
ഡോ.ഗ്രിഗറി പോള്‍
ആമുഖം
ജയ് ജസു, ജനു നരസോങ്ങ്!
ഓര്‍മ്മയില്‍ തുടിച്ചു നില്‍ക്കുന്നതായിരുന്നു ആ യാത്ര. കേരളത്തില്‍ വരാപ്പുഴ അതിരൂപതയിലെ പോണേല് ഇടവകയില്‍ നിന്നും വികാരി ജോര്‍ജ് കുറുപ്പത്തച്ചന്റെ നേതൃത്വത്തില്‍ 2024 ഫെബ്രുവരി 19-നു 14 പേരടങ്ങുന്ന സംഘം യാത്ര തിരിച്ചതു മുതല്‍ തിരിച്ചെത്തുന്നതുവരെയുള്ള സംഭവബഹുലമായ മിഷന് യാത്രയുടെ ഒരു പരിച്ഛേദം അവതരിപ്പിക്കാന്‍ ഏറെ സന്തോഷമുണ്ട്. ലോറന്‍സ് പുളിക്കല്‍, പയസ് ജോസഫ്, ഫ്രാന്‍സിസ് പഷ്ണിപ്പറമ്പില്‍, നെല്‍സണ്‍, ഡോ.ഗ്രിഗറി പോള്‍, സോണി ചിറ്റേഴത്ത്, ജസ്റ്റിന് കെ.ജെ, ഫ്രാന്‍സിസ് സേവ്യര്‍ പി.വി, ഫ്രാന്‍സിസ് ടി.ടി തോപ്പില്‍, ദേവസി ടി.ജി, ഹിലാരി കയ്യാത്ത്, ടോണി സര്‍ജ്യൂസ്, മാനുവല്‍ ഷാബു എന്നിവരായിരുന്നു സംഘാംഗങ്ങള്‍.
ഡിബിആര്ജി വിവേക് എക്സ്പ്രസിന്റെ എസി മൂന്നാം ക്ലാസില്‍ 2024 ഫെബ്രുവരി 19 തിങ്കള്‍ രാത്രി 11 മണിക്ക് ആരംഭിച്ച യാത്ര ഫെബ്രുവരി 28 ചൊവ്വ അതിരാവിലെ തിരികെ എത്തിച്ചേര്‍ന്നതു വരെയുള്ള 10 ദിവസങ്ങള്‍ ദൈവാനുഗ്രഹത്തിന്റെയും ഈശ്വര സ്തുതികളുടെയും അനുഭവസമ്പത്തിന്റെയും ക്ലേശതകളുടെയും ഒരുമയുടെയും കൊടിയ തണുപ്പിനെ അതിജീവിച്ചു കഴിഞ്ഞ ദിനങ്ങളുടേതുമായിരുന്നു.
ജോര്‍ജ് കുറുപ്പത്തച്ചന്റെ നേതൃത്വത്തില്‍ സംഘാംഗങ്ങള്‍ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അനുഗ്രഹം തേടിക്കൊണ്ടായിരുന്നു യാത്ര ആരംഭിച്ചത് എന്നത് സന്തോഷകരമായ അനുഭവം.

എറണാകുളം-ഗോഹട്ടി ട്രെയിന്‍യാത്ര
മൂന്നു ദിവസത്തെ ട്രെയിന്‍ യാത്ര അവിസ്മരണീയമായിരുന്നു. പൊതുസമൂഹം, സഭ, സമുദായം, ഇടവക മുതലായവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍, ഒരുമിച്ചുള്ള പ്രാര്‍ഥന, ഭക്ഷണം, വിനോദ പരിപാടികള്‍ തുടങ്ങി ഗോഹട്ടി എത്തും വരെ ഗഹനമായ ചിന്തയ്ക്കും പഠനത്തിനും ചര്‍ച്ചയ്ക്കും അവസരം ലഭിച്ച മൂന്നു ദിനരാത്രങ്ങള്‍…ട്രെയിനിലെ സൗകര്യക്കുറവ്, പ്രത്യേകിച്ച് ശുചിമുറികളിലെ വെള്ളമില്ലായ്മ ഉള്‍പ്പെടെ റെയില്‍വേയുടെ ശ്രദ്ധയില്ലായ്മ മൂലം പലരും പ്രാഥമിക കര്‍മങ്ങള്‍ക്ക് ഏറെ വിഷമിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളോടുള്ള റെയില്‍വേയുടെ അനാസ്ഥയുടെ യഥാര്‍ഥ മുഖം ദര്‍ശിക്കാനായ തീവണ്ടിയാത്ര! നാലാംദിനം രാവിലെ 10മണിയോടെ ഗോഹട്ടിയിലെത്തി.

ഗോഹട്ടിയിലെ ആദ്യനിമിഷങ്ങള്‍
പൂര്‍ണ്ണമായും സോളാര്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ റെയില്‍വേ സ്റ്റേഷനായ ഗോഹട്ടിയുടെ പ്രവേശനകവാടത്തില്‍ പഴയ കല്‍ക്കരി തീവണ്ടി എന്ജിന് മാതൃക പ്രദര്‍ശിപ്പിച്ചിട്ടുള്ളത് ആകര്‍ഷകമാണ്. ജോര്‍ജച്ചന്റെ സഹോദരി, ആസാം സിമലുഗുരി എസ്എംഐ സഭയില്‍ സേവനം ചെയ്തിരുന്ന, ഈ യാത്രയ്ക്കു പ്രചോദനമേകി പ്രോത്സാഹിപ്പിച്ച സിസ്റ്റര്‍ ആനി കുറുപ്പത്ത് ടെംപോ ട്രാവലറിലേക്ക് ഞങ്ങളെ സ്വാഗതം ചെയ്തപ്പോള്‍ അച്ചന്റെ കരുതലിനെക്കുറിച്ച് അതിയായ സന്തോഷം തോന്നി. സിമലുഗുരി ഗ്രാമത്തിലെ കോണ്‍വെന്റിലേക്ക് 27-ാം ദേശീയപാതയിലൂടെ മൂന്നര മണിക്കൂര്‍ നീളുന്ന 100 കിലോമീറ്ററിലധികമുള്ള യാത്ര!
