ജെയിംസ് അഗസ്റ്റിൻ
സംഗീതസംവിധായകൻ,ബൈബിൾ പണ്ഡിതൻ,ഗ്രന്ഥകാരൻ,അധ്യാപകൻ,പ്രസംഗകൻ എന്നീ നിലകളിലെല്ലാം ഇന്ത്യയിലെ കത്തോലിക്കാ സഭയിലെ തിളങ്ങുന്ന നക്ഷത്രമായിരുന്നു 2026 ഏപ്രിൽ 2-നു അന്തരിച്ച റവ.ഡോ.ജസ്റ്റിൻ പനക്കൽ.
‘എൻജീവിതമാം ഈ മരക്കൊമ്പിൽ
നിന്റെ വരവിനായി കാത്തിരിപ്പൂ
എൻ നാമമൊന്നു നീ വിളിക്കുവാനായി
ആശയോടെന്നും ഞാൻ പാർത്തിരിപ്പൂ’
റവ.ഡോ.ജസ്റ്റിൻ പനക്കൽ എന്ന ആ നാമത്തിനു വിളി വന്നു. ഒരു പുരോഹിതനു സ്വർഗപ്രവേശനത്തിനു ഉത്തമമായ പൗരോഹിത്യ സ്ഥാപന ദിവസം തന്നെ ജസ്റ്റിനച്ചന് ആ ക്ഷണം ലഭിച്ചു. ജസ്റ്റിനച്ചൻ സംഗീതം നൽകിയ ഈ ഗാനം പാടിക്കൊണ്ടാണ് കെസ്റ്ററും സംഘവും അദ്ദേഹത്തിന് വിട നല്കിയത്.
നാലു പാട്ടുകളുമായി തളിർമാല്യം

1982-ൽ യേശുദാസിന്റെ ഉടമസ്ഥതയിലുള്ള തരംഗിണിയുടെ ആദ്യ ക്രിസ്തീയ ഭക്തിഗാന സമാഹരമായ തളിർമാല്യം പുറത്തിറങ്ങി. ഇതിനു മുൻകൈയെടുത്തത് ജസ്റ്റിനച്ചൻ തന്നെയായിരുന്നു. ജസ്റ്റിനച്ചൻ സംഗീതം നൽകിയ പാട്ടുകൾ കേട്ട യേശുദാസ് ആ പാട്ടുകൾ പാടാൻ തയ്യാറാകുകയായിരുന്നു. നാലു പാട്ടുകൾ ഉള്ള ഇ.പി.റെക്കോർഡ് ആയാണ് ആൽബം വിപണിയിലെത്തുന്നത്.
‘മാനസത്തിൻ മണിവാതിൽ തുറന്നീടാം
ആത്മനാഥൻ മുട്ടിയെന്നെ വിളിക്കുന്നു’
എന്നു തുടങ്ങുന്ന ഗാനമാണ് ആദ്യമായി ചേർത്തിട്ടുള്ളത്. (രചന: ഫാ.മാത്യു മൂത്തേടം)
ഫാ.പോൾ കൊച്ചീക്കാരൻവീട്ടിൽ എഴുതിയ
‘സ്നേഹമെഴുന്നള്ളി ആത്മാവിൻ വേദിയിൽ
പൂമഴയാലെന്നെ ധന്യനാക്കാൻ’
എന്ന രണ്ടാമത്തെ ഗാനം കേട്ടു കഴിഞ്ഞു ഇ.പി.റെക്കോർഡ് എടുത്ത് മറിച്ചു വച്ചാൽ അടുത്ത രണ്ടു പാട്ടുകളും കേൾക്കാം. ഇന്നത്തെപ്പോലെ ഇന്റർനെറ്റ് ബന്ധമുള്ള ഉപകരണം കയ്യിലുണ്ടെങ്കിൽ ലോകസംഗീതം മുഴുവൻ വിരൽത്തുമ്പിൽ ലഭിക്കുന്ന കാലമല്ല എന്നോർക്കണം.പാട്ടു കേൾക്കണമെങ്കിൽ വിലകൂടിയ റെക്കോർഡ് പ്ലെയറും റെക്കോർഡുകളും വലിയ വിലയ്ക്ക് വാങ്ങണം.അതും ഒറിജിനൽ മാത്രമേ വിപണിയിലുള്ളൂ. വില കുറഞ്ഞ വ്യാജന്മാർ രംഗപ്രവേശം ചെയ്തിട്ടുമില്ല. റെക്കോർഡിന്റെ ബി സൈഡിലെ രണ്ടു പാട്ടുകളും എഴുതിയത് ഫാ.മാത്യു മൂത്തേടമാണ്.
