ഫാ. ജോഷി മയ്യാറ്റിൽ
കേരളത്തിൻ്റെ ഇരുപത്തി നാലാമത് മന്ത്രിസഭയുടെ പതിമൂന്നാമത് മുഖ്യമന്ത്രിയായി ശ്രീ. വിഡി സതീശൻ ഇന്ന് സാരഥ്യം ഏറ്റെടുക്കുമ്പോൾ കേരള ജനതയ്ക്ക് പൊതുവേ വലിയ ഉണർവും ഉന്മേഷവും ആണ് അനുഭവപ്പെടുന്നത്. എന്നാൽ ഇന്ന് ഏറ്റവും കൂടുതൽ ആഹ്ലാദിക്കുന്നത് മുനമ്പംകാർ ആയിരിക്കും. “മുനമ്പം വഖഫ് ഭൂമിയല്ല” എന്നും “മുനമ്പത്തേത്, സർക്കാർ മനസ്സു വച്ചാൽ പത്തുമിനിറ്റുകൊണ്ട് പരിഹരിക്കാവുന്ന വിഷയമാണ്” എന്നും അസന്നിഗ്ദ്ധമായി വ്യക്തമാക്കിയ മുൻ പ്രതിപക്ഷ നേതാവ് സർക്കാരിൻ്റെ തലപ്പത്തെത്തുമ്പോൾ എങ്ങനെയാണ് മുനമ്പംകാർ ആഹ്ലാദ നൃത്തം ചവിട്ടാതിരിക്കുക?
വിഡി സതീശൻ സർക്കാരിന് എന്തെളുപ്പം!
ശ്രീ. വിഡി സതീശൻ മുനമ്പം ഭൂമിയെ സംബന്ധിച്ചു പുലർത്തിയ നിലപാടിന് വസ്തുതകൾ കൊണ്ട് അടിവരയിടുന്ന അതിശക്തമായ വാദങ്ങൾ കോടതി മുമ്പാകെ നിരത്തി വച്ചുകൊണ്ടാണ് പിണറായി സർക്കാർ പടിയിറങ്ങിയത് എന്നത് വിസ്മയകരമായ വസ്തുതയാണ്. 2025ൽ അഡ്വക്കേറ്റ് ജനറലിൻ്റെ ഓഫീസ് പിണറായി സർക്കാരിനു വേണ്ടി ഡിവിഷൻ ബഞ്ചിനു മുമ്പാകെ മുനമ്പം ഭൂമിയെ സംബന്ധിച്ച് നടത്തിയ ആ വാദങ്ങൾ W.A.Nos.603 of 2025 & 606 of 2025 വിധിന്യായത്തിൻ്റെ 14-18 പേജുകളിൽ 17-ാം ഖണ്ഡികയിൽ ആർക്കും വായിക്കാവുന്നതാണ്. അവയിൽ സുപ്രധാനമായവയുടെ സംക്ഷിപ്തം താഴെ ചേർക്കുന്നു:
- മുനമ്പം ഭൂമി വഖഫ് സ്വത്താണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഏകദേശം 69 വർഷങ്ങൾക്ക് ശേഷം കേരള വഖഫ് ബോർഡ് (KWB) തികച്ചും ഏകപക്ഷീയമായ രീതിയിൽ ഇത്തരമൊരു വിജ്ഞാപനം പുറപ്പെടുവിച്ചതിന് പിന്നിലെ മുഴുവൻ തർക്കങ്ങളുടെയും പശ്ചാത്തലം സംസ്ഥാന സർക്കാരും ഈ കോടതിയും സൂക്ഷ്മമായി പരിശോധിക്കണം. പ്രസ്തുത ഭൂമിയെ പൂർണ്ണമായി ആശ്രയിച്ച് ജീവിക്കുന്ന വലിയൊരു വിഭാഗം യഥാർത്ഥ (bonafide) ഉടമകൾ, താമസക്കാർ, സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരുടെ അവകാശവാദങ്ങൾ പരിശോധിക്കാതെ, ഈ സ്വത്ത് പെട്ടെന്ന് ഒരു വഖഫ് സ്വത്തായി വിജ്ഞാപനം ചെയ്തതിന്റെ രീതിയും നടപടിക്രമവും പരിശോധിക്കണം.