അദ്ഭുതപ്പെട്ടുപോയി; ഞങ്ങളെ വരവേല്‍ക്കാന്‍, പ്രൊപ്പെഗാന്തെ ഫിദേയുടെ സഹകരണത്തോടെ 2021-ല്‍ സ്ഥാപിതമായ മിഷനറി സിസ്റ്റേഴ് ഓഫ് ഇന്കാര്ണേഷന് കോണ്‍വെന്റിലെ സന്ന്യാസിനികളും അവര്‍ക്കൊപ്പം താമസിച്ചു പഠിക്കുന്ന വിദ്യാര്‍ഥികളും പൂച്ചെണ്ടുകളും നിറപ്പകിട്ടാര്‍ന്ന ഷോളുകളുമായി കാത്തുനില്ക്കുന്നു! ‘വീ വിഷ് യു എ ഹാര്‍ട്ടി വെല്‍കം’ എന്ന പാട്ടുപാടി ഓരോരുത്തരെയും ഷാളുകള്‍ അണിയിച്ച് ആദരവോടെ അകത്തേക്കു ക്ഷണിച്ചത് അസമിലെ ജനങ്ങളുടെ ആദിത്യ മര്യാദയുടെ ഭാഗമാണെന്ന് സിസ്റ്റര്‍ ആനി പറഞ്ഞു. കുളി കഴിഞ്ഞ് നവോന്മേഷപൂരിതരായ ഞങ്ങളെ കാത്തിരുന്നത് രുചികരമായ കേരളത്തനിമയാര്‍ന്ന ഉച്ചയൂണ്! ഒരു മണിക്കൂര്‍ വിശ്രമം.
അസമിനെക്കുറിച്ച്…
വടക്കുകിഴക്കന്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ സംസ്ഥാനമായ, 31ദശലക്ഷത്തിലധികം ജനസംഖ്യയുള്ള അസം, ഹിമാലയന്‍ താഴ്വരയുടെ കിഴക്കുഭാഗത്തായാണ് സ്ഥിതിചെയ്യുന്നത്. ഏഴു സഹോദരിമാര്‍ എന്നറിയപ്പെടുന്ന വടക്കുകിഴക്കന്‍ പ്രദേശത്തെ അസം അതിര്‍ത്തി പങ്കിടുന്ന മറ്റു സംസ്ഥാനങ്ങള്‍ അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറം, ത്രിപുര, മേഘാലയ എന്നിവയാണ്. ഭൂട്ടാന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി രാജ്യാന്തര അതിര്‍ത്തിയും ഈ സംസ്ഥാനം പങ്കിടുന്നു. ജലസമൃദ്ധിയിലൂടെ അസമിനെ ഹരിതാഭമാക്കുന്നത് ബ്രഹ്മപുത്ര നദിയാണ്. അസമിസാണു ദേശിയ ഭാഷയെങ്കിലും,ബോറോ, ഹിന്ദി, ബോഡോ, തിവാ, ബംഗോളി ഉള്‍പെടെ ഓരോ ട്രൈബലിനും ഔദ്യോഗികഭാഷകള്‍ ഉണ്ട്.
സിമലുഗുരി ബത്താറാം തിരുഹൃദയ ദേവാലയ സന്ദര്‍ശനം
‘ഒരുമിച്ചു നടക്കുക, പ്രവര്‍ത്തിക്കുക’ എന്ന ആപ്തവാക്യവുമായി വിദ്യാഭ്യാസവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ലക്ഷ്യമാക്കി രൂപംകൊണ്ട ബത്താറാം മിഷന് ഇന്ത്യയിലുള്ള ഏക അവകേന്ദ്രമാണ് സിമലുഗുരിയിലേത്. കോണ്‍വെന്റിന്റെ അധികം അകലെയല്ലാതെ ബത്താറാം തിരുഹൃദയ ദേവാലയം, തൊട്ടടുത്ത് 200-ലധികം വിദ്യാര്‍ഥികളുമായി സേക്രഡ് ഹാര്‍ട്ട് സ്കൂള്‍. ഈ ദേവാലയത്തിനു കീഴിലുള്ള മറ്റു വില്ലേജുകളും സന്ദര്‍ശിക്കാനായി നാലുമണിക്കു പുറപ്പെട്ടു. എല്ലാം ഭംഗിയായി ക്രമീകരിച്ചിരിക്കുന്നു. പോണേല് ഇടവകയില്‍ നിന്നു ലഭിച്ച ധനസഹായം കൊണ്ടുകൂടിയാണ് ഈ ദേവാലയനിര്‍മ്മാണം പൂര്‍ത്തിയാക്കാനായത് എന്ന് കൃതജ്ഞതയോടെ വികാരി ഫാ.സതീഷ് പോള്‍ രാജ് പറഞ്ഞു. ഗ്രാമങ്ങളിലെ ഭവനസന്ദര്‍ശനം, സാമൂഹ്യസേവനം, അധ്യാപനം തുടങ്ങിയവയില്‍ വ്യാപൃതരായ സിസ്റ്റര്‍മാരുടെ സേവനം ഇടവക പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകരമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കിണറില്‍ നിന്നും വെള്ളമെടുക്കുന്ന മോട്ടോര്‍ പമ്പ് ഏതാനും മാസങ്ങളായി കേടായിക്കിടക്കുന്നതുകൊണ്ട് പള്ളിയിലും സ്കൂളിലും ജലക്ഷാമമാണെന്ന് സംഭാഷണത്തിനിടെ സതീഷച്ചന് പറഞ്ഞത് സംഘാംഗങ്ങള്‍ ഹിലാരിക്കും ഫ്രാന്‍സിസ് തോപ്പിലിനും കത്തി!
സന്ധ്യയോടടുത്തെങ്കിലും ജോര്‍ജച്ചന്റെ പ്രോത്സാഹനം കൂടിയായപ്പോള്‍ മോട്ടോര്‍ അഴിച്ചു പരിശോധന, സാധനങ്ങള്‍ വാങ്ങല്‍ മുതലായവയില്‍ മുഴുകിയ അവര്‍ക്കു പിന്തുണയുമായി മാര്‍ച്ച് 19-ലെ യൗസേപ്പിതാവിന്റെ നേര്ച്ചക്കൂട്ടായ്മയെ അനുസ്മരിപ്പിക്കും വിധം സംഘാംഗങ്ങളും സഹായിച്ച ഒരു ശ്രമദാനം! നേരം ഇരുട്ടിയപ്പോള്‍ മൊബൈലുകളുടെ പ്രകാശത്തില്‍പോലും തുടര്‍ന്ന പ്രയത്നത്തിന് വിജയഭേരിയുമായി ജലനിര്‍ഗമന സന്തോഷവാര്‍ത്ത! സന്ദര്ഭത്തിനൊത്തുണര്ന്നു പ്രവര്‍ത്തിച്ച ഹിലാരിക്കും ഫ്രാന്‍സിസിനും അഭിനന്ദന പ്രവാഹം! ദേവാലയത്തിന്റെ ശ്രദ്ധിക്കപ്പെടുന്ന ഒരു മൂലയില്‍ പൊട്ടിയിരുന്ന ടൈല്‍ ഫ്രാന്‍സിസ് പഷ്ണിപ്പറമ്പിലിന്റെ കരവിരുതിനാല്‍ മാറ്റിയിട്ടു മനോഹരമാക്കിയത് സതീഷച്ചനു വലിയ ആശ്വാസമേകി; ജോര്‍ജച്ചനും സംഘവും ഫ്രാന്‍സിസിനു വലിയമേസ്തിരിപ്പട്ടം ചാര്‍ത്തി!
