ഡോ. മാര്ട്ടിന് പാട്രിക്
ആകാശവും കടലും കരയും സ്വകാര്യ നിക്ഷേപത്തിനായി കൂടുതല്‍ തുറന്നു കൊടുക്കുന്നു എന്നതാണ് ഏറ്റവും വലിയ സവിശേഷത. അത് തന്നെയാണ് ഈ ബജറ്റ് സൃഷ്ടിക്കുന്ന ആശങ്കയും പ്രതീക്ഷയും.
ജൂലൈ 19-നു യുഡിഫ്. സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് (2026 – 2027 ധനകാര്യ വര്‍ഷത്തിലേക്ക്) കേവലം ഒരു വരവ് ചിലവ് കണക്കു മാത്രമല്ല സര്‍ക്കാരിന്റെ നയരേഖ കൂടിയാണ്. അതാകട്ടെ കൃത്യമായിട്ടും നയവ്യതിയാനത്തിന്റെ പ്രതിഫലനവുമാണ്. സ്വകാര്യ നിക്ഷേപം കൂടിയ അളവില്‍ ആകര്‍ഷിച്ചു വികസനത്തെ ത്വരിതപ്പെടുത്തുക എന്ന സമീപനമാണ് മുന്നോട്ടു വെക്കുന്നത്. സ്വകാര്യ നിക്ഷേപത്തെ സംബന്ധിച്ചിടത്തോളം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലങ്ങളില്‍ തന്നെ സ്വാഗതം ചെയ്യപ്പെട്ടതാണ്. പുതിയ സര്‍ക്കാര്‍, അതിന്റെ ആക്കം കൂട്ടി വികസനം എളുപ്പമാക്കാമെന്നു ചിന്തിക്കുന്നു. രണ്ടു ലക്ഷം കോടിയിലധികം പൊതുചെലവ് പ്രതീക്ഷിക്കുന്ന ബജറ്റ് അതിന്റെ എത്രയോ ഇരട്ടി തുക ആവശ്യമായ നിര്‍ദേശങ്ങളാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇതെല്ലാം സ്വകാര്യ മൂലധനത്തിന്റെ സഹായത്തോടെ നടപ്പിലാക്കാമെന്ന മന്ത്രമാണ് ബജറ്റ് ഉരുവിടുന്നത്.
ബജറ്റിന്റെ ഊന്നല്‍-തീരദേശ മേഖല
‘മിഷന് സമുദ്ര’ എന്ന പദ്ധതിയാണ് ബജറ്റിന്റെ ഊന്നല്‍. 590 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന തീരദേശ പ്രദേശത്തെ ലക്ഷ്യം വെച്ചുകൊണ്ട് കേരളത്തെ ഒരു ‘തുറമുഖ അധിഷ്ഠിത ഹബ്ബാക്കി’ മാറ്റുക എന്ന ലക്ഷ്യമാണ് ബജറ്റ് വ്യക്തമാക്കുന്നത്. ഇത് സ്വാഭാവികമായിട്ടും തീരദേശ പ്രദേശങ്ങള്‍ക്ക് ഗുണം ചെയ്യും. പക്ഷെ അത് എങ്ങനെ എന്ന് തിരിച്ചറിയണമെന്നുണ്ടെങ്കില്‍ ഇതിന്റെ പൂര്‍ണ്ണ രൂപത്തിലുള്ള നിര്‍ദേശങ്ങള്‍ വന്നാല്‍ മാത്രമേ പറയാന്‍ പറ്റു. ഇപ്പോഴത്തെ നിര്‍ദേശപ്രകാരം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരദേശപ്രദേശങ്ങളെ ഇണക്കി പ്രഖ്യാപിച്ചിട്ടുള്ള’ദക്ഷിണ കേരളസാമ്പത്തിക ഇടനാഴി’യാണ് ആകര്‍ഷണ ബിന്ദു.
തിരുവനന്തപുരത്ത് വിഴിഞ്ഞം തുറമുഖത്തെ അധിഷ്ഠിതമാക്കിയുള്ള വികസനം വരുമ്പോള്‍ കൊല്ലത്തെ സംബന്ധിച്ചിടത്തോളം കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ടിട്ടാണ് വികസനം വരിക. ആലപ്പുഴ ‘ബ്ലൂ ഇക്കോണമിയുടെ’ തലസ്ഥാനമാക്കി മാറ്റുമെന്നാണ് പ്രഖ്യാപനം.
