ബോബന് വരാപ്പുഴ
രാവിലെ പ്രഭാത ഭക്ഷണത്തിനാവശ്യമായ റൊട്ടി വാങ്ങാന്‍ ഉമ്മയില്‍ നിന്ന് കാശും വാങ്ങിയിറങ്ങിയ അവള് ആ പണം ഉപയോഗിച്ച് ഒരു ടാക്സി വിളിച്ച് നേരെ കോടതിയിലേക്ക് ചെന്നു. കോടതി പിരിയാന്‍ നേരത്തും ഒരു കുട്ടി അവിടെ ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഒരു ന്യായാധിപന് അവളെ തന്റെ അടുത്തേക്ക് വിളിച്ച് കാര്യം തിരക്കിയപ്പോള്‍ ഏറ്റവും നിഷ്കളങ്കമായി അവള് തന്റെ ആവശ്യം ഉണര്‍ത്തിച്ചു. തനിക്ക് വിവാഹമോചനം വേണം.
‘സുഖകരമായ ദാമ്പത്യം ഉറപ്പുവരുത്താന്‍ ഒമ്പതു വയസ്സായ പെണ്‍കുട്ടിയെ വിവാഹം കഴിക്കുക. ‘(ഇസ്ലാമിക രാജ്യമായ യെമനിലെ ഒരു പഴഞ്ചൊല്ല്.)
നുജൂദ് അലിയെന്ന പത്ത് വയസ്സുകാരിയായ പെണ്‍കുട്ടിയെ 2008 ഫെബ്രുവരിയില്‍ അവളുടെ ബാപ്പ വിവാഹം ചെയ്തു കൊടുക്കുമ്പോള്‍ അവളുടെ മണവാളനായ ഫൈസ് അലി താമറിന്റെ പ്രായം അവളേക്കാള്‍ മൂന്നിരട്ടിയായിരുന്നു… അയാള്‍ക്ക് മുപ്പത് വയസ്സായിരുന്നു. സത്യത്തില്‍ അപ്പോള്‍ അവളുടെ പ്രായം പത്തു വയസ്സായിരുന്നോ.. കാലാവസ്ഥാവ്യതിയാനങ്ങളെ സൂചിപ്പിക്കുന്ന ഋതുക്കളുടെ വരവും പോകും ഓര്‍ത്ത് കാലഗണനയെ അടിസ്ഥാനമാക്കാന്‍ വിധിക്കപ്പെട്ട പാവപ്പെട്ടൊരു നിരക്ഷരയായിരുന്നു അവളുടെ പ്രിയപ്പെട്ട മാതാവ്.. മറ്റൊരു കണക്കിന്റെ അടിസ്ഥാനത്തില്‍ നുജൂദിനപ്പോള് ഒന്‍പത് വയസ്സേ ഉണ്ടായിരുന്നുള്ളുവെന്ന അഭിപ്രായവും ശക്തമാണ്.
അവളുടെ വിവാഹത്തെക്കുറിച്ച് ബാപ്പ സൂചിപ്പിച്ചപ്പോള്‍, കുഞ്ഞിന്റെ പ്രായത്തെ ചൊല്ലി അവളുടെ ഉമ്മ സ്വാഭാവികമായും ഉത്കണ്ഠാകുലയായിരുന്നു. കേവലം പത്ത് വയസ്സ് മാത്രമുള്ള ബാലിക… അതിനൊരു ന്യായവാദം ആ പിതാവ് പറഞ്ഞത് കേട്ടാല്‍, ലോകത്തൊരു അമ്മായിഅപ്പനും തന്റെ മരുമകനുമായി അത്തരമൊരു കരാറില്‍ ഏര്‍പ്പെട്ടു കാണുകയില്ല…..
മകള്‍ പ്രായമറിയിക്കുന്നതിന് മുമ്പ് അവളുടെ ശരീരത്ത് സ്പര്‍ശിക്കരുത്.
അറബി ലോകത്ത് പക്ഷേ, ഇത് പുതുമയുള്ള കാര്യമല്ല. എന്നിരുന്നാല്‍ തന്നെയും അവളുടെ പിതാവ് അതിനൊരു ന്യായികരണം കണ്ടെത്തിയതെന്താണെന്നുവച്ചാല്, പ്രവാചകന് മുഹമ്മദ് നബി ഐഷാ ബീവിയെ വിവാഹം ചെയ്തപ്പോള്‍ അവരുടെ പ്രായവും ഒമ്പതായിരുന്നത്രെ.
