ഡോ. മാർട്ടിൻ N ആൻ്റണി O.de M
1688-ൽ ആണ് നൊസ്റ്റാൾജിയ എന്ന പദം നമ്മുടെയൊക്കെ നിഘണ്ടുവിൽ കയറിയത്. ജർമ്മൻ മെഡിക്കൽ വിദ്യാർഥിയായിരുന്ന ജോഹന്നാസ് ഹോഫറിൻ്റെ ഡോക്ടറൽ പ്രബന്ധത്തിലാണ് ആദ്യമായി ഈ പദം കാണുന്നത്. തങ്ങളുടെ ജന്മസ്ഥലങ്ങളിൽ നിന്ന് വളരെ അകലെ സേവനമനുഷ്ഠിച്ചിരുന്ന ചില സ്വിസ് സൈനികരിൽ അദ്ദേഹം നിരീക്ഷിച്ച ചില വൈകല്യങ്ങളാണ് അദ്ദേഹത്തിൻ്റെ പ്രബന്ധവിഷയം. പ്രത്യേകിച്ച്, ചില ശാരീരിക അസ്വസ്ഥതകളായിരുന്നു അതിൻ്റെ ഉള്ളടക്കം. പ്രസ്തുത പ്രബന്ധത്തിലെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത ആ സൈനികരുടെ അഗാധമായ ദുഃഖാവസ്ഥയായിരുന്നു. ഹോഫറിന്റെ അഭിപ്രായത്തിൽ, ഈ ദുരിതത്തിന്റെ മൂലകാരണം അവരുടെ മാതൃരാജ്യത്തേക്ക് മടങ്ങാനുള്ള തീവ്രമായ ആഗ്രഹമല്ലാതെ മറ്റൊന്നുമല്ല എന്നാണ്. ആ ദുഃഖാവസ്ഥയെ തിരിച്ചറിയാൻ, ഹോഫർ രണ്ട് ഗ്രീക്ക് പദങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു നിയോലോജിസം കണ്ടുപിടിച്ചു. മടങ്ങുക എന്ന അർത്ഥമുള്ള നൊസ്റ്റോസ് (nóstos) എന്ന പദവും വേദന എന്ന അർത്ഥമുള്ള ആൾഗോസ് (algos) എന്ന പദവും കൂടി ചേർന്ന “നൊസ്റ്റാൾജിയ” എന്ന വാക്കാണത്. തിരികെ പോകാനുള്ള തീവ്രമായ വേദന എന്നർത്ഥം വരുന്ന ആ പദം അന്നുമുതൽ നമ്മുടെ നിഘണ്ടുവിൽ പ്രവേശിച്ചു. ഇപ്പോൾ അതിന്റെ അർത്ഥതലങ്ങൾ ഗണ്യമായി വികസിച്ചു കൊണ്ടിരിക്കുകയാണ്. അപ്പോൾ എന്താണ് നൊസ്റ്റാൾജിയ? നമുക്ക് വൈകാരികമായി അടുപ്പം തോന്നുന്ന ഒരു സ്ഥലത്ത് നിന്ന് ശാരീരികമായി വേർപിരിയുന്നതിനെ സൂചിപ്പിക്കുന്നതിനപ്പുറം സമയത്തിന്റെ മാനവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു വികാരമാണത്.
അതുകൊണ്ടുതന്നെ വ്യക്തിപരമോ കൂട്ടായോ ആയ ഒരു ഭൂതകാലത്തിൽ നിന്നുള്ള അകലം എന്ന ബോധത്തെ ബാധിക്കുന്ന കാര്യമാണ് നൊസ്റ്റാൾജിയ. പലപ്പോഴും അത് വീണ്ടെടുക്കാനാകാത്തവിധം വഴുതിപ്പോയതായി നമുക്ക് അനുഭവപ്പെടും. വിദൂരത്തുള്ള അപ്രാപ്യമായ ഒരു ഇടത്തെക്കുറിച്ചുള്ള നൊമ്പരം മാത്രമല്ലത്, നഷ്ടപ്പെട്ടുപോയ സമയത്തെ കുറിച്ചുള്ള ആകുലത കൂടിയാണത്. ആ അർത്ഥത്തിൽ നൊസ്റ്റാൾജിയ, മലയാളികളെ സംബന്ധിച്ച്, രാഷ്ട്രീയമായി പ്രാധാന്യമുള്ള ഒരു നൊമ്പരമാണ്. രാഷ്ട്രീയത്തിനുമുണ്ട് നൊസ്റ്റാൾജിയ, a politics of nostalgia, ഒരു രാഷ്ട്രീയ ഗൃഹാതുരത.
മലയാളമണ്ണിലെ പതിനാറാമത് നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫിന്റെ ഒരു പ്രത്യേകത അവർ വ്യക്തമായി ഉപയോഗിക്കുകയും ചിത്രീകരിക്കുകയും ചെയ്ത രാഷ്ട്രീയ ഗൃഹാതുരതയാണ്. ഗൃഹാതുരത എന്ന വേദനനിറഞ്ഞ വികാരത്തെ രാഷ്ട്രീയ തലത്തിൽ അവർ കൃത്യമായി അഭിസംബോധന ചെയ്തു.