ഈ മൂന്ന് പ്രദേശങ്ങളിലും വരാന്‍ പോകുന്ന വികസന രീതികള്‍ പരിസ്ഥിതി സൗഹര്ദമാണെന്നുള്ള കാര്യം എടുത്ത് പറഞ്ഞിട്ടില്ല. ഇതിന് വേണ്ടി വകമാറ്റി വെച്ചിരിക്കുന്ന തുക 400 കോടി രൂപയാണ്. ഇത് വളരെ അപര്യാപ്തമാണ്. ഇന്ദിര ഗ്യാരണ്ടീയുടെ കീഴില്‍ വരുന്ന കെഎസ്ആര്‍ടിസി ബസ്സിലെ ‘പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര’ക്കായി 600 കോടി രൂപ മാറ്റി വെച്ചിട്ടുണ്ടെന്നത് ഇതിനോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്. 400 കോടി രൂപ ചെറിയ അടിസ്ഥാനസൗകര്യ വികസനത്തിന് പോലും ഒന്നും ആകില്ലെങ്കില്‍ കൂടിയും ഈ നിര്‍ദേശം സ്വാഗതാര്‍ഹമാണ്.
മിഷന് സമുദ്രയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളെ സംബന്ധിച്ച ചില ആശങ്കകളും ഇവിടെ പങ്ക് വെക്കേണ്ടതുണ്ട്. സ്വതവെ, പശ്ചിമഘട്ടത്തിലുള്ള മലയോര പ്രദേശങ്ങളാണ് പാരിസ്ഥിതിക ലോല പ്രദേശങ്ങളായി കണക്കാക്കുന്നത്. എന്നാല്‍ തീരപ്രദേശങ്ങളും അതിനൊരു അപവാദമല്ല. ആലപ്പുഴ തീരപ്രദേശം ‘അങ്ങേയറ്റത്തെ ദുര്‍ബലമായ’ പ്രദേശമായിട്ടാണ് കണക്കാക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് താഴ്ന്ന കുട്ടനാട് പോലെയുള്ള പ്രദേശങ്ങള്‍ തീരദേശത്തു നിന്ന് അകലെയുമല്ല. അതിനാല്‍, അവിടെ വരുന്ന ഏത് വികസനവും പരിസ്ഥിതി സൗഹാര്‍ദമാണെന്നു ഉറപ്പു വരുത്തണം. പോരെങ്കില്‍ മത്സ്യമേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധര്‍ ബ്ലൂ ഇക്കോണമിയെ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ദോഷവശങ്ങള്‍ ഒഴിവാക്കി മിഷന്‍സമുദ്ര നടപ്പിലാക്കാന്‍ ശ്രമിക്കണമെന്നാണ് ഇവിടെ ഉദ്ദേശിക്കുന്നത്. സുസ്ഥിര വികസനത്തിലധിഷ്ഠിതമായി ബ്ലൂ ഇക്കോണമി വികസിപ്പിക്കണമെന്ന അതിന്റെ സത്തയെ ശരിയാംവണ്ണം ഉള്‍ക്കൊണ്ടാല്‍ എതിര്‍പ്പിന് വഴിയൊരുക്കില്ല. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ തീരദേശ പ്രദേശങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നതില്‍ സംശയമില്ല. ഇത്തരത്തില്‍ യാഥാര്‍ഥ്യമാകുന്ന വികസനത്തില്‍ മത്സ്യതൊഴിലാളി കുടുംബങ്ങളിലുള്ളവര്‍ക്ക് തൊഴില്‍ കൊടുക്കുമെന്നുള്ള പ്രഖ്യാപനവും നല്ലതു തന്നെ.