സ്നേഹൈക്യത്തിന്റെ രാത്രികള്‍
കോണ്‍വെന്റിലെ സിസ്റ്റര്‍ ആനി, സിസ്റ്റര്‍ അസന്ഷ്യ, സിസ്റ്റര്‍ ജെസി എന്നിവര്‍ക്കും അന്തേവാസികളായ കുട്ടികള്‍ക്കുമുള്ള മുറികളൊഴികെ ഉണ്ടായിരുന്ന രണ്ടു മുറികളിലാണ് ഞങ്ങള്‍ക്കു കിടക്കാന്‍ ഇടമൊരുക്കിയിരുന്നത്. അന്തരീക്ഷ ഊഷ്മാവ് 11ഡിഗ്രി, വായ്തുറന്നാല്‍ പുക വരും! നിലത്തു വിരിച്ച പായയ്ക്കു മുകളില്‍ കമ്പിളിപ്പുതപ്പു വിരിച്ച് അതിനു മേലെ നിരനിരയായാണ് കിടന്നതെങ്കിലും, ഒരുമയുടെ തെളിമയില്‍ സുഖനിദ്ര ലഭിച്ച രാത്രികളായിരുന്നു. തണുപ്പൊരു പ്രശ്നമല്ല എന്നു പ്രഖ്യാപിച്ച് മുറിക്കുപുറത്തെ വിശാലമായ അകത്തളത്ത് അന്തിയുറങ്ങി, രണ്ടുപേര്‍. മുറിയിലെ പ്രവര്‍ത്തിക്കാതിരുന്ന ഹീറ്റര്‍ ഹിലാരിയും ദേവസിയും ഇടപെട്ടു ശരിയാക്കിയതിനാല്‍ വെള്ളം ചൂടാക്കുന്നതില്‍ നിന്ന് സിസ്റ്റര്‍മാര്‍ക്കും ആശ്വാസം.
തിരുഹൃദയ ഇടവക, ബത്താറാം
ദീര്‍ഘദൂരത്തു ചിതറിക്കിടക്കുന്ന 300-ലധികം കുടുംബങ്ങളും 1400-ലധികം കത്തോലിക്ക സഭാംഗങ്ങളുമായി ഗോഹട്ടി അതിരൂപതയുടെ കീഴിലുള്ള സിമലുഗുരി തിരുഹൃദയ ദേവാലയത്തിന് എട്ടു സബ്സ്റ്റേഷനുകള്‍. ഗ്രാമപ്രദേശങ്ങളില്‍ സഭാംഗങ്ങള്‍ ചെറു സമൂഹങ്ങളായി വസിക്കുന്നു.
ഓരോ ഗ്രാമത്തിലേക്കും എത്തിപ്പെടാന്‍ പതിനഞ്ചു മുതല്‍ മുപ്പതു കിലോമീറ്റര്‍ വരെ സഞ്ചരിക്കണം എന്നറിയുമ്പോഴാണ് അവിടത്തെ ജനങ്ങളുടെ വിശ്വാസത്തിന്റെ ആഴം നാം തിരിച്ചറിയുന്നത്. വ്യത്യസ്ഥതകള്‍ ഏറെയുണ്ട് ഈ സമൂഹത്തിന്. ഗാരോ, ആദിവാസി, തിവാ എന്നീ ഭാഷകള്‍ സംസാരിക്കുന്ന ഗോത്ര വര്‍ഗങ്ങള്‍. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു ജീവിക്കാന്‍ പെടാപ്പാടു പെടുന്ന വടക്കുകിഴക്കന്‍ പ്രദേശങ്ങളിലെ വിവിധ ഗോത്രവര്‍ഗ്ഗങ്ങളായ ഗാരോ, ആദിവാസി, കര്‍ബി, തിവ, ബോഡോ, ബോറോ, ബഹ്ബിഗ് തുടങ്ങിയ വിഭാഗങ്ങള്‍ക്കിടയില്‍ വചനപ്രഘോഷണ ദൗത്യം അതിവിശിഷ്ടവും വ്യതിരിക്തവുമായി ഗോത്രപരമായ വ്യത്യസ്ത സാംസ്കാരിക അനുരൂപണ സ്വീകാര്യതയിലേക്ക് എത്തിക്കാന്‍, അവരുടെ ആധ്യാത്മികവും സാമൂഹികവുമായ അഭിവൃദ്ധിയും ശാക്തീകരണവും ലക്ഷ്യമാക്കി അവരെ ഒരുമിച്ചു ചേര്‍ക്കാന്‍ അക്ഷീണ പരിശ്രമം ആവശ്യമാണെന്ന് ഇടവക വികാരി കര്‍ണാടക സ്വദേശി സതീഷ് പോള്‍രാജ് അച്ചന്റെയും സഹവികാരി കേരളത്തിലെ അഖില്‍ ജോസഫ് തൈക്കൂട്ടത്തിലച്ചന്റെയും സിസ്റ്റര്‍ ആനി കുറുപ്പത്തിന്റെയും സാക്ഷ്യം.
അസമില്‍ കണ്ട ചില പ്രത്യേകതകള്‍
ഡോണ്‍ബോസ്കോ സഭയാണ് മിഷന് പ്രവര്‍ത്തനത്തിന് അസമില്‍ തുടക്കമിട്ടത് എന്നതിനാല്‍ ക്രിസ്ത്യന്‍ സ്കൂളുകളെല്ലാം അറിയപ്പെടുന്നത് ഡോണ്‍ബോസ്കോ സ്കൂള്‍ എന്നാണ്. വെള്ളപ്പൊക്കം സാധാരണമാണ് ഇവിടെ. പരിസര സംസ്ഥാനങ്ങളില്‍ എവിടെ മഴപെയ്താലും വെള്ളം ഇവിടെ എത്തും. അതുകൊണ്ട് വീടുകള്‍ പലതും താല്‍ക്കാലിക ഷെഡ്ഡുകളാണ്. വര്‍ഷകാലമാകുമ്പോള്‍ ഗ്രാമവാസികള്‍ ദേവാലയങ്ങള്‍ പോലുള്ള പൊതുസ്ഥലങ്ങളിലേക്കു പോകും. വിവാഹിതരാകാന്‍ തീരുമാനിച്ച പെണ്ണും ചെറുക്കനും കുറേക്കാലം പെണ്ണിന്റെ വീട്ടില്‍ ഒരുമിച്ചു ജീവിച്ചതിനു ശേഷമാണ് ഔദ്യോഗികമായ വിവാഹം. എല്ലാ വീടിനോടുമൊപ്പം മീന്‍വളര്‍ത്തു കേന്ദ്രങ്ങള്‍, ചെറു കുളങ്ങള്‍. വീട് ഉയര്‍ത്തി വയ്ക്കാന്‍ മണ്ണ് എടുക്കുന്നതു കൊണ്ട് അത് മീന്‍ വളര്‍ത്താനുള്ള ഇടമായി അവര്‍ ഉപയോഗിക്കുന്നു.