അന്ന് യെമനില്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായമെത്രയായിരിക്കണമെന്നതിനെക്കുറിച്ച് വ്യക്തമായ നിയമങ്ങളൊന്നുമില്ല. ഏതായാലും ചിത്രശലഭത്തെ പോലെ പാറി നടക്കേണ്ട പ്രായത്തില്‍ നുജൂദ് ഭാര്യയായി. എട്ടും പൊട്ടും തിരിയാത്തവള്‍ അങ്ങനെ അവളുടെ നാടായ സനാനയില്‍ നിന്നും കാറില്‍ മണിക്കൂറുകളുടെ സഞ്ചാര ദൈര്‍ഘ്യമുള്ള ഖാര്‍ഡ്ജി യെന്ന ഒരു കുഗ്രാമത്തിലേക്ക് പറിച്ചുനടപ്പെട്ടു.
പോത്തിനെന്ത് ഏത്തവാഴയെന്ന് പറയുന്നതു പോലെ, അലി തമാറിനെന്ത് കരാര്‍…. പരുപരുത്ത കൈകളും ദുര്‍ഗന്ധം വമിക്കുന്ന വായയും മഞ്ഞപ്പല്ലും ചപ്രത്തല മുടിയുമുള്ള ആ ജന്തു, (ഈ പ്രയോഗം നുജൂദിന്റെ തന്നെയാണ്)
അയാള്‍ ആദ്യ രാത്രിയില്‍ തന്നെ അവളെ ബലാല്‍സംഗം ചെയ്തു. അയാളുടെ അതിക്രമത്തില്‍ നിന്നും രക്ഷപെട്ടോടുന്നതിനിടയില്‍ ആ കുഞ്ഞു കാലില്‍ കുപ്പിച്ചില്ല് കുത്തിക്കയറി ചോരയൊലിപ്പിച്ചിട്ടും ആ നരാധമന് ആ കുട്ടിയോട് കരുണ കാണിച്ചില്ല. അവള് തന്റെ ഭാര്യയാണെന്ന അവകാശം അയാള്‍ അവളുടെ പിതാവില്‍ നിന്നും നേരത്തെ വാങ്ങിയിരുന്നല്ലോ..
ലൈംഗികാതിക്രമങ്ങള്‍ക്ക് പിന്നാലെ പീഡനങ്ങളും മര്‍ദ്ദനങ്ങളും സ്ഥിരമായി. ‘കിടപ്പറയില്‍ അയാള്‍ക്ക് വഴങ്ങിക്കൊടുക്കാത്തതിനെ പ്രതി, തന്റെ മരുമകളെ വടികൊണ്ട് പൊതിരെ തല്ലാന്‍ അയാളുടെ അമ്മ അയാളെ പ്രോത്സാഹിപ്പിച്ചു. മാസങ്ങള്‍ക്ക് ശേഷം അവളുടെ നിരന്തരമായ നിര്‍ബന്ധത്തെ തുടര്‍ന്ന് സ്വന്തം വീട്ടില്‍ കുറച്ചു നാളുകള്‍ നില്ക്കാന് വന്നപ്പോള്‍, അവളുടെ ബാപ്പയുടെ മറ്റൊരു ഭാര്യയായ ദൗല എന്ന സ്ത്രീ അവള്‍ക്കൊരു ഉപായം പറഞ്ഞു കൊടുത്തു: ഏത് വിധേനെയും കോടതിയില്‍ച്ചെന്ന് കാര്യം പറയുകയെന്നതായിരുന്നത്.
രാവിലെ പ്രഭാത ഭക്ഷണത്തിനാവശ്യമായ റൊട്ടി വാങ്ങാന്‍ ഉമ്മയില്‍ നിന്ന് കാശും വാങ്ങിയിറങ്ങിയ അവള് ആ പണം ഉപയോഗിച്ച് ഒരു ടാക്സി വിളിച്ച് നേരെ കോടതിയിലേക്ക് ചെന്നു. കോടതി പിരിയാന്‍ നേരത്തും ഒരു കുട്ടി അവിടെ ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഒരു ന്യായാധിപന് അവളെ തന്റെ അടുത്തേക്ക് വിളിച്ച് കാര്യം തിരക്കിയപ്പോള്‍ ഏറ്റവും നിഷ്കളങ്കമായി അവള് തന്റെ ആവശ്യം ഉണര്‍ത്തിച്ചു. തനിക്ക് വിവാഹമോചനം വേണം.
ഈ പ്രായത്തിലുള്ള അവളുടെ ആവശ്യമറിഞ്ഞ ജഡ്ജിമാര്‍ അമ്പരന്നുപോകുന്നു. അതിലൊരാള്‍ അവളെ കേസ് കഴിയുന്നതുവരെ തന്റെ കുടുംബത്തിനൊപ്പം താമസിപ്പിക്കാന്‍ തയ്യാറാകുന്നു. വിചാരണ വേളയില്‍, തന്റെ മകള്‍ക്ക് പതിമൂന്ന് വയസ്സുണ്ടെന്നാണ് ആ പിതാവ് കളവായി പറയുന്നത്. താന്‍ അവള്‍ക്കൊപ്പം കിടന്നെന്നും മര്‍ദ്ദിച്ചെന്നുമുള്ള വാദം ഭര്‍ത്താവും നിഷേധിക്കുന്നു. നിങ്ങള്‍ ഇവളുമായി ലൈംഗീകബന്ധത്തിലേര്പ്പെട്ടോ എന്ന് കോടതി ആരാഞ്ഞപ്പോള്‍ ആദ്യമെല്ലാം അത് നിഷേധിച്ചിരുന്ന അയാള്‍, ഇനിയും പിടിച്ചു നില്ക്കാന് സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞ് കുറ്റം സമ്മതിച്ചു.
