ക്രൈസ്തവ സഭയുടെ ചരിത്രത്തില്‍ വിശുദ്ധ പത്രോസും വിശുദ്ധ പൗലോസും വഹിക്കുന്ന സ്ഥാനം അതുല്യമാണ്. ക്രിസ്തുവിന്റെ സുവിശേഷം ലോകമെമ്പാടും പ്രഘോഷിക്കുന്നതിലും, ആദ്യകാല സഭയെ രൂപപ്പെടുത്തുന്നതിലും ശക്തിപ്പെടുത്തുന്നതിലും, വിശ്വാസത്തിന്റെ അടിസ്ഥാനങ്ങള്‍ ഉറപ്പിക്കുന്നതിലും രണ്ടുപേരും നല്കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തവയാണ്. ബൈബിളും സഭയുടെ പാരമ്പര്യവും ക്രൈസ്തവ ദൈവശാസ്ത്ര പഠനങ്ങളും ഇവരെ സഭയുടെ രണ്ടു പ്രധാന തൂണുകളായി അവതരിപ്പിക്കുന്നു. ഒരാള്‍ യേശുവിന്റെ ആദ്യശിഷ്യന്മാരില് പ്രമുഖനും മറ്റൊരാള്‍ യഹൂദമതത്തിന്ു പുറത്തുള്ള ജാതികളുടെ അപ്പസ്തോലനും ആയിരുന്നു. വ്യത്യസ്ത ജീവിതപശ്ചാത്തലങ്ങളില്‍ നിന്ന് വന്ന ഇവര്‍ ഒരേ സുവിശേഷത്തിനുവേണ്ടി ജീവിതം സമര്‍പ്പിക്കുകയും രക്തസാക്ഷിത്വത്തിലൂടെ വിശ്വാസത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്തു.
വിശുദ്ധ പത്രോസ്: സഭയുടെ പാറ
വിശുദ്ധ പത്രോസിന്റെ യഥാര്‍ത്ഥ പേര് ശിമയോന് എന്നായിരുന്നു. യേശുക്രിസ്തു അദ്ദേഹത്തിന് ‘കേഫാ’ (പാറ) എന്ന പേരാണ് നല്‍കിയത്. അതിന്റെ ഗ്രീക്ക് രൂപമാണ് ‘പെട്രോസ്’. മത്തായി 16:18-19-ല്‍ യേശു പറയുന്നു: ‘നീ പത്രോസാണ്; ഈ പാറമേല്‍ ഞാന്‍ എന്റെ സഭ പണിയും. പാതാളത്തിന്റെ ശക്തികള്‍ അതിനെ ജയിക്കുകയില്ല. സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലുകള്‍ ഞാന്‍ നിനക്കു തരും.’ ഈ വചനത്തെ അടിസ്ഥാനമാക്കി ക്രൈസ്തവ സഭ, പ്രത്യേകിച്ച് കത്തോലിക്കാ സഭ, വിശുദ്ധ പത്രോസിനെ അപ്പസ്തോലന്മാരുടെ നേതാവായും സഭയുടെ ഐക്യത്തിന്റെ ദൃശ്യചിഹ്നമായും കണക്കാക്കുന്നു.
പത്രോസ് ധീരവിശ്വാസത്തിന്റെ മാത്രമല്ല, മാനുഷിക ബലഹീനതകളെ അതിജീവിച്ച മാനസാന്തരത്തിന്റെ മാതൃക കൂടിയാണ്. യേശുവിനെ മൂന്ന് പ്രാവശ്യം നിഷേധിച്ചെങ്കിലും (ലൂക്കാ 22:54-62), ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു അദ്ദേഹത്തെ പുനഃസ്ഥാപിക്കുകയും ‘എന്റെ കുഞ്ഞാടുകളെ മേയിക്ക’ (യോഹന്നാന് 21:15-17) എന്ന ദൗത്യം ഏല്‍പ്പിക്കുകയും ചെയ്തു. ഇതിലൂടെ സഭയിലെ ഇടയശുശ്രൂഷയുടെ മാതൃക സ്ഥാപിക്കപ്പെട്ടു.

