ജെകോബി
കേരളത്തെ സിംഗപ്പൂര്‍ മാതൃകയില്‍ ആഗോള സമുദ്രവാണിജ്യകേന്ദ്രമാക്കാനുള്ള ‘മിഷന് സമുദ്ര’ തുറമുഖ നഗര വികസന ദര്‍ശനത്തോടൊപ്പം തീരദേശ മേഖലയുടെ സമഗ്ര വികസനത്തിനായുള്ള ബ്ലൂപ്രിന്റാണ് ധനവകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി സതീശന് കന്നി ബജറ്റില്‍ അവതരിപ്പിച്ചത്.
600 കിലോമീറ്റര്‍ വരുന്ന തീരപ്രദേശത്തെയും വിഴിഞ്ഞം, കൊച്ചി രാജ്യാന്തര തുറമുഖങ്ങളെയും വല്ലാര്‍പാടം കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനലിനെയും 17 നോണ്‍ മേജര്‍ തുറമുഖങ്ങളെയും ഉള്‍നാടന്‍ ജലപാതകളെയും ബന്ധിപ്പിച്ച് അഞ്ചു വര്‍ഷത്തിനകം കേരളത്തെ ലോക മാരിടൈം ഭൂപടത്തില്‍ ഒരു പോര്‍ട്ട് സിറ്റിയുടെ രൂപത്തില്‍ അടയാളപ്പെടുത്താന്‍ ലക്ഷ്യമിടുന്നതാണ് മിഷന് സമുദ്ര പദ്ധതി.
സംസ്ഥാനത്തെ നാല് രാജ്യാന്തര വിമാനത്താവളങ്ങളെയും പ്രധാന തുറമുഖങ്ങളെയും കോര്‍ത്തിണക്കി കേരളത്തെ ലോജിസ്റ്റിക്സ്, ഏവിയേഷന്‍ ഹബ്ബാക്കി മാറ്റും. കോവളം, കൊല്ലം, അഴീക്കല്‍, ബേപ്പൂര്‍ തുറമുഖങ്ങള്‍ വികസിപ്പിക്കും. കടല്‍ വഴിയുള്ള ചരക്ക് ഗതാഗതത്തിനും മറ്റ് തുറമുഖ അടിസ്ഥാന വ്യവസായങ്ങള്‍ക്കും ടൂറിസത്തിനും പ്രാമുഖ്യം നല്കി നോണ്‍ മേജര്‍ തുറമുഖങ്ങളില്‍ സ്വകാര്യ പങ്കാളിത്തത്തോടെ കേരള മാരിടൈം പോളിസി നടപ്പാക്കും. വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങള്‍ക്കു ചുറ്റുമായി നിര്‍മാണ മേഖലകളും സ്റ്റഫിങ് സെന്ററുകളും ഡ്രൈ പോര്‍ട്ടും ആരംഭിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകള്‍ ചേര്‍ത്ത് തെക്കന്‍ കേരള സാമ്പത്തിക ഇടനാഴി, റെയര്‍ എര്‍ത്ത് ആന്‍ഡ് ക്രിറ്റിക്കല്‍ മിനറല്‍സ് കോറിഡോര്‍, ഹരിത ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന കപ്പലുകള്‍ക്കായി വിഴിഞ്ഞത്ത് രാജ്യത്തെ ആദ്യത്തെ ഗ്രീന്‍ ബങ്കറിങ് പോര്‍ട്ട്, മദര്‍ഷിപ് നിര്‍മാണത്തിനും അറ്റകുറ്റപ്പണിക്കുമായി വിഴിഞ്ഞത്ത് കപ്പല്‍നിര്‍മാണശാല, ഗ്രീന്‍ഫീല്‍ഡ് പോര്‍ട്ട് സിറ്റി തുടങ്ങിയ പദ്ധതികള്‍ക്കൊപ്പം ഇന്ത്യയുടെ ബ്ലൂ ഇക്കോണമി തലസ്ഥാനമായി ആലപ്പുഴയെ വികസിപ്പിക്കും. മാരിടൈം സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങളില്‍ തീരദേശവാസികള്‍ക്ക് സംവരണം ലഭിക്കുമെന്നാണ് പ്രഖ്യാപനം.
