ലൂയീസ് തണ്ണിക്കോട്ട്
ഇന്ത്യന്‍ ഫുട്ബോളിന്റെ തേജസ്സും ഓജസ്സും എന്നും കാത്തുസൂക്ഷിച്ച ദേശമാണ് കേരളം. കേരളത്തിലെ നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലും ഒരുകാലത്ത് ആവേശവും ആഹ്ലാദവും നിറയുന്നതായിരുന്നു ഫുട്ബോള്‍ എന്ന കായിക വിനോദം. ഇന്ത്യന്‍ ഫുട്ബോളിന്റെ ശക്തി കേന്ദ്രങ്ങളില്‍ കേരളം എന്നും മുന്നിലായിരുന്നു. നിരവധി ദേശീയ താരങ്ങളെ വാര്‍ത്തെടുക്കാന്‍ കേരളത്തിന് സാധിച്ചിട്ടുണ്ട്. അങ്ങിനെ രൂപപ്പെട്ട് നക്ഷത്ര ശോഭയോടെ തിളങ്ങി നിന്ന ഫുട്ബോള്‍ താരമാണ്, ഏപ്രില്‍ 30ന് കേരള പോലീസ് സര്‍വീസില്‍ നിന്നും കെഎപി ഒന്നാം ബറ്റാലിയന് ഡെപ്യൂട്ടി കമാന്‍ഡന്റ് തസ്തികയില്‍ വിരമിച്ച കെ. എ.ആന്സന്.
കേരള ഫുട്ബോളിന്റെയും കേരള പോലീസിന്റെയും ഫുട്ബോള്‍ നിരയില്‍ നിറഞ്ഞു നിന്ന് മൈതാനങ്ങളെ ആവേശത്തില്‍ ആറാടിച്ച ആന്‍സന്റെ ഫുട്ബോള്‍ ജീവിതം, തീയില്‍ മുളച്ചത് വെയിലത്ത് വാടില്ല എന്ന പഴഞ്ചൊല്ലിന് സമാനമാണ്. ജീവിതത്തിന്റെ ചൂടും ചൂരും നന്നായി അനുഭവിച്ചവനാണ് ആന്സന്.

1988-ല്‍ ചങ്ങനാശേരിയില്‍ നടന്ന ഇന്റര്‍ സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ കണ്ണൂരിനെ തോല്‍പ്പിച്ച് എറണാകുളം ടീം ചാമ്പ്യന്‍ ആകുന്നതിലൂടെയാണ് ആന്സന് ഫുട്ബോള്‍ പ്രേമികള്‍ക്ക് പരിചിതനാകുന്നത്. സെന്റ്. ആല്‍ബര്‍ട്ട്സ് കോളജില്‍ പഠിക്കുമ്പോള്‍ മഹാത്മാഗാന്ധി വാഴ്സിറ്റിയുടെ ദക്ഷിണ മേഖല വിജയത്തിലും പങ്കാളിയായിരുന്ന, ആന്‍സന്റെ ഫുട്ബോള്‍ ജീവിതത്തില്‍ വഴിത്തിരിവായത്, തിരുവല്ലയില്‍ നടന്ന കൗമുദി ട്രോഫി മത്സരത്തില്‍ ആന്സന് കളിച്ച കൊച്ചിന് സാന്റൊസ് ക്ലബ്ബ് കേരള േെപാലീസിനെ തോല്‍പ്പിച്ചതിലൂടെയാണ്. തുടര്‍ന്ന് കെഎസ്ആര്‍ടിസി — കൊച്ചിന് സാന്റോസ് മത്സരത്തിലും തിളക്കമാര്‍ന്ന പ്രകടനം നടത്തിയ ആന്‍സനെ, കേരള പൊലീസ് ‘അറസ്റ്റ് ചെയ്തു’ ഫുട്ബോള്‍ ടീമിലാക്കി.

