ബിജോ സില്‍വേരി
എസ്. ഹരീഷിന്റെ ‘പട്ടുനൂല്‍പ്പുഴു’ എന്ന നോവല്‍ വായിച്ചു തീരുമ്പോള്‍ കഥ അവസാനിക്കുന്നില്ല; പകരം വായനക്കാരന്റെ ഉള്ളില്‍ മറന്നുപോയ അനവധി ഓര്‍മകള്‍ പതുക്കെ കണ്ണുതുറക്കുകയാണ്. ഇത് മറഞ്ഞുപോയ കാലത്തിന്റേയോ സംഭവങ്ങളുടെയോ ഒരു രേഖപ്പെടുത്തലല്ല, ഓര്‍മയും ഭ്രമവും ഏകാന്തതയും പരസ്പരം കലര്‍ന്ന് ഒഴുകുന്ന മനസ്സുകളുടെ ആന്തരിക ഭൂപടമാണ്.
സാംസ എന്ന കുട്ടിയുടെ സ്വപ്നച്ചിതറലുകളോടെയാണ് നോവല്‍ ആരംഭിക്കുന്നത്. ലോകത്തെ മറ്റുള്ളവര്‍ കാണുന്നതുപോലെ അവന് കാണുന്നില്ല. അവന്റെ ഉണര്വിന് വെളിച്ചത്തേക്കാള്‍ ശബ്ദങ്ങള്‍ക്കാണ് പ്രധാന്യം. ചില പുതിയ ശബ്ദങ്ങള്‍ ഉണ്ടാകുകയും പഴയ ചില ശബ്ദങ്ങള്‍ മാഞ്ഞുപോകുകയും ചെയ്യുമ്പോഴാണ് അവന് പ്രഭാതത്തെ തിരിച്ചറിയുന്നത്. എല്ലാവരും അങ്ങനെ തന്നെയാണല്ലോ. ചൂലിന്റെ ഈര്‍ക്കിലുകള്‍ മുറ്റത്തെ മണ്ണുമായി ഇടകലരുന്നത്, കിണറിലെ കപ്പിയില്‍ കയറുരയുന്നത്, പാത്രങ്ങളുടെ ഇളക്കം, ഒരു കാക്കയുടേയോ അണ്ണാന്റെയോ പരിഭവം പറച്ചില്, പരിചിതമായ ഒരു സൈക്കിള്‍ ബെല്‍ ഇതെല്ലാം കൂടുമ്പോഴാണല്ലോ പലരുടെ പ്രഭാതങ്ങളും പൊട്ടിയും പൊട്ടാതെയും വിടരുന്നത്. പഴക്കംകൂടി മുറിവേറ്റ കിടക്കയിലും സാംസ സുഖം കണ്ടെത്തുന്നുണ്ട്. പ്രതീക്ഷകള്‍ക്ക് ഇടമില്ലാത്ത വീടിന്റെ മച്ചിലൂടെ ഇരതേടി പാമ്പ് കയറിവരുന്നു.
നോവലിന്റെ തുടക്കത്തിലെ ഈ ചെറിയ നിരീക്ഷണങ്ങളില്ത്തന്നെ പുസ്തകത്തിന്റെ മുഴുവന്‍ ആത്മാവും ഒളിഞ്ഞിരിക്കുന്നു. ലോകം യാഥാര്‍ഥ്യങ്ങളാല്‍ മാത്രം നിര്‍മിതമല്ല, അനുഭവങ്ങളാലും ഓര്‍മകളാലും കൂടി പിറക്കുന്നതാണെന്ന് ഹരീഷ് ഓര്‍മിപ്പിക്കുന്നുണ്ട്. മനുഷ്യന്റെ ഏകാന്തത, സമൂഹത്തില്‍നിന്നുള്ള അകലം, അപരത്വബോധം, കുടുംബബന്ധങ്ങളുടെ വിഘടനം ഇവയെല്ലാം സാംസയിലൂടെ നോവലില്‍ തെളിഞ്ഞുവരുന്നുണ്ട്.