‘നവ്യമാമൊരു കല്പന ഞാൻ
നിങ്ങൾക്കിന്നിതാ നൽകുന്നു
തമ്മിൽ തമ്മിൽ സ്നേഹിപ്പിൻ
നിങ്ങളെ ഞാനെന്നപോൽ’
എന്ന ഗാനം പെസഹാ വ്യാഴാഴ്ച പള്ളികളിൽ പാടിയിരുന്നു. യേശുദാസിനോടൊപ്പം ഈ പാട്ടിൽ സീമ ബഹൻ എന്ന ഗായികയും ചേരുന്നുണ്ട്.
ആൽബത്തിലെ അവസാന ഗാനമായി
‘യേശുവേ വരദാന വാരിധേ
മാനവ പ്രാർത്ഥന കേൾക്കണമേ’
എന്ന സുന്ദരഗാനവും ചേർത്തിരിക്കുന്നു.
അതേ വർഷം തന്നെയാണ് കസ്സെറ്റുകൾ ഇന്ത്യയിൽ കൂടുതൽ പ്രചാരം നേടുന്നത്. റെക്കോർഡുകളേക്കാൾ കുറഞ്ഞ ചെലവിൽ കസ്സെറ്റുകൾ വിപണിയിൽ എത്തിയത് സംഗീതരംഗത്ത് വലിയ മുന്നേറ്റമായിരുന്നു. ഒരു കസ്സെറ്റിൽ 10-12 പാട്ടുകൾ ചേർത്താണ് അന്ന് വിപണിയിൽ ലഭ്യമാക്കിയത്. എന്നാൽ കേവലം നാലു പാട്ടുകൾ മാത്രം ചേർത്ത് പുറത്തിറക്കിയ തളിർമാല്യത്തിനു വലിയ സ്വീകാര്യത ലഭിച്ചു. പാട്ടുകളുടെ ഓർക്കസ്ട്രേഷൻ നിർവഹിച്ചതും റെക്കോർഡിങ്ങിനു ജസ്റ്റിനച്ചനു സാങ്കേതിക സഹായങ്ങളുമായി കൂടെ നിന്നതും പ്രശസ്ത വയലിനിസ്റ്റ് റെക്സ് ഐസക്സ് ആയിരുന്നു.
പ്രവാഹമായി സ്നേഹപ്രവാഹം
മലയാള ക്രിസ്തീയഭക്തിഗാന ചരിത്രത്തിലെ എക്കാലത്തെയും അത്ഭുതമാണ് സ്നേഹപ്രവാഹം എന്ന ആൽബം.1983-ലെ ക്രിസ്മസ് നാളുകളിലാണ് സ്നേഹപ്രവാഹത്തിന്റെ പിറവി. മംഗലപ്പുഴ സെമിനാരിയിൽ പഠിപ്പിക്കുന്ന കാലത്തു വൈദികവിദ്യാർഥികളിലെ ഗായകരെയും എഴുത്തുകാരെയും കണ്ടെത്തി അവർക്ക് പരിശീലനം നൽകാനും പ്രോത്സാഹിപ്പിക്കാനും ജസ്റ്റിനച്ചൻ എന്നും ശ്രദ്ധിച്ചിരുന്നു. അങ്ങനെ വൈദികവിദ്യാർത്ഥികളുടെ വരികളാണ് സ്നേഹപ്രവാഹത്തിലെ പാട്ടുകളായി പ്രവഹിച്ചത്.