കേരള പൊലീസിന്റെ സുവര്‍ണ്ണ നാളുകളായ 1990-കളിലെ പ്രതാപ കാലത്താണ് കെ.എ ആന്സന് കേരള പൊലീസ് ടീമിന്റെ ജേഴ്സി അണിയുന്നത്. 1990- തൃശൂരും 91-ല്‍ കണ്ണൂരും രണ്ട് തവണ തുടര്‍ച്ചയായി ദേശീയ ക്ലബ്ബ് ഫുട്ബോള്‍ ചാമ്പ്യന്മാരായി കേരള പൊലീസ്. അക്കാലത്ത് കേരള പൊലീസിന്റെ പ്ലെയിങ് ഇലവനില്‍ കയറി പറ്റുക എന്നത് ഇന്ത്യന്‍ ടീമില്‍ പങ്കാളിത്തം ഉണ്ടാവുക എന്നതിന് തുല്യമായിരുന്നു. ആ കാലത്താണ് കളിക്കളത്തില്‍ ഇരുകാലും തലയും ഒരുപോലെ ഉപയോഗിച്ചിരുന്ന ഈ ഡിഫന്‍ഡര്‍ തൃശ്ശൂരില്‍ ഫെഡറേഷന് കപ്പ് മത്സരത്തില്‍ ഇറങ്ങുന്നത് അന്ന് ആന്‍സന്റെ പ്രായം 20 വയസ്സ്.
എതിരാളികള്‍ വട്ടമിട്ടു നിന്നാലും കുതറി തെറിക്കുന്ന കരുത്തും, ചടുലമായ വേഗതയും, ഉയരവും ആയിരുന്നു ആന്‍സന്റെ ശക്തിയും തന്ത്രവും. കളം നിറഞ്ഞു പായുന്ന ആന്‍സണ്‍ 1990 കളില്‍ കേരള ഫുട്ബോള്‍ പ്രേമികളുടെ ആവേശമായിരുന്നു.

ഡിഫന്‍സിലും മറ്റേത് പൊസിഷനിലും മികവോടെ കളിക്കുന്ന ആന്സന് സ്റ്റേറ്റ് ടീമില്‍ ഇടം നേടാന്‍ പിന്നെയും നാളുകള്‍ കാത്തിരിക്കേണ്ടി വന്നു. അക്കാലത്ത് ആറോളം മലയാളികളാണ് ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിരുന്നത് എന്ന് ഓര്‍ക്കണം. ഈ കാത്തിരിപ്പിന് വിരാമം ആയത് 1997-ല്‍ ജബല്‍പുരില്‍ നടന്ന സന്തോഷ് ട്രോഫിയില്‍ ആണ്. പ്രബലരായ ബംഗാളിനെതിരെ ജയിച്ച മത്സരത്തിലെ നിര്‍ണായകമായ ഗോള്‍, 90-ാം മിനിറ്റില്‍ ഹാഫ് ബാക്ക് പൊസിഷനിലേക്ക് മാറി കളിച്ച ആന്‍സന്റെ ബൂട്ടില്‍ നിന്നായിരുന്നു എന്നത് ചരിത്ര നിയോഗം.
ജിജു ജേക്കബ് ആയിരുന്നു ടീമിന്റെ നായകന്. ഫിറോസ് ഗിരീഷ്, വി.പി ഷാജി, കെ.വി ധനേഷ് , കെ.പി നിസാര്‍, എഡിസണ്, സി. ജാബിര്‍ ,കെ.എ ആന്സന് , അജിത് കുമാര്‍ ,ശിവകുമാര്‍, സുനില്‍, ഫിറോസ്, ഷബീര്‍ അലി…… തുടങ്ങിയവര്‍ അടങ്ങിയ പുലിക്കൂട്ടം ആയിരുന്നു കേരള ടീം. ആദ്യമത്സരത്തില്‍ സര്‍വീസിനോട് സമനിലയില്‍ കുരുങ്ങിയപ്പോള്‍ അടുത്ത കളി കര്‍ണാടകയോട് ജയം അനിവാര്യം. നിസാര്‍, ആന്‍സണ്‍, ഷാജിയുമടക്കം അഞ്ചു ഗോള്‍ അടിച്ചുകൂട്ടി. അഞ്ചു ഗോളില്‍ മൂന്നിലും ആന്സന് ടച്ച്.