കഠിനാധ്വാനം ചെയ്യുന്ന അവരുടെ ഭക്ഷണശീലവും വ്യത്യസ്ഥം. പ്രഭാത ഭക്ഷണം രാവിലെ 11ന്, ചോറിന്റെ മണം പിടിച്ച് ആനയിറങ്ങുന്നതുകൊണ്ട് അത്താഴം ആറു മണിക്കു മുമ്പു കഴിക്കും. നെല്‍കൃഷി, തെങ്ങിന് തോപ്പുകള്‍, കവുങ്ങിന് തോട്ടങ്ങള്‍, പച്ചക്കറി, പഴത്തോട്ടങ്ങള്‍ മുതലായവയാണ് പ്രധാന തൊഴില്‍ മേഖലകള്‍. അടയ്ക്കാമരങ്ങളുടെ നാടാണ് അസം. നൂറുകണക്കിന് അടയ്ക്കാമരങ്ങള്‍ അടുത്തടുത്ത് പഴുത്ത കുലകളുമായി നില്ക്കുന്ന കാഴ്ച അതിമനോഹരം. അടയ്ക്കാ പറിച്ച് കയറ്റി അയക്കുന്നതിലൂടെ സംസ്ഥാനത്തിന് ഗണ്യമായ വരുമാനം.
വൈദ്യുതി, ബസ് ചാര്‍ജ് എന്നിവ താങ്ങാവുന്നതിലും അപ്പുറമാണ്, ഗ്രാമവാസികള്‍ക്ക്. നിര്‍മാണ സാമഗ്രികള്‍ എത്തിക്കുന്നത് അറുപതും എഴുപതും കിലോമീറ്ററുകള്‍ക്കകലെ നിന്നായതിനാല്‍ ഏതുതരത്തിലുള്ള നിര്‍മിതികള്‍ക്കും ചിലവു കൂടും. വിരലിലെണ്ണാവുന്ന ബസുകള്‍. അധികാരികളുടെ അവഗണനയ്ക്കെതിരേ പ്രതിഷേധിക്കുന്ന കര്‍ബി അലോണ്‍- പുതിയ സംസ്ഥാനം വേണമെന്ന മുറവിളി ഉയരുന്നത് അധികാരവര്ഗത്തിന് അധികനാള്‍ അവഗണിക്കാനാവില്ല.
സിമലുഗുരി പ്രമീള പ്രദേശത്തെ പ്രധാന വീഥിയിലൂടെ നടത്തിയ പ്രഭാത യാത്ര ഓര്‍മ്മയില്‍ തങ്ങുന്നതായി. ഒരുകൂട്ടര്‍ നടന്നുപോയെങ്കില്‍ മറ്റൊരു കൂട്ടര് ഓട്ടോറിക്ഷയിലാണ് കയറിയത്. രണ്ടുതരം ഓട്ടോകള്‍, ഒന്ന് നമ്മുടെ നാട്ടിലെപ്പോലെ, മറ്റൊന്ന് ടോം ടോം എന്നറിയപ്പെടുന്ന വൈദ്യുതി ഓട്ടോകള്‍. ഒരു ഓട്ടോയില്‍ ഏഴുപേര്‍ കിലോമീറ്ററുകള്‍ യാത്രചെയ്തെങ്കിലും ഓട്ടോച്ചാര്‍ജ് വെറും പത്തുരൂപ! കൂടുതല്‍ കൊടുത്തെങ്കിലും ഡ്രൈവര്‍ വാങ്ങിയില്ല. സിങ്കിമാരി, സിമലുഗുരി മാര്‍ക്കറ്റുകളില്‍ എസ്ബിഐ, പഞ്ചാബ് നാഷനല്‍ ബാങ്ക് തുടങ്ങിവയുടെ സാന്നിധ്യം.
സിമലുഗുരി മാര്‍ക്കറ്റില്‍ ചായക്കട നടത്തുന്ന അബ്ദുള്‍ നാസറിന്റെ കടയില്‍ കയറി. ചെറിയ ഗ്ലാസിലാണ് ചായ, എട്ടുപേര്‍ കുടിച്ചു. കേരളത്തില്‍ നിന്നാണെന്നു പറഞ്ഞപ്പോള്‍ അയാള്‍ പൈസ വാങ്ങില്ല എന്നു ശഠിച്ചു. ഞങ്ങള്‍ നിര്‍ബന്ധമായി പൈസ ഏല്പിക്കാനൊരുങ്ങിയപ്പോള് അടുത്തുണ്ടായിരുന്ന ചില ആസാമികളും എത്തി ഒരു കാരണവശാലും പൈസ വാങ്ങരുതെന്ന് അയാളോടു പറഞ്ഞതിനാല്‍ പൈസ കൊടുക്കാനുള്ള ശ്രമം വിഫലമായി. പൈസ വാങ്ങാത്തത് ശരിയായില്ല എന്ന് നെല്‍സണ്‍ വീണ്ടും പറഞ്ഞപ്പോഴാണ് അതിന്റെ കാരണം അയാള്‍ വ്യക്തമാക്കിയത്. ഞങ്ങള്‍ അവരുടെ അതിഥികളാണ്; അവരുടെ വേണ്ടപ്പെട്ടവര്‍ പലരും കേരളത്തില്‍ ജോലിചെയ്യുന്നു, അവരുടെ വരുമാനം കൊണ്ടാണ് വീടുപുലരുന്നത്!
ഞങ്ങളുടെ സംസാരം കേട്ടുകൊണ്ടു വന്ന പെരുമ്പാവൂര്‍ കിന്‍സ് ബേക്കറിയില്‍ ജോലി ചെയ്യുന്ന ബഹാറുള്‍ ഇസ്ലാം സംഭാഷണത്തില്‍ പങ്കുചേര്‍ന്നു. കുടുംബസമേതം 8 വര്‍ഷമായി അയാള്‍ പെരുമ്പാവൂരില്‍ താമസിക്കുന്നു, ലീവീല് നാട്ടിലെത്തിയതാണ്. മാര്‍ക്കറ്റിനടുത്തുള്ള അയാളുടെ വീട്ടില്‍ ഒന്നു കയറണമെന്ന സ്നേഹപൂര്‍ണമായ ക്ഷണം സ്വീകരിച്ചു. അയാളുടെ അഞ്ചു വയസ്സുകാരി മകള്‍ ആരിഫ ഹസൂറുമൊത്ത് കാടിനരികിലെ ഗ്രാമത്തിലെ മണ്ണുവഴിയിലൂടെ നടന്നു നീങ്ങിയപ്പോള്‍ അര നൂറ്റാണ്ടിനപ്പുറമുള്ള പോണേക്കരയുടെ ഓര്‍മകള്‍. മതിലുകളില്ല, അതിരുകളില്ല, ഏതു വീട്ടിലൂടെയും സഞ്ചരിക്കാം, റോഡിനരികില്‍ മാത്രം ശീമക്കൊന്ന വളര്‍ത്തി ഇല്ലിമുളയും അടയ്ക്കാമരവും നീളത്തില്‍ പൊളിച്ചു വാരികളാക്കി ഓലത്തലപ്പുകൊണ്ടു മറച്ചുകെട്ടിയ വേലികള്‍ അതിരുകളാകുന്നു. അങ്ങിനെ അയാളുടെ വീട്ടിലെത്തിയപ്പോള്‍ ഞങ്ങളെ വരവേല്‍ക്കാന്‍ അയല്‍വാസികളടങ്ങിയ ഒരു സംഘം!