തന്റെ രണ്ട് പെണ്മക്കള് അപഹരിക്കപ്പെട്ടെന്നും നശിപ്പിക്കപ്പെട്ടെന്നും അതിനാല്‍ ഇവള് രക്ഷപെടട്ടേ എന്ന് കരുതിയാണ് താന്‍ ഈ ബന്ധത്തിന് സമ്മതിച്ചതെന്നുമുള്ള പിതാവിന്റെ ന്യായങ്ങളൊന്നും സ്വീകരിക്കാതെ കോടതി നുജൂദിന് വിവാഹമോചനം അനുവദിച്ചു.
അവളുടെ വാദങ്ങള്‍ക്ക് മുമ്പില്‍ ഇവര്‍ രണ്ടു പേരും നുണകള്‍ പറയുകയാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടിരുന്നു. അവളുടെ അമ്മാവന്മാരില് ഒരാള്‍, ഈ വിധി വാങ്ങിയെടുക്കാന്‍ നിര്‍ണ്ണായക ശക്തിയായി നിലകൊണ്ട അഭിഭാഷകയായ ഷാദയുടെ നേരെ അലറി. ‘നിങ്ങള്‍ ഞങ്ങളുടെ കുടുംബത്തിന്റെ മാനം കെടുത്തിയിരിക്കുന്നു. ഞങ്ങളുടെ അഭിമാനത്തിന് കളങ്കമേല്പിച്ചിരിക്കുന്നു. ‘ വിവരക്കേടിന്റെ ഈ ജല്പനങ്ങള് കോടതി മുറികളില്‍ തന്നെ ചത്തു.
ലോക ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടിയുടെ വിവാഹമോചനത്തിന്റെ അധ്യായം അങ്ങനെ നുജൂദ് എന്ന ബാലിക തന്റെ ജീവതം കൊണ്ട് എഴുതി ചേര്‍ത്തു. ഈ യാഥാര്‍ത്ഥ്യം അവളെ ഒരര്‍ത്ഥത്തില്‍ ലോകപൗരയാക്കി. സ്വന്തം പേരിനപ്പുറം ഒന്നും എഴുതാന്‍ അറിയാതിരുന്നവളുടെ മനസ്സില്‍ അഭിഭാഷയാകണമെന്ന ബോധമുദിച്ചത് അങ്ങനെയാണ്.
യമന്റെ രാഷ്ട്രീയ നിയമ മേഖലകളും പിന്നെ യമന്‍ ടൈംസ് എന്ന പത്രവും മാനവ മൂല്യങ്ങള്‍ക്കായി നിലകൊള്ളുന്ന അതിന്റെ ചുമതലക്കാരും പ്രത്യേകിച്ച് ഹമീദ് തഫബെത് എന്ന പത്രപ്രവര്‍ത്തകനും അവളോട് കാണിച്ച ഹൃദയപരമായ ഐക്യവും ഷാദയെന്ന അവളുടെ അഭിഭാഷകയുടെ വാത്സല്യദായകമായ ചേര്‍ത്തുപിടിക്കലുമാണ് അവളില്‍ ആ മോഹം ഉദിപ്പിച്ചത്.
സ്വന്തം ജീവിതം കൊണ്ടുള്ള ആ നിഷ്കളങ്ക പോരാട്ടത്തിനെ തുടര്‍ന്ന്, വിവാഹപ്രായം 20 ന് മേലാക്കണമെന്ന നുജൂദിന്റെ നിര്‍ദേശം പ്രാവര്ത്തികമാക്കപ്പെട്ടില്ലെങ്കിലും ഇന്ന് യമനിലെ വിവാഹപ്രായം ആണിനും പെണ്ണിനും 17 വയസ്സാണ്.
അവളുടെ അനുഭവം ലോകമെമ്പാടുമുള്ള ബാലവിവാഹ വിരുദ്ധ ചര്‍ച്ചകളില്‍ ഇപ്പോള്‍ ഒരു പ്രധാന ഉദാഹരണമായി തുടരുന്നു. നുജൂദ് എന്ന ഒരു ബാലിക, തന്റെ ജീവിതം കൊണ്ട് എഴുതിയ ഈ കഥ, ഒരു വ്യക്തിയുടെ വിമോചനമല്ല; ഒരു സമൂഹത്തിന്റെ കണ്ണുതുറക്കലാണ്.