സെമിയില്‍ കടക്കാന്‍ ബംഗാളിനെ തോല്‍പ്പിച്ചേ മതിയാവൂ. അങ്ങനെയാണ് 90-ാം മിനിറ്റിലെ കോര്‍ണര്‍ കിക്കില്‍ നിന്ന് ബംഗാളിനെ തോല്‍പ്പിച്ച ആന്‍സന്റെ ഗോളിന്റെ പിറവി.
ഗോള്‍കീപ്പറുടെ കൈകളില്‍ നിന്ന് തെന്നി തെറിച്ചു വന്ന പന്ത് തന്ത്രപൂര്‍വ്വം കുടുക്കിയെടുത്ത് വെടിയുണ്ട കണക്കേ പോസ്റ്റിലേക്ക് അടിച്ചു കയറ്റുകയായിരുന്നു ആന്സന്. കേരളത്തെ സെമിഫൈനലില്‍ എത്തിച്ചുകൊണ്ട് കരുത്തരായ ബംഗാളിന്റെ വഴിയടച്ചു ആ ഗോള്‍. വര്‍ഷങ്ങളോളം ചാമ്പ്യന്മാരായി എന്ന ഖ്യാതിയുമായി വന്ന ബംഗാളിനെ ഞെട്ടിച്ച ആദ്യ തോല്‍വി. തിളച്ചു മറിഞ്ഞ ഗ്യാലറി പോലെ ഇന്നും ആന്‍സന്റെ ‘ആ ഗോള്‍’ ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ഓര്‍മ്മയായി മനസ്സില്‍ തിളങ്ങി നില്ക്കുന്നു.
ഓര്‍മ്മകളില്‍ ഗോളുകളുടെ നൊമ്പരങ്ങളുമുണ്ട് ആന്സന്. കോഴിക്കോട് നടന്ന ഫെഡറേഷന് കപ്പിലെ കേരള പൊലീസ് – ഈസ്റ്റ് ബംഗാള്‍ പോരാട്ടം. ഒറ്റയ്ക്ക് ഇടതുവിങ്ങിലൂടെ പന്തുമായി കുതിച്ചെത്തി ഗോള്‍മുഖത്തേക്ക് ആന്‍സന്റെ ഒരു തകര്‍പ്പന്‍ ക്രോസ്, ചാടിവീണ മെഹബൂബിന്റെ തലയ്ക്ക് പാകത്തിന് പന്ത്. ശ്വാസമടക്കിയിരിക്കുന്ന ഗാലറി …. പക്ഷേ, ഗോള്‍കീപ്പറെ കടന്ന് തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ പന്ത് ബാറിനു മുകളിലൂടെ പുറത്തേക്ക്. അപ്പോള്‍ തലയ്ക്ക് കൈവെച്ച് നില്ക്കുന്ന ആന്‍സന്റെ വാര്‍ത്താ ചിത്രവും, അന്ന് കണ്ടവരാരും മറക്കില്ല. ‘എന്റെ ജീവിതത്തിലെ മികച്ച പ്രകടനം പുറത്തെടുത്ത ദിവസമായിരുന്നു അത്. എന്ത് ചെയ്യാം ഭാഗ്യം എന്നോടൊപ്പം ആയിരുന്നില്ല, ടീമിനോടൊപ്പവും’ ആന്‍സന്റെ നിസ്സഹായത. കളിയുടെ ഗതി മാറ്റുമായിരുന്ന ആ ഗോള്‍ നഷ്ടം മൂലം, മത്സരത്തില്‍ ഒരു ഗോളിന് ഈസ്റ്റ് ബംഗാള്‍ ജയിക്കുകയും ചെയ്തു. കൊറിയയിലെ ക്യൂങ്ങ് ഹി യൂണിവേഴ്സിറ്റിക്കെതിരായ 1990-ലെ ഡിസിഎം ട്രോഫി ക്വാര്‍ട്ടര്‍ ലീഗ് മത്സരവും മറ്റൊരു നഷ്ടസ്മരണ. ആന്‍സന്റെ ത്രോയില്‍ നിന്ന് ഷറഫലി നേടിയ ഗോളില്‍ zപാലീസ് ടീം ആണ് വിജയിച്ചത്. ഫൈനലില്‍ ഇരു ടീമുകളും വീണ്ടും ഏറ്റുമുട്ടിയപ്പോള്‍ കളി സമയം കഴിഞ്ഞുള്ള പെനാല്‍റ്റിയില്‍, ഭാഗ്യം തുണച്ചത് കൊറിയന്‍ ടീമിനെ .
