കൊച്ചി: കേരള ലത്തീൻ രൂപതകളിലെ വൈദികരുടെ ക്ഷേമം, മാനസികാരോഗ്യം, തുടർപരിശീലനം, കൂട്ടായ്മ എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ നിർണായക തീരുമാനങ്ങളുമായി കാത്തലിക് ഡയോസിസൻ പ്രീസ്റ്റ്സ് ഇന്ത്യ (സി.ഡി.പി.ഐ) കേരള ഘടകത്തിന്റെ രൂപതാ പ്രതിനിധി സമ്മേളനം. ജൂലൈ 8-ന് ഇടക്കൊച്ചി ആൽഫാ പാസ്റ്ററൽ സെന്ററിൽ രാവിലെ 11 മുതൽ വൈകിട്ട് 4 വരെ നടന്ന സമ്മേളനത്തിൽ ബിഷപ് സെൽവരാജൻ അധ്യക്ഷനായി.
ഫാ. ജിജോ ജോസിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ സി.ഡി.പി.ഐ കേരള ഘടകം പ്രസിഡന്റ് ഫാ. ഡിക്സൺ ഫെർണാണ്ടസ് സ്വാഗതം ആശംസിച്ചു. റീജിയണൽ സെക്രട്ടറി ഫാ. ഗ്രിഗറി ആമുഖപ്രഭാഷണം നടത്തി. തിരുവനന്തപുരം, കണ്ണൂർ, സുൽത്താൻബത്തേരി രൂപതകൾ ഒഴികെയുള്ള ഒൻപത് ലത്തീൻ രൂപതകളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

വൈദികരിൽ ചിലർ ഒറ്റപ്പെടലും നിരാശയും ആത്മഹത്യാ പ്രവണതയും നേരിടുന്ന സാഹചര്യത്തിൽ, അവരെ പൗരോഹിത്യ കൂട്ടായ്മയിൽ സജീവമായി നിലനിർത്തുകയും ക്ഷേമം ഉറപ്പാക്കുകയും ചെയ്യുന്നതിൽ സി.ഡി.പി.ഐയുടെ പങ്ക് നിർണായകമാണെന്ന് സമ്മേളനം വിലയിരുത്തി. സംഘടനയുടെ ആവശ്യകത എല്ലാ മെത്രാന്മാരെയും ബോധ്യപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു.
രൂപതാ വൈദികർക്കിടയിൽ സി.ഡി.പി.ഐയുടെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുന്നതിനും ദേശീയ നിയമാവലി പ്രകാരം സംഘടനയെ ഏകോപിപ്പിക്കുന്നതിനുമായി റീജിയണൽ ഭാരവാഹികൾ വിവിധ രൂപതകൾ സന്ദർശിച്ച് വൈദിക സമിതികളുമായും പ്രെസ്ബിറ്റേറിയവുമായി സംവദിക്കും. രൂപതാതലത്തിലും കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെ.ആർ.എൽ.സി.സി.) തലത്തിലും സി.ഡി.പി.ഐയ്ക്ക് ആവശ്യമായ അംഗീകാരവും പ്രതിനിധ്യവും ഉറപ്പാക്കാൻ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവരാനും തീരുമാനിച്ചു.
കേരളത്തിലെ 12 ലത്തീൻ രൂപതകളിലെ എക്സിക്യൂട്ടീവ് അംഗങ്ങളുടെ സംയുക്ത സമ്മേളനമായ സി.ഡി.പി.ഐ റീജിയണൽ ജനറൽ ബോഡിയുടെ വാർഷിക സമ്മേളനം നവംബർ 4, 5 തീയതികളിൽ എറണാകുളം പി.ഒ.സി.യിൽ നടക്കും. പൗരോഹിത്യത്തിന്റെ 25, 40, 50 വർഷങ്ങൾ പൂർത്തിയാക്കുന്ന വൈദികരെ പ്രത്യേകമായി ആദരിക്കുന്ന ചടങ്ങും വിശുദ്ധ കുർബാനയും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
ഓരോ അഞ്ച് വർഷം പൂർത്തിയാക്കുന്ന വൈദികർക്കായി തുടർപരിശീലന (Ongoing Formation) പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 2016 മുതൽ 2020 വരെ പൗരോഹിത്യം സ്വീകരിച്ച വൈദികർക്കായി ഫെബ്രുവരി 16 മുതൽ 18 വരെ കോട്ടയം പാസ്റ്ററൽ സെന്ററിൽ പരിശീലന പരിപാടി സംഘടിപ്പിക്കും. 1990 മുതൽ 2000 വരെ പൗരോഹിത്യം സ്വീകരിച്ച സീനിയർ വൈദികർക്കായി മാർച്ച് 8, 9 തീയതികളിൽ ഫെല്ലോഷിപ്പ് ഗതറിംഗ് സംഘടിപ്പിക്കാനും തീരുമാനമായി.
2027 ജനുവരി 26-ന് കാക്കനാട് അസീസി സ്കൂളിൽ സി.ഡി.പി.ഐ സ്പോർട്സ് ഡേ സംഘടിപ്പിക്കും. ഫുട്ബോൾ, ബാസ്ക്കറ്റ്ബോൾ, ഷട്ടിൽ ബാഡ്മിന്റൺ മത്സരങ്ങൾ നടത്തും.