- വഖഫ് പ്രഖ്യാപനത്തിനു മുൻപ് നിയമപരമായ ബാധ്യതകൾ — അതായത് KWB-യുടെ നേതൃത്വത്തിലുള്ള സർവേയും അർദ്ധ ജുഡീഷ്യൽ (quasi-judicial) അന്വേഷണവും — യഥാവിധി നടത്തിയിട്ടില്ല.
- മുനമ്പം വഖഫ് സ്വത്തായി പ്രഖ്യാപിച്ചതുമൂലം ദുരിതത്തിലായ/ബാധിക്കപ്പെട്ട വ്യക്തികളുടെ താൽപ്പര്യാർത്ഥം ആവശ്യമാണെന്ന് തോന്നുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതിന്, 1995-ലെ വഖഫ് ആക്ട് സെക്ഷൻ 97 സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ (inherent powers) വിനിയോഗിക്കുന്നതിന് സർക്കാരിന് യാതൊരുവിധ വിലക്കുമില്ല.
- ഫാറൂഖ് മാനേജ്മെന്റിന് 1950-ൽ നൽകിയ എൻഡോവ്മെന്റ് ആധാരം (endowment deed), അത് ദാനം ചെയ്യുന്ന സമയത്ത് ഒരിക്കലും ഒരു ‘വഖഫ്’ സൃഷ്ടിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതായിരുന്നില്ല; പരമാവധി അത് ഒരു ‘ദാനാധാരം’ (gift deed) മാത്രമായിരുന്നു, അതിൽ അന്നത്തെ 1954-ലെ വഖഫ് നിയമത്തിലെ വ്യവസ്ഥകൾ ഒരിക്കലും ബാധകമാകുന്നുണ്ടായിരുന്നില്ല. ഇക്കാരണത്താൽ തന്നെ, മുനമ്പം ഭൂമി വഖഫ് സ്വത്താണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് 2009-ൽ എം.എ. നിസാർ അന്വേഷണ കമ്മീഷൻ (IC) റിപ്പോർട്ട് സമർപ്പിക്കുന്നത് വരെയുള്ള 60-ഓളം വർഷക്കാലം, ആരും പ്രസ്തുത സ്വത്ത് വഖഫാണെന്ന അവകാശവാദം ഉന്നയിച്ചിട്ടുണ്ടായിരുന്നില്ല.
- പറവൂർ ജില്ലാ സിവിൽ കോടതി (സബ് കോടതി) ഭൂമിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ചോ (title or ownership) അവകാശത്തെക്കുറിച്ചോ ഒരിക്കലും പരിശോധിച്ചിട്ടില്പ. പ്രസ്തുത സ്വത്ത് ഒരു വഖഫ് സ്വത്തായി വകയിരുത്തുകയോ/കൈമാറ്റം ചെയ്യുകയോ ചെയ്തിട്ടുണ്ടോ എന്നതിനെക്കുറിച്ച് ഒരു പ്രത്യേക തർക്കവിഷയം (issue) രൂപീകരിച്ചിട്ടില്ല. ഫാറൂഖ് മാനേജ്മെന്റ് ഫയൽ ചെയ്ത സിവിൽ കേസ് ഹർജിയിൽ (plaint) പോലും ഉടനീളം ഇതിനെ ഒരു ‘ദാനാധാരം’ (gift deed) എന്നാണ് പരാമർശിച്ചിരിക്കുന്നത്. വിധിന്യായത്തിലും പലയിടങ്ങളിലും ഇതിനെ ഒരു ദാനാധാരമായി മാത്രമാണ് പരിഗണിച്ചിട്ടുള്ളത്. സമഗ്രമായ ഒരു വിശകലനത്തിൽ, ഇത് ഒരിക്കലും ഒരു ‘വഖഫ്’ ആയി ഉദ്ദേശിച്ചിരുന്നില്ല എന്ന നിഗമനത്തിലാണ് എത്തിച്ചേരേണ്ടത്; കാരണം, ഫാറൂഖ് മാനേജ്മെന്റ് ഇതിനെ ഒരിക്കലും അങ്ങനെ കണക്കാക്കിയിരുന്നില്ല.