കേരള ഫുട്ബോളിന്റെയും zപാലീസ് ടീമിന്റെയും സുവര്‍ണ്ണ നിരയില്‍ നിറഞ്ഞുനിന്നു മൈതാനങ്ങളെ ആവേശത്തിലാഴ്ത്തിയ ആന്‍സനും ടീമും, 1990-ല്‍ ഫെഡറേഷന് കപ്പ് ജേതാക്കളായപ്പോള്‍ ട്രോഫിയുമായി അന്നത്തെ മുഖ്യമന്ത്രി നായനാരെ കണ്ടപ്പോള്‍, നിങ്ങള്‍ ബംഗാളിനെ തോല്പ്പിച്ചോ എന്ന അദ്ഭുതത്തോടെയുള്ള നായനാരുടെ ചോദ്യം ഇന്നും ആന്‍സെന്റെ മനസ്സില്‍ തെളിമയോടെ നില്ക്കുന്നു.
ഏതൊരു കളിക്കാരന്റെയും കരിയറിലെ ഏറ്റവും മികച്ച പ്രകടനം തന്റെ ടീം മികച്ച പ്രകടനങ്ങള്‍ നേടുന്ന കാലത്താവും. നിര്‍ഭാഗ്യവശാല്‍ ആന്സന് എന്ന പ്രതിഭാധനനായ കളിക്കാരന്റെ ഫുട്ബോള്‍ ജീവിതത്തിലെ മികച്ച സമയത്ത് പൊലീസ് ടീമില്‍നിന്ന് സീനിയര്‍ താരങ്ങള്‍ കളമൊഴിഞ്ഞു കൊണ്ടിരുന്നു. അതിനാല്‍ ടീമിന്റെ പ്രതാപം കുറഞ്ഞുവന്നു. അതുകൊണ്ടുതന്നെ പൊലീസില്‍ നിന്നും അവധിയെടുത്തു ഇന്ത്യയിലെ ആദ്യ പ്രൊഫഷണല്‍ ക്ലബ്ബായ എഫ് സി കൊച്ചിന് –ലേക്ക് കൂടുമാറി. ആന്‍സന്റെ കണക്കുകൂട്ടലുകള്‍ തെറ്റിയില്ല. എഫ്സി കൊച്ചിന് ഡ്യൂറന്റ് കപ്പില്‍ ആദ്യമായി മുത്തമിട്ടു. ഐ എഫ് എ ഷീല്‍ഡിലും ഐ ലീഗിലും എഫ്സി കൊച്ചിന് മികച്ച പ്രകടനം നടത്തി. രണ്ടാമത്തെ സീസണില്‍ എഫ്സി കൊച്ചിന്റെ നായകന് ആന്സനായിരുന്നു എന്നത് ആന്‍സന്റെ നേതൃപാടവവും, കളിയിലെ കാതലും കരുത്തും സാക്ഷ്യപ്പെടുത്തുന്നു.
കാണികളുടെ എണ്ണം കൊണ്ട് റിക്കാര്‍ഡ് സൃഷ്ടിച്ചതും, എക്കാലവും ഓര്‍മിക്കപ്പെടുന്നതുമാണ് കൊച്ചിയിലെ നെഹ്റു കപ്പ്. ഇന്ത്യന്‍ ടീമില്‍ ഐ.എം വിജയന്, ജോപോള്‍ അഞ്ചേരി തുടങ്ങിയവര്‍ക്കൊപ്പം ആന്‍സനും. കലൂര്‍ സ്റ്റേഡിയത്തില്‍ നിന്നും ഒരു കല്ലേറു ദൂരമാണ് ആന്‍സന്റെ വീട്ടിലേക്ക്. അങ്ങനെ താന്‍ കളിച്ചു വളര്‍ന്ന നാട്ടില്‍ രാജ്യത്തിനായി ഒരു അന്താരാഷ്ട്ര മത്സരത്തില്‍ ആദ്യ ഇലവനില്‍ ഇറാഖിനെതിരെ ഇറങ്ങാനുള്ള ഭാഗ്യവും ആന്സന് കൈവന്നു.
