തിരുവനന്തപുരം: ഫ്രാൻസിസ് പാപ്പ ലാളിത്യത്തിൻ്റെ പിതാവായിരുന്നു എന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപതാ സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് . നെയ്യാറ്റിൻകര പോപ്പ് ഫ്രാൻസിസ് സ്റ്റഡി സർക്കിൾ സംഘടിപ്പിച്ച ഫ്രാൻസിസ് പാപ്പാ അനുസ്മരണ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ സഹായ മെത്രാനായി തിരഞ്ഞെടുത്ത് നിയോഗിച്ച പരിശുദ്ധപിതാവിനെ ബിഷപ്പ് നന്ദിപൂർവ്വം അനുസ്മരിച്ചു. പാപ്പയുമായുള്ള കൂടിക്കാഴ്ചകളിലെ അനുഭവങ്ങൾ ബിഷപ്പ് പങ്കുവച്ചു. അനുക്രമം പ്രസിദ്ധീകരിച്ച ചാക്രിക ലേഖനങ്ങളിലൂടെ പാപ്പ സഭാംഗങ്ങളോടും പൊതു സമൂഹത്തോടും പങ്കുവച്ച സന്ദേശം ബിഷപ്പ് അവതരിപ്പിച്ചു. ദെവവും മനുഷ്യനും തമ്മിലുള്ള ബന്ധം മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം മനുഷ്യർ തമ്മിലുള്ള ബന്ധം മനുഷ്യർക്ക് പാവപ്പെട്ടവരോടുള്ള ബന്ധം എന്നീ വിഷയങ്ങൾ പാപ്പ നാല് ചാക്രിക ലേഖനങ്ങളിൽ വിവരിക്കുന്നത് ബിഷപ്പ് എടുത്തു കാട്ടി.
ഫ്രാൻസിസ് മാർപാപ്പ കാലത്തെ അതിജീവിക്കുന്ന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച വ്യക്തിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായ ശ്രീ ബിനോയ് വിശ്വം. ഫ്രാൻസിസ് പാപ്പ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർവ്വ മനുഷ്യർക്കും അവരവരുടെ വ്യത്യസ്ഥതകളോടെ തന്നെ തൻ്റെ ജീവിതത്തിൽ ഇടം നല്കിയ വ്യക്തിയാണ് അദ്ദേഹം. പരിസ്ഥിതിക്കുവേണ്ടിയും പ്രവാസികൾക്കുവേണ്ടിയും അധസ്ഥിതർക്കുവേണ്ടിയും സ്ത്രീകൾക്കു വേണ്ടിയും കുട്ടികൾക്കുവേണ്ടിയും അദ്ദേഹം നിലകൊണ്ടു. സമാധാനത്തിനു വേണ്ടിയും യുദ്ധത്തിനും അധിനിവേശത്തിനുമതിരെയും അദ്ദേഹം ശബ്ദമുയർത്തി സംവാദത്തിനും സഹകരണത്തിനും വേദിയൊരുക്കി. ഫ്രാൻസിസ് മാർപാപ്പയുടെ പാത പിന്തുടരുന്ന ലിയോ മാർപാപ്പക്കെതിരെയുള്ള ഡൊണാൾഡ് ട്രംപിന്റെ വിമർശനം അനുചിതമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. അവിശ്വാസിയായ തനിക്ക് നേരിൽ കാണാനും ഒപ്പമിരിക്കാനും അടങ്ങാത്ത ആഗ്രഹം ജനിപ്പിൻത്തക്കവിധം ശ്രേഷ്ഠമായിരുന്നു ആ വ്യക്തിത്വം. പാപ്പയെ കാണാൻ രണ്ടുതവണ ശ്രമിച്ചെങ്കിലും കാലം അതിന് അനുവദിച്ചില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
മുഖ്യപ്രഭാഷണം നടത്തിയ പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി ഫ്രാൻസിസ് പാപ്പ ഇതര മതങ്ങളോട് പുലർത്തിയിരുന്ന ഊഷ്മളമായ ബന്ധം അനുസ്മരിച്ചു.
തിരുവനന്തപുരം ഭാരത് ഭവനിലാണ് പരിപാടി സംഘടിപ്പിച്ചത്.
മോൺസിഞ്ഞോർ ജി. ക്രിസ്തുദാസ് ‘പാപ്പാ സ്മൃതി’ എന്ന പുസ്തകം ഡോ. ഐറിസ് കൊയി ലിയോക്ക് നല്കിപ്രകാശനം ചെയ്തു.
ശ്രീകാര്യം ലൊയോള കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സജി ജോസഫ് SJ, സിവിൾ സർവ്വീസ് പരീക്ഷയിലെ കേരള ടോപ്പർ ശ്രീജ ജെ എസ്, കെ.എൽ.സി.എ. നെയ്യാറ്റിൻകര രൂപത പ്രസിഡൻ്റ് ശ്രീ ഡി.ജി അനിൽ ജോസ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ഫ്രാൻസിസ് പാപ്പയുടെ സന്ദേശം ഉൾക്കൊള്ളുന്നു വിവിധ കലാപരിപാടികളും അരങ്ങേറി. വൈകുന്നേരം 4 മണി മുതൽ പാപ്പയുടെ സ്മരണാർത്ഥം പുസ്തക പ്രദർശനം, ചിത്ര പ്രദർശനം, പുഷ്പാഞ്ജലി, സംഗീതാർച്ചന എന്നിവസംഘടിപ്പിച്ചു. സ്റ്റഡി സർക്കിൾ കോഓർഡിനേറ്റർ ഫാ. ഡി ഷാജ് കുമാർ സ്വാഗതവും കൺവീനർ തോമസ് കെ സ്റ്റീഫൻ കൃതജ്ഞതയും പറഞ്ഞു.

