കണ്ണൂർ രൂപതയുടെ ചരിത്രത്തിൽ സുവർണ്ണലിപികളാൽ എഴുതപ്പെടേണ്ട അതിപാവനമായ ഒരു ജൂബിലി ആഘോഷത്തിന് നമ്മൾ ഇന്ന് തുടക്കം കുറിക്കുകയാണ്. കണ്ണൂരിന്റെ മണ്ണിൽ കത്തോലിക്കാ വിശ്വാസം എത്തിച്ചേർന്നതിന്റെ 525-ാം വാർഷിക സ്മരണയിലേക്ക് ഒരേയൊരു മനസ്സോടെ നമ്മൾ ഇന്ന് ഔദ്യോഗികമായി പ്രവേശിക്കുന്നു.
നമ്മുടെ ചരിത്രതാളുകളിലേക്ക് കണ്ണോടിച്ചാൽ, ദൈവ പരിപാലനയുടെ അത്ഭുതകരമായ വഴികൾ നമുക്ക് കാണാം. 1501-ൽ പെഡ്രോ അൽവാരീസ് കബ്രാളിനൊപ്പം ഫ്രാൻസിസ്കൻ വൈദികനായ ഫാദർ ഗസ്റ്റാവോ കണ്ണൂരിൽ ആദ്യമായി ദിവ്യബലിയർപ്പിച്ചു. തുടർന്ന് 1502-ൽ വാസ്കോഡഗാമയുടെ രണ്ടാമത്തെ വരവോടെ, സെന്റ് ആഞ്ചലോസ് കോട്ടയിൽ ‘സെന്റ് ജെയിംസ് കപ്പേള’ സ്ഥാപിതമായി. ചരിത്രരേഖകൾ പ്രകാരം ഇതാണ് ഈ മണ്ണിലെ ആദ്യ കപ്പേള. പിന്നീട്, ഇന്ന് ബർണ്ണശ്ശേരിയിലെ കത്തീഡ്രൽ സ്ഥിതി ചെയ്യുന്ന ഇതേ സ്ഥാനത്ത് ‘നോസ സെഞ്ഞോര ഡി വിറ്റോറിയ’ (വിജയത്തിന്റെ മാതാവ്) എന്ന കപ്പേളയും ഉയർന്നു.
നമ്മുടെ ദേവാലയത്തിന് ‘പരിശുദ്ധ ത്രിത്വത്തിന്റെ’ (Holy Trinity) നാമം ലഭിച്ചതിനു പിന്നിൽ വികാരനിർഭരമായ ഒരു ചരിത്രമുണ്ട്. പോർച്ചുഗീസുകാർ യാത്ര ചെയ്തിരുന്ന ‘സാന്തക ത്രിനിതാതെ’ (പരിശുദ്ധ ത്രിത്വം) എന്ന പേരുള്ള ഒരു ചരക്കുകപ്പൽ വലിയൊരു കൊടുങ്കാറ്റിൽപ്പെടുകയും, എന്നാൽ ദൈവകൃപയാൽ ആ കപ്പൽ തകരാതെ കണ്ണൂർ തീരത്ത് സുരക്ഷിതമായി എത്തിച്ചേരുകയും ചെയ്തു. അപകടത്തിൽ നിന്നും തങ്ങളെ അത്ഭുതകരമായി രക്ഷിച്ച ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട്, ആ കപ്പലിന്റെ നാമധേയത്തിൽ കപ്പലിലെ ജീവനക്കാർ അന്നത്തെ വികാരിയായിരുന്ന കർമ്മലീത്താ സഭാംഗം ഫാദർ ബർത്തലോമിയോയ്ക്ക് വിലയേറിയ സമ്മാനങ്ങൾ നൽകി. അങ്ങനെ ആ ഉപകാരസ്മരണയ്ക്കായി, ‘പരിശുദ്ധ ത്രിത്വം’ എന്ന നാമധേയം നമ്മുടെ ഈ ദേവാലയത്തിന് നൽകപ്പെടുകയാണുണ്ടായത്.