വീട്ടുമുറ്റത്തു കുഴിയുണ്ടാക്കി മുകളിലേക്ക് മണ്ചെളികൊണ്ടു മെഴുകിയുണ്ടാക്കിയ അടുപ്പില്‍ വീട്ടമ്മ വിറക് ഉപയോഗിച്ചു പാചകം ചെയ്തുകൊണ്ടിരുന്ന ഒരു അലൂമിനിയപ്പാത്രത്തില്‍ കോഴിക്കറി തിളയ്ക്കുന്നതു നോക്കിയപ്പോള്‍ അയാള്‍ പറഞ്ഞു ‘ഇതു കഴിച്ചിട്ടേ പോകാവൂ’. ലോറന്‍സും ദേവസിയും അടുപ്പിലെ തീകൂട്ടലില് പങ്കുചേര്‍ന്നുകൊണ്ട് ക്ഷണം നിരസിച്ചു, ഉടനെ ബഹുവര്ണനിറങ്ങളിലുള്ള ഒരു മധുരപ്പലഹാരം, കപ്പലണ്ടി വറുത്തത്, കായ വറുത്തത് തുടങ്ങിയവയും കട്ടന്‍ കാപ്പിയും എത്തിക്കഴിഞ്ഞു. കൂടെയുണ്ടായിരുന്ന മറ്റേ സംഘം സിമലുഗുരിയിലേക്കു പോയിരുന്നതിനാല്‍ ഞങ്ങള്‍ തിരക്കു കൂട്ടി. ഫോട്ടോയെടുത്തും കുശലം പറഞ്ഞും ഏതാനും സമയം.
സമയമുണ്ടായിരുന്നെങ്കില്‍ കാട്ടില്‍ പോകാമായിരുന്നു എന്ന് ബഹാറുള്‍ പറഞ്ഞു. ടേപ്പുറെക്കോര്ഡറിലെ പാട്ടിനൊപ്പിച്ച് അയാളുടെ മകള്‍ ആരിഫ് ഹസൂര്‍ എന്ന കൊച്ചുമിടുക്കിയുടെ ഡാന്‍സും ആസ്വദിച്ച് മടങ്ങിയ സംഘത്തെ എളുപ്പവഴിയിലൂടെ സിമലുഗുരിയിലെത്തിക്കാന് ഒരു കുട്ടിയെ നിയോഗിച്ചു, ബഹാറുള്‍. വീണ്ടും കുട്ടിക്കാല ഓര്‍മ്മകളിലേക്കു പോയി, എല്ലാവരും. വീതിയുള്ള തോടിനു കുറുകെ ചെറിയ ഒരു മരത്തടി കൊണ്ടുള്ള ഒറ്റയടിപ്പാലം, കൈ പിടിക്കാന്‍ പാകത്തില്‍ ഒരു കയറും കെട്ടിയിരിക്കുന്നു. കൂടെ വന്നയാള്‍ നിത്യാഭ്യാസിയായതിനാല് തടിയിലൂടെ അതിവേഗം ചുവടുവച്ചു മറുകരെ കടന്നു. തുടര്‍ന്ന് പഴയ ഓര്‍മകളുടെ പിന്‍ബലത്തില്‍ ഓരോരുത്തരും ഊഴമനുസരിച്ചു കയറില്‍ പിടിച്ചു. കാലുതെറ്റുകയോ, കയറിലെ പിടിവിടുകയോ ചെയ്താല്‍… ദൈവാനുഗ്രഹത്താല്‍ കയറില്‍പിടിച്ച് ഓരോരുത്തരായി ശ്രദ്ധയോടെ സാവധാനം തോടുകടന്നു. .
തിരുക്കുടുംബ ദേവാലയം ബോര്‍പാനി
ബോര്പാനിയിലെ തിരുക്കുടുംബ ദേവാലയത്തില്‍ ബഗാനിയ ഗ്രാമക്കൂട്ടായ്മയിലേക്കായിരുന്നു ആദ്യ യാത്ര. ഞങ്ങളുടെ വരവിനായി ജനങ്ങള്‍ കാത്തുനിന്നു. ‘ജെയ് ജസുഭ എന്ന് അഭിവാദ്യം നല്കി ഗംഭീരമായ സ്വീകരണം. ദേവാലയത്തില്‍ യുവജനങ്ങളുടെ നേതൃത്വത്തില്‍ കുരിശിന്റെ വഴിയിലൂടെ യേശു ചൈതന്യത്തിന്റെ ഒരു തീര്‍ഥയാത്ര! തേയിലത്തോട്ടത്തില്‍ ജോലിചെയ്യുന്ന നിരവധി പേര്, തലമുറകളായി താമസം. കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങള്‍ക്കും നാട്ടുസമ്പന്നരുടെ ചൂഷണങ്ങള്‍ക്കും വിധേയമാകുന്നവര്‍. പോസ്റ്റുഗ്രാജ്വേറ്റുകള് വരെയുള്ള സമൂഹം, പക്ഷെ പത്രവായനയില്ല. ജോലി ലഭിക്കാന്‍ സര്‍ക്കാര്‍ പരസ്യം നോക്കണമെന്നും അപേക്ഷ സമര്‍പ്പിക്കണമെന്നും പലര്‍ക്കും അറിയില്ല. ഏറ്റവും അടുത്തുള്ള വായനശാലയില്‍ പോയി പത്രവായന ആരംഭിക്കാമെന്നും പരസ്യത്തില്‍ കാണുന്ന ജോലിക്ക് അപേക്ഷിക്കാമെന്നും വിദ്യാസമ്പന്നരായ രണ്ടുപേര്‍ സമ്മതം മൂളിയത് ഓര്‍മ്മകളില്‍…
സെന്റ് മേരീസ് ദേവാലയം, ഡാന്‍സില
ഡാന്‍സില എന്ന ഗാരോ ഗോത്ര ഗ്രാമക്കൂട്ടായ്മയിലെ സെന്റ് മേരീസ് ദേവാലയത്തിലേക്കായിരുന്നു അടുത്ത യാത്ര. ‘ജസു നരസോങ്ങ്ഭ എന്നാണ് അവരുടെ അഭിവാദ്യം. 30കിലോമീറ്ററോളം നീണ്ട യാത്രയ്ക്കൊടുവില്‍ എത്തിച്ചേര്‍ന്നപ്പോള്‍ സമയം സന്ധ്യയോടടുക്കുന്നു. ദൂരം വളരെ കൂടുതലായതിനാല്‍ വൈദികര്‍ക്ക് ഞായറാഴ്ചകളില്‍ രണ്ടു കേന്ദ്രങ്ങളില്‍ മാത്രമേ എത്താന്‍ കഴിയൂ. അതിനാല്‍ വൈദികരുടെ അഭാവത്തില്‍ ദേവാലയത്തില്‍ ദിവ്യബലി ഒഴികെയുള്ള മറ്റു പ്രാര്‍ഥനകള്‍ക്കും വിശ്വാസപരിശീലനം തുടങ്ങിയവയ്ക്കും നേതൃത്വം കൊടുക്കുന്നതിനും അവിടുത്തെ കാര്യങ്ങള്‍ ചെയ്യുന്നതിനും പ്രചാര്മാരെ (Catecuminate) നിയോഗിച്ചിരിക്കുന്നു.
വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ ക്രിസ്തുമതം പ്രഘോഷിച്ച പതിനാറാം നൂറ്റാണ്ടില്‍ തമിഴ്നാടു-കേരള തീരങ്ങളില്‍ ഇത്തരം വ്യക്തികളെ ഓരോ കേന്ദ്രങ്ങളിലും നിയമിച്ചിരുന്നു എന്ന ചരിത്ര പുനരാഖ്യാനം പോലെ. എട്ടു പള്ളികളിലെയും പ്രചാര്മാരുടെ ലീഡര്‍ മുഖ്യ പ്രചാര്‍ പത്രാ സ്മുഡായും പ്രതിനിധികളും ഞങ്ങളെ വരവേറ്റു. ജോര്‍ജ് കുറുപ്പത്തച്ചന് കേന്ദ്രക്കമ്മിറ്റി ലീഡര്‍ ലോറന്‍സിനെ മുഖ്യ പ്രചാറിനു പരിചയപ്പെടുത്തി ‘ഹമാരാ മുഖ്യ പ്രചാര്‍’.
സന്ധ്യയായിട്ടും വെളിച്ചം വരാത്തതിനാല്‍ അന്വേഷിച്ചപ്പോള്‍ മനസ്സിലായി, വൈദ്യുതിച്ചാര്‍ജ് താങ്ങാന്‍ കഴിയാത്തതിനാല്‍ സ്ഥിരമായ വൈദ്യുതി കണക്ഷന് പലര്‍ക്കും ലഭിക്കാറില്ലെന്ന്. ‘കുറുക്കുവിദ്യ’ ഉപയോഗിച്ച് ലൈറ്റു കത്തിക്കുന്ന സംവിധാനം സുലഭമാണ് അസമില്‍.
ബോര്ബില് സെന്റ് ആന്റണീസ് ദേവാലയത്തിനു തറക്കല്ലിടല്‍
അസം യാത്രയിലെ സുപ്രധാനമായ ഒരു മിഷന് പ്രവര്‍ത്തനത്തിന് തുടക്കമിടാനൊരുങ്ങുന്നതിന്റെ ചാരിതാര്‍ഥ്യവുമായി ബോറോ ഗോത്രഗ്രാമത്തിലേക്ക് 30 കിലോമീറ്റര്‍ നീളുന്ന യാത്ര. പോണേല് ഇടവക വികാരി ജോര്‍ജ് കുറുപ്പത്തച്ചന്റെ നേതൃത്വത്തില്‍ കേന്ദ്ര സമിതിയുടെ ശക്തമായ പ്രവര്‍ത്തനം മൂലം കുടുംബയൂണിറ്റുകള്‍ വഴി ഓരോ ഭവനങ്ങളില്‍ നിന്നും ശേഖരിച്ച ഉപയോഗയോഗ്യമല്ലാതിരുന്ന സാധനങ്ങള്‍ വിറ്റ് ലക്ഷത്തിലധികം രൂപ സമ്പാദിച്ച അഭിമാന ലക്ഷ്യ പൂര്‍ത്തീകരണം നടക്കാന്‍ പോകുന്നതിന്റെ ആഹ്ളാദം ഓരോ അംഗത്തിനും പുത്തന്‍ ഉണര്‍വു പകര്‍ന്നു.
ഇടവകജനങ്ങളില്‍ നിന്നും ശേഖരിച്ച തുകകൊണ്ട് പുതിയൊരു ദേവാലയത്തിന് തുടക്കമിടുന്നു എന്നത് ദൈവാനുഗ്രഹത്തിന്റെ നേര്‍സാക്ഷ്യം. ‘ജസു നരസോങ്ങ്ഭ അഭിവാദ്യത്തോടെ സ്വീകരണം. താല്‍ക്കാലിക ഷെഡ്ഡില്‍ ജോര്‍ജച്ചനും ബത്താറാം ഇടവക വികാരി സതീഷച്ചനും ചേര്‍ന്ന് അര്‍പ്പിക്കപ്പെട്ട ദിവ്യബലിക്കുശേഷം ശിലാസ്ഥാപനം! ജോര്‍ജ് കുറുപ്പത്തച്ചനും സതീഷച്ചനും ചേര്‍ന്ന് മഹത്തായ ആ കര്‍മ്മത്തിനു തുടക്കമിട്ട നിമിഷം, അച്ചന് മാത്രമല്ല, സിസ്റ്റര്മാര്, സംഘാംഗങ്ങള്‍ ഓരോരുത്തരും അവിടെയുണ്ടായിരുന്ന മറ്റ് ആളുകളും അല്പാല്പമായി തറക്കല്ലിലേക്കു സിമന്റിട്ടപ്പോള് അത് കൂട്ടായ്മയുടെ മറ്റൊരധ്യായ രചനയായി.
തുടര്‍ന്ന് സമീപത്തുള്ള ഇടവകാംഗത്തിന്റെ ഭവനത്തില്‍ ഉച്ചഭക്ഷണം. അവിടെയും രസകരമായ കാര്യങ്ങള്‍! സല്‍ക്കാര രീതികള്‍ക്ക് ഒട്ടും പിന്നോട്ടല്ല തങ്ങളെന്ന് വിളിച്ചോതും വിധമുള്ള സ്വീകരണമൊരുക്കി ബോര്ബില് നിവാസികള്‍. പ്രിയംകര ഭക്ഷണമായ പോര്ക്കുകറി അവരുടെ അവിഭാജ്യ ഘടകമാണ്. പാചകരീതിയില്‍ ചില വ്യത്യസ്ഥതകള്‍, പച്ചിലകള്‍ വറുത്തരച്ച് ഇറച്ചിയില്‍ പുരട്ടി വേവിക്കുന്നതിനാല്‍ കറുത്തിരുണ്ടിരിക്കുമെങ്കിലും രുചിയേറിയ ഭക്ഷണം ഏവരും ആസ്വദിച്ചു കഴിച്ചു.
മൃതദേഹ സംസ്കാരത്തിന് പ്രത്യേക സിമിത്തേരികളില്ല. വീടുകള്‍ ഉള്‍പ്പെടെ എല്ലായിടവും പൊതുസ്ഥലങ്ങള്‍. ആര്‍ക്കും എവിടെക്കൂടി വേണമെങ്കിലും നടക്കാം.
