വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികളെ ദുഃഖത്തിലാഴ്ത്തി ഫ്രാൻസിസ് പാപ്പ വിടവാങ്ങിയിട്ട് ഒരു വർഷം തികയുന്നു. അന്തരിച്ച പാപ്പയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച്, റോമിലെ മരിയ മജോറാ ബസിലിക്കയിൽ പ്രത്യേക പ്രാർഥനാ ശുശ്രൂഷകൾ നടക്കും.
സാർവത്രികസഭയെ 12 വർഷം നയിച്ച ഫ്രാൻസിസ് പാപ്പ സംസാരിക്കുമ്പോളല്ല ശ്രവിക്കുമ്പോഴാണ് സഭ അവളുടെ അന്തസത്തെ വെളിപ്പെടുത്തുന്നത് എന്നത് അദ്ദേഹം തിരിച്ചറിഞ്ഞു. കേള്‍ക്കുന്ന ഒരു സഭയെ വളര്‍ത്താന്‍ അദ്ദേഹം മറ്റൊരു ഫ്രാന്‍സിസായി മാറുകയായിരുന്നു. അദ്ദേഹം കരുണയുടെ കര്‍ത്താവിനെയും ദൈവികതയും മനുഷ്യപ്പറ്റുമുള്ള സഭയെയും വ്യാഖ്യാനിച്ചു. യുദ്ധം അവസാനിപ്പിക്കാനും ലോകസമാധാനത്തിനും ആഹ്വാനം ചെയ്തശേഷമാണ് പാപ്പ ഈ ലോകത്തുനിന്നു മടങ്ങിയത്.
ഫ്രാൻസിസ് പാപ്പയുടെ സാംസ്കാരിക, ആത്മീയ, വിദ്യാഭ്യാസ പാരമ്പര്യം സംരക്ഷിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ രൂപീകൃതമായ ഇന്റർനാഷണൽ ഓർഗനൈസേഷൻ സ്കോളാസ് ഒക്കുറെന്തെസ് എന്ന സംഘടനയുടെ നേതൃത്വത്തിൽ ഇന്നു രാവിലെമുതൽ റോം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
പാപ്പയുടെ കബറിടം സ്ഥിതിചെയ്യുന്ന റോമിലെ പരിശുദ്ധ കന്യാമറിയത്തിന്റെ വലിയ പള്ളിയിലെ പൗളിൻ ചാപ്പലിൽ പ്രാദേശികസമയം ഇന്നു വൈകുന്നേരം അഞ്ചിന് ജപമാലയും ആറിന് പള്ളിയിൽ വിശുദ്ധ കുർബാനയും തുടർന്ന് കബറിടത്തിൽ പ്രാർഥനയും ഉണ്ടായിരിക്കും.

