അഹമ്മദാബാദ്: അഹമ്മദാബാദ് സ്ഫോടനപരമ്പരക്കേസിൽ പ്രത്യേക കോടതി വിധിച്ച 38 പ്രതികളുടെ വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചു. ഇന്ത്യൻ മുജാഹിദ്ദീൻ ആസൂത്രണം ചെയ്ത 2008 ജൂലൈ 26-ന് നടന്ന സ്ഫോടനപരമ്പരയിൽ 56 പേർ കൊല്ലപ്പെടുകയും 246 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വധശിക്ഷ ശരിവെച്ചവരിൽ മൂന്ന് മലയാളികളും ഉൾപ്പെടുന്നു. കോട്ടയം ഈരാറ്റുപേട്ട പീടിക്കൽ അബ്ദുൾ കരീമിന്റെ മക്കളായ ശിബിലി (47), ശാദുലി (45), മലപ്പുറം കൊണ്ടോട്ടി സ്വദേശി സൈനുദ്ദീന്റെ മകൻ ഇ.ടി. ഷറഫുദ്ദീൻ (43) എന്നിവരാണ് വധശിക്ഷ ലഭിച്ച മലയാളികൾ.
അതേസമയം, ആലുവ കുഞ്ഞനിക്കര സ്വദേശി പെരുന്തല്ലി മുഹമ്മദ് അൻസാറിന് (45) ജീവപര്യന്തം തടവാണ് ഹൈക്കോടതി ശരിവെച്ചത്.
2008 ജൂലൈ 26-ന് അഹമ്മദാബാദിലെ വിവിധ ഭാഗങ്ങളിൽ അരങ്ങേറിയ സ്ഫോടനപരമ്പര രാജ്യത്തെ നടുക്കിയ ഭീകരാക്രമണങ്ങളിലൊന്നായിരുന്നു. ദീർഘകാല വിചാരണയ്ക്ക് പിന്നാലെ പ്രത്യേക കോടതി വിധിച്ച ശിക്ഷകളാണ് ഇപ്പോൾ ഗുജറാത്ത് ഹൈക്കോടതി നിലനിർത്തിയത്.

