ബിജോ സില്‍വേരി
ദി ന്യൂയോര്‍ക്കറിലും ദി അറ്റലാന്റിക്, ദി ഗാര്ഡിയന് തുടങ്ങിയ പ്രമുഖ പ്രസിദ്ധീകരണങ്ങളിലും പ്രവര്‍ത്തിച്ച പ്രമുഖ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ മൈക്ക് മറിയാനിയുടെ ഒരു ലേഖനം (ഗ്രീന്‍ ഡൊമിനിയന്‍) അടുത്തിടെ വായിച്ചിരുന്നു. കത്തോലിക്ക സഭയെ പ്രകൃതിയെ അനിയന്ത്രിതമായി ചൂഷണം ചെയ്യുന്ന ശക്തികളെ പിന്തുണയ്ക്കുന്നു എന്ന പേരില്‍ യൂറോപ്പിലും മറ്റു പല വിദേശ രാജ്യങ്ങളിലും കഴിഞ്ഞ കാലങ്ങളില്‍ കഠിനമായി വിമര്‍ശിച്ചിരുന്നു എന്നാണ് അദ്ദേഹമതില്‍ വ്യക്തമാക്കുന്നത്.
” കാലാവസ്ഥാ നീതിയും പരിസ്ഥിതി സംരക്ഷണവും പോലുള്ള വിഷയങ്ങളില്‍ വലിയ നവീന ചിന്തകള്‍ കത്തോലിക്കാ സഭയിലേക്ക് പ്രവേശിച്ചുകൊണ്ടിരിക്കുന്ന ഒരു സമയമാണിത്. കഴിഞ്ഞ കാലങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടത് കത്തോലിക്ക സഭ പ്രകൃതിയെ അനിയന്ത്രിതമായി ചൂഷണം ചെയ്യുന്നതിനെ പിന്താങ്ങുന്നു എന്നാണ്. സഭയുടെ അത്തരമൊരു പ്രതിച്ഛായയെ മറികടന്ന് അതിന്റെ ചരിത്രത്തിന്റെ വിശാലതയിലേക്ക് നോക്കിയാല്‍ മറ്റൊരു ക്രിസ്തുമതത്തെ അവിടെ കണ്ടെത്താനാകും. ധീരമായ കരുണാപ്രവര്ത്തനങ്ങള്ക്കും സാമൂഹിക മാറ്റങ്ങള്‍ക്കും ദൈവസൃഷ്ടിയോടുള്ള ഐക്യദാര്‍ഢ്യത്തിനും പ്രചോദനമായ ഒരു ക്രിസ്തുമതം.” ഇതു രേഖപ്പെടുത്തിയ ശേഷം അദ്ദേഹം യേശുവിന്റെ ദരിദ്രരോടും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടുമുള്ള കരുണാര്‍ദ്ര പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്നുണ്ട്. അതിനു ശേഷം, ” ബൈബിളിനെ മനുഷ്യകേന്ദ്രീകൃതമായ ഒരു കണ്ണാടിയിലൂടെ മാത്രം വായിക്കാതെ വിശാലമായ സൃഷ്ടിയുടെ പശ്ചാത്തലത്തില്‍ വായിച്ചാല്‍, ദൈവം മനുഷ്യനെ മാത്രമല്ല, സമസ്ത സൃഷ്ടിയെയും സ്നേഹിക്കുന്നതായി കാണാം. ഉല്പത്തി പുസ്തകത്തില്‍ സസ്യങ്ങളെയും മൃഗങ്ങളെയും ഭൂമിയെയും സമുദ്രത്തെയും സൃഷ്ടിച്ചശേഷം ദൈവം അവയെ നോക്കി ‘ഇത് നല്ലതാണ്’ എന്നു പറയുന്നത് ആവര്‍ത്തിച്ച് കാണാം. ദൈവസൃഷ്ടിയിലെ മനുഷ്യരല്ലാത്ത ഘടകങ്ങള്‍ക്കും അതിന്റെതായ അന്തസ്സും മൂല്യവുമുണ്ടെന്ന് ഈ വിവരണങ്ങള്‍ സൂചിപ്പിക്കുന്നു.
