ഫിലാഡൽഫിയ: അമേരിക്കയുടെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ദേശീയ ദിവ്യകാരുണ്യ തീർഥാടനം (നാഷണൽ യൂക്കരിസ്റ്റിക് പിൽഗ്രിമേജ്) ഫിലാഡൽഫിയയിൽ സമാപിച്ചു. ആയിരക്കണക്കിന് മൈലുകൾ ക്രിസ്തുവിനൊപ്പമുള്ള വിശ്വാസയാത്രയായി കാൽനടയായി പിന്നിട്ട തീർഥാടകരെ ലിയോ പതിനാലാമൻ പാപ്പാ അഭിനന്ദിച്ചു.
ഫിലാഡൽഫിയയിലെ കത്തീഡ്രൽ ബസിലിക്ക ഓഫ് സെയിന്റ്സ് പീറ്റർ ആൻഡ് പോൾ ദേവാലയത്തിൽ സമാപന വിശുദ്ധ കുർബാനയ്ക്കിടെ പ്രദർശിപ്പിച്ച വീഡിയോ സന്ദേശത്തിലാണ് പാപ്പാ അമേരിക്കയുടെ മഹത്തായ വിശ്വാസ പാരമ്പര്യത്തിന് ഈ തീർഥാടനം സാക്ഷ്യമാണെന്ന് വിശേഷിപ്പിച്ചത്.
‘വൺ നേഷൻ, അണ്ടർ ഗോഡ്’ എന്ന ആപ്തവാക്യവുമായി മെയ് മാസത്തിൽ ഫ്ലോറിഡയിലെ സെന്റ് അഗസ്റ്റിനിൽ ആരംഭിച്ച തീർഥാടനം രാജ്യത്തിന്റെ ചരിത്രപ്രസിദ്ധമായ 13 കോളനികളിലൂടെ സഞ്ചരിച്ചശേഷമാണ് ഫിലാഡൽഫിയയിൽ സമാപിച്ചത്. അമേരിക്കയുടെ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികാഘോഷങ്ങളുമായി ഈ വിശ്വാസയാത്രയ്ക്ക് പ്രത്യേക ചരിത്രപ്രാധാന്യമുണ്ടെന്നും പാപ്പാ ചൂണ്ടിക്കാട്ടി.
ഔപചാരികമായി അമേരിക്കൻ രാജ്യം രൂപംകൊള്ളുന്നതിന് മുമ്പേ രാജ്യത്ത് ശക്തമായ ക്രൈസ്തവ വിശ്വാസപാരമ്പര്യമുണ്ടായിരുന്നുവെന്ന് ഓർമിപ്പിച്ച പാപ്പാ, 1583-ൽ സെന്റ് അഗസ്റ്റിനിൽ സ്പാനിഷ് പര്യവേക്ഷകർ അർപ്പിച്ച കൃതജ്ഞതാബലി അതിന്റെ തെളിവാണെന്നും പറഞ്ഞു.
തീർഥാടനത്തിൽ പങ്കെടുത്തവർ സ്വന്തം കുടുംബങ്ങളിലും ഇടവകകളിലും സമൂഹങ്ങളിലും ദിവ്യകാരുണ്യകേന്ദ്രീകൃത ജീവിതം വളർത്തിയെടുക്കണമെന്നും വിശ്വാസത്തിന്റെ സാക്ഷികളായി മുന്നേറണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.
പന്തക്കുസ്ത തിരുനാളിൽ ആരംഭിച്ച ഈ തീർഥാടനം അമേരിക്കയിലെ നിരവധി രൂപതകളിലൂടെയും പ്രധാന തീർഥാടനകേന്ദ്രങ്ങളിലൂടെയും കടന്നുപോയിരുന്നു. ബാൾട്ടിമോർ, ബോസ്റ്റൺ, വാഷിംഗ്ടൺ ഡി.സി. ഉൾപ്പെടെയുള്ള നഗരങ്ങളിൽ ആയിരക്കണക്കിന് വിശ്വാസികൾ തീർഥാടനത്തിൽ പങ്കുചേർന്നു.