സാംസയുടെ മനസ്സ് ഒരു സമയത്തും ഒരിടത്തും തങ്ങിനില്‍ക്കുന്നില്ല. അവന് ടൈംമെഷീനില്‍ കയറുന്നു, ഇറങ്ങുന്നു. ഇമ്രാന് ഖാനും രവിശാസ്ത്രിയുമൊത്ത് ക്രിക്കറ്റ് കളിക്കുന്നു. ”സാംസ അവിടെ ഉണ്ടായിരുന്നില്ല; സാംസ ആ സമയത്തല്ലായിരുന്നു” എന്ന വാചകങ്ങള്‍ നോവലിലുടനീളം അനുരണനമായി കേള്‍ക്കുന്നു. ഇവിടെ സമയം രേഖീയമല്ല. മനുഷ്യന് ഒരേസമയം പല കാലങ്ങളില്‍ ജീവിക്കുന്നു. ശരീരം വര്‍ത്തമാനത്തില്‍, മനസ്സ് ഭൂതകാലത്തില്‍, ആത്മാവ് ഭാവനയില്‍. സാംസയുടെ ലോകം ഈ മൂന്നിന്റെയും സംഗമസ്ഥാനമാണ്.
നോവലിന്റെ ഏറ്റവും ആഴമുള്ള ആശയങ്ങളിലൊന്ന് ”രണ്ടുമുഖങ്ങള്‍” എന്നതാണ്. രാത്രി അച്ഛനെ അന്വേഷിച്ചു നടക്കുന്ന സാംസയ്ക്ക് പകലില്‍ പരിചിതമായ വഴികള്‍ പോലും അന്യമായി തോന്നുന്നു. മരങ്ങള്‍ക്കും വീടുകള്‍ക്കും രാത്രിയില്‍ മറ്റൊരു രൂപമുണ്ട്. വെളിച്ചവും ഇരുട്ടും പോലെ മനുഷ്യര്‍ക്കും രണ്ടു മുഖങ്ങളുണ്ട്. സാംസയുടെ അച്ഛനായ വിജയന് പ്രണയത്തിന്റെ കാലത്തൊരു മുഖവും വിവാഹശേഷം മറ്റൊരുമുഖവുമുണ്ട്. അമ്മ ആനിയുടെ ഓര്‍മകളിലൂടെ ഈ മാറ്റം വേദനാജനകമായ വ്യക്തതയോടെ തെളിഞ്ഞുവരുന്നു. പ്രണയം ഒരാളുടെ ഉള്ളിലെ സ്വപ്നമുഖത്തെ പുറത്തുകൊണ്ടുവരുമ്പോള്‍, ജീവിതം പിന്നീട് അവനെ മറ്റൊരാളാക്കി മാറ്റുന്നു.
പട്ടുനൂല്‍പ്പുഴുവിലെ കഥാപാത്രങ്ങള്‍ ആരും പൂര്‍ണമായും യാഥാര്‍ഥ്യമോ പൂര്‍ണമായും സങ്കല്പമോ അല്ല. അവര്‍ സ്വപ്നത്തിന്റെ മങ്ങലും ജീവിതത്തിന്റെ കാഠിന്യവും ഒരുമിച്ചുള്ള മനുഷ്യരാണ്. 13 വയസ്സുള്ള മരിച്ചുപോയ പെണ്‍കുട്ടി, മാര്‍ക്ക് സാര്‍ എന്ന ലൈബ്രറേറിയന്‍, ശാസ്ത്രപുസ്തകങ്ങള്‍ വില്‍ക്കുന്ന ഗോവിന്ദന്, നാടകം കളിക്കുന്ന പാപ്പൂട്ടി, വിജയന്റെ കടയില്‍ ജോലിക്കു നില്ക്കുന്ന ചെട്ടിയാര്‍, ലേഹ്യമുണ്ടാക്കാന് വലിയൊരു മുട്ടനാടിനേയും കൊണ്ട് നാട്ടിലെത്തുന്ന പാണ്ടിക്കാരന്മാര്, സ്റ്റീഫന്റെ കാമുകിമാര്‍, സ്റ്റീഫനെ കെട്ടിയിടുന്ന ഈന്തുമരം. അതില്‍ ഏറ്റവും വിസ്മയകരമായ കഥാപാത്രമാണ് സ്റ്റീഫന്‍. പ്രാന്തന്മൂലയിലെ സുന്ദരനും സുമുഖനും രസികനുമായ ഭ്രാന്തനാണ് സ്റ്റീഫന്‍. സാംസയുടെ സുഹൃത്താണ്.