സങ്കീര്‍ത്തനങ്ങളിലും ഈ ദര്‍ശനം വ്യക്തമാണ്. ഉദാഹരണത്തിന്, സങ്കീര്‍ത്തനം 104 പ്രകൃതിയുടെ സമഗ്ര സൗന്ദര്യത്തെ ആഘോഷിക്കുന്നു: ‘കര്‍ത്താവിന്റെ വൃക്ഷങ്ങള്‍ സമൃദ്ധമായി ജലം കുടിക്കുന്നു; അവിടെയാണു പക്ഷികള്‍ കൂടുകൂട്ടുന്നത്; മലമുകളില്‍ കാട്ടാടുകള്‍ വസിക്കുന്നു; പാറക്കെട്ടുകള്‍ ചെറുമൃഗങ്ങള്‍ക്ക് അഭയകേന്ദ്രമാകുന്നു. ഇവിടെ പ്രകൃതിയെ മനുഷ്യന്റെ ഉപയോഗത്തിനുള്ള വിഭവമായി മാത്രമല്ല, ദൈവമഹത്വത്തിന്റെ പ്രതിഫലനമായി കാണുന്നു.” മൈക്ക് മറിയാനി പറയുന്നു. അദ്ദേഹത്തിന്റെ ദൈര്‍ഘ്യമേറിയ ലേഖനത്തില്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു മുമ്പും ശേഷവുമുള്ള കത്തോലിക്ക സഭയുടെ പ്രകൃതിയോടുള്ള സമീപനവും കാഴ്ചപ്പാടും വ്യക്തമാക്കുന്നുണ്ട്.
വിമര്‍ശനങ്ങളെ അവഗണിക്കാതെ അതില്‍ നിന്നു പാഠമുള്‍ക്കൊണ്ട് ലോകത്തെ ഏറ്റവും വലിയ പ്രകൃതി സംരക്ഷകരായി കത്തോലിക്ക സഭ മാറുന്നതെങ്ങനെയെന്ന് നമുക്കതില്‍ നിന്നു മനസിലാക്കാം. സഭയുടെ മുകള്‍തട്ടില്‍ നിന്നുമാരംഭിച്ച ഈ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ഏറ്റവും അടിത്തട്ടിലെത്തിയിരിക്കുന്നു. കേരളത്തില്‍ മാത്രമല്ല, ലോകമെമ്പാടും രൂപതകളിലും ഇടവകകളിലും കുടുംബയൂണിറ്റുകളിലും ഇന്ന് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാണ്.
ചരിത്രവഴിയിലെ പാപ്പമാരുടെ
പരിസ്ഥിതി ദര്‍ശനങ്ങള്‍
ആധുനിക യുഗത്തില്‍ പ്രകൃതി നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സഭയുടെ അമരത്തിരുന്ന പാപ്പാമാര്‍ കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. വിശുദ്ധ പോള്‍ ആറാമന്‍ പാപ്പ 1971-ല്‍ പുറപ്പെടുവിച്ച പ്രബോധനത്തില്‍, പ്രകൃതിയെ അവിവേകത്തോടെ ചൂഷണം ചെയ്യുന്നതിലൂടെ മനുഷ്യന് സ്വന്തം നാശത്തിന് കാരണമാകുകയാണെന്ന് മുന്നറിയിപ്പ് നല്കി. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് പാപ്പ മനുഷ്യന് ഭൂമിയുടെ സംരക്ഷകനാകണമെന്ന് ഓര്‍മ്മിപ്പിച്ചപ്പോള്‍, ബെനഡിക്ട് പതിനാറാമന്‍ പാപ്പ വത്തിക്കാനില്‍ സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിച്ച് പ്രായോഗിക മാതൃക കാണിച്ചു. ഫ്രാന്‍സിസ് പാപ്പ ‘ലൗദാത്തോ സി’ യിലൂടെ ഭൂമിയെ ‘നമ്മുടെ പൊതുഭവനം’ എന്ന് വിളിച്ച് വലിയൊരു ഹരിതവിപ്ലവത്തിന് തിരികൊളുത്തി.