പെന്തക്കോസ്ത് ദിനത്തില്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ച ശേഷം പത്രോസ് നടത്തിയ പ്രസംഗം (അപ്പസ്തോലപ്രവൃത്തികള്‍ 2) മൂവായിരത്തിലധികം ആളുകളുടെ മാനസാന്തരത്തിന് കാരണമായി. ഇതിനെ സഭയുടെ പൊതുപ്രവര്‍ത്തനത്തിന്റെ ആരംഭമായി കണക്കാക്കുന്നു. ആദ്യകാല സഭയില്‍ അദ്ദേഹം നേതൃത്വം നല്കി, വിശ്വാസപരമായ നിര്‍ണായക തീരുമാനങ്ങളില്‍ പങ്കെടുത്തു, അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു, ക്രിസ്തുവിലുള്ള രക്ഷയുടെ സന്ദേശം ധൈര്യത്തോടെ പ്രഖ്യാപിച്ചു.
വിശുദ്ധ പൗലോസ്: ജാതികളുടെ അപ്പസ്തോലന്
വിശുദ്ധ പൗലോസ് ആദ്യം ശൗല്‍ (സാവൂള്‍) എന്നറിയപ്പെട്ടിരുന്നു. ആദ്യകാല ക്രൈസ്തവരെ പീഡിപ്പിച്ചിരുന്ന അദ്ദേഹം ദമാസ്കസിലേക്കുള്ള വഴിയില്‍ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ദര്‍ശനം പ്രാപിച്ചതോടെ (അപ്പസ്തോലപ്രവൃത്തികള്‍ 9) ജീവിതം പൂര്‍ണമായി മാറി. പിന്നീട് സുവിശേഷത്തിന്റെ ഏറ്റവും വലിയ പ്രഘോഷകരില്‍ ഒരാളായി അദ്ദേഹം മാറി.
പൗലോസിന്റെ പ്രധാന സംഭാവന സുവിശേഷത്തെ യഹൂദസമൂഹത്തിന്റെ പരിധിക്കപ്പുറം വിജാതീയരുടെ ഇടയിലേക്ക് വ്യാപിപ്പിച്ചതാണ്. ഏഷ്യാമൈനര്‍, ഗ്രീസ്, മാസിഡോണിയ, റോം എന്നിവിടങ്ങളിലായി അദ്ദേഹം നിരവധി മിഷന് യാത്രകള്‍ നടത്തി സഭകള്‍ സ്ഥാപിച്ചു. അപ്പസ്തോലപ്രവൃത്തികള്‍ അദ്ദേഹത്തിന്റെ മിഷന് പ്രവര്‍ത്തനങ്ങളെ വിശദമായി വിവരിക്കുന്നു.
പുതിയ നിയമത്തിലെ പതിമൂന്ന് ലേഖനങ്ങള്‍ പൗലോസിന്റെ പേരിലാണ്. വിശ്വാസത്താല്‍ നീതീകരണം, ദൈവകൃപ, ക്രിസ്തുവിന്റെ ശരീരമായ സഭ, പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം, ക്രിസ്തീയ ധാര്‍മ്മികത, ഉയിര്‍പ്പിലുള്ള പ്രത്യാശ തുടങ്ങിയ വിഷയങ്ങള്‍ അദ്ദേഹത്തിന്റെ ലേഖനങ്ങളില്‍ ആഴത്തില്‍ അവതരിപ്പിക്കപ്പെടുന്നു. റോമക്കാര്‍ക്കുള്ള ലേഖനം, ഗലാത്ത്യര്ക്കുള്ള ലേഖനം, എഫേസ്യര്‍ക്കുള്ള ലേഖനം, കൊരിന്ത്യര്‍ക്കുള്ള ലേഖനങ്ങള്‍ എന്നിവ ക്രൈസ്തവ ദൈവശാസ്ത്രത്തിന്റെ അടിസ്ഥാനരേഖകളായി കണക്കാക്കപ്പെടുന്നു.