പദ്ധതി നിര്‍വഹണത്തില്‍ ഫിഷറീസ് മേഖലയ്ക്കായി പ്രത്യേക സബ് പ്ലാന്‍ ആവിഷ്കരിച്ചുകൊണ്ട് മത്സ്യത്തൊഴിലാളി സമൂഹത്തിനായി നിരവധി ക്ഷേമ, സാമൂഹിക സുരക്ഷാ പരിഷ്കാരങ്ങള്‍ യുഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിക്കുന്നുണ്ട്. പ്രതികൂല കാലാവസ്ഥയില്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് പ്രകാരം മത്സ്യബന്ധനത്തിന് പോകാന്‍ സാധിക്കാത്ത ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ വേതനം നല്‍കും. യന്ത്രവത്കൃത വള്ളങ്ങള്‍ക്ക് മണ്ണെണ്ണ സബ്സിഡി 75 രൂപയാക്കി വര്‍ധിപ്പിച്ചു. മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും അപകട ഇന്‍ഷുറന്‍സ് പരിരക്ഷ സമഗ്രമായി പരിഷ്കരിക്കും. മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക ഭവന പദ്ധതി നടപ്പാക്കും. പട്ടയം ലഭിക്കാത്ത തീരദേശവാസികള്‍ക്കെല്ലാം പട്ടയം നല്‍കും. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും വിദേശപഠനത്തിനും സഹായം നല്‍കും. വേഗത്തിലുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് റെസ്ക്യൂ ബോട്ടുകള്‍ വിന്യസിക്കും. വനിതകള്‍ക്ക് മത്സ്യവിപണനത്തിന് സഹായകമായി ഷീ സ്കൂട്ടറുകള് അനുവദിക്കും. തീരസംരക്ഷണത്തിന് കടല്‍ഭിത്തി, ബ്രേക്ക് വാട്ടര്‍, ബീച്ച് നറിഷ്മെന്റ് അടക്കമുള്ള ശാസ്ത്രീയ നടപടികള്‍ സ്വീകരിക്കും.
കടലിന്റെ അവകാശം കടലിന്റെ മക്കള്‍ക്ക് ഉറപ്പുവരുത്തുന്ന നടപടികള്‍ സ്വീകരിക്കും എന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ബ്ലൂ ഇക്കോണമി നയത്തിന്റെയും, മാരിടൈം ഇന്ത്യ വിഷന്‍ 2030, മാരിടൈം അമൃത്കാല്‍ വിഷന്‍ 2047 എന്നിവയുടെയും ചുവടുപിടിച്ച് കേരളത്തിലെ തീരദേശ മേഖലയില്‍ നടപ്പാക്കുന്ന മിഷന് സമുദ്ര പദ്ധതിയുടെ സാമൂഹിക, പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ച് ഏറെ ആശങ്കകള്‍ ഉയരുന്നുണ്ട്. ഓരോ 30 കിലോമീറ്ററിലും ഒരു തുറമുഖം നമുക്കുള്ളപ്പോള്‍, മാരിടൈം സമ്പദ് വ്യവസ്ഥയുടെ ഭാഗമായ തുറമുഖ ശൃംഖലയുടെ വ്യാപനം, പൊതുമേഖല-സ്വകാര്യ പങ്കാളിത്തവും (പിപിപി) നിക്ഷേപവും സുഗമമാക്കുന്നതിനായി ഭൂമി ഏറ്റെടുക്കല്‍ നിയമങ്ങള്‍ ഉദാരമാക്കല്‍, ഇന്‍വെസ്റ്റ് കേരളം സെല്‍, സംസ്ഥാനത്തിന്റെ 12 നോട്ടിക്കല്‍ മൈല്‍ ടെറിട്ടോറിയല്‍ സമുദ്രാതിര്‍ത്തിയിലെ കപ്പല്‍ഗതാഗത വര്‍ധന, ലോജിസ്റ്റിക്സ്, കാര്‍ഗോ ഇടനാഴികള്‍, പരമ്പരാഗത കടല്പണിക്കാരുടെ പുരയിടങ്ങളും തൊഴിലിടങ്ങളും അന്യാധീനപ്പെടല്‍, ആവാസവ്യവസ്ഥയുടെ നാശം – പോര്‍ട്ട് സിറ്റി സങ്കല്പത്തില് വികസനത്തിന്റെ ‘ഇരകള്‍ക്ക്’ എന്തു സംഭവിക്കുന്നു എന്നതിനെക്കുറിച്ച് ബന്ധപ്പെട്ടവരുമായി അര്‍ഥപൂര്‍ണമായ ചര്‍ച്ചകള്‍ ആവശ്യമാണ്. മത്സ്യത്തൊഴിലാളി സമൂഹത്തിന് തൊഴിലും കിടപ്പാടവും നഷ്ടമാകാത്ത വിധം മിഷന് സമുദ്ര പദ്ധതിയുടെ ബ്ലൂ ബോണ്ട്സ് മാരിടൈം പബ്ലിക്-പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ് എങ്ങനെ സാധ്യമാകും എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.
കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്ര ബജറ്റില്‍ അപൂര്‍വ ധാതുക്കളുടെ ഖനനത്തിനും സംസ്കരണത്തിനും ഗവേഷണത്തിനുമായി നിര്‍ദേശിക്കപ്പെട്ട ഇടനാഴിയില്‍ തമിഴ്നാട്, ആന്ധ്രപ്രദേശ്, ഒഡിഷ എന്നിവയ്ക്കൊപ്പം കേരളത്തെയും ഉള്‍പ്പെടുത്തിയിരുന്നു. കൊല്ലം, ആലപ്പുഴ തീരപ്രദേശത്തെ ധാതുമണല്‍ ഉപയോഗിച്ചുകൊണ്ട് നിയോഡൈമിയം മാഗ്നറ്റ് നിര്‍മാണ യൂണിറ്റുകള്‍ ആരംഭിക്കാനായിരുന്നു നിര്‍ദേശം. കരിമണലില്‍ നിന്നു ടൈറ്റാനിയം ഡയോക്സൈഡ്, ടൈറ്റാനിയം സ്പോഞ്ച് എന്നിവ ഉല്പാദിപ്പിച്ചതിനു ശേഷമുള്ള അവശിഷ്ടങ്ങളില്‍ മോണസൈറ്റ് ഉള്‍പ്പെടെയുള്ള ആണവ ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. 4,000 കോടി രൂപ വിലമതിക്കുന്ന ഒന്നേകാല്‍ ലക്ഷം ടണ്‍ വരുന്ന മോണസൈറ്റ് ശേഖരം കൊല്ലം ചവറയിലെ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് (കെഎംഎംഎല്‍) മിനറല്‍ സെപ്പറേഷന്‍ യൂണിറ്റില്‍ ഭൂമിക്കടിയിലെ അറകളില്‍ സൂക്ഷിച്ചിട്ടുണ്ട്. ഈ ശേഖരം പുറത്തെടുത്ത് നിയൊഡൈമിയം ഉള്‍പ്പെടെയുള്ള അപൂര്‍വ ധാതുക്കള്‍ വേര്‍തിരിച്ചെടുക്കാനുള്ള പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് സ്വകാര്യ കമ്പനികളില്‍ നിന്ന് ടെന്‍ഡര്‍ വിളിക്കുകയുണ്ടായി. സംസ്ഥാന ബജറ്റില്‍ പറയുന്ന റെയര്‍ എര്‍ത്ത് ആന്‍ഡ് ക്രിട്ടിക്കല്‍ മിനറല്‍സ് കോറിഡോര്‍ പദ്ധതിയില്‍, മോണസൈറ്റ് ശേഖരം കൈവശപ്പെടുത്താന്‍ മാത്രമല്ല തീരദേശത്തെ കരിമണലും തീരക്കടലിലെ മണലും ഖനനം ചെയ്യാനും സംസ്കരിക്കാനും കോര്‍പറേറ്റ് സംരംഭകര്‍ക്ക് വഴിതുറന്നുകിട്ടും.