ബെനഡിക്ട് പതിനാറാമനും
പരിസ്ഥിതി പ്രതിസന്ധിയും
കത്തോലിക്കാ സഭയുടെ തലവനായി സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് ബെനഡിക്ട് പതിനാറാമന്‍ പാപ്പ മനുഷ്യരാശിയുടെ പ്രകൃതിയോടുള്ള ചൂഷണപരമായ സമീപനത്തെ ശക്തമായി വിമര്‍ശിച്ചു. 2005-ല്‍ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടശേഷം നടത്തിയ ആദ്യ പ്രസംഗങ്ങളിലൊന്നില്‍ അദ്ദേഹം പറഞ്ഞു:
‘ലോകത്തിലെ ബാഹ്യ മരുഭൂമികള്‍ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്, കാരണം മനുഷ്യഹൃദയത്തിലെ ആന്തരിക മരുഭൂമികള്‍ അതിവിപുലമായിരിക്കുന്നു. അതുകൊണ്ടുതന്നെ ഭൂമിയുടെ സമ്പത്തുകള്‍ എല്ലാവര്ക്കും ജീവിക്കാന്‍ കഴിയുന്ന ദൈവത്തിന്റെ ഉദ്യാനമാകാതെ ചൂഷണത്തിന്റെയും നാശത്തിന്റെയും ശക്തികള്‍ക്ക് സേവനം ചെയ്യുകയാണ്.’
പരിസ്ഥിതി നാശത്തിന്റെ വേരുകള്‍ സാമ്പത്തികമോ സാങ്കേതികമോ ആയ പ്രശ്നങ്ങളില്‍ മാത്രമല്ല, മനുഷ്യന്റെ ആത്മീയ ശൂന്യതയിലും അത്യാഗ്രഹത്തിലുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരിസ്ഥിതി നാശത്തെ ധാര്‍മ്മികവും ആത്മീയവുമായ പ്രശ്നമായി വിശേഷിപ്പിച്ച ആദ്യ മതനേതാക്കളില്‍ ഒരാളായിരുന്നു ബെനഡിക്ട് പാപ്പ.
ഫ്രാന്‍സിസ് പാപ്പായുടെ
‘ലൗദാത്തോ സി’
ഭൂമിയോടുള്ള ക്രൈസ്തവ ഉത്തരവാദിത്തത്തെക്കുറിച്ചുള്ള കത്തോലിക്കാ ചിന്തയില്‍ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയ രേഖ 2015-ല്‍ ഫ്രാന്‍സിസ് പാപ്പാ പ്രസിദ്ധീകരിച്ച ‘ലൗദാത്തോ സി’ (‘നിനക്കു സ്തുതി’) എന്ന ചാക്രികലേഖനമാണ്. ആ സമയത്ത് കാലാവസ്ഥാ വ്യതിയാനം ആഗോള ചര്‍ച്ചകളുടെ കേന്ദ്രവിഷയമായി മാറിക്കൊണ്ടിരിക്കുകയായിരുന്നു. ഈ രേഖയിലൂടെ സഭ വളരെ വ്യക്തമായി ഒരു നിലപാട് സ്വീകരിച്ചു: ഭൂമി ചൂടുപിടിക്കുകയാണെന്നും അതില്‍ മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നുമുള്ള ശാസ്ത്രീയ നിഗമനത്തെ സഭ അംഗീകരിച്ചു.
എന്നാല്‍ ‘ലൗദാത്തോ സി’ വെറും ശാസ്ത്രീയ വസ്തുതകള്‍ അംഗീകരിക്കുന്ന രേഖയല്ല. കാലാവസ്ഥാ പ്രതിസന്ധിയെ ധാര്‍മ്മികവും ആത്മീയവുമായ പ്രശ്നമായി അവതരിപ്പിക്കുന്ന ശക്തമായ ആഹ്വാനമാണ് അത്.