ജാതിമതഭേദമന്യ മലയാളികൾ ഏറ്റുവാങ്ങിയ ഈ ആൽബത്തിലെ പാട്ടുകൾ എല്ലാം ഇന്നും മലയാളികളുടെ പ്ലേലിസ്റ്റിൽ ഉണ്ട്. റെക്സ് ഐസക്സ് ഈ ആൽബത്തിനു ഓർക്കസ്ട്രേഷൻ നല്കി ആദ്യാവസാനം ജസ്റ്റിനച്ചനോടൊപ്പം സഹായമേകി കൂടെ നിന്നു.
1.കർത്താവാം യേശുവേ മർത്യവിമോചകാ
2.നായകാ ജീവദായകാ
3.യേശുവെന്റെ പ്രാണനാഥൻ
4.പുതിയൊരു പുലരി വിടർന്നു
5.ഈശോയെൻ ജീവാധിനായകൻ
6.ദൈവം പിറക്കുന്നു
7.ദൈവം നിരുപമ സ്നേഹം
8.സ്നേഹസ്വരൂപാ തവദർശനം
9.എൻജീവിതമാം ഈ മരക്കൊമ്പിൽ
10.മഞ്ഞു പൊതിയുന്ന മാമരം കോച്ചുന്ന
11.പൈതലാം യേശുവേ
12.ജീവിതഗർത്തത്തിൽ അലയും
എന്നീ ഗാനങ്ങളാണ് സ്നേഹപ്രവാഹം എന്ന കസ്സെറ്റിൽ ഉണ്ടായിരുന്നത്.
ഗൾഫ് നാടുകളിൽ ജോലി ചെയ്തിരുന്ന അനേകർക്ക് ആശ്വാസവും പ്രത്യാശയും നൽകിയ പാട്ടുകളായിരുന്നു ഇവയെല്ലാം. വിദേശത്തു നിന്ന് അവധിക്കു വരുന്ന പലരും തങ്ങളുടെ മുറിയിൽ ക്രിസ്ത്യാനിയും മുസ്ലിമും ഹിന്ദുവും ഒരുമിച്ചിരുന്ന് ഈ പാട്ടുകൾ എന്നും രാവിലെ കേട്ടിരുന്ന ഓർമ്മകൾ പങ്കുവച്ചിട്ടുണ്ട്.
ജസ്റ്റിനച്ചന്റെ വിയോഗവാർത്ത അറിഞ്ഞപ്പോൾ ഗായിക കെ.എസ്.ചിത്ര അനുശോചനക്കുറിപ്പിൽ ഇങ്ങനെ എഴുതി.
‘ഞാൻ പാടിത്തുടങ്ങിയ സമയത്താണ് പൈതലാം യേശുവേ എന്നു തുടങ്ങുന്ന ഗാനം പാടാൻ ജസ്റ്റിനച്ചൻ എന്നെ വിളിച്ചത്. അൽപ്പം ഭയത്തോടെ സ്റ്റുഡിയോയിൽ എത്തിയ ഞാൻ അച്ചന്റെ ശാന്തമായ,സ്നേഹപൂർണമായ പെരുമാറ്റം കണ്ടതോടെ പേടിയെല്ലാം മാറ്റി പാട്ടു പഠിച്ചു. ജസ്റ്റിനച്ചൻ പറഞ്ഞു “ഉണ്ണീശോയെ മടിയിലിരുത്തി താരാട്ട് പാടുന്നത് പോലെ പാടണം”.
അച്ചൻ പഠിപ്പിച്ചതു പോലെ പാടി. ഈ വിശുദ്ധഗാനം എനിക്ക് വലിയ ദൈവാനുഗ്രഹങ്ങൾ നൽകി.ഇന്നും പാട്ടുപുസ്തകമില്ലാതെ പാടാൻ കഴിയുന്ന ചുരുക്കം ഗാനങ്ങളിലൊന്നാണ് ഇത്.’

സ്നേഹത്തിന്റെ സന്ദേശം
1984-ൽ വീണ്ടും യേശുദാസിന്റെ ക്ഷണം. അങ്ങനെ സ്നേഹസന്ദേശം എന്ന ആൽബം വരുന്നു.ഇത്തവണ യേശുദാസിനോടൊപ്പം പാടാൻ ജെൻസി ആന്റണിയെ തെരഞ്ഞെടുത്തു.
പാട്ടുകളുടെ ലിസ്റ്റ് നോക്കിയാൽ ഇന്നും നമ്മുടെ തിരുക്കർമങ്ങളിൽ പാടുന്ന പാട്ടുകൾ നമുക്ക് കാണാം.
1.രക്ഷകാ ഗായകാ പാലകാ നമോ
2.പാരിൽ പിറന്നു ദേവൻ
3.സർവം ഭരിച്ചു സമംഗളം
4.ആരതി ആരതി ആരാധന
5.ദൈവമേ നീ എന്റെ രക്ഷ
6.ദൈവമാം കർത്താവാണെന്നുടെ
7.സ്നേഹമുറങ്ങുമീ താഴ്വരയിൽ
8.കർമല നാഥേ വാഴ്ക
9.ദേവാ വരുന്നു ഞാൻ നിൻ സവിധേ
10.സ്വർഗം കനിഞ്ഞിറങ്ങി
11.കണ്ണീരിൻ തൈലവും
നാഥാ ഹൃദയത്തിൻ തന്ത്രികളിൽ
എന്നീ 12 പാട്ടുകളുമായി വിപണിയിലെത്തിയ സ്നേഹസന്ദേശവും വലിയ സ്വീകാര്യത നേടി. വയലിനിസ്റ്റ് കെ.എൻ. രാജേന്ദ്രനായിരുന്നു ഓർക്കസ്ട്രേഷൻ നിർവഹിച്ചത്.
തുടർന്നും പലതവണ യേശുദാസിന്റെ ക്ഷണം ലഭിച്ചു. അപ്പോഴെല്ലാം തന്റെ സന്യാസ ജീവിതത്തിൽ നിന്നും കൂടുതൽ സമയം സംഗീതത്തിനു മാറ്റിവയ്ക്കാൻ ഇല്ല എന്ന തീരുമാനം ജസ്റ്റിനച്ചൻ എടുത്തിരുന്നു. വൈദികവിദ്യാർത്ഥികളുടെ പരിശീലനം,ധ്യാനപ്രഭാഷണങ്ങൾ,പുസ്തകരചന എന്നിവയ്ക്കായി അദ്ദേഹം കൂടുതൽ സമയം മാറ്റിവച്ചു.
വീണ്ടും സ്റ്റുഡിയോയിൽ
കണ്ണൂർ രൂപതാധ്യക്ഷൻ ബിഷപ് ഡോ.അലക്സ് വടക്കുംതല സി.എ.സി.ഡയറക്ടറായിരുന്നപ്പോൾ അദ്ദേഹത്തിന്റെ നിർബന്ധത്തിനു വഴങ്ങി വീണ്ടും ജസ്റ്റിനച്ചൻ സ്റ്റുഡിയോയിൽ എത്തി.
‘എന്നെ നയിക്കും നല്ലോരിടയൻ
ഹരിതാഭ തിങ്ങും ഭൂവിലേക്കായി’
എന്നു തുടങ്ങുന്ന ഗാനം ബിജു നാരായണനാണ് പാടിയത്.
ബിഷപ്പ് ഡോ. അലക്സ് വടക്കുംതലയുടേതായിരുന്നു വരികൾ.