സി.വി പാപ്പച്ചന്, ബി.പി സത്യന്, കുരികേശ് മാത്യു, ഐ.എം വിജയന്, ഷറഫലി, തോബിയാസ്, ചാക്കോ…. ഉള്‍പ്പെടെ കേരളം കണ്ട മികച്ച താരങ്ങള്‍ക്കൊപ്പം പരിശീലിക്കാനും കളിക്കാനും ആയതാണ് തന്റെ മികവിന് മൂര്‍ച്ച കൂട്ടാനുള്ള കാരണങ്ങളിലൊന്ന് എന്നാണ് ആന്‍സന്റെ അനുഭവം.
കളിക്കളത്തില്‍ നിന്ന് ജേഴ്സി അഴിച്ചെങ്കിലും എഎഫ്സിയുടെ സി- ലൈസന്‍സ് യോഗ്യത നേടി, കേരള പൊലീസ് ടീമിനെ മൂന്നുവര്‍ഷത്തോളം ആന്സന് പരിശീലിപ്പിച്ചിട്ടുണ്ട്. ഔദ്യോഗിക രംഗത്തും മികച്ച സേവനത്തിനുടമയായ ആന്‍സനെ, 2022 -ല്‍ സംസ്ഥാന പൊലീസ് മേധാവിയുടെ ഡിസ്കും കമന്റേഷന്‍ (മികച്ച സേവനം) സര്‍ട്ടിഫിക്കറ്റും, 2025-ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും നല്കി ആദരിച്ചു. പുതിയ പൊലീസുകാര്‍ക്ക് പരിശീലനം നല്കുന്നതില് മികച്ചുനിന്ന ആന്‍സനെ കേരള പൊലീസ് അക്കാദമിയില്‍ ട്രെയിനിങ് ചുമതലയുള്ള അസിസ്റ്റന്റ് കമാന്‍ഡറായി നിയമിച്ചതും ഒരു അംഗീകാരം തന്നെ.
പാലാരിവട്ടം സ്വദേശിയായ ആന്സന് ‘ലീഡേഴ്സ് പാലാരിവട്ടം ‘ എന്ന ക്ലബ്ബിലൂടെയാണ് പന്തുതട്ടി തുടങ്ങിയത്. (സി. എസ്. ദിവാകരന് റിട്ട: ഡെപ്യൂ: രജി : ഹൈക്കോടതി, ഈ കുറിപ്പെഴുന്ന ആളുമായിരുന്നു പ്രസിഡന്റം, സെക്രട്ടറിയും) ഫുട്ബോളിന്റെ ഹരിശ്രീ കുറിച്ച ലീഡേഴ്സില്‍ നിന്നും, എറണാകുളത്ത് ജോസേട്ടന് എന്ന ജോസ്. ടി .അഗസ്റ്റിന്റെ കീഴില്‍ പരിശീലനം ആരംഭിച്ചു. തുടര്‍ന്ന് ഫുട്ബോള്‍ അങ്കിള്‍ എന്ന് വിളിപ്പേരുള്ള സാക്ഷാല്‍ റൂഫസ് ഡിസൂസയുടെ കളരിയില്‍. തട്ടാന്റെ മൂശയില്‍ രൂപപ്പെട്ട സ്വര്‍ണാഭരണം കണക്കേ ഓരോ പരിശീലനവും ഫുട്ബോളിലെ ആന്‍സന്റെ മികവും സൗന്ദര്യവും രൂപപ്പെടുത്തി.