ഫ്രാന്‍സിസ് പാപ്പാ എഴുതുന്നു: ‘നമ്മള് ദൈവത്തില്‍ നിന്ന് ലഭിച്ച അനുഗ്രഹങ്ങളെ ഉത്തരവാദിത്തമില്ലാതെ ഉപയോഗിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്തതിനാല്‍ ഭൂമിയായ നമ്മുടെ മാതാവ് ഇപ്പോള്‍ നിലവിളിക്കുന്നു. അവളെ കൊള്ളയടിക്കാന്‍ അവകാശമുള്ള യജമാനന്മാരായി നാം സ്വയം കരുതാന്‍ തുടങ്ങിയിരിക്കുന്നു.’
ഈ വാക്കുകള്‍ മനുഷ്യകേന്ദ്രിതമായ അഹങ്കാരത്തെയും പ്രകൃതിയെ വെറും ഉപഭോഗവസ്തുവായി കാണുന്ന സമീപനത്തെയും ശക്തമായി ചോദ്യം ചെയ്യുന്നുവെന്ന് മൈക്ക് മറിയാനി വ്യക്തമാക്കുന്നു.
ഫ്രാന്‍സിസ് പാപ്പായുടെ ഏറ്റവും പ്രധാനപ്പെട്ട സംഭാവനകളിലൊന്ന് കാലാവസ്ഥാ വ്യതിയാനത്തെ ഒരു പരിസ്ഥിതി പ്രശ്നമെന്നതിലുപരി ഒരു നീതിയുടെ പ്രശ്നം ആയി അവതരിപ്പിച്ചതാണ്.
അദ്ദേഹത്തിന്റെ വാദം ലളിതമാണ്: കാലാവസ്ഥാ വ്യതിയാനത്തിന് ഏറ്റവും കൂടുതല്‍ ഉത്തരവാദികളായവര്‍ പലപ്പോഴും അതിന്റെ ദുരിതം ഏറ്റവും കുറവ് അനുഭവിക്കുന്നവരാണ്. അതേസമയം ദരിദ്രരും അവഗണിക്കപ്പെട്ടവരുമാണ് അതിന്റെ ആഘാതം ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങുന്നത്. അതുകൊണ്ട് കാലാവസ്ഥാ പ്രതിസന്ധി അസമത്വത്തെ കൂടുതല്‍ രൂക്ഷമാക്കുന്നു.
‘ഭാരം ചുമന്ന് തകര്‍ന്നുപോകുന്ന ഭൂമി തന്നെയും ഇന്ന് നമ്മുടെ ദരിദ്രരില്‍ ഏറ്റവും ഉപേക്ഷിക്കപ്പെട്ടവരില്‍ ഒരാളാണ്.’
ഇവിടെ പാപ്പ ഭൂമിയെ ദരിദ്രരുടെയും രോഗികളുടെയും സാമൂഹികമായി ഒറ്റപ്പെട്ടവരുടെയും കൂട്ടത്തില്‍ ഉള്‍പ്പെടുത്തുകയാണ്. മുമ്പ് വിമോചന ദൈവശാസ്ത്രവും കാത്തലിക് വര്‍ക്കര്‍ പ്രസ്ഥാനവും ഉയര്‍ത്തിപ്പിടിച്ച ധാര്‍മ്മിക ആഹ്വാനങ്ങളുടെ തുടര്‍ച്ചയായാണ് ‘ലൗദാത്തോ സി’യെ തനിക്ക് കാണാന്‍ കഴിയുന്നതെന്നും മറിയാനി പറയുന്നു.
സഭയുടെ ചരിത്രത്തില്‍ ‘ലൗദാത്തോ സി’ ഒരു വഴിത്തിരിവായി മാറി. പരിസ്ഥിതി സംരക്ഷണം സഭയുടെ സാമൂഹിക പ്രബോധനത്തിലെ ഒരു അനുബന്ധ വിഷയം മാത്രമല്ല, വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് അത് വ്യക്തമാക്കി.