പതിനാറാം നൂറ്റാണ്ടിൽ യൂറോപ്യൻ മിഷനറിമാരുടെ വരവോടെയാണ് മലബാർ തീരങ്ങളിൽ സുവിശേഷ പ്രഘോഷണം ശക്തമാകുന്നത് . പോർച്ചുഗീസുകാരായ ഫ്രാൻസിസ്കൻ വൈദികരാണ് റോമൻ കത്തോലിക്കാ വിശ്വാസം മലബാറിന്റെ മണ്ണിൽ ആദ്യമായി നട്ടുപിടിപ്പിച്ചത്.1878-ൽ ഈ മേഖലയുടെ ചുമതല വെനീസ് പ്രവിശ്യയിലെ ഈശോസഭാംഗങ്ങൾക്ക് (Jesuits) കൈമാറിയതോടെ ഇവിടുത്തെ മിഷൻ പ്രവർത്തനങ്ങൾക്ക് ഒരു പുതിയ വഴിത്തിരിവുണ്ടായി. തുടർന്ന് 1923-ൽ മംഗലാപുരം രൂപത വിഭജിച്ച് കോഴിക്കോട് രൂപത രൂപീകരിക്കപ്പെട്ടു. പൗലോസ് പെരിനി, ലിയോ പ്രൊസെർപിയോ, ആൽഡോ മരിയ പട്രോണി, മാക്സ്വെൽ നൊറോണ എന്നീ പുണ്യചരിതരായ മെത്രാന്മാരുടെ ശക്തമായ നേതൃത്വത്തിലാണ് മലബാറിലെ കത്തോലിക്കാ സമൂഹം വളർന്നത്.
അഭിവന്ദ്യ ലിയോ പ്രൊസെർപിയോ പിതാവിന്റെ സംരക്ഷണയിൽ, ഫാ. പീറ്റർ കൈറോണി (Fr. Peter Caironi SJ) തുടക്കം കുറിച്ച ചരിത്രപ്രസിദ്ധമായ ‘ചിറക്കൽ മിഷൻ’ നമ്മുടെ രൂപതയുടെ ആത്മീയ അടിത്തറയാണ്. സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവരുടെ ഇടയിൽ പ്രവർത്തിച്ച ഫാ. പീറ്റർ കൈറോണി, ഫാ. ജോൺ സെക്വേര, ഫാ. ജോസഫ് ടഫ്രൽ, ഫാ. ജെയിംസ് മൊന്തനാരി, ഫാ. അലോഷ്യസ് ഡെൽ സോട്ടോ, ഫാ. മൈക്കൽ വെൻഡ്രാമിൻ, കൂടാതെ നമ്മൾ നന്ദിയോടെ സ്മരിക്കുന്ന ഫാ. ലിനസ് സുക്കോൾ (Fr. Linus Zucol SJ) തുടങ്ങിയ മിഷനറിമാരുടെ ആത്മാർത്ഥവും സ്വാർത്ഥരഹിതവുമായ സേവനമാണ് ഈ പ്രദേശത്തെ ഇന്നത്തെ കത്തോലിക്കാ വിശ്വാസം വളർത്തിയത്.
