ജെറുസലേം: ജറുസലേമിലെ സഭയും ഇസ്രായേൽ അധികാരികളുമായി നടന്ന ചർച്ചയിൽ വിശുദ്ധവാര തിരുക്കർമ്മങ്ങൾക്ക് താത്കാലിക സമ്മതം നൽകാൻ ഇസ്രായേൽ തീരുമാനിച്ചു. ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റും വിശുദ്ദ നാടിന്റെ കസ്റ്റോഡിയനും തിങ്കളാഴ്ച ഒരു സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. തിരുകല്ലറ ദേവാലയത്തിൽ വിശുദ്ധ വാരത്തിന്റെയും ഈസ്റ്റർ ആഘോഷങ്ങളുടെയും ക്രമീകരണങ്ങൾ സംബന്ധിച്ച് ഇസ്രായേൽ അധികാരികളുമായി ഒരു കരാറിലെത്തിയതായി പ്രഖ്യാപിച്ചു.
ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ലയെയും വിശുദ്ധ നാടിന്റെ കസ്റ്റോഡിയനായ ഫാദർ ഫ്രാൻസെസ്കോ ഇൽപോയെയും വിശുദ്ധ സ്ഥലങ്ങളിലേക്കുള്ള പ്രവേശന നിയന്ത്രണങ്ങളെച്ചൊല്ലിയുള്ള ചർച്ചയ്ക്ക് ശേഷമാണ് മാർച്ച് 30 ലെ പ്രഖ്യാപനം വന്നത്.
ഓശാന ഞായർ ആഘോഷങ്ങൾക്ക് പിസബല്ലയും ലെൽപ്പോയും ഹോളി സെപൽച്ചർ പള്ളിയിൽ പ്രവേശിക്കുന്നത് ഇസ്രായേൽ പോലീസ് തടഞ്ഞിരുന്നു.
ഇസ്രായേൽ പോലീസുമായി ഏകോപിപ്പിച്ച്, തിരുകല്ലറ ദേവാലയത്തിൽ ദീർഘകാല ഈസ്റ്റർ പാരമ്പര്യങ്ങൾ സംരക്ഷിക്കുന്ന വിധത്തിൽ കുർബാനകളും മതപരമായ ചടങ്ങുകളും നടത്തുന്നതിന് സഭാ പ്രതിനിധികൾക്ക് പ്രവേശനം ഉറപ്പാക്കിയിട്ടുണ്ടെന്നും, അതേസമയം പൊതുസമ്മേളനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ തൽക്കാലം പ്രാബല്യത്തിൽ തുടരുമെന്നും പ്രസ്താവനയിൽ പറയുന്നു. വിശ്വാസികൾക്കായി പള്ളികൾ പ്രാർത്ഥനകളും ആഘോഷങ്ങളും തത്സമയം സംപ്രേഷണം ചെയ്യുമെന്നും അതിൽ വ്യക്തമാക്കിയിട്ടുണ്ട്.