”നമുക്ക് പരിചയമുള്ള ആളുകളെ സൂക്ഷിച്ച് നോക്കണം. അവരുടെ പഴയകാലം ആലോചിക്കണം. അപ്പോള്‍ അവരുടെ കഥയറിയാം. അത്രേം രസമുള്ള കഥയൊന്നും പുസ്തകത്തിലില്ല.” സ്റ്റീഫന്റെ ഈ വാചകമാണ് പട്ടുനൂല്പ്പുഴുവിലുടനീളം ഹരീഷ് ഉപയോഗിക്കുന്നത്. സ്റ്റീഫന്‍ സൂചിപ്പിച്ച, മനുഷ്യരുടെ ഉള്ളില്‍ മറഞ്ഞുകിടക്കുന്ന കഥകളെ കണ്ടെത്താനുള്ള ശ്രമമാണ്- സൂക്ഷ്മമായ നിരീക്ഷണമാണ് ഹരീഷ് നടത്തുന്നത്. ഉപ്പിട്ട വെള്ളം ആടുകള്‍ക്കിഷ്ടമാണ്, ചെട്ടായര് തൂത്തുവാരി മണ്ണിനൊപ്പം താഴേക്ക് തള്ളിയ അല്പം വെളുത്ത അരിമണികള്‍ അവിടവിടെ കിടന്നു, ആര്‍ക്കും ആരോടും ഉത്തരവിദാത്വമില്ലാത്ത ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ കാഴ്ചകള്‍, ‘ഒരു കുട്ടിയെ ഈ സമയത്ത് (രാത്രി) ഇവിടെ കാണേണ്ടതല്ലല്ലോ’, എന്നു ചിന്തിക്കുന്നത് മുട്ടനാടാണ്. ഇതുപോലെ എത്രയോ.
മറ്റു ചില കണ്ടെത്തലുകളുണ്ട്; ‘മക്കളുടെ മുന്നില്‍ അവരെ സൃഷ്ടിച്ചവര്‍ നാണം കെടുന്നതിലും ലജ്ജാകരമായി എന്തുണ്ട്? അവരാ കാഴ്ച മറക്കാന്‍ സാധ്യതയില്ല’, ‘രാവിലെ ജോലിക്കു പോകുന്നവര്‍ക്കു കിട്ടുന്ന വില വേറെയാണ്. അങ്ങനെയുള്ള പെണ്മക്കളോട് അമ്മമാര്‍ കൂടുതല്‍ സ്നേഹം കാട്ടുന്നു’
നടാഷ എന്ന മരിച്ചുപോയ പെണ്‍കുട്ടിയുടെ സാന്നിധ്യം നോവലിനെ മറ്റൊരു ലോകത്തിലേക്ക് കൊണ്ടുപോകുന്നു. അവള് ഇല്ലാതായവളല്ല; സാംസയുടെ ലോകത്ത് ഇപ്പോഴും ജീവിച്ചിരിക്കുന്നവളാണ്. ഇവിടെ മരണം ഒരു അവസാനമല്ല. ഓര്‍മകളില്‍ ജീവിച്ചുകൊണ്ടിരിക്കുന്നവരെ മരണത്തിന് പൂര്‍ണമായി മായ്ച്ചുകളയാന്‍ കഴിയില്ലല്ലോ. ഭാവനയിലാകട്ടെ ജീവനുള്ളവരും മരിച്ചവരും തമ്മിലുള്ള അതിര്‍ത്തി അത്ര വ്യക്തവുമാകില്ല.