- ചുരുക്കത്തിൽ, 1954-ലെയോ 1995-ലെയോ വഖഫ് നിയമ വ്യവസ്ഥകൾ പ്രകാരം നിർബന്ധമാക്കിയിട്ടുള്ള നിയമപരമായ നടപടിക്രമങ്ങൾ യഥാവിധി പാലിക്കുകയും പൂർത്തിയാക്കുകയും ചെയ്യാതിരിക്കുന്നിടത്തോളം കാലം, മുനമ്പം ഭൂമി വഖഫ് ആണെന്ന് ലളിതമായി ഒരു പ്രഖ്യാപനം പുറപ്പെടുവിച്ചതുകൊണ്ട് മാത്രം അതിന് അങ്ങനെയൊരു സ്വഭാവവും രീതിയും കൈവരുകയില്ല. ‘സ്റ്റേറ്റ് ഓഫ് ആന്ധ്രാപ്രദേശ് വി. ആന്ധ്രാപ്രദേശ് സ്റ്റേറ്റ് വഖഫ് ബോർഡ് & മറ്റുള്ളവർ (2022) 20 SCC 383’, ‘മദനൂരി ശ്രീ രാമചന്ദ്രമൂർത്തി വി. സയ്യിദ് ജലാൽ (2017) 13 SCC 174’ എന്നീ വിധിന്യായങ്ങളെ മുൻനിർത്തി, ഈ പ്രഖ്യാപനം നിയമപരമായി സാധുതയുള്ളതാണോ എന്ന് പരിശോധിക്കാൻ കോടതിക്ക് എപ്പോഴും അധികാരമുണ്ട്.
വഖഫ് ബോർഡിന് പിഴച്ചത് എവിടെ?
കേരള സർക്കാർ തന്നെ ഇത്തരം വസ്തുതകൾ കോടതിക്കു മുമ്പാകെ അവതരിപ്പിക്കുമ്പോൾ ഈ ചോദ്യം തികച്ചും പ്രസക്തമാണ്. മുനമ്പം ഭൂമി വഖഫാണെന്ന് 2009-ൽ വഖഫ് ബോർഡ് CEO നിസ്സാർ കമ്മീഷനെ അറിയിച്ചതും 20.5.2019ൽ വഖഫ് ആസ്തിപ്പട്ടികയിലേക്ക് എഴുതിച്ചേർത്തതും വഖഫ് ആക്ടിന്റെ 40-ാം വകുപ്പു പ്രകാരമാണ്. എന്നാൽ അങ്ങനെ സ്വേച്ഛാധിപത്യപരമായി ഒരു തീരുമാനം എടുക്കുന്നതിന് വഖഫ് ബോർഡിന് അധികാരമില്ല. അതിനു മുമ്പായി വഖഫ് ആക്ടിൻ്റെ Sec.4ൽ പറയുന്ന, സർവ്വേ, താമസക്കാർക്ക് നോട്ടീസ് നൽകി അവരെ കേൾക്കൽ (quasi judicial enquiry), സമഗ്രമായ റിപ്പോർട്ട് തയാറാക്കി സർക്കാരിലേക്ക് അയയ്ക്കൽ എന്നീ നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. തുടർന്ന് സർക്കാരാണ് Sec.5 പ്രകാരം ഒരു ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലൂടെ വസ്തു വഖഫായി പ്രഖ്യാപിക്കേണ്ടത്. അത്തരത്തിൽ ഒരു വിജ്ഞാപനം ഉണ്ടെങ്കിൽ മാത്രമേ വഖഫ് ട്രൈബ്യൂണലിന് എന്തെങ്കിലും തർക്കം പരിശോധിച്ച് ഒരു തീർപ്പു കല്പിക്കാനുള്ള അധികാരം പോലും സിദ്ധിക്കൂ എന്ന് വഖഫ് ആക്ടിന്റെ Sec.7ൽ പറയുന്നു. മേൽപ്പറഞ്ഞ നടപടിക്രമങ്ങൾ കർശനമായി പാലിക്കേണ്ടത് അനിവാര്യമാണെന്ന് സുപ്രീം കോടതി അനവധി വിധികളിൽ എടുത്തുപറഞ്ഞിട്ടുള്ളതുമാണ്.
റവന്യൂ വകുപ്പിന് പിഴച്ചത് എവിടെ?