വീണ്ടും രണ്ടു പാട്ടുകൾ
ഷെവലിയർ ഡോ.പ്രീമൂസ് പെരിഞ്ചേരി എഴുതിയ ഒരു ദിവ്യകാരുണ്യഗീതം 2025 നവംബറിൽ സി.എ.സി.യിൽ റെക്കോർഡ് ചെയ്തു.
‘നമ്മുടെ ഹൃത്തിൽ എഴുന്നള്ളാൻ
തിരുമനസ്സായി കർത്താവ്
വീണ്ടും വീണ്ടും മുട്ടുകയായി
വാതിൽ തുറക്കൂ ജനഗണമേ’
എന്ന ഗാനം ആലപിച്ചത് ഗാഗുൽ ജോസഫും അഞ്ജന സ്റ്റാൻലിയും ചേർന്നാണ്.
ജസ്റ്റിനച്ചൻ അവസാനം സംഗീതം നൽകിയ ഗാനത്തിന് ശബ്ദം നൽകിയത് കെസ്റ്ററാണ്. ഫാ. ടൈറ്റസ് കുരിശുവീട്ടിൽ എഴുതിയ ഈ ഗാനത്തിന് ഓർക്കസ്ട്രേഷൻ നിർവഹിച്ച റെക്സ് ഐസക്സ്
ജസ്റ്റിനച്ചന്റെ ആദ്യത്തെയും അവസാനത്തെയും പാട്ടുകളുടെ സൃഷ്ടികളിൽ പങ്കാളിയായി.
സംഗീതയാത്രയിലെ ആദ്യഘട്ടത്തിൽ 29 പാട്ടുകൾക്കാണ് ജസ്റ്റിനച്ചൻ സംഗീതം നൽകിയത്. അതിൽ 25 പാട്ടുകളും പാടിയത് യേശുദാസായിരുന്നു.
ജീവിതരേഖ

1935 ആഗസ്റ്റ് 10-നു കൊച്ചി രൂപതയിലെ കുമ്പളങ്ങിയിൽ പനക്കൽ ജോബിന്റെയും തങ്കമ്മയുടെയും ഏഴു മക്കളിൽ അഞ്ചാമത്തെ മകനായി ജനനം.അധ്യാപകനായിരുന്ന പിതാവ് ജോബ് നാല്പതാം വയസ്സിൽ ഹൃദയസ്തംഭനം മൂലം മരിച്ചു.അന്നു മുതൽ അമ്മയായിരുന്നു കുടുംബത്തെ മുന്നോട്ട് നയിച്ചത്.
ജസ്റ്റിനച്ചന്റെ രണ്ടു സഹോദരങ്ങളും ചെറുപ്പത്തിലേ മരിച്ചു. ജസ്റ്റിനച്ചൻ മൂന്നു തവണയാണ് മരണത്തിൽ നിന്നും രക്ഷപ്പെട്ടത്. അക്കാലത്തു മരണകരമായിരുന്ന ടൈഫോയ്ഡ് വന്നിട്ടും രക്ഷപ്പെട്ട ചുരുക്കം കുട്ടികളിൽ ഒരാൾ. ഒരിക്കൽ അമ്മയെ സഹായിക്കുമ്പോൾ വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണു.അവിടെയും രക്ഷയുടെ കരങ്ങൾ വന്നു. കൂട്ടുകാരുമായി കുളത്തിൽ കുളിക്കാനിറങ്ങിയപ്പോൾ കാലിനു കോച്ചിപ്പിടുത്തം വന്നു വെള്ളത്തിൽ താഴ്ന്നു പോയി.ഓടിവന്ന അമ്മയുടെ കരച്ചിൽ കേട്ട അയൽവാസികൾ മുങ്ങിയെടുത്തപ്പോൾ ബോധമില്ലാത്ത അവസ്ഥയിൽ. വലിയ നിയോഗങ്ങൾ മുന്നിലുണ്ടായിരുന്ന ഒരാളെ ‘മാലാഖമാർ രക്ഷിച്ചു’ എന്നാണ് അച്ചൻ പലപ്പോഴും പറഞ്ഞിട്ടുള്ളത്.