പട്ടുനൂല്‍പ്പുഴുവിന്റെ മറ്റൊരു അസാധാരണ സവിശേഷത അതിലെ മൃഗലോകമാണ്. ഇലു എന്ന നായ, പൊരുന്നകോഴി, ലേഹ്യമാകാന് കാത്തുനില്ക്കുന്ന മുട്ടനാട്, സാംസയുടെ വീട്ടിലെ ആടുകള്‍ ഇവര്‍ എല്ലാം കഥയുടെ അരികിലല്ല, കേന്ദ്രത്തിലാണ്. അവര്‍ക്കും വികാരങ്ങളുണ്ട്, പ്രതികരണമുണ്ട്. ആനി വെള്ളം കുടിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ആട്ടിന്‍കുഞ്ഞ് പങ്കിടുന്നുണ്ട് ഈ വിചാരങ്ങള്‍. വൈക്കം മുഹമ്മദ് ബഷീറിനെ പോലെ എസ്. ഹരീഷും മനുഷ്യനും മൃഗവും പ്രകൃതിയും തമ്മിലുള്ള അതിര്‍ത്തികളെ ലയിപ്പിക്കുന്നു. എന്നാല്‍ ഹരീഷിന്റെ ലോകം കൂടുതല്‍ ഇരുണ്ടതും മാനസികവുമായ അനുഭവഭൂമിയിലാണ് നിലകൊള്ളുന്നത്.
പട്ടുനൂല്‍പ്പുഴുവിന്റെ ഭാഷ അതിന്റെ ഏറ്റവും വലിയ സൗന്ദര്യങ്ങളിലൊന്നാണ്. ചില വാക്യങ്ങള്‍ കവിതപോലെ വായനക്കാരന്റെ ഉള്ളിലൂടെ ഒഴുകിപ്പോകുന്നു; ചിലത് സാധാരണ സംസാരഭാഷയുടെ ലാളിത്യത്തില്‍ ഹൃദയത്തെ തൊടുന്നു. ശബ്ദങ്ങള്‍, ഗന്ധങ്ങള്‍, രാത്രിയുടെ നനവ്, പഴയ വീടുകളുടെ ഇരുട്ട് എല്ലാം ഭാഷയിലൂടെ ദൃശ്യാനുഭവമാകുന്നു. വായനക്കാരന് കഥ വായിക്കുന്നില്ല; ആ ലോകത്തിനുള്ളിലൂടെ പതുക്കെ നടന്നുപോകുകയാണ്.
പട്ടുനൂല്‍പ്പുഴുവില്‍ അപരിചിതമായ പരിചിതത്വമുണ്ട്. ഈ മനുഷ്യരെ, ഈ വഴികളെ, ഈ വീടുകളെ, ഈ മുട്ടനാടിനെ, ഈ നായയെ എവിടെയോ കണ്ടിട്ടുണ്ടെന്ന തോന്നല്‍ വായനക്കാരനെ വിട്ടുമാറില്ല. കാരണം ഈ നോവല്‍ ഓരോരുത്തരുടെയും മറന്നുപോയ ചിന്തകളുടെ നിഴലുകളെ ഉണര്‍ത്തുന്നു. പട്ടുനൂല്‍പ്പുഴു ഒരു കഥപറച്ചിലല്ല. അത് ഓര്‍മയുടെ ഇരുണ്ട ഇടനാഴികളിലൂടെ മന്ദഗതിയില്‍ ഒഴുകുന്ന ഒരു സ്പര്‍ശമാണ്. അതിന്റെ രോമക്കൂടുകള് തൊടുമ്പോള്‍ നാം പുളകം കൊള്ളും, വായിച്ചുതീര്ന്നിട്ടും ഏറെക്കാലം മനസ്സില്‍ പതുങ്ങിനില്ക്കുന്ന ഒരു സ്വപ്നമായി. ഭാഷയുടെയും അനുഭവത്തിന്റെയും അതിസൂക്ഷ്മമായ തലങ്ങളെ അന്വേഷിക്കുന്ന ഹരീഷിന്റെ, ‘മീശയ്ക്കു’ ശേഷമുള്ള മാസ്റ്റര്‍പീസാണ് പട്ടുനൂല്‍പ്പുഴു.