പൗലോസ് സഭയെ ‘ക്രിസ്തുവിന്റെ ശരീരം’ (1 കൊരിന്ത്യര്‍ 12:12-27) എന്ന ഉപമയിലൂടെ വിശദീകരിച്ചു. സഭയിലെ ഓരോ അംഗത്തിനും വ്യത്യസ്ത ദാനങ്ങളുണ്ടെങ്കിലും എല്ലാവരും ഒരേ ശരീരത്തിന്റെ ഭാഗമാണെന്ന അദ്ദേഹത്തിന്റെ ദര്‍ശനം സഭയുടെ ഐക്യത്തിനും കൂട്ടായ ഉത്തരവാദിത്തത്തിനും വലിയ പ്രചോദനമായി.
സഭയ്ക്കു നല്കിയ സംയുക്ത സംഭാവനകള്‍
വിശുദ്ധ പത്രോസും വിശുദ്ധ പൗലോസും വ്യത്യസ്ത ദൗത്യങ്ങള്‍ നിര്‍വഹിച്ചെങ്കിലും അവര്‍ ഒരേ സുവിശേഷത്തിനുവേണ്ടി പ്രവര്‍ത്തിച്ചു. പത്രോസ് പ്രധാനമായും യഹൂദവിശ്വാസികളുടെ ഇടയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ പൗലോസ് മറ്റു ജാതികളുടെ ഇടയില്‍ സുവിശേഷം വ്യാപിപ്പിച്ചു. ജറുസലേം കൗണ്‍സിലില്‍ (അപ്പസ്തോലപ്രവൃത്തികള്‍ 15) ഇരുവരുടെയും നേതൃത്വവും പങ്കാളിത്തവും ആദ്യകാല സഭയുടെ ഐക്യം നിലനിര്‍ത്താന്‍ നിര്‍ണായകമായി.
ഇരുവരും ഒടുവില്‍ റോമില്‍ രക്തസാക്ഷികളായെന്നാണ് പ്രാചീന ക്രൈസ്തവ പാരമ്പര്യം സാക്ഷ്യപ്പെടുത്തുന്നത്. സഭാപിതാക്കന്മാരായ ക്ലെമെന്റ് ഓഫ് റോം, ഇഗ്നേഷ്യസ് ഓഫ് അന്ത്യോക്യ, ഇരേനേയൂസ്, യൂസേബിയൂസ് എന്നിവര്‍ അവരുടെ സാക്ഷ്യത്തെയും സേവനത്തെയും ആദരവോടെ രേഖപ്പെടുത്തിയിട്ടുണ്ട്. അവരുടെ രക്തസാക്ഷിത്വം സഭയുടെ വിശ്വാസത്തിന് ശക്തമായ സാക്ഷ്യമായി മാറി.
പത്രോസും പൗലോസും തൊഴിലാളികള്‍
ബൈബിളും ആദ്യകാല ക്രൈസ്തവ പാരമ്പര്യവും പരിശോധിക്കുമ്പോള്‍ വിശുദ്ധ പത്രോസും വിശുദ്ധ പൗലോസും ഉപജീവനത്തിനായി തൊഴില്‍ ചെയ്തിരുന്നവരാണെന്നും, പ്രത്യേകിച്ച് പൗലോസ് തന്റെ സുവിശേഷ പ്രഘോഷണകാലത്തും തൊഴില്‍ ചെയ്തിരുന്നുവെന്നും വ്യക്തമായ തെളിവുകള്‍ കാണാം.
പത്രോസിന്റെ യഥാര്‍ത്ഥ തൊഴില്‍ മത്സ്യബന്ധനമായിരുന്നു. മത്തായി 4:18-20 യേശു ഗലീലിക്കടല്‍ക്കരയില്‍ ശിമയോനെയും (പത്രോസ്) സഹോദരന് അന്ത്രയോസിനെയും മത്സ്യബന്ധനം ചെയ്യുന്നതിനിടെയാണ് സുവിശേഷ വേലയ്ക്കായി വിളിക്കുന്നത്.
ലൂക്കാ 5:1-11 അദ്ഭുതകരമായ മത്സ്യബന്ധനത്തിനുശേഷം യേശു പത്രോസിനെ ശിഷ്യനാക്കുന്നു.
