ജെറുസലേം :ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസിനെയും കസ്റ്റോഡിയനെയും തടഞ്ഞു ഇസ്രായേൽ പോലീസ്. ജെറുസലേമിലെ ലാറ്റിൻ പാത്രിയർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല, വിശുദ്ധ നാടിന്റെ കസ്റ്റോഡിയനും തിരുക്കല്ലറ പള്ളിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനുമായ ഫാ. ഫ്രാൻസെസ്കോ ഇൽപോയെയുമാണ് ഇസ്രായേൽ പോലീസ് തടഞ്ഞത്. സംഭവത്തില്‍ ജെറുസലേം ലത്തീൻ പാത്രിയർക്കേറ്റ് കനത്ത പ്രതിഷേധം രേഖപ്പെടുത്തി.
പിയർബാറ്റിസ്റ്റ പിസബല്ലയുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയെ തുടർന്നാണ് അദ്ദേഹത്തോട് ദേവാലയത്തിൽ പ്രവേശിക്കരുതെന്ന് ആവശ്യപ്പെട്ടതെന്ന് ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് അറിയിച്ചു. ഇറാൻ പലവട്ടം ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ജെറുസലേമിലെ വിശുദ്ധ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഓശാന ഞായർ ദിവസം ലാറ്റിൻ പാത്രിയാർക്കിനെ വിശുദ്ധ സ്ഥലത്തുനിന്ന് തിരിച്ചു അയച്ചത് “നൂറ്റാണ്ടുകൾക്കിടെ ആദ്യമായാണ്” എന്ന് കാർഡിനാൾ പിസബല്ലയുടെ ഓഫീസ് അറിയിച്ചു. ക്രൈസ്തവരുടെ ഏറ്റവും വിശുദ്ധമായ സ്ഥലത്തിലേക്ക് കർദിനാളിനെ പ്രവേശിപ്പിക്കാതിരുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

