്‍സ് നല്‍കിയത് ‘പരിസ്ഥിതി സംരക്ഷണത്തിനായി’ 24 കര്‍ശന നിബന്ധനകള്‍ മുന്നോട്ടുവച്ചുകൊണ്ടാണ്. 17.26 ഹെക്ടര്‍ വനഭൂമി പദ്ധതിക്കായി പരിവര്‍ത്തനം ചെയ്യുമ്പോള്‍ കൃത്യമായി അതിര്‍ത്തി അടയാളപ്പെടുത്തണം, രണ്ടുവര്‍ഷത്തിനകം ഓരോ ഹെക്ടറിലും ചുരുങ്ങിയത് 1,000 വൃക്ഷതൈ നടണം എന്നും മറ്റും അതില്‍ നിര്‍ദേശിച്ചിരുന്നു.
പരിസ്ഥിതിലോലമായ, ഉരുള്‍പൊട്ടലുകള്‍ക്കു സാധ്യതയുള്ള ഭൂപ്രകൃതിയെക്കുറിച്ചുള്ള മാധവ് ഗാഡ്ഗില്‍ കമ്മിറ്റി പഠനങ്ങളുടെ വെളിച്ചത്തില്‍, പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക സംവേദനക്ഷമതയെയും മണ്ണിടിച്ചിലിന്റെ അപകടസാധ്യതകളെയും കുറിച്ച് ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് പരിസ്ഥിതി ഗ്രൂപ്പുകള്‍ കോടതികളെ സമീപിച്ചു. പ്രാദേശിക ഗതാഗതകുരുക്കില്‍ നിന്നുള്ള മോചനത്തിന് തുരങ്കപദ്ധതി നിര്‍ണായകമാണെന്ന വാദം സുപ്രീം കോടതി അംഗീകരിക്കുകയാണുണ്ടായത്. കേന്ദ്ര ഉന്നതാധികാര സമിതി നിര്‍ദേശിച്ച കര്‍ശനമായ പാരിസ്ഥിതിക നിബന്ധനകളോടെ പദ്ധതി തുടരാന്‍ കോടതി അനുമതി നല്കി. പരിസ്ഥിതി പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കോടതിയെ സമീപിച്ച വയനാട് പ്രകൃതി സംരക്ഷണ സമിതി നേതാക്കളുടെ വീടുകളിലേക്ക് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി പ്രബലരുടെ ലോബി വിജയം ആഘോഷിച്ചു.
അടുത്ത 20 വര്‍ഷത്തിനകം കാലാവസ്ഥാവ്യതിയാനം കേരളത്തില്‍ വ്യാപക പ്രകൃതിക്ഷോഭങ്ങള്‍ക്കു കാരണമാകാമെന്നും ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ മഴ പെയ്യുന്നത് ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും മിന്നല്‍പ്രളയങ്ങള്‍ക്കും വഴിയൊരുക്കുമെന്നും തുടര്‍ച്ചയായ ഉരുള്‍പൊട്ടലുകള്‍ മലയോര മേഖലയുടെ ഘടന കൂടുതല്‍ ദുര്‍ബലമാക്കുമെന്നും ദുരന്തതീവ്രത വര്‍ധിപ്പിക്കുമെന്നും ഐക്യരാഷ് ട്ര സംഘടനയുടെ ഇന്റര്ഗവണ്മെന്റല് പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് അഞ്ചു വര്‍ഷം മുന്‍പ് പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
തീവ്ര കാലാവസ്ഥാ സാഹചര്യങ്ങളും പ്രകൃതിദുരന്തങ്ങളും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയില്‍, വയനാടിന്റെ ഏറ്റവും വലിയ വികസന മുന്‍ഗണന ഈ തുരങ്കപാതയാണോ? ഇത്രയും രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടെങ്കില്‍, നിലവിലുള്ള താമരശേരി ചുരം റോഡ് ശാസ്ത്രീയമായി ശക്തിപ്പെടുത്തിയും ബദല്‍ മലയോര റോഡുകള്‍ മെച്ചപ്പെടുത്തിയും, മികവുറ്റ ട്രോമ സെന്ററുകള്‍ നിര്‍മിച്ചും, ഒരു സൂപ്പര്‍-സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിച്ചും, ദുരന്തനിവാരണ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തിയും, മണ്ണിടിച്ചില്‍ മുന്നറിയിപ്പിന് വിപുലമായ സംവിധാനങ്ങള്‍ സ്ഥാപിച്ചും, കാലാവസ്ഥയെ പ്രതിരോധിക്കുന്ന പൊതു അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചും സുസ്ഥിരവും അര്‍ഥവത്തുമായ നിക്ഷേപങ്ങള്‍ നടത്തി വയനാടിനെ മാറ്റിമറിക്കാമല്ലോ!മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിത മേഖലയിലെ തുരങ്കപാത നിര്‍മാണത്തെ സംബന്ധിച്ച മുന്നറിയിപ്പുകളും ജനകീയ സംഘടനകളുടെ പ്രതിഷേധങ്ങളും കണക്കിലെടുക്കാന്‍ ഭരണകൂടം തയാറാവാത്തതിന്റെ അപകടങ്ങള്‍ തുടരുകയാണ്. പലപ്പോഴും പ്രകൃതി ദുരന്തങ്ങളുടെ ആഘാതശേഷി പ്രവചനാതീതമാവുകയും ഒരു പ്രദേശത്തെ ജീവനെയും ജീവിതോപാധികളെയും പൂര്‍ണമായും തുടച്ചുനീക്കും വിധം അപകടകരമാവുകയും ചെയ്യുന്നുണ്ട്.പ്രകൃതിയെയും മനുഷ്യരെയും കുരുതികൊടുത്തും വികസന പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകുമെന്ന നിലപാടില്‍ മാറ്റം വരാന്‍ ഇനിയും എത്ര പ്രകൃതിദുരന്തങ്ങളെ നാം അതിജീവിക്കണം?