മര്‍ക്കോസ് 1:16-18 അവര്‍ വല വീശിക്കൊണ്ടിരിക്കുകയായിരുന്നു എന്ന് പറയുന്നു. ബൈബിള്‍ തെളിവുകള്‍ അനുസരിച്ച് പത്രോസ് ഒരു സാധാരണ മത്സ്യത്തൊഴിലാളി മാത്രമല്ല, കുടുംബാടിസ്ഥാനത്തില്‍ മത്സ്യബന്ധനം നടത്തിയിരുന്ന ആളായിരുന്നു എന്ന് മനസ്സിലാക്കാം.
സുവിശേഷപ്രഘോഷണകാലത്ത് പത്രോസ് വീണ്ടും മത്സ്യബന്ധനം ചെയ്തോ? യോഹന്നാന് 21:1-14-ല്‍ യേശുവിന്റെ ഉയിര്‍പ്പിനുശേഷം പത്രോസും മറ്റ് ചില ശിഷ്യന്മാരും വീണ്ടും മത്സ്യബന്ധനത്തിന് പോകുന്നതായി കാണുന്നു.
‘ഞാന്‍ മീന്‍ പിടിക്കാന്‍ പോകുന്നു’ എന്ന് ശിമയോന് പത്രോസ് പറഞ്ഞു. (യോഹന്നാന് 21:3)
യേശുവിന്റെ ഉയിര്‍പ്പിനും പെന്തക്കോസ്തിനുമിടയിലെ ഒരു സംഭവമായാണ് ഇത് പൊതുവേ വ്യാഖ്യാനിക്കപ്പെടുന്നത്. പരിശുദ്ധാത്മാവിനെ സ്വീകരിച്ചശേഷം (അപ്പസ്തോലപ്രവൃത്തികള്‍ 2 മുതല്‍) പത്രോസ് വീണ്ടും മത്സ്യബന്ധനം ചെയ്ത് ഉപജീവനം നടത്തിയതായി ബൈബിള്‍ പറയുന്നില്ല.
ആദ്യകാല സഭയില്‍ വിശ്വാസികള്‍ അവരുടെ സ്വത്തുക്കള്‍ പങ്കുവെച്ചിരുന്നതായി (അപ്പസ്തോലപ്രവൃത്തികള്‍ 2:44-45; 4:32-35) പറയുന്നതിനാല്‍ അപ്പസ്തോലന്മാരുടെ ആവശ്യങ്ങളും സഭ തന്നെ നിറവേറ്റിയിരിക്കാമെന്ന് പല ബൈബിള്‍ പണ്ഡിതരും കരുതുന്നു.
വിശുദ്ധ പൗലോസ് ഒരു കൂടാരനിര്മ്മാതാവായിരുന്നു. പൗലോസിന്റെ തൊഴില്‍ വളരെ വ്യക്തമായി ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ‘അക്വിലാസിന്റെയും പ്രിസ്കില്ലയുടെയും അടുക്കല്‍ ചെന്നു; അവര്‍ ഒരേ തൊഴില്‍ ചെയ്തിരുന്നതിനാല്‍ അവരോടൊപ്പം താമസിച്ച് ജോലി ചെയ്തു. അവരുടെ തൊഴില്‍ കൂടാരനിര്മ്മാണമായിരുന്നു.’ (അപ്പസ്തോലപ്രവൃത്തികള്‍ 18:1-3).
പൗലോസ് ഒരു കൂടാരനിര്മ്മാതാവും അല്ലെങ്കില്‍ തുകല്‍ ഉപയോഗിച്ചുള്ള കൂടാരങ്ങളും അനുബന്ധ വസ്തുക്കളും നിര്‍മ്മിച്ചിരുന്ന കരകൗശല വിദഗ്ധനുമായിരുന്നു.
സുവിശേഷപ്രഘോഷണകാലത്തും പൗലോസ് ജോലി ചെയ്തിരുന്നു.