ആന്‍ഡമാന്‍-നിക്കോബാര്‍ കടലില്‍ നിന്ന് നിക്കല്‍, കൊബാള്‍ട്ട്, മാംഗനീസ്, റെയര്‍ എര്‍ത്ത്സ് എന്നിവ അടങ്ങുന്ന പോളിമെറ്റാലിക് നോഡ്യൂള്‍സ് ഖനനം ചെയ്യുന്നതിനുള്ള പദ്ധതിക്കൊപ്പം കൊല്ലം തീരത്ത്, നിര്‍മാണ മണല്‍ ഖനനത്തിനായി മൂന്നു ബ്ലോക്കുകള്‍ ലേലം ചെയ്യാനുള്ള നീക്കത്തിനെതിരെ തീരദേശവാസികളും മത്സ്യത്തൊഴിലാളി സമൂഹം ശക്തമായ ചെറുത്തുനില്പ് നടത്തിയതിനെ തുടര്‍ന്ന് നിക്ഷേപകര്‍ ആരും തന്നെ ലേലത്തിനു വന്നില്ല. കേരളത്തിന്റെ അപൂര്‍വ ധാതുക്കള്‍ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്ന സ്വകാര്യവത്കരണ നയം പുതുയുഗ കേരളത്തിന്റെ മുഖമുദ്രയാകുന്നതില് തീരദേശ ജനതയ്ക്ക് ആഹ്ലാദിക്കാന്‍ എന്താണുള്ളത്?
കേരളം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി വെളിപ്പെടുത്തിയ ധവളപത്രത്തിന്റെയും പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്റെ ഫലമായുണ്ടായ സാമ്പത്തിക ആഘാതത്തിന്റെയും പശ്ചാത്തലത്തിലും ജനങ്ങളുടെമേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കാതെ, കൃത്യമായ ദിശാബോധത്തോടെ സ്വകാര്യ നിക്ഷേപകര്‍ക്ക് അനുകൂലമായ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ടാണ് സതീശന് 2026-27ലെ പുതുക്കിയ ബജറ്റ് അവതരിപ്പിച്ചത്. സാമ്പത്തിക വിദഗ്ധരും പൊതുജനങ്ങളും മാധ്യമനിരീക്ഷകരും പൊതുവെ പദ്ധതി നിര്‍ദേശങ്ങളെ സ്വാഗതം ചെയ്തപ്പോള്‍, പിണറായി സര്‍ക്കാര്‍ ബാക്കിവച്ചിട്ടുപോയ വന്‍ കടബാധ്യതയുടെയും ധനദുര്‍വിനിയോഗത്തിന്റെയും കെടുകാര്യസ്ഥതയുടെയും ‘കണ്ണാടി’ എന്നു വിശേഷിപ്പിക്കപ്പെട്ട ധവളപത്രത്തിന്റെ ആഘാതത്തില്‍ ആകെ പരവശരായിരുന്ന പ്രതിപക്ഷത്തിന് നിയമസഭയില്‍ പ്രതിഷേധത്തിന്റെയും പരിഹാസത്തിന്റെയും സ്വരം വീണ്ടെടുക്കാന്‍ കഴിഞ്ഞത്, വീര്യംകുറഞ്ഞ മദ്യത്തിന്റെ നികുതി നിരക്കിനെ ചൊല്ലിയുള്ള വിവാദം ഏറ്റെടുത്തുകൊണ്ടാണ്.