അമ്മ നന്നായി പാടുമായിരുന്നു.അമ്മയുടെ സഹോദരി സംഗീതാധ്യാപികയുമായിരുന്നു. അങ്ങനെ കുട്ടിക്കാലം മുതൽ പട്ടു കേട്ടാണ് കുഞ്ഞു ജസ്റ്റിൻ വളർന്നത്.
കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് സ്കൂളിലായിരുന്നു പഠനം ആരംഭിച്ചത്. കൂടുതൽ പഠനസൗകര്യത്തിനായി ആലപ്പുഴയിലെ ബോയ്സ് ഹോമിൽ ചേർത്തത് ജീവിതത്തിലെ വഴിത്തിരിവായി.ആലപ്പുഴ ലിയോ 13 സ്കൂളിലായിരുന്നു തുടർപഠനം. ബോയ്സ് ഹോമിലെ ഡയറക്ടർ ആയിരുന്ന ദൈവദാസൻ റെയ്നോൾഡ് പുരയ്ക്കലിന്റെ ശിക്ഷണം അനുഗ്രഹമായി. സഹപാഠിയും കലാകാരനുമായിരുന്ന ചാർലി ലിവേരയോടൊപ്പം അടുത്തുള്ള ശ്രീകൃഷ്ണ സിനിമ തീയേറ്ററിൽ സിനിമ തുടങ്ങും മുൻപ് അര മണിക്കൂർ ഹിന്ദി സിനിമ പാട്ടുകൾ കോളാമ്പിയിലൂടെ കേൾപ്പിക്കുമായിരുന്നു. അവിടെയിരുന്നു അക്കാലത്തു ഇറങ്ങിയ ഹിന്ദി സിനിമാ പാട്ടുകൾ എല്ലാം പഠിച്ചെടുത്തു.
വൈദികൻ ആകണമെന്ന ആഗ്രഹത്തിൽ കൊച്ചി രൂപതയുടെ മൈനർ സെമിനാരിയിൽ ചേർന്നു. സന്യാസവൈദികൻ ആകണം എന്നായിരുന്നു ആഗ്രഹം.എല്ലാ ദിവസവും ജപമാല ചെല്ലുമ്പോൾ ഇത് തന്നെയാണോ ദൈവമേ എന്റെ വിളി എന്ന് ചോദിക്കുമായിരുന്നു. സെമിനാരിയിലെ എല്ലാവരും ഇറങ്ങിക്കഴിഞ്ഞു ഒരു ജപമാല ചൊല്ലുന്ന ശീലം ബ്രദർ ജസ്റ്റിന് ഉണ്ടായിരുന്നു.അങ്ങനെ ഒരു ദിവസം ഒരു കർമലീത്താ വൈദികൻ വന്നു വിളിക്കുന്നതായി ദർശനം ലഭിച്ചതാണ് ഒ.സി.ഡി.സന്യാസഭവനത്തിലേക്ക് എത്താൻ കാരണമായത്.
1954-ൽ തനിയെ സിമിത്തേരിമുക്കിലുള്ള ആശ്രമത്തിൽ എത്തി അന്നത്തെ റെക്ടർ ഫാ.ഫ്രാൻസിസ് ഗ്രിഗറിയെ ആഗ്രഹം അറിയിച്ചു. വിശദമായ ഔദ്യോഗിക അന്വേഷണങ്ങൾക്ക് ശേഷം അവിടെ പ്രവേശനം ലഭിച്ചു.
1962 മാർച്ച് 17 നു ആലുവ സെമിനാരിയിൽ വച്ച് പൗരോഹിത്യം സ്വീകരിച്ചു. അതേ വർഷം തന്നെ ഉപരിപഠനത്തിനായി സഭ ജസ്റ്റിനച്ചനെ റോമിലേക്കയച്ചു. റോമിലെ ജീവിതകാലത്താണ് ഗ്രിഗോറിയൻ സംഗീതം പഠിക്കുന്നത്. ജസ്റ്റിനച്ചന്റെ പാട്ടുകളിൽ ഗ്രിഗോറിയൻ സംഗീതത്തിന്റെ ആത്മാവുണ്ടെന്നു അച്ചൻ എല്ലാവരോടും പറയുമായിരുന്നു.