(1) അപ്പസ്തോലപ്രവൃത്തികള്‍ 20:33-35. എഫേസിലെ സഭാനേതാക്കളോട് പൗലോസ് പറയുന്നു: ‘ഈ കൈകള്‍ എനിക്കും എന്നോടുകൂടെ ഉണ്ടായിരുന്നവര്‍ക്കും ആവശ്യമായതെല്ലാം സമ്പാദിച്ചുതന്നു.’
സ്വന്തം കൈകൊണ്ട് ജോലി ചെയ്ത് ഉപജീവനം നടത്തിയിരുന്നുവെന്ന് അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തുന്നു.
(2) 1 തെസലോനിക്കര്‍ 2:9. ‘നിങ്ങള്‍ക്ക് ഭാരമാകാതിരിക്കേണ്ടതിന് ഞങ്ങള്‍ രാവും പകലും അധ്വാനിച്ച് ജോലി ചെയ്തു.’
(3) 2 തെസലോനിക്കര്‍ 3:7-12. ‘ആരെങ്കിലും ജോലി ചെയ്യാന്‍ മനസ്സില്ലെങ്കില്‍ അവന് ഭക്ഷിക്കുകയും അരുത്.’
ഈ ഉപദേശം നല്കുമ്പോള് താനും കൂട്ടുകാരും സ്വന്തം അധ്വാനത്തിലൂടെയാണ് ജീവിച്ചതെന്ന് പൗലോസ് എടുത്തുപറയുന്നു.
(4) 1 കൊരിന്ത്യര്‍ 9. ഈ അധ്യായത്തില്‍ സുവിശേഷപ്രഘോഷകര്‍ക്ക് സഭയുടെ സഹായം സ്വീകരിക്കാന്‍ അവകാശമുണ്ടെന്ന് പൗലോസ് പഠിപ്പിക്കുന്നു. എന്നാല്‍ ആ അവകാശം താന്‍ പലപ്പോഴും ഉപയോഗിച്ചില്ലെന്നും, സുവിശേഷത്തിന് തടസ്സമുണ്ടാകാതിരിക്കാനാണ് സ്വന്തം തൊഴില്‍ തുടര്‍ന്നതെന്നും അദ്ദേഹം പറയുന്നു.
ആദ്യകാല സഭാപിതാക്കന്മാര്, പ്രത്യേകിച്ച് റോമിലെ ക്ലെമെന്റ്, ജോണ്‍ ക്രിസോസ്റ്റം, ജെറോം, എന്നിവര്‍ പൗലോസിന്റെ അധ്വാനജീവിതത്തെ മാതൃകയായി അവതരിപ്പിക്കുന്നു. സുവിശേഷം പ്രസംഗിക്കുമ്പോഴും സ്വന്തം കൈകൊണ്ട് ജോലി ചെയ്തിരുന്ന അദ്ദേഹത്തിന്റെ വിനയവും സ്വാതന്ത്ര്യവും അവര്‍ പ്രത്യേകം പ്രശംസിക്കുന്നു.
ഇരുവരുടെയും ജീവിതം ക്രൈസ്തവ ദര്‍ശനത്തില്‍ ഒരു പ്രധാന സന്ദേശം നല്കുന്നു: പത്രോസിന്റെ കാര്യത്തില്‍ ദൈവം ഒരു സാധാരണ മത്സ്യത്തൊഴിലാളിയെ സഭയുടെ ഇടയനാക്കി.
പൗലോസിന്റെ കാര്യത്തില്‍ സുവിശേഷം പ്രസംഗിക്കുന്ന ശുശ്രൂഷകന് സത്യസന്ധമായ അധ്വാനത്തെ ഒരിക്കലും അവഗണിച്ചില്ല; സ്വന്തം കൈകൊണ്ട് ജോലി ചെയ്യുന്നത് അദ്ദേഹം ക്രിസ്തീയ സാക്ഷ്യത്തിന്റെ ഭാഗമായിത്തന്നെ കണ്ടു.