കണ്ണൂർ, കാസർഗോഡ് എന്നീ റവന്യൂ ജില്ലകളിലായി വ്യാപിച്ചുകിടന്നിരുന്ന കോഴിക്കോട് രൂപതയുടെ ഭാഗമായിരുന്ന ഈ പ്രദേശം, അഭിവന്ദ്യ മാക്സ്വെൽ നൊറോണ പിതാവ് വൈദികരുമായും അല്മായരുമായും ആലോചിച്ചു സമർപ്പിച്ച അപേക്ഷപ്രകാരം, 1998 നവംബർ 5-ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ തിരുനാമത്താൽ സ്വതന്ത്ര രൂപതയായി ഉയർത്തപ്പെട്ടു. തുടർന്ന് 1999 ഫെബ്രുവരി 7-ന് അഭിവന്ദ്യ ഡോ. വർഗ്ഗീസ് ചക്കാലക്കൽ പിതാവ് കണ്ണൂർ രൂപതയുടെ പ്രഥമ മെത്രാനായി അഭിഷേകം ചെയ്യപ്പെടുകയും, ബർണ്ണശ്ശേരിയിലെ കത്തീഡ്രലിൽ വെച്ച് രൂപതയുടെ ദൗത്യം ഏറ്റെടുക്കുകയും ചെയ്തു. അന്ന് ചക്കാലക്കൽ പിതാവ് പാകിയ ശക്തമായ അടിത്തറയിൽ നിന്നുകൊണ്ട്, ഇന്ന് അഭിവന്ദ്യ അലക്സ് വടക്കുംതല പിതാവിൻ്റെയും, ഡെന്നിസ് കുറുപ്പശേരി പിതാവിൻ്റെയും സ്നേഹനിർഭരമായ നേതൃത്വത്തിൽ ഈ 525-ാം വർഷത്തിന്റെ വലിയ കൃപയിലേക്ക് നമ്മുടെ രൂപത പ്രവേശിക്കുകയാണ്.ഇതോടൊപ്പം, ഈ ചരിത്രസ്മരണയുടെ ധന്യമുഹൂർത്തത്തിൽ നമ്മുടെ കത്തീഡ്രൽ ഇടവകയിലെ 12 കുട്ടികൾ അഭിവന്ദ്യ പിതാവിൽ നിന്നും സ്ഥൈര്യലേപന കൂദാശ സ്വീകരിച്ച് പരിശുദ്ധാത്മാവിനാൽ മുദ്രയിക്കപ്പെട്ട് ക്രിസ്തുവിന്റെ സാക്ഷികളാകാൻ ഒരുങ്ങുന്നു എന്നതും ഈ ബലിയർപ്പണത്തെ കൂടുതൽ അനുഗ്രഹീതമാക്കുന്നു.
കഴിഞ്ഞ അഞ്ചിലധികം നൂറ്റാണ്ടുകളായി ഒട്ടനവധി പ്രതിസന്ധികളിലും ഈ മണ്ണിൽ കത്തോലിക്കാ വിശ്വാസം കാത്തുസൂക്ഷിച്ച മിഷണറിമാരെയും നമ്മുടെ പൂർവ്വികരെയും ഈ ബലിപീഠത്തിൽ നമുക്ക് നന്ദിയോടെ സ്മരിക്കാം. വരാനിരിക്കുന്ന ജൂബിലി വർഷം നമ്മുടെ രൂപതയിലും കുടുംബങ്ങളിലും വലിയൊരു ആത്മീയ ഉണർവിനും നവീകരണത്തിനും കാരണമാകാൻ വേണ്ടി പ്രാർത്ഥിക്കാം.
Trending
- ദൈവ പരിപാലനയുടെ 525-ാം വാർഷിക സ്മരണയിലേക്ക് കണ്ണൂർ രൂപത
- വിദ്യാരംഭം കുറിച്ചു
- കെ ആർ എൽ സി സി ഭാരവാഹികൾ മുഖ്യമന്ത്രി വി. ഡി. സതീശനെ സന്ദർശിച്ചു.
- ഗ്ലോബൽ കോൺഗ്രസ്സിൽ അധ്യക്ഷത വഹിച്ച് ഡോ. സിന്ത്യ ക്രിസ്റ്റഫർ
- അദ്ധ്യായനവർഷത്തിന് തുടക്കം കുറിച്ച് കോട്ടപ്പുറം രൂപത
- തയ്യൽ തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണം: കേരള ടൈലറിംഗ് വർക്കേഴ്സ് ഫോറം
- പ്രമുഖ ചരിത്ര പണ്ഡിതൻ ആന്റണി പുത്തൂർ വിടവാങ്ങി
- കണ്ണൂരിലെ ക്രൈസ്തവ സാന്നിധ്യത്തിന്റെ 525 വർഷങ്ങൾ ; വിശ്വാസ ദീപ്തിയിൽ കണ്ണൂർ രൂപത
ദൈവ പരിപാലനയുടെ 525-ാം വാർഷിക സ്മരണയിലേക്ക് കണ്ണൂർ രൂപത
Keep Reading
Add A Comment
Subscribe to Updates
Get the latest creative news from FooBar about art, design and business.
© 2026 ThemeSphere. Designed by ThemeSphere.

