പരപ്പ: കെസിവൈഎം കണ്ണൂർ രൂപതയുടെ നേതൃത്വത്തിൽ നടന്ന ഒമ്പതാമത് കനകപ്പള്ളി വടക്കാം കുന്ന് കുരിശുമല പ്രയാണം ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണകൾ ഉണർത്തി. നോമ്പിന്റെ 33-ാം നാൾ കനകപ്പള്ളി മാർട്ടിൻ ഡി പോറസ് ഇടവകയുടെ ആതിഥേയത്വത്തിലാണ് കുരിശുമല പ്രയാണം നടത്തിയത്.
കണ്ണൂർ ബിഷപ് ഡോ. അലക് സ് വടക്കുംതലയും സഹായമെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരിയും വൈദികരും സന്യസ്തരും വിവിധ ഇടവകകളിൽ നിന്നുമെത്തിയ നൂറുകണക്കിന് വിശ്വാസികളും കുരിശുമായി വടക്കാംകുന്ന് മലമുകളിൽ പ്രാർത്ഥനയിൽ ഒത്തുചേർന്നു. ഡോ. അലക്സ് വടക്കുംതല അനുഗ്രഹ പ്രഭാഷണം നടത്തി. കെസിവൈഎം കണ്ണൂർ രൂപത പ്രസിഡന്റ് എൻ.റോജൻ അധ്യക്ഷത വഹിച്ചു. കെസിവൈ എം കണ്ണൂർ രൂപത ജനറൽ സെക്രട്ടറി സെബി പി. സന്തോഷ്, രൂപത ഡയറക്ടർ ഫാ. ജെസ്റ്റിൻ എടത്തിൽ എന്നിവർ പ്രസംഗിച്ചു. കനകപ്പള്ളി ഇടവക വികാരി ഫാ. അനിൽ അറക്കൽ നേതൃത്വം നൽകി.