ഭക്ഷണം കഴിഞ്ഞ് ആബാലവൃദ്ധം ജനങ്ങളും ചെറു സംഘങ്ങളായി ഓരോ സ്ഥലങ്ങളില്‍ ചേര്‍ന്നിരുന്നു വര്‍ത്തമാനം പറയുന്നതു കണ്ടപ്പോള്‍ കേരളക്കരയിലും കൊച്ചിയിലും, പോണേക്കരയില്‍ പ്രത്യേകമായും കണ്ടിട്ടുള്ള അര നൂറ്റാണ്ടിനു മുമ്പുള്ള നിരവധി നാട്ടു പാരമ്പര്യ സ്മരണകള്‍! 22 കത്തോലിക്കാ കുടുംബങ്ങളാണ് ബോര്ബില് ഗ്രാമത്തിലുള്ളത്. അടുത്ത മഴക്കാലത്ത് വെള്ളം പൊങ്ങുമ്പോള്‍ തങ്ങളുടെ സംരക്ഷണത്തിനായി പുതിയ ദേവാലയമുണ്ടാകും എന്ന വിശ്വാസവുമായി ലക്ഷ്യബോധത്തോടെ മുന്നോട്ടുനീങ്ങിയ ജനതയുടെ ആവശ്യം സര്‍വേശ്വരസന്നിധിയില്‍ സ്വീകാര്യമായി; മാസങ്ങള്‍ക്കുശേഷം ദേവാലയ ആശീര്‍വാദം നടത്തപ്പെട്ടു.
2024 ഫെബ്രുവരി 25 ഞായറാഴ്ച രാവിലെ ജോര്‍ജച്ചന്റെ കാര്‍മ്മികത്വത്തില്‍ കോണ്‍വെന്റ് ചാപ്പലില്‍ മലയാളത്തില്‍ ദിവ്യബലി, ആരാധന, അടുത്ത ദിവസം നടക്കുന്ന തിരുഹൃദയ ദേവാലയത്തിന്റെ ആശീര്‍വാദകര്‍മ്മങ്ങള്‍ ഏറ്റവും ഭംഗിയായി നടക്കാന്‍ അര്‍ഥനകള്‍.
അങ്ങിനെയും ഒരു ബസാര്‍
ഞായറാഴ്ച മാത്രം തുറക്കുന്ന സിംഗിമാരി ബസാറിലേക്ക് സിമലുഗുരിയില്നിന്നും നാലു കിലോമീറ്റര്‍. ഉച്ചകഴിഞ്ഞ് സംഘാംഗങ്ങള്‍ ഓട്ടോകളില്‍ ബസാറിലേക്ക് ഒരു ഓട്ടപ്രദക്ഷിണം നടത്തി. പഴം, പച്ചക്കറി, മത്സ്യ മാംസാദികള്‍, കൃഷിക്കുവേണ്ട പണിയായുധങ്ങള്‍ എന്നുവേണ്ട, ഉപ്പു തൊട്ടു കര്‍പ്പുരംവരെ എല്ലാം ലഭ്യമാണ്. ഓരോ ഉല്പന്നങ്ങള്ക്കും പ്രത്യേകമായ കടകള്‍. ഒരു കടയില്‍ നീളമുള്ള പുകയില, വെറ്റില, അടയ്ക്ക തുടങ്ങിയ ഉല്പന്നങ്ങള് നിരത്തിവച്ചിരിക്കുന്നു. പണ്ടുകാലത്ത് കേരളത്തില്‍ നിന്നും നിരവധിപേര്‍ അസമില്‍ ജോലിക്കു പോയിരുന്നതായും, അവരെല്ലാം ലീവെടുത്തു നാട്ടിലേക്കു വരുമ്പോള്‍ അക്കാലത്തെ പ്രധാന ശീലമായിരുന്ന വെറ്റില മുറുക്കാന്‍ ഉപയോഗിച്ചിരുന്ന മൂല്യവര്‍ധിത ഉല്പന്നമായ നീളമുള്ള ചിപ്പന്‍ പുകയില കൊണ്ടുവരുമായിരുന്നു എന്നും പഴമക്കാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്.
തിരുഹൃദയ ദേവാലയ ആശീര്‍വാദം,
സിമലുഗുരി നിവാസികള്‍ക്ക് ഉത്സവ ദിനം.
2024 ഫെബ്രുവരി 26, അതിരാവിലെ എല്ലാവരും ഒരുങ്ങി. ഗോഹട്ടി മെത്രാപ്പോലീത്ത മലയാളിയായ ജോണ്‍ മൂലച്ചിറയെ വരവേല്‍ക്കാന്‍ ഗ്രാമവാസികളൊന്നാകെ ഉത്സവാരവത്തോടെ അതിരാവിലെ മുതല്‍ എത്തിത്തുടങ്ങി. ബാന്‍ഡുമേളങ്ങള്‍, വാഹനവ്യൂഹം, വാദ്യമേളങ്ങളുടെ അകമ്പടിയില്‍ പരമ്പരാഗതമായ വേഷഭൂഷാദികളോടെ നൃത്തനൃത്യങ്ങള്‍, കൊടിയേന്തിയവര്, വിവിഐപികള്‍, പ്രദേശത്തെ മുഴുവന്‍ ജനങ്ങളും ജാതിമതഭേദമെന്യേ അണിനിരന്ന ഘോഷയാത്രയ്ക്കൊടുവില്‍ മെത്രാനും മറ്റ് അതിഥികളും സാവധാനം നടന്നുനീങ്ങിയത് അസമില്‍ കത്തോലിക്കാസഭയുടെ സ്വാധീനവും സ്വീകാര്യതയും വ്യക്തമാക്കുന്നതായി. സ്വീകരണം ഗംഭീരമെങ്കിലും ലാളിത്യത്തിന്റെ ആള്‍രൂപമാണ് ജോണ്‍ മൂലച്ചിറ ബിഷപ്. സ്വീകരണ ചടങ്ങിനു ശേഷം അദ്ദേഹത്തെ സന്ദര്‍ശിച്ച് ദേവാലയ നിര്‍മ്മാണത്തിന് പോണേല് ഇടവകയില്‍ നിന്നും സമാഹരിച്ചിരുന്ന തുക ജോര്ജച്ചന് സതീഷച്ചനു കൈമാറിയതിനു സാക്ഷ്യം വഹിച്ച് സംഘാംഗങ്ങളും. തുടര്‍ന്ന് ഭക്തിസാന്ദ്രമായ സമൂഹബലി. പരമ്പരാഗതമായ ഗോത്രവസ്ത്രങ്ങളണിഞ്ഞു നൃത്തച്ചുവടുകള്‍ വച്ച്, ഗാനങ്ങള്‍ ആലപിച്ച് യുവജനങ്ങള്‍ ഭക്തകര്മങ്ങള്ക്കു കൊഴുപ്പേകി.