ലോകമെമ്പാടുമുള്ള അനേകം കത്തോലിക്കാ സംഘടനകള്‍ ഈ ചാക്രികലേഖനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പരിസ്ഥിതി സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം, ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള നിക്ഷേപം പിന്‍വലിക്കല്‍, സുസ്ഥിര വികസനം എന്നിവയ്ക്കായി നിരവധി പദ്ധതികള്‍ രൂപംകൊണ്ടു.
വിശ്വാസവും ശാസ്ത്രവും പരസ്പരം വിരുദ്ധമല്ലെന്നും മറിച്ച് ഭൂമിയുടെ ഭാവിക്കുവേണ്ടിയുള്ള ഒരു സംയുക്ത ഉത്തരവാദിത്തത്തിലേക്ക് മനുഷ്യരെ നയിക്കണമെന്നും ‘ലൗദാത്തോ സി’ ലോകത്തോട് പ്രഖ്യാപിച്ചു.
ലെയോ പതിനാലാമന്‍ പാപ്പയും
‘മാഗ്നിത്ത ഹ്യുമാനിത്താസും’
കത്തോലിക്ക സഭയുടെ ആധുനിക പരിസ്ഥിതി ദര്‍ശനങ്ങള്‍ക്ക് പുതിയൊരു ആത്മീയ മാനവും ദിശാബോധവും നല്‍കിയത് നിലവിലെ പാപ്പയായ ലെയോ പതിനാലാമന്‍ പാപ്പയാണ്. അദ്ദേഹത്തിന്റെ പ്രഥമ ചാക്രികലേഖനമായ ‘മാഗ്നിത്ത ഹ്യുമാനിത്താസ്’ മനുഷ്യത്വത്തിന്റെ ഉദാത്തമായ ഭാവങ്ങളെയും പ്രകൃതിയോടുള്ള നമ്മുടെ കടപ്പാടിനെയും ദൃഢമായി ബന്ധിപ്പിക്കുന്നു.
മനുഷ്യന്റെ ആത്മീയവും നൈതികവുമായ ഉണര്‍വ് പ്രകൃതിയുടെ സംരക്ഷണത്തിലൂടെ മാത്രമേ പൂര്‍ണ്ണമാകൂ എന്ന് ഈ ചാക്രികലേഖനം നമ്മെ പഠിപ്പിക്കുന്നു. പ്രകൃതിയെ മുറിവേല്‍പ്പിക്കുന്നത് മനുഷ്യന് സ്വന്തം അസ്തിത്വത്തെത്തന്നെ ഇല്ലാതാക്കുന്നതിന് തുല്യമാണെന്ന ശക്തമായ താക്കീത് ലെയോ പതിനാലാമന്‍ പാപ്പ ഈ പ്രമാണരേഖയിലൂടെ ലോകത്തിന് നല്‍കുന്നുണ്ട്. സൃഷ്ടാവിന്റെ മഹത്വത്തിലേക്ക് വിരല്‍ചൂണ്ടുന്ന പ്രകൃതിയെ കാത്തുസൂക്ഷിക്കേണ്ടത് ഓരോ വിശ്വാസിയുടെയും അലംഘനീയമായ കടമയാണെന്ന് ‘മാഗ്നിത്ത ഹ്യുമാനിത്താസ്’ അടിവരയിട്ടു വ്യക്തമാക്കുന്നു.
പ്രകൃതിയെ സംരക്ഷിക്കുക എന്നാല്‍ ദൈവത്തിന്റെ സൃഷ്ടിയെ ബഹുമാനിക്കുക എന്നാണ് അര്‍ത്ഥം. നാളത്തെ തലമുറയ്ക്കായി ഈ ഭൂമിയെ പച്ചപ്പോടെ കാത്തുസൂക്ഷിക്കാന്‍ ലെയോ പതിനാലാമന്‍ പാപ്പയുടെ വാക്കുകള്‍ നമുക്ക് കരുത്താകട്ടെ. ഭൂമിയുടെ ഹരിതാഭ നിലനിര്‍ത്തുന്നത് ദൈവത്തോടുള്ള നമ്മുടെ വിശ്വസ്തതയുടെ അടയാളമാണ്.