ജീവിതത്തിന്റെ കനല് പാതകളിലൂടെയാണ് ആന്സന് കടന്നുപോന്നിട്ടുള്ളത്. കാട്ടുനിലത്ത് ആന്റണി – എല്‍സി ദമ്പതികളുടെ 12 മക്കളില്‍ ഒന്‍പതാമനായ ആന്സന് ,സ്കൂള്‍ പഠനകാലം മുതല്‍ എന്നും, അതിരാവിലെ എഴുന്നേറ്റ് കുടുംബത്തിന്റെ വരുമാന മാര്‍ഗ്ഗങ്ങളില്‍ ഒന്നായിരുന്ന പശു വളര്‍ത്തലില്‍ സഹായിച്ചു കൊണ്ടിരുന്നു. പശുക്കളുടെ ചാണകം വാരി തൊഴുത്ത് കഴുകി, അമ്മ കറന്നെടുക്കുന്ന പാല്, പല വീടുകളിലായി എത്തിച്ചതിനു ശേഷം ആയിരുന്നു ഫുട്ബോള്‍ പ്രാക്ടീസിന് പോയിക്കൊണ്ടിരുന്നത്. ഇതിനിടയില്‍ പശുവിനെ കുളിപ്പിക്കലും പുല്ലരിയലും, പശുക്കള്‍ക്ക് ഭക്ഷണം കൊടുക്കലും എല്ലാം കൂട്ടായ്മയിലെ ഓരോ ദിവസത്തെയും ദിനചര്യ തന്നെ.
ദൈവവിശ്വാസവും ഭക്തിയും നിറഞ്ഞുനിന്ന കുടുംബത്തിലെ തന്റെ മാതാപിതാക്കളുടെ നിത്യേനയുള്ള ദിവ്യബലിയിലെ പങ്കാളിത്തം, വര്‍ഷങ്ങളോളം ആന്സന് അള്‍ത്താര ബാലനായി സേവനം ചെയ്യാനുള്ള വിശ്വാസ തുറവി ഒരുക്കി.ദൈവ വിശ്വാസത്തോടൊപ്പം സമുദായ സ്നേഹവും കുടുംബത്തിന്റെ അടയാളമായിരുന്നു.ആന്‍സന്റെ പിതാവ് കാട്ടുനിലത്ത് ആന്റണി ( സ്വതന്ത്ര ഡയിലി ഫണ്ട്) 1974 -ല്‍ ഫോര്‍ട്ടുകൊച്ചിയില്‍ നടന്ന കെ എല്‍ സി എ യുടെ പ്രഥമ സംസ്ഥാന സമ്മേളന കമ്മറ്റിയില്‍ സഹകരിച്ചിരുന്നു. ഒപ്പം തന്റെ ഇടവകയായ പാലാരിവട്ടം സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് പള്ളിയിലെ ആദ്യമായി കെഎല്‍സിഎ -ക്ക് ഒരു ഓഫീസ് നിര്‍മ്മിക്കുന്നതില്‍ മുഖ്യപങ്കും വഹിച്ചിട്ടുണ്ട്.
ദൈവ വിശ്വാസവും ഭക്തിയും, ജീവിതത്തിന്റെ കൈമുതലായി ഹൃദയത്തില്‍ സൂക്ഷിക്കുന്ന ആന്സന് പൊലീസ് സര്‍വീസില്‍ ഗ്രേഡ് പ്രമോഷനായി ഡെപ്യൂട്ടി കമാന്‍ഡന്റ് തസ്തികയിലേക്ക് ഉയര്‍ത്തപ്പെട്ടു. അപ്പോള്‍ യൂണിഫോമില്‍ സ്റ്റാര്‍ മാറ്റി പകരം അശോകസ്തംഭം വയ്ക്കുക നടപടി ക്രമമാണ്. ഓരോരുത്തരുടെയും ജീവിതത്തില്‍ ഏറ്റവും ബഹുമാനിക്കുന്ന വ്യക്തികളെ ആയിരിക്കും ഈ കര്‍മ്മം ചെയ്യാന്‍ എല്ലാവരും നിശ്ചയിക്കുക. കഴിയുന്ന എല്ലാ ദിവസങ്ങളിലും ദിവ്യബലിയില്‍ പങ്കെടുത്തു കൊണ്ട് ജോലി ആരംഭിക്കുന്ന ആന്സന് മറ്റാരെയും മനസ്സില്‍ കുറിച്ചില്ല, അത് ആര്‍ച്ച്ബിഷപ് തന്നെ ആയിരുന്നു. തന്റെ തോളില്‍ അശോക ചക്രം പതിപ്പിച്ച വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ ആന്സന് നന്ദി നിറഞ്ഞ മനസ്സോടെ ഓര്‍ക്കുന്നു. വരാപ്പുഴ അതിരൂപതയില്‍ ഇത് പ്രഥമ സംഭവമായിരിക്കും , ഒരുപക്ഷേ, കേരളത്തിലെ ലത്തീന്‍ സഭയിലും.