തിരുക്കര്‍മങ്ങള്‍ അവസാനിച്ചയുടന്‍ തിരുവസ്ത്രം മാറി ജോണ്‍ മൂലച്ചിറ ബിഷപ് ജനങ്ങളുടെ അടുത്തേക്കു വന്നു. ഓരോരുത്തരോടും കുശലം പറഞ്ഞ് അവരിലൊരാളായി അദ്ദേഹം. അവര്‍ അദ്ദേഹത്തെ ഷാളുകളണിയിച്ചു, പൂക്കള്‍ കൈമാറി. സതീഷച്ചനോടും ജോര്ജച്ചനോടും സിസ്റ്റര്‍ ആനിയോടുമൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്ത അദ്ദേഹം ജോര്‍ജച്ചനെ ഒരു കിരീടമണിയിച്ചു. തുടര്‍ന്ന് ഞങ്ങളുമൊത്ത് ഫോട്ടോ. എനിക്ക് ഷാള്‍ ഇല്ലെന്നുകണ്ട് അദ്ദേഹത്തിന്റെ ഷാള്‍ എന്നെ അണിയിച്ച നിമിഷം അതിധന്യം!
ഫര്ഗുറി ഗ്രാമ സന്ദര്‍ശനം
മാര്‍ച്ച് 19 അനുസ്മരിപ്പിക്കും വിധം ജനങ്ങള്‍ ആഘോഷമാക്കി ഗോത്ര രീതിയില്‍ അടുപ്പില്‍ വേവിച്ച നാടന്‍ ഭക്ഷണം ആസ്വദിച്ചു കഴിച്ച സംഘം സിസ്റ്റര്‍ ആനിയുടെ ഉപദേശപ്രകാരം ഉച്ചകഴിഞ്ഞ് പര്‍വതം എന്നര്‍ത്ഥം വരുന്ന ഫര്ഗുറി ഗ്രാമത്തിലേക്ക്. പുഴയ്ക്കു കുറുകേ നീളത്തിലുള്ള പാലത്തിലൂടെ സഞ്ചാരം, പൂത്തുനില്ക്കുന്ന ഇല്ലിക്കാടുകള്‍, വീതിയുള്ള മണ്‍വഴികള്‍, നീണ്ടു പരന്നു കിടക്കുന്ന വയലിനു മേലേ ഉയര്‍ന്നുകാണുന്ന മലകള്‍, ഭംഗിയുള്ള മണ്‍കുടിലുകള്‍, പാടത്തു മേയുന്ന കന്നുകാലികളോടൊപ്പം പോകുന്ന വനിതകള്‍, കുട്ടികളുടെ നാടന്‍ കളികള്‍…അങ്ങിനെ നടന്നു നടന്ന് സേക്രഡ് ഹാര്‍ട്ട് സ്കൂള്‍ വിദ്യാര്‍ഥിനി സൊനാലിയുടെ വീട്ടിലെത്തി. അവിടെയും ലഭിച്ച സ്നേഹപൂര്‍ണമായ സ്വീകരണം ആസ്വദിച്ച സംഘം ഉന്മേഷത്തോടെ തിരികെയെത്തിയപ്പോള്‍ ചന്ദ്രക്കല മാനത്ത് തെളിഞ്ഞുനിന്നു.
അസമിലെ അവസാന ദിനം
പുതിയ ദേവാലയ ആശീര്‍വാദ ശേഷം നടന്ന ആദ്യബലിയില്‍ ജോര്ജച്ചന് മുഖ്യകാര്‍മികനായി. മലയാള ദിവ്യപൂജാ ഗാനങ്ങള്‍ ആലപിച്ചും വായനകളില്‍ പങ്കുകൊണ്ടും ബലിയര്‍പ്പണം സജീവമാക്കി, സംഘാംഗങ്ങള്‍. സതീഷച്ചനും അഖിലച്ചനും, താമസവും ഭക്ഷണവുമൊരുക്കി യാത്ര സഫലമാക്കിയ സിസ്റ്റര്‍ ആനി കുറുപ്പത്തിനും മറ്റു സിസ്റ്റര്‍മാര്‍ക്കും നന്ദിയുടെ വാടാമലരുകള്‍. സതീഷച്ചന്റെ കൈപിടിച്ചു നടക്കുന്ന റെയ്ഖോ ഞങ്ങള്‍ക്കു പ്രിയപ്പെട്ട ഉണ്ണിക്കുട്ടന് ആയി; അവന്റെ പുഞ്ചിരിക്കുന്ന മുഖം എല്ലാവരുടെയും മനസ്സില്‍ തെളിഞ്ഞു നിന്നു.
ഉച്ചഭക്ഷണ ശേഷം സതീഷച്ചന് ഏര്‍പ്പാടുചെയ്തിരുന്ന വാഹനത്തില്‍ പുറപ്പെട്ട് ഏഴുമണിയോടെ ഗോഹട്ടി വിമാനത്താവളത്തില്‍ എത്തി. നായകളുടെ ആവാസകേന്ദ്രമാണ് വിമാനത്താവള പരിസരം. 9.30-നു പുറപ്പെട്ട വിമാനം 12.30-ന് ബംഗളൂരിലെത്തിയെങ്കിലും അവിടത്തെ കൊടും തണുപ്പില്‍ വീണ്ടും കാത്തിരിപ്പ്. ഫെബ്രുവരി 28-ന് ആറുമണിയോടെ നെടുമ്പാശ്ശേരിയില്‍.
ഉപസംഹാരം
ദു:ഖ ദുരിതപൂര്‍ണമായ ജീവിതസാഹചര്യങ്ങളില്‍ അഭയംതേടി ദിനരാത്രങ്ങള്‍ കഴിച്ചു കൂട്ടുന്ന അസമിലെ നേരില്‍ക്കണ്ട ജനമനസുകളില്‍ മായാത്ത, മറയാത്ത ഒരിടം നേടാനായ സംതൃപ്തമായ യാത്രയുടെ ബാക്കിപത്രം സംഘാംഗങ്ങളില്‍ ആവേശത്തിമിര്‍പ്പിന്റെ പൂത്തിരികള്‍ കത്തിച്ച് പ്രഭതൂകി നില്ക്കുന്നു, ഇന്നും.
ജോര്‍ജ്ജ് കുറുപ്പത്തച്ചന്റെ സവിശേഷ നേതൃത്വത്തില്‍ പതിനാലംഗ സംഘം സുരക്ഷിതമായി തിരിച്ചെത്തിയത് ദൈവാനുഗ്രഹ സമൃദ്ധിയുടെ ദൃഷ്ടാന്തം. മറവിയുടെ ചാരംവീണു മൂടിപ്പോകാത്ത സുഖമുള്ള ഓര്‍മ്മകളില്‍ തങ്ങിനില്ക്കാനൊരു യാത്ര, അതാണ് അസം യാത്ര.