ഗസറ്റ് നോട്ടിഫിക്കേഷന്റെ അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പ് സ്വമേധയാ റവന്യു രേഖകളിൽ വേണ്ട മാറ്റങ്ങൾ വരുത്തേണ്ടത്. എന്നാൽ മുനമ്പം വിഷയത്തിൽ വഖഫ് ബോർഡ് മേൽപ്പറഞ്ഞ നടപടിക്രമങ്ങൾ പാലിക്കുകയോ സർക്കാർ ഗസറ്റ് വിജ്ഞാപനം നടത്തുകയോ ചെയ്തിട്ടില്ല. അതിനാൽ, പിണറായി സർക്കാരിൻ്റെ റവന്യൂ വകുപ്പ് മുനമ്പം ജനതയുടെ റവന്യൂ അവകാശങ്ങൾ ഒരു കാരണവശാലും നിഷേധിക്കാൻ പാടില്ലായിരുന്നു. തങ്ങൾക്കു പറ്റിയ അബദ്ധം സർക്കാർ തിരിച്ചറിഞ്ഞു എന്ന് 2024 ഡിസംബർ 16-ാം തീയതി ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ നിന്ന് ഇറങ്ങിയ ഉത്തരവ് വ്യക്തമാക്കുന്നു. “ഒരു സിവിൽ കോടതിയുടെ ഉത്തരവിലൂടെ അറിയിക്കുന്ന അറ്റാച്ച്മെൻ്റ് അല്ലാതെ ആർബിട്രൽ ട്രിബ്യൂണൽ നേരിട്ട് അറിയിക്കുന്ന അറ്റാച്ച്മെൻ്റ് ഓർഡർ രേഖപ്പെടുത്തരുത്” എന്ന മുൻ ഉത്തരവ് അനുസ്മരിപ്പിച്ചു കൊണ്ടുള്ള ഈ കല്പന നല്കുന്ന ധ്വനി വ്യക്തമാണ് – വഖഫ് ബോർഡിൻ്റെയോ ട്രിബ്യൂണലുകളുടെയോ കല്പനകൾ നേരിട്ടു ഫയലിൽ സ്വീകരിക്കുകയോ നടപ്പിലാക്കുകയോ ചെയ്യേണ്ട ബാധ്യത റവന്യൂ വകുപ്പിനില്ല. സിവിൽ കോടതിയിലൂടെ നടത്തേണ്ടിയിരുന്ന നീക്കങ്ങൾ ഒഴിവാക്കി ഏറാൻ മൂളികളായ റവന്യൂ ഉദ്യോഗസ്ഥരിലൂടെ വഖഫ് ബോർഡ് നടത്തിയ അധിനിവേശത്തിനും തത്ഫലമായി ഒരു ജനത കടന്നുപോകുന്ന ദുരിതപർവത്തിനും ബാധ്യതയേറ്റെടുത്ത്, ‘ഞാൻ പിഴയാളി’ പറയേണ്ട ഉത്തരവാദിത്വം കേരള സർക്കാരിനുണ്ട്.
പരിഹാരം വളരെ എളുപ്പം…
കഴിഞ്ഞ അഞ്ചു വർഷമായി മുനമ്പംകാരെ അന്യായമായി റവന്യൂ തടവിലാക്കിയ റവന്യൂ ഡിപ്പാർട്ടുമെൻ്റ് സ്വന്തം തെറ്റ് സ്വയം തിരുത്താൻ തീരുമാനമെടുത്ത് മുനമ്പംകാർക്ക് നിരുപാധികമായി റവന്യൂ അവകാശങ്ങൾ തിരികെ നല്കുക – ഇതാണ് സതീശൻ സർക്കാരിന് “പത്തു മിനിറ്റിൽ” ചെയ്യാവുന്ന കാര്യം. അതിന് ഒരു തടസ്സവും നിലവിലില്ല. വഖഫ് ബോർഡിന് ആക്ഷേപമുണ്ടെങ്കിൽ അത് അവർക്ക് കോടതിയിൽ ഉന്നയിച്ചു തെളിയിക്കാമല്ലോ.
സർക്കാരിൻ്റെ മതേതരത്വമുഖം വെളിവാക്കാനും മതേതര മനസ്കരായ പൗരന്മാർക്കിടയിൽ വൻസ്വാധീനം ഉളവാക്കാനും ഇടയാക്കുന്ന അതിപ്രധാനവും ക്ഷിപ്രസാധ്യവുമായ ഈ തീരുമാനം UDF സർക്കാരിൻ്റെ അജണ്ടയിൽ ആദ്യത്തേതാകട്ടെ. ഭരണഘടനയെയും പൗരാവകാശങ്ങളെയും സ്നേഹിക്കുന്ന കേരള ജനതയെ പൂർണമായും സ്വാധീനിക്കാൻ കഴിയുന്ന തീരുമാനമായിരിക്കും അത്.