വീര്യംകുറഞ്ഞ മദ്യത്തിന്റെ വില്പന സംസ്ഥാനത്ത് ആരംഭിക്കുന്നതിന് ലോ ആല്‍ക്കഹോളിക് ബവ്റിജസ് നികുതിഘടന ബജറ്റില്‍ പ്രഖ്യാപിച്ചതോടെയാണ് ഭരണമുന്നണിയിലും കോണ്‍ഗ്രസ് പാര്‍ട്ടിയിലും പൊടുന്നനെ ചില വിമത സ്വരങ്ങള്‍ ഉയരാന്‍ തുടങ്ങിയത്. പാര്‍ട്ടിയിലോ മുന്നണിയിലോ എക്സൈസ് വകുപ്പ് തലത്തിലോ കൂടിയാലോചന നടത്താതെ ധനവകുപ്പില്‍ നിന്ന് ഏകപക്ഷീയമായാണ് വീര്യംകുറഞ്ഞ മദ്യത്തിന്റെ നികുതിഘടന നിശ്ചയിച്ചതെന്നാണ് ആരോപണം. 0.5% മുതല്‍ 20% വരെ വീര്യമുള്ള മദ്യമാണ് ഈ വിഭാഗത്തില്‍ വരുന്നത്. 0.5% മുതല്‍ 10% വരെ വീര്യമുള്ള മദ്യത്തിന് 120%, 10% മുതല്‍ 20% വരെ വീര്യമുള്ളവയ്ക്ക് 175% എന്നിങ്ങനെയാണ് ബജറ്റില്‍ നിര്‍ദേശിച്ച നികുതിഘടന. 42.86% വീര്യമുള്ള ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിനു നല്കുന്ന 251% നികുതി, വീര്യം കുറഞ്ഞ മദ്യത്തിനും നല്കേണ്ടിയിരുന്നതിനാല് ഒരു കമ്പനിയും കേരളത്തില്‍ അത് വിറ്റിരുന്നില്ല. പിണറായി സര്‍ക്കാര്‍ 2023-ലെ അബ്കാരി ചട്ടത്തില്‍ വീര്യം കുറഞ്ഞ മദ്യത്തിന്റെ നിര്‍വചനം ഉള്‍പ്പെടുത്തിയിരുന്നു. പിണറായി സര്‍ക്കാര്‍ വീര്യം കുറഞ്ഞ മദ്യം എന്ന പുതിയ ഇനത്തിന് വില്പനയ്ക്ക് അനുമതി നല്‍കിയിരുന്നെങ്കിലും നികുതി നിരക്കുകള്‍ നിര്‍ണയിക്കാതെ വിഷയം മാറ്റിവച്ചത്.
ധാന്യങ്ങള്‍ ഒഴികെയുള്ള കാര്‍ഷിക ഉത്പന്നങ്ങളില്‍നിന്ന് വൈനും വീര്യംകുറഞ്ഞ മദ്യവും ഉത്പാദിപ്പിക്കാന്‍ കേരള സ്മോള്‍ സ്കെയില്‍ വൈനറി ചട്ടത്തിനൊപ്പമാണ് വീര്യംകുറഞ്ഞ മദ്യത്തിന് അനുമതി നല്‍കിയത്. ബക്കാര്‍ഡി ഇന്ത്യ എന്ന കര്‍ണാടകയിലെ മദ്യക്കമ്പനി 4.8% വീര്യമുള്ള ബക്കാര്‍ഡി ബ്രീസര്‍, 8% വീര്യമുള്ള ബക്കാര്‍ഡി പ്ലസ് എന്ന തങ്ങളുടെ ‘ആല്കോപോപ്’ ബ്രാന്‍ഡുകള്‍ കേരളത്തിലെ വിപണിയിലിറക്കാന്‍ ശ്രമിച്ചിരുന്നു.