ക്രൈസ്തവ പാരമ്പര്യത്തിലെ പ്രാധാന്യം
സഭാപിതാക്കന്മാര് പത്രോസിനെയും പൗലോസിനെയും സഭയുടെ ഐക്യത്തിന്റെയും അപ്പസ്തോലിക വിശ്വാസത്തിന്റെയും മാതൃകകളായി അവതരിപ്പിക്കുന്നു. വിശുദ്ധ അഗസ്റ്റിന് ഇവരുടെ ജീവിതങ്ങളെ പരസ്പരപൂരകമായ ദൗത്യങ്ങളായി കാണുന്നു. വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം പൗലോസിന്റെ മിഷന് തീക്ഷ്ണതയെ പ്രത്യേകം പ്രശംസിക്കുമ്പോള്‍ പത്രോസിന്റെ ഇടയശുശ്രൂഷയും നേതൃപാടവവും ഉയര്‍ത്തിക്കാട്ടുന്നു.
ഇന്നും ക്രൈസ്തവസഭകള്‍ ഇവരുടെ ജീവിതങ്ങളില്‍ നിന്ന് നേതൃത്വം, വിനയം, മാനസാന്തരം, സുവിശേഷപ്രഘോഷണം, വിശ്വാസത്തിലെ സ്ഥിരത, സഹനം, രക്തസാക്ഷിത്വത്തിന്റെ ആത്മാവ് എന്നിവ പഠിക്കുന്നു.
വിശുദ്ധ പത്രോസും വിശുദ്ധ പൗലോസും ക്രൈസ്തവ സഭയുടെ ചരിത്രത്തിലെ രണ്ട് മഹത്തായ സ്തംഭങ്ങളാണ്. പത്രോസ് സഭയുടെ ദൃശ്യ ഐക്യത്തിന്റെയും ഇടയശുശ്രൂഷയുടെയും പ്രതീകമാണെങ്കില്‍, പൗലോസ് സുവിശേഷത്തിന്റെ സര്‍വലൗകിക ദൗത്യത്തിന്റെയും ദൈവശാസ്ത്രപരമായ ആഴത്തിന്റെയും പ്രതിനിധിയാണ്. ഇരുവരുടെയും ജീവിതം തെളിയിക്കുന്നത് ദൈവം സാധാരണ മനുഷ്യരെ തന്റെ കൃപയാല്‍ അസാധാരണ ദൗത്യങ്ങള്‍ക്ക് തിരഞ്ഞെടുക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്നു എന്ന സത്യമാണ്.
ഇന്നത്തെ സഭയും വിശ്വാസികളും ഈ രണ്ടു മഹാശിഷ്യരുടെ മാതൃക പിന്തുടര്ന്ന് ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ വളരുകയും സുവിശേഷം ധൈര്യത്തോടും സ്നേഹത്തോടും ലോകത്തോട് പങ്കുവെക്കുകയും ചെയ്യേണ്ടതാണെന്ന് ലെയോ പതിനാലാമന്‍ പാപ്പ ഓര്‍മിപ്പിക്കുന്നു. അവരുടെ ജീവിതവും സാക്ഷ്യവും എല്ലാ കാലത്തും സഭയ്ക്ക് പ്രചോദനവും വഴികാട്ടിയുമായി നിലനില്ക്കും. ലെയോ പാപ്പ പറഞ്ഞു ” അപ്പോസ്തലന്മാരായ പത്രോസും പൗലോസും നമ്മുടെ മുമ്പില്‍ സാക്ഷികളായി നില്ക്കുന്നു. മിഷനറിമാരായി പ്രസംഗിക്കുന്നതിലും യാത്ര ചെയ്യുന്നതിലും അവര്‍ ഒരിക്കലും മടികാണിച്ചില്ല. അവര്‍ രക്തസാക്ഷികളായി ജീവന് സമര്‍പ്പിച്ചുകൊണ്ട് അവരുടെ ആത്യന്തിക സാക്ഷ്യം നല്കി. ആ സാക്ഷ്യത്തിന്റെ കാതലിലേക്ക് പോയാല്‍, നമുക്ക് അവരെ ജീവിതത്തിന്റെ സാക്ഷികളായും, ക്ഷമയുടെ സാക്ഷികളായും, യേശുവിന്റെ സാക്ഷികളായും കാണാന്‍ കഴിയും” ഫ്രാന്‍സിസ് പാപ്പ.