ഡോക്ടറേറ്റ് നേടി തിരിച്ചെത്തിയ ജസ്റ്റിനച്ചൻ 1966 മുതൽ 71 വരെ മറയൂർ സെന്റ്.പയസ് ഫിയോസഫി കോളേജിൽ വൈസ് റെക്ടർ,റെക്ടർ എന്നീ നിലകളിൽ സേവനം ചെയ്തു.
1971 മുതൽ 50 വർഷം ആലുവ പൊന്തിഫിക്കൽ സെമിനാരിയിൽ പ്രൊഫസ്സർ ആയി സേവനം ചെയ്തു.
14 പുസ്തകങ്ങൾ ഇംഗ്ലീഷിലും 3 പുസ്തകങ്ങൾ മലയാളത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജസ്റ്റിനച്ചന്റെ സംസ്കാരശുശ്രൂഷയിൽ അനുസ്മരണ പ്രസംഗം നടത്തിയ ഫാ. പ്രസാദ് ഒ.സി.ഡി.
പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു.
‘യേശുവിനോട് കടുത്ത പ്രണയമായിരുന്നു ജസ്റ്റിനച്ചന്. പാട്ടിലൂടെ,എഴുത്തിലൂടെ, ജീവിതശൈലിയിലൂടെ ആ മുപ്പത്തിമൂന്നുകാരനോടുള്ള പ്രണയം നമുക്ക് കാണാനാകും.
വിശുദ്ധ കൊച്ചുത്രേസ്യയെക്കുറിച്ചാണ് അച്ചൻ അവസാനത്തെ പുസ്തകം എഴുതിയത്.
വിശുദ്ധ കൊച്ചുത്രേസ്യയുടെ എളിമ നമുക്ക് ജസ്റ്റിനച്ചനിലും കാണാനാകും.
അധികമാരും അറിയാതെ
ജീവകാരുണ്യപ്രവർത്തനങ്ങളിലും അച്ചൻ സജീവമായിരുന്നു. വീടില്ലാത്ത നിരവധി കുടുംബങ്ങൾക്ക് വീട് നല്കാൻ അച്ചൻ മുന്നിൽ നിന്നു.
അച്ചൻ ആഗ്രഹിച്ചതു പോലെ പൈതലാം യേശുവേ എന്ന ഗാനം കേട്ടു കൊണ്ടാണ് മഞ്ഞുമ്മൽ ആശ്രമദേവാലയത്തിൽ നിന്നും സിമിത്തേരിയിലേക്ക് അദ്ദേഹം പോയത്.
സംഗീതത്തിന്റെ ഏറ്റവും ഉന്നതമായ ലക്ഷ്യം ഒരാളുടെ ആത്മാവിനെ അവരുടെ ദിവ്യ സ്വഭാവവുമായി ബന്ധിപ്പിക്കുക എന്നതാണെന്ന് പൈതഗോറസ് പറഞ്ഞുവച്ചിട്ടുണ്ട്.
ജസ്റ്റിനച്ചന്റെ പാട്ടുകൾ ഇറങ്ങിയ കാലത്തും, ഇപ്പോഴും മനുഷ്യരെ ദിവ്യതയിലേക്ക് നയിക്കുകയാണ്.
പാട്ടുകാരൻ മറഞ്ഞാലും പാട്ടുകൾ ഭൂമിയിൽ അലയടിക്കും.
ജസ്റ്റിനച്ചന്റെ സ്നേഹഗീതങ്ങൾ മലയാളം ഉള്ളിടത്തോളം ഇവിടെയുണ്ടാകും.