ക്രാന്‍ബെറി, ബ്ലാക്ബെറി, ജമെയ്ക്കന്‍ പാഷന്, ലൈം, ഓറഞ്ച്, വാട്ടര്‍മെലണ്‍ തുടങ്ങിയ ഫ്രൂട്ട് ഫ്ളേവറുള്ള മാള്‍ട്ട് അധിഷ്ഠിത റെഡി-ടു-ഡ്രിങ്ക് ആണ് ബ്രീസര്‍. 275 എംഎല് കുപ്പിയിലും 330 എംഎല് കാനിലും ലഭിക്കുന്ന ഇതിന് ലൈറ്റ് ബിയറിന്റെ വീര്യമാണുള്ളത്. ഒരു കുപ്പിയില്‍ 20 ഗ്രാം പഞ്ചസാരയുടെ മധുരമുണ്ടാകുമെന്നാണ് പറയുന്നത്. ബക്കാര്‍ഡി പ്ലസ് ക്രാന്‍ബെറി ഫ്ളേവറില്‍ റം ചേര്‍ന്നതാണ്. ആദ്യമായി മദ്യം രുചിക്കാന്‍ ചെറുപ്പക്കാരും സ്ത്രീകളും തിരഞ്ഞെടുക്കുന്നത് ഇത്തരം ‘ആല്കോപോപ്’ ആയതിനാല്‍, ഇത് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നത് ലഹരി ഉപയോഗത്തിന് പ്രോത്സാഹനമാകും എന്നു വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
വീര്യംകുറഞ്ഞ മദ്യവില്പനയ്ക്ക് വഴിതെളിക്കുന്ന നികുതിയിളവ് പ്രഖ്യാപനം പിന്‍വലിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി ഉള്‍പ്പെടെ ക്രൈസ്തവ സഭാ പ്രതിനിധികളും സംഘടനകളും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ലഹരിമരുന്ന് വ്യാപനത്തില്‍ നിന്ന് മുക്തമാക്കുന്നതിനും മയക്കുമരുന്ന് കടത്ത് ശൃംഖലകളുടെ അടിവേരറുക്കുന്നതിനും യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിവരുന്ന ‘ഓപ്പറേഷന് തൂഫാന്’ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി അയല്‍സംസ്ഥാനങ്ങളുമായി ചേര്‍ന്നുപ്രവര്‍ത്തിക്കാനുള്ള നീക്കങ്ങള്‍ സംസ്ഥാന പൊലീസ് ത്വരിതപ്പെടുത്തുമ്പോള്‍, വീര്യംകുറഞ്ഞ മദ്യവില്പനയ്ക്ക് കളമൊരുക്കുന്നതില്‍ മുസ് ലിം ലീഗ് അതൃപ്തി പരസ്യമാക്കിയിട്ടുണ്ട്.
പത്തു വര്‍ഷം കൊണ്ട് ഘട്ടംഘട്ടമായി കേരളത്തെ മദ്യവിമുക്തമാക്കുമെന്ന് പ്രഖ്യാപിച്ച് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 2014ല്‍ സംസ്ഥാനത്ത് ഫോര്‍ സ്റ്റാര്‍ വരെ നിലവാരമുള്ള ഹോട്ടലുകളിലെ 730 ബാറുകളും, സര്‍ക്കാരിന്റെ ബെവറിജസ് കോര്പറേഷന് വക ചില്ലറ വില്പനശാലകള് 10 ശതമാനം വീതം ഓരോ കൊല്ലവും നിര്‍ത്തലാക്കുന്നതിനു പ്രാരംഭമായി 39 ഔട്ട്ലെറ്റുകളും അടച്ചുപൂട്ടുകയുണ്ടായി. പൂട്ടിയ ബാറുകള്‍ തുറക്കുന്നതിന് ബാര്‍ ഉടമകളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന്മേല് ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന കെ.എം മാണിക്കും എക്സൈസ് മന്ത്രി കെ. ബാബുവിനുമെതിരെ അതിശക്തമായ പ്രക്ഷോഭം നയിച്ച ഇടതുമുന്നണി, നിലവിലുള്ളതില്‍ നിന്ന് ഒരു തുള്ളി മദ്യം പോലും കൂടുതലായി അനുവദിക്കില്ലെന്നും മദ്യത്തിന്റെ ലഭ്യത കുറയ്ക്കുമെന്നും തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്താണ് അധികാരത്തിലെത്തിയത്. ഉമ്മന്‍ ചാണ്ടി 2016-ല്‍ അധികാരമൊഴിയുമ്പോള്‍ കേരളത്തില്‍ 29 പഞ്ചനക്ഷത്ര ബാറുകളും 813 ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകളുമാണ് അവശേഷിച്ചിരുന്നത്. പിണറായി സര്‍ക്കാരിന്റെ ‘മദ്യവര്‍ജന നയം’ സംസ്ഥാനത്ത് അബ്കാരി രാഷ് ട്രീയ വീര്യസങ്കലനത്തിന്റെയും ലഹരിവ്യാപനത്തിന്റെയും സാധ്യതകളും തോതും പുതിയ തലങ്ങളിലെത്തിച്ചു.