ഇന്ദിരാ ഗ്യാരണ്ടി എന്ന പ്രകടനപത്രികയിലെ ഉറപ്പ് മുതൽ പ്രചരണങ്ങളിലെ ഉമ്മൻചാണ്ടിയുടെ ചിത്രങ്ങൾ വരെയുള്ള നിരവധി തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ പരിശോധിക്കുമ്പോൾ, നൊസ്റ്റാൾജിയ യുഡിഎഫിന്റെ ഒരു രാഷ്ട്രീയമായിരുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കും. ഉമ്മൻചാണ്ടിയുടെ ചിത്രങ്ങൾ പത്തു വർഷങ്ങൾക്ക് പിന്നിലുള്ള ജനകീയ തരംഗത്തെ നൊമ്പരത്തോടെ ഓർമ്മിപ്പിക്കുകയും പിണറായിയുടെ ഗൗരവഭാവത്തിൽ നിന്ന് രക്ഷപ്പെടാൻ പലരിലും തീവ്രമായ ആഗ്രഹമുണർത്തുകയും ചെയ്തിട്ടുണ്ടാകണം. പത്തുവർഷത്തിനു മുമ്പ് ഇരുൾ നിറഞ്ഞ കാലമായിരുന്നു എന്ന് സഖാക്കൾ നിരന്തരം പറഞ്ഞിട്ടും വീണ്ടും ആ കാലത്തിലേക്ക് തിരികെപോകാൻ മലയാളികൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം രാഷ്ട്രീയ ഗൃഹാതുരത ഇവിടെയും എത്തിയിരിക്കുന്നു എന്നുതന്നെയാണ്. നോക്കുക, വോട്ട് ചെയ്യുന്നതിനിടയിൽ നല്ല ശതമാനം മലയാളികൾ ഭൂതകാലത്തിലേക്ക് കണ്ണുവെച്ചാണ് വർത്തമാനകാലത്തെ വീക്ഷിച്ചത്. വിമോചനത്തിന്റെ വാഗ്ദാനമാണ് ഭാവി എന്ന പ്രതീക്ഷയെ പരിപോഷിപ്പിക്കുന്നതിനുപകരം, നഷ്ടപ്പെട്ട നന്മയെക്കുറിച്ച് പലരും ഗൃഹാതുരത്വത്തോടെ നെടുവീർപ്പിട്ടു. കഴിഞ്ഞ കാലത്തെപ്പോലെ, അവരെ വീണ്ടും “മഹത്താക്കുമെന്ന്” വാഗ്ദാനം ചെയ്തവർക്കാണ് മലയാളികൾ വോട്ട് ചെയ്തത്. അല്ലാതെ വികസനവും വർഗീയതയും ധ്രുവീകരണവും പറഞ്ഞവർക്കല്ല. ഇപ്രാവശ്യം മലയാളികൾ മുന്നിലേക്കല്ല നോക്കിയത്, പിന്നിലേക്കാണ്.
ഇത്തരത്തിലുള്ള രാഷ്ട്രീയ നൊസ്റ്റാൾജിയ, പല കാര്യങ്ങളിലും, “ചരിത്രാവസാനം” എന്നതിന്റെ മറുവശമാണ്. ഫ്രാൻസിസ് ഫുകുയാമ എന്ന അമേരിക്കൻ രാഷ്ട്രീയ ചിന്തകനാണ് “ചരിത്രാവസാനം” എന്ന സങ്കല്പം കൊണ്ടുവരുന്നത്. The End of History and the Last Man എന്ന അദ്ദേഹത്തിൻ്റെ കൃതിയിലാണ് പ്രസ്തുത സങ്കല്പത്തെ വിവരിക്കുന്നത്. ശീതയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ ഒരു കൃതിയാണത്. ശീതയുദ്ധം അവസാനിച്ചതിനെത്തുടർന്ന്, രാഷ്ട്രീയ, സാമ്പത്തിക സ്ഥാപനങ്ങളുടെ കാര്യത്തിൽ പുരോഗതി അതിന്റെ ഉന്നതിയിലെത്തിയെന്നും, തൽഫലമായി, കൂടുതൽ കാര്യമായ മാറ്റങ്ങളൊന്നും ആവശ്യമില്ലെന്നാണ് പടിഞ്ഞാറൻ രാജ്യങ്ങൾ കരുതിയത്. പക്ഷേ, ഭാവി ഇനി പുരോഗതിയുടെ അടിസ്ഥാനത്തിൽ സങ്കൽപ്പിക്കപ്പെടുന്നില്ലെങ്കിൽ, ഭയങ്ങളെ അഭിമുഖീകരിക്കുമ്പോൾ, ഒരാൾ ഭൂതകാലത്തിലേക്ക് നോക്കുന്നത് അനിവാര്യമാണെന്ന് ഫുകുയാമ ഓർമ്മപ്പെടുത്തുന്നു. ഭൗതിക ബുദ്ധിമുട്ടുകൾ നേരിടുമ്പോഴാണ് നമ്മൾ യഥാർത്ഥ സംരക്ഷണത്തിനായി രാഷ്ട്രിയത്തിലേക്ക് തിരിയുന്നതെങ്കിൽ, മറുവശത്ത് വൈകാരിക സംരക്ഷണം തേടി സാങ്കൽപ്പികമായിരിക്കാവുന്ന ഒരു ഭൂതകാലത്തിന്റെ ആഹ്ലാദകരമായ ഓർമ്മയിലേക്ക് നമ്മൾക്കും തിരിയാവുന്നതാണ്. ഈ വൈകാരികമായ മടങ്ങി പോക്ക് രാഷ്ട്രീയപരമായി സംഭവിക്കുമ്പോൾ അവിടെ ചരിത്രം അവസാനിക്കില്ല, എൽഡിഎഫിനെ പോലെ ഞാനല്ലാതെ വേറെ ആര് എന്ന വിഡ്ഢിചോദ്യവുമുണ്ടാകില്ല, ഫുകുയാമയുടെ അവസാനത്തെ മനുഷ്യന് (The Last Man) സംഭവിക്കുന്ന അഗാധമായ വിരസതയും ഉണ്ടാകില്ല. മറിച്ച് ഭൂതകാലത്തിലേക്ക് ഗൃഹാതുരമായ ഒരു തിരിച്ചുപോക്ക് നമ്മൾ നടത്തും. ആ തിരിച്ചു പോക്കാണ് മലയാളികൾ നടത്തിയത്. “കള്ളവുമില്ല ചതിയുമില്ല, എള്ളോളമില്ല പൊളി വചനവും” എന്ന ആ സമയത്തിലേക്ക്. “പോറ്റിയെ കേറ്റിയെ സ്വർണ്ണം ചെമ്പായി മാറ്റിയെ” എന്ന അവസ്ഥയുടെ നേർവിപരീതമായ വികാരമാണ് ആ ഗൃഹാതുരത.
നൊസ്റ്റാൾജിയയുടെ രാഷ്ട്രീയം അഥവാ രാഷ്ട്രീയ ഗൃഹാതുരത ഒരു പ്രത്യേക രാഷ്ട്രീയ വിഭാഗത്തിന്റെ മാത്രം മേഖലയല്ല. വാസ്തവത്തിൽ, ഇന്ത്യയിൽ, മിക്കവാറും എല്ലാ രാഷ്ട്രീയ ശക്തികളും “പുനർനിർമ്മിക്കപ്പെട്ട” ഒരു ഭൂതകാലത്തിലേക്ക് പോകുവാൻ ശ്രമിക്കുന്നുണ്ട്. അങ്ങനെ പോകാൻ ചിലർ ശ്രമിച്ചതു കൊണ്ടാണ് മലയാള മണ്ണിൽ പാരമ്പര്യമായി നിലനിർത്തിയിരുന്ന ഇടതുപക്ഷത്തിന്റെ പല കോട്ടകളും തകർന്നടിഞ്ഞത്. അണികളിലെ രാഷ്ട്രീയ ഗൃഹാതുരതയെ തിരിച്ചറിയാൻ സാധിക്കാതെ പോയതാണ് ഇടതുപക്ഷത്തിന് സംഭവിച്ച ഏറ്റവും വലിയ വീഴ്ച. ആ രാഷ്ട്രീയ ഗൃഹാതുരതയെ ഉണർത്തിയ പലരെയും ചവിട്ടിത്താഴ്ത്താൻ ശ്രമിച്ചതും ഇടതുപക്ഷത്തിന് വിനയാകുകയായിരുന്നു. വികസനം മാത്രമല്ല രാഷ്ട്രീയം. അതിലെ ധാർമിക ബോധത്തിന് ഗൃഹാതുരമായ ഒരു അർത്ഥതലം കൂടിയുണ്ട്. ആ രാഷ്ട്രീയ നൊസ്റ്റാൾജിയയെ ഒരുപക്ഷേ വിനാശകരമല്ലാത്ത ഒരു “റിട്രോടോപ്പിയ” ലേക്ക് അല്ലെങ്കിൽ ഒരു റിഗ്രസീവ് ഉട്ടോപ്പിയയിലേക്ക് നയിക്കുന്ന ഒരു വികാരമായി മനസ്സിലാക്കാൻ പിണറായിക്കും കൂട്ടർക്കും സാധിച്ചില്ല. ഒരുപക്ഷേ, പ്രതിപക്ഷ സ്ഥാനത്തിരുന്ന് സ്വന്തം പ്രസ്ഥാനത്തിൻ്റെ നൊസ്റ്റാൾജിക് വാഞ്ഛയുടെ പുതിയ അർത്ഥത്തിനായുള്ള വിഭവങ്ങൾ ഇടതുപക്ഷത്തിന് കണ്ടെത്താനായേക്കാം.