മത്സ്യബന്ധന മേഖലക്കും മത്സ്യതൊഴിലാളികള്‍ക്കും ബാധകമാകുന്ന ‘സബ് പ്ലാന്‍’ കൊണ്ടുവരുമെന്ന് പറഞ്ഞത് സ്വാഗതര്‍ഹമായ ഒന്നാണ്. അവരുടെ പിന്നാക്കാവസ്ഥയെ ഉയര്‍ത്തികൊണ്ടുവരാനുള്ള ഒരു നടപടിയായിട്ട് ഇതിനെ കണക്കാക്കാം. മത്സ്യതൊഴിലാളികള്‍ക്കായി പ്രത്യേക ഭവന പദ്ധതിനടപ്പിലാക്കുമെന്നതും സ്വാഗതാര്‍ഹം തന്നെ. പുനര്‍ഗേഹം പദ്ധതി കുറ്റമറ്റതല്ല, അതിന്റെ സ്ഥാനത്തു പുതിയ ഭവനപദ്ധതിയെ പ്രതീക്ഷയോടെ കാണുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് വൈവിധ്യമാര്‍ന്ന തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ പരിശീലന പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നതും, ഈ മേഖലയിലെ സ്ത്രീകള്‍ക്ക് സ്വയം തൊഴിലിനായിട്ട് സ്വയം സഹായ സംഘങ്ങളിലൂടെ സാമ്പത്തിക സഹായവും, അതുപോലെ പട്ടയമില്ലാത്ത എല്ലാ തീരദേശ വാസികള്‍ക്കും പട്ടയം നല്‍കുമെന്ന പ്രഖ്യാപനവും ആശ്വാസകരമാണ്. മറ്റൊരു സ്വാഗതര്‍ഹമായ നിര്‍ദ്ദേശം, സര്‍ക്കാര്‍ മുന്നറിയിപ്പ് പ്രകാരം മീന്‍ പിടിക്കാന്‍ പോകാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ മത്സ്യതൊഴിലാളികള്‍ക്ക് വേതനം നല്‍കുമെന്നതാണ്.
ഹൈടെക് ഫിഷ് നഴ്സറിയ്ക്കും അലങ്കാര മത്സ്യകൃഷിക്കും പ്രോത്സാഹനം കൊടുക്കുമെന്നും, തീരദേശ കടല്‍ ഭിത്തി, ബ്രേക്ക് വാട്ടര്‍ തുടങ്ങിയിട്ടുള്ള ശാസ്ത്രിയ നടപടികള്‍ സ്വീകരിക്കുമെന്നും ബജറ്റില്‍ പറയുന്നുണ്ട്. അതുപോലെ മണ്ണെണ്ണയ്ക്കുള്ള സബ്സിഡി 75 രൂപയാക്കി ഉയര്‍ത്തിയത് 20000 മത്സ്യബന്ധന യാനങ്ങള്‍ക്ക് ഗുണംകിട്ടുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു.
മുകളില്‍ പ്രതിപാദിച്ച നിര്‍ദേശങ്ങളെല്ലാം സ്വാഗതാര്‍ഹം തന്നെ. എന്നാല്‍ മത്സ്യമേഖലക്കായി മാറ്റിവെച്ചിരിക്കുന്ന തുക 250 കോടി രൂപയാണ്. കഴിഞ്ഞ ബജറ്റില്‍ ഇത് 295കോടിയായിരുന്നു എന്നത് വിസ്മരിക്കാനാവില്ല. എന്നിരുന്നാലും, ബജറ്റുകളില്‍ സാധാരണ കൊടുക്കാത്ത രീതിയിലുള്ള ഊന്നല്‍, ഇപ്രാവശ്യം മത്സ്യമേഖലയ്ക്ക് കൊടുത്തിട്ടുണ്ട്.
ഉത്പാദന മേഖലകള്‍
കാര്‍ഷിക മേഖലക്ക് ആശിക്കുന്ന രീതിയിലുള്ള ഊന്നല്‍ ഉണ്ടായിട്ടില്ല. പച്ചക്കറി ഉത്പാദനത്തിന് ഉണ്ടായ ഉണര്‍വ് നിലനിര്‍ത്തുന്നതിനു വേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ കൂടുതല്‍ ഉണ്ടാകേണ്ടതായിരുന്നു. മൊത്തത്തില്‍ കാര്‍ഷിക മേഖലയുടെ വിഹിതം കുറയുകയാണുണ്ടായത്. തോട്ടം മേഖലക്ക് ബാധകമാകുന്ന ‘ഭൂനിയമ പരിഷ്ക്കാരം ‘വരുമെന്ന പ്രഖ്യാപനവും ബജറ്റില്‍ ഉണ്ട്. അത്തരത്തിലുള്ള മാറ്റങ്ങള്‍ തോട്ടം മേഖലക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്. ഭൂപരിഷ്ക്കാരം റിയല്‍ എസ്റ്റേറ്റ് ബിസിനസിന് വഴിതുറന്നു കൊടുക്കല്‍ ആകരുത്.