ഏറ്റവുമൊടുവില്‍, 2026-ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ, പിണറായി സര്‍ക്കാര്‍ വിദേശമദ്യ ചട്ടങ്ങള്‍ ഭേദഗതി ചെയ്തുകൊണ്ട് ബാര്‍ ഹോട്ടലുകള്‍ക്കും ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ക്കും രണ്ടു മണിക്കൂര്‍ വീതം പ്രവര്‍ത്തനസമയം നീട്ടിക്കൊടുത്തു. രാവിലെ പത്തു മുതല്‍ രാത്രി 12 വരെ മദ്യം വിളമ്പാമെന്നായി. പഞ്ചനക്ഷത്ര ഹോട്ടല്‍ ബാറുകള്‍ക്ക് പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപ അധിക ഫീസ് നല്കിയാല് പുലര്‍ച്ചെ മൂന്നു വരെ തുറന്നുപ്രവര്‍ത്തിക്കാം. സംസ്ഥാനത്ത് 55 പഞ്ചനക്ഷത്ര ഹോട്ടലുകളുണ്ട്.
പിണറായി സര്‍ക്കാര്‍ അധികാരമൊഴിയും മുന്‍പ് നടപ്പാക്കിയ അബ്കാരി നയം അടുത്ത സാമ്പത്തിക വര്‍ഷം പുനഃപരിശോധിക്കുന്നതിനു മുന്നോടിയായി പൊതുസമൂഹത്തില്‍ നിന്നും ബന്ധപ്പെട്ട കക്ഷികളില്‍ നിന്നും സംഘടനകളില്‍ നിന്നും മറ്റും അഭിപ്രായങ്ങള്‍ തേടുമെന്ന് എക്സൈസ് മന്ത്രി എം. ലിജു അറിയിച്ചിരുന്നു. വീര്യംകുറഞ്ഞ മദ്യവില്പനയുടെ കാര്യത്തില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനമൊന്നും എടുത്തിട്ടില്ല. ബജറ്റില്‍ നിര്‍ദേശിച്ച നികുതിഘടന ചര്‍ച്ചയ്ക്കു വിധേയമാണ്. സംസ്ഥാനത്ത് വില്പന ആരംഭിച്ചിട്ടില്ലാത്ത ബ്രാന്‍ഡിന് 131% നികുതിയിളവ് അനുവദിച്ചതില്‍ അഴിമതി ആരോപിച്ചാണ് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്.
അബ്കാരി നിയമ പരിഷ്കരണത്തിന് ഒരു വര്‍ഷം കാത്തിരിക്കേണ്ടിവരുമ്പോള്‍, വീര്യംകുറഞ്ഞതായാലും ആല്കോപോപ് കുപ്പികളും കാനുകളുമായി കേരളത്തില്‍ പുത്തന്‍ ലഹരിഭ്രമത്തിലേക്ക് ആരെയും നികുതി കൂട്ടിയും വ്യാമോഹിപ്പിക്കരുത്. ലഹരിയുടെ കുരുതിപ്പണമില്ലാത്ത വികസനം മതി നമുക്ക്!

