വെള്ളയമ്പലം: കേരളത്തിലെ 12 ലത്തീൻ രൂപതകളിലെയും മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന സൈക്കോളജിസ്റ്റുകളുടെയും കൗൺസിലർമാരുടെയും കൂട്ടായ്മയായ CLAP- ന്റെ അഞ്ചാമത് സമ്മേളനവും സെമിനാറും 2026 മേയ് 15, 16 തിയതികളിൽ വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ നടക്കും. കെ.ആർ.എൽ.സി.ബി.സി ഫാമിലി കമ്മിഷന്റെ നേതൃത്വത്തിലാണ് സമ്മേളനം നടക്കുന്നത്. തിരുവനന്തപുരം അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച്ച് പെരേര അധ്യക്ഷത വഹിക്കുന്ന സമ്മേളനം ദിവ്യ എസ്. അയ്യർ ഐ എ എസ് ഉദ്ഘാടനം ചെയ്യും. കേരള ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസിലർ പ്രൊഫ. ഡോ. എം കെ സി നായർ മുഖ്യപ്രഭാഷണം നടത്തും.

ഡിജിറ്റൽ കാലഘട്ടത്തിലെ കുട്ടികളുടെയും കൗമാരക്കരുടെയും മാനസികാരോഗ്യ സംബന്ധമായ വസ്തുതകളാണ് സമ്മേളന വിഷയം. പ്രസ്തുത വിഷയത്തിന്മേൽ ഡോ. അരുൺ ബി. നായർ (പ്രഫസർ, മാനസികാരോഗ്യ വിഭാഗം, തിരുവനന്തപുരം മെഡിക്കൽ കോളേജ്), സിജി ആന്റണി (കൗൺസിലർ, സൈക്കോതെറാപ്പിസ്റ്റ്, പരിശീലകൻ), ഡി വൈ എസ് പി അരുൺ കുമാർ എന്നിവർ ആദ്യദിനത്തിൽ വിവിധ സെഷനുകൾക്കും വർക്ഷോപ്പുകൾക്കും നേതൃത്വം നൽകും. രണ്ടാം ദിനം ലെയോള കോളേജിലെ പ്രൊഫസർമാരായ പ്രിൻസി തോബിയാസ്, ഡോ. അർച്ചന, അപർണ ശങ്കർ, ആദിത്യ കുമാർ, കൺസൾട്ടന്റ് പോസിറ്റിവ് സൈക്കോളിസ്റ്റായ സന്തോഷ് ശിശുപാൽ എന്നിവർ ക്ലാസ്സുകൾ നയിക്കും. കൂടാതെ വിവിധ തെറാപ്പികൾ പരിചയപ്പെടുത്തുന്ന വർക്ഷോപ്പുകളും നടക്കും.
സമാപന സമ്മേളനത്തിൽ തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് ആർ അധ്യക്ഷത വഹിക്കും. എഡിജിപി എസ്. ശ്രീജിത്ത് ഐ പി എസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. വനിത ശിശുവികസന കോർപ്പറേഷനിലെ പ്രോഗ്രാം കോ-ഓർഡിനേറ്റർ കൃഷ്ണമൂർത്തി, മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഡിപിൻ ദാസ് എന്നിവർ ആശംസകളർപ്പിക്കും. സമ്മേളനത്തിൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സൈക്കോളജിസ്റ്റുകൾ പങ്കെടുക്കുമെന്ന് കെ.ആർ.എൽ.സി.ബി.സി ഫാമിലി കമ്മിഷൻ സെക്രട്ടറി ഫാ. ഡോ. എ ആർ ജോൺ പറഞ്ഞു.
