റോം: ഇറാനിയൻ തലസ്ഥാനത്ത് സൈനിക ഏറ്റുമുട്ടലുകളുടെ ആദ്യ ദിവസങ്ങൾക്ക് സാക്ഷ്യം വഹിച്ചതിന് ശേഷം മാർച്ച് 11 ന് ടെഹ്റാൻ-ഇസ്ഫഹാൻ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഡൊമിനിക് മാത്യു വത്തിക്കാനിലെത്തി, പോപ്പുമായി കൂടിക്കാഴ്ച നടത്തി. സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ, ഭരണകൂടത്തിനെതിരായ യു.എസിന്റെയും ഇസ്രായേലിന്റെയും ഭീഷണികൾ, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് അദ്ദേഹം സുഖം പ്രാപിച്ചിട്ടും, ഏകദേശം 2,000 അംഗങ്ങളുള്ള ഇറാനിലെ റോമൻ കത്തോലിക്കാ സഭയെ കർദിനാൾ നയിച്ചു വരികയായിരുന്നു.
ടെഹ്റാൻ-ഇസ്ഫഹാൻ അതിരൂപതയുടെ ആസ്ഥാനം ഇറ്റാലിയൻ എംബസിയിലായതിനാൽ കർദ്ദിനാൾ ഡൊമിനിക് മാത്യുവിനെയും എംബസി ജീവനക്കാരെയും അവിടെ നിന്ന് ഒഴിപ്പിക്കുകയായിരിന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫെബ്രുവരി 28-ന് ഇസ്രായേലും അമേരിക്കയും ഇറാനെതിരെ സൈനിക നടപടി ആരംഭിച്ചതുമുതൽ കർദ്ദിനാൾ എവിടെയാണെന്ന് പൊതുജനങ്ങൾക്ക് അജ്ഞാതമായിരുന്നു.
ഇതിനിടെ ഇറാൻ സർക്കാർ ഇന്റർനെറ്റ് സൗകര്യം ഏതാണ്ട് പൂർണ്ണമായും വിച്ഛേദിച്ചതോടെ കർദ്ദിനാൾ ഉൾപ്പെടെയുള്ള രാജ്യത്തെ ജനങ്ങളുടെ അവസ്ഥയെ കുറിച്ചുള്ള ചോദ്യങ്ങൾ വർദ്ധിക്കുകയായിരിന്നു. പല കോണുകളിൽ നിന്നും ആർച്ച് ബിഷപ്പ് എവിടെയെന്ന ചോദ്യമുയർന്നു. ഇതിനിടെയാണ് വത്തിക്കാനിൽ നിന്നും കർദ്ദിനാൾ ഡൊമിനിക്കിനെ കുറിച്ചുള്ള വിവരം ലഭിച്ചത്. മാർച്ച് എട്ടിനാണ് അദ്ദേഹത്തെയും സംഘത്തെയും വത്തിക്കാനിലേക്ക് മാറ്റിയത്.
ഇറാനിലെ സഹോദരീസഹോദരന്മാരെ ഓർത്ത് ഖേദവും ദുഃഖവും ഉണ്ടെന്നും അവിടേക്ക് മടങ്ങാൻ കാത്തിരിക്കുകയാണെന്നും ഹൃദയങ്ങളുടെ ആന്തരിക സമാധാനത്തിനായി പ്രാർത്ഥിക്കുകയാണെന്നും 62 വയസ്സുള്ള കർദ്ദിനാൾ ‘കാത്തോബെലി’നോട് പറഞ്ഞു. രാജ്യത്തെ ഇറ്റാലിയൻ എംബസിയിലെ വിവിധ ജീവനക്കാരോടൊപ്പമാണ് കർദ്ദിനാളിനെയും അവിടെ നിന്ന് ഒഴിപ്പിച്ചത്. ആർച്ച് ബിഷപ്പിന്റെ വസതി, കൺസോളാറ്റ കത്തീഡ്രൽ, കൂരിയൽ ഓഫീസുകൾ എന്നിവയെല്ലാം ഇറ്റാലിയൻ എംബസിയുടെ നയതന്ത്ര കോമ്പൗണ്ടിലായതിനാലാണ് കർദ്ദിനാളിനെയും സംഘത്തെയും മാറ്റാനായതെന്നു മാധ്യമങ്ങൾ സ്ഥിരീകരിച്ചു.