വ്യവസായ മേഖലയിലെ സൂക്ഷ്മ- ചെറുകിട- ഇടത്തരം വ്യവസായങ്ങളെ (എം-എസ്എംഇ) സെക്ടറിനെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
വിദ്യാഭ്യാസം, യുവജനങ്ങള്‍, സാംസ്കാരികം
പൊതുവിദ്യാഭ്യാസത്തിന് സാധാരണ കൊടുത്തിരിക്കുന്ന പ്രാധാന്യത്തിനു പുറമെ, ഉന്നത വിദ്യാഭ്യാസത്തിന് ബജറ്റ് കൂടുതല്‍ ഊന്നല്‍ നല്കുന്നു. ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ധാരാളം നിര്‍ദേശങ്ങള്‍ വന്നിട്ടുണ്ട്. പതിവുപോലെ തുക മാറ്റിവെച്ചിരിക്കുന്നതില്‍ കുറവും കാണുന്നുണ്ട്.
വിദേശ സര്‍വകലാശാലകളെ കേരളത്തിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തില്‍ പ്രഖ്യാപിച്ച ‘കേരള നോളഡ്ജ് വാലി’ പദ്ധതി വിജയിക്കാന്‍ സാധ്യത കുറവാണ്. അതുപോലെ തന്നെ ‘ട്രൈബല്‍ സര്‍വകലാശാല’ നിര്‍ദ്ദേശം’ വളരെ സ്വാഗതം ചെയ്യപ്പെടേണ്ട ഒന്ന് തന്നെയാണ്. ഉന്നത വിദ്യാഭ്യാസത്തിലെ ഗുണനിലവാരപ്രശ്നങ്ങള്‍ കണ്ടുകൊണ്ട് പല നിര്‍ദ്ദേശങ്ങളും ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പ്രത്യേകിച്ച് അക്കാദമിക-വ്യവസായിക ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കുക എന്ന ലക്ഷ്യം. പക്ഷെ കൃത്യമായ മാതൃകക്ക് രൂപം കൊടുത്തിട്ടില്ലായെന്നത് പോരായ്മയാണ്.
യുവാക്കള്‍ക്ക് വേണ്ടിയുള്ള നിര്‍ദേശമെന്നു പറയുന്നത് ആഗോള തൊഴില്‍ മേഖലയിലെ യുവാക്കളെ സജ്ജരാക്കുന്നതിനായി ഒരു ‘ഗ്ലോബല്‍ വാച്ച് ടവര്‍’ ആരംഭിക്കുമെന്നുള്ളതാണ്. സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങളില്‍ പുതിയ 10000 സംരംഭങ്ങള്‍ ചെറുപ്പക്കാരെ ലക്ഷ്യം വെച്ച് ആരംഭിക്കുമെന്നും ബജറ്റില്‍ പറയുന്നുണ്ട്. ഐ.റ്റി. മേഖലയിലെ ന്യൂ ജെന്‍സി വിഭാഗത്തിന്റെ താല്പര്യം കണക്കിലെടുത്തുകൊണ്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്ക്സ് എന്നിങ്ങനെയുള്ള ആധുനിക മേഖലകളില്ലെല്ലാം വികസനം കൊണ്ടുവന്ന് യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ട്.
കായിക- സാംസ്കാരിക രംഗത്ത് മലബാറില്‍ ഫുട്ബോള്‍ സ്റ്റേഡിയം, കൊച്ചി കേന്ദ്രമാക്കി ഫിലിം സിറ്റി. എംടി യുടെഓര്മ്മക്ക് കോഴിക്കോട് കള്‍ച്ചറല്‍ പാര്‍ക്ക്. നടന് സലിം കുമാറിന്റെ ഓര്‍മ്മക്ക് എറണാകുളത്ത് സ്മാരകം. എന്നിവ പ്രഖ്യാപനങ്ങളുടെ നിരയില്‍ കാണാം.
ഉപസംഹാരം
നിര്‍ദേശങ്ങളുടെ ഒരു കലവറ തന്നെയാണ് ഈ ബജറ്റ് എന്ന് വേണമെങ്കില്‍ പറയാം-പതിവുപോലെ ക്ഷേമവും വികസനവും കൈകോര്‍ത്തു പോകുന്ന രീതി. വയോജനങ്ങള്‍ക്കായി വകുപ്പും വ്യോമഗതാഗതത്തില്‍ വളര്‍ച്ചക്കായുള്ള നിര്‍ദേശങ്ങളും ഇതിന്റെ ദൃഷ്ട്ടാന്തമാണ്. ആത്യന്തികമായി, ആകാശവും കടലും കരയും സ്വകാര്യ നിക്ഷേപത്തിനായി കൂടുതല്‍ തുറന്നു കൊടുക്കുന്നു എന്നതാണ് ഏറ്റവും വലിയ സവിശേഷത. അത് തന്നെയാണ് ഈ ബജറ്റ് സൃഷ്ടിക്കുന്ന ആശങ്കയും പ്രതീക്ഷയും.

