ഗാസാ: ഗാസയിൽ ഇസ്രായേൽ സൈനിക നടപടി ആരംഭിച്ച് ആയിരം ദിവസം പിന്നിടുമ്പോഴും പ്രദേശത്തെ ജനങ്ങൾ കടുത്ത മാനുഷിക ദുരിതങ്ങൾ നേരിടുകയാണെന്ന് ഗാസാ തിരുഹൃദയ ദേവാലയ വികാരി ഫാ. ഗബ്രിയേൽ റൊമനെല്ലി പറഞ്ഞു. യുദ്ധത്തിന്റെ ആഘാതം ഇപ്പോഴും അതേ തീവ്രതയിൽ തുടരുകയാണെന്നും സമാധാനം കൈവരിക്കാൻ ലോകമെമ്പാടുമുള്ള വിശ്വാസികളുടെ പ്രാർത്ഥന അനിവാര്യമാണെന്നും അദ്ദേഹം വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
2023 ഒക്ടോബർ 7-ന് ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണത്തെ തുടർന്നാണ് നിലവിലെ സംഘർഷം ആരംഭിച്ചത്. തുടർന്ന് ഗാസാ മുനമ്പിൽ നടന്ന സൈനിക നടപടികൾ വലിയ മനുഷ്യാവകാശ-മാനുഷിക പ്രതിസന്ധിക്ക് വഴിവെച്ചതായി ഫാ. റൊമനെല്ലി ചൂണ്ടിക്കാട്ടി.
ഗാസയിലും സമീപപ്രദേശങ്ങളിലും സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനായി എല്ലാവരും പ്രാർത്ഥനയിൽ ഒന്നിക്കണമെന്നും ദുരിതമനുഭവിക്കുന്ന ജനങ്ങളെ അന്താരാഷ്ട്ര സമൂഹവും ലോകനേതാക്കളും മറക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സമാധാനം ഇപ്പോഴും സാധ്യമാണെന്നും പ്രത്യാശ കൈവിടാതെ അതിനായി ഒരുമിച്ച് പ്രവർത്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യേണ്ട സമയമാണിതെന്നും ഫാ. റൊമനെല്ലി ഓർമ്മിപ്പിച്ചു.

