കൊച്ചി: വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്സിആർഎ (FCRA)യിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ഭേദഗതികൾക്കെതിരെ കെ.എൽ.സി.എ വരാപ്പുഴ അതിരൂപത മാനേജിങ് കൗൺസിൽ യോഗം ശക്തമായ വിമർശനം ഉന്നയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉയരുന്ന പ്രതിഷേധങ്ങളെ അവഗണിക്കുന്ന കേന്ദ്ര സർക്കാരിന്റെ സമീപനം ജനാധിപത്യത്തിന് അനുരൂപമല്ലെന്ന് യോഗം നിരീക്ഷിച്ചു.
ഈ വിഷയത്തെ ഒരു രാഷ്ട്രീയ വിവാദമായി ചുരുക്കി കാണാൻ കഴിയില്ലെന്നും, സാമൂഹിക നീതിയുടെയും മാനവിക മൂല്യങ്ങളുടെയും പശ്ചാത്തലത്തിൽ വിലയിരുത്തേണ്ടതാണിതെന്നും യോഗത്തിൽ അംഗങ്ങൾ അഭിപ്രായപ്പെട്ടു. പ്രത്യേകിച്ച് ക്രിസ്തീയ സമൂഹത്തിന്റെ സാമൂഹ്യ സേവന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന രീതിയിലാണ് ഭേദഗതികൾ വരുത്തിയിരിക്കുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി.
ദീർഘകാലമായി ക്രിസ്തീയ സഭകളും അനുബന്ധ സംഘടനകളും വിദേശ സഹായങ്ങൾ ഉപയോഗപ്പെടുത്തി ദാരിദ്ര്യ നിർമാർജനത്തിനും ആരോഗ്യ പരിപാലനത്തിനും വിദ്യാഭ്യാസ വികസനത്തിനും നിർണായക സംഭാവനകൾ നൽകിയിട്ടുണ്ടെന്നുള്ള യാഥാർത്ഥ്യം മനസ്സിലാക്കണം. അനാഥാലയങ്ങൾ, വയോജന പരിപാലന കേന്ദ്രങ്ങൾ, ഭിന്നശേഷിക്കാർക്കായുള്ള സേവന സ്ഥാപനങ്ങൾ, ഭക്ഷ്യവിതരണം, പോഷകാഹാര പദ്ധതികൾ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയിലൂടെ സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങൾക്ക് വലിയ പിന്തുണയാണ് ഇതു വഴി ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഇത്തരത്തിലുള്ള സേവന പ്രവർത്തനങ്ങൾ തുടരാൻ വിദേശ സഹായങ്ങൾ അനിവാര്യമാണെന്നും, എഫ്സിആർഎ ഭേദഗതികൾ ഈ സഹായങ്ങളെ തടസപ്പെടുത്തുന്നതിലൂടെ നിരവധി സേവന സ്ഥാപനങ്ങളുടെ നിലനിൽപ്പിനേയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും യോഗം പ്രകടിപ്പിച്ചു.കൂടാതെ, വിദേശത്ത് സേവനം ചെയ്യുന്ന വൈദികരും സിസ്റ്റേഴ്സും സ്വന്തം നാട്ടിലെ ഇടവകകളെയും സേവന സ്ഥാപനങ്ങളെയും പിന്തുണയ്ക്കുന്നതും ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്നും, ഈ യാഥാർത്ഥ്യങ്ങളെ അവഗണിച്ച് തെറ്റായ ധാരണകൾ സൃഷ്ടിക്കുന്നത് സമൂഹത്തിൽ അനാവശ്യ സംഘർഷങ്ങൾക്കിടയാക്കുമെന്ന് കൗൺസിൽ മുന്നറിയിപ്പ് നൽകി.
എഫ്സിആർഎ ഭേദഗതികൾ പുനഃപരിശോധിച്ച് പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ കെ.എൽ.സി.എ വരാപ്പുഴ അതിരൂപത മാനേജിങ് കൗൺസിൽ യോഗം അതിരൂപത ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ.സോജൻ മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡൻ്റ് റോയ് ഡി ക്കൂഞ്ഞ അധ്യക്ഷത വഹിച്ചു. KRLCC വൈസ് പ്രസിഡൻറ് ജോസഫ് ജൂഡ്, KLCA സംസ്ഥാന പ്രസിഡന്റ് അഡ്വ.ഷെറി ജെ തോമസ്, ഡയറക്ടർ ഫാ. മാർട്ടിൻ തൈപ്പറമ്പിൽ,ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ,ട്രഷറർ എൻ ജെ പൗലോസ്,സംസ്ഥാന സമിതി അംഗം സിബി ജോയ് എന്നിവർ പ്രസംഗിച്ചുറോയ് പാളയത്തിൽജനറൽ സെക്രട്ടറി9447434781