ഇക്കഴിഞ്ഞ പെസഹാ വ്യാഴാഴ്ച, കത്തീഡ്രല്‍ പള്ളിയില്‍, അതിരൂപതയിലെ മുഴുവന്‍ വൈദികരും പങ്കെടുക്കുന്ന ‘തൈല പരികര്‍മ്മ പൂജ’ – ദിവ്യബലിയില്‍, അതിരൂപതയിലെ ദമ്പതികളെ പ്രതിനിധീകരിച്ചു കൊണ്ട് ആന്‍സനും ഭാര്യ സിമി ആന്‍സനും കാഴ്ച സമര്‍പ്പിക്കാന്‍ അവസരം ഉണ്ടായതും വലിയൊരു ദൈവാനുഗ്രഹമായി വിശ്വസിക്കുന്നു.
കളി ഓര്‍മ്മകളുടെ മറക്കാത്ത ഫ്രെയിമുകള്‍ ബാക്കിവെച്ചുകൊണ്ടാണ്, പൊലീസ് സര്‍വീസില്‍ നിന്നും ആന്സന് വിരമിക്കുന്നത്. തന്നെ താന്‍ ആക്കിയ ഫുട്ബോളിനോടുള്ള അടുപ്പവും ആത്മാര്‍ത്ഥതയും കൈമുതലാക്കി, ഒരു പരിശീലകന്റെ വേഷം അണിയണമെന്നാണ് ആന്‍സന്റെ ആഗ്രഹം. ‘രാജ്യത്തിനായി മികച്ച കളിക്കാരെ രൂപപ്പെടുത്തിയെടുക്കാന്‍ ഒരു കോച്ചിംഗ് സെന്റര്‍ തുടങ്ങണം.’ഫുട്ബോള്‍ ജീവരക്തമായത് കൊണ്ട് തന്നെയാണ് ആന്സന് തന്റെ മകന് സിദാന് എന്ന് പേരിട്ടതും.
നല്ലൊരു ഗായകന് കൂടിയാണ് ആന്സന്. ഭാര്യ സിമി ആന്സന് വരാപ്പുഴ അതിരൂപതയിലെ ഫാമിലി അപ്പസ്തോലെറ്റിലെ റിസോഴ്സ് പേഴ്സണായി സേവനം ചെയ്യുന്നു.
മാമംഗലം മൗണ്ട് കാര്‍മല്‍ ഇടവക അംഗമായ ആന്‍സനും ഭാര്യ സിമി ആന്‍സനും മക്കളായ സിയാ മേരി – സിദാന് ആന്റണിയും അടങ്ങിയ കുടുംബം പാലാരിവട്ടത്ത് (മാമംഗലം ) താമസിക്കുന്നു.
പതിറ്റാണ്ടുകളിലേറെ നീണ്ട കളി ജീവിതത്തില്‍, തിരിഞ്ഞു നോക്കുമ്പോള്‍ നിരാശയൊന്നുമില്ല. പ്രഗല്ഭരായ ഒരു കൂട്ടം കളിക്കാരോടൊത്ത് കളിക്കാനുള്ള ഭാഗ്യം. ഇന്നും ഫുട്ബോള്‍ ലോകത്ത് നിങ്ങളൊക്കെ എന്നെ ഓര്‍ക്കുന്നില്ലേ, സംതൃപ്തമായ മുഖഭാവത്തോടെ ആന്സന് പറഞ്ഞു നിര്‍ത്തി.
പുതിയൊരു ജീവിതത്തിന്റെ കിക്കോഫിലേക്കു പ്രവേശിക്കുന്ന ആന്സന് ഭാവുകങ്ങള്‍.

