പാലാരിവട്ടം: കെസിയ ഹോപ് സെന്ററും പള്ളിനട വെസ്റ്റ് റെസിഡൻസ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച വനിതാദിനാഘോഷം പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു. ഹൗസ് ചലഞ്ച് പദ്ധതിയുടെ ഭാഗമായി സുമനസ്സുകളുടെ സഹകരണത്തോടെ നിർമ്മിച്ച 215 ഉം 216 ഉം വീടുകളുടെ താക്കോൽ കൈമാറ്റം ശ്രീ ചാണ്ടി ഉമ്മൻ,എറണാകുളം എംഎൽഎ ടി. ജെ. വിനോദും നിർവഹിച്ചു.
പ്രസ്തുത ചടങ്ങിൽ ഹൗസ് ചലഞ്ച് സ്ഥാപക സിസ്റ്റർ ലിസി ചക്കാലക്കൽ അധ്യക്ഷത വഹിച്ചു. കെ.സി.ബി.സി മീഡിയ സെക്രട്ടറിയും, ജീവനാദം മാനേജിങ് എഡിറ്റർ ഫാദർ സ്റ്റീഫൻ ചാലക്കര മുഖ്യ സന്ദേശം നൽകി. പ്രതികൂല സാഹചര്യങ്ങളെയും വിവിധ ജീവിത പ്രതിസന്ധികളെയും അതിജീവിച്ച രണ്ട് വനിതകളെ ആദരിച്ചു കൊണ്ടാണ് മനോഹരങ്ങളായ വീടുകൾ അവർക്ക് സമ്മാനിച്ചത്. വനിതാദിനാഘോഷത്തിൽ വനിതകളാൽ വനിതകൾക്ക് വേണ്ടി നിർമ്മിച്ചു നൽകിയ വീടുകളാണ് ഇവയെന്നതും ഈ വനിതാദിനാഘോഷത്തിന് മാറ്റുകൂട്ടുന്നുവെന്ന് സിസ്റ്റർ ലിസി ചക്കാലക്കൽ പറഞ്ഞു.
ഈ വീടുകളുടെ നിർമാണത്തിനു വേണ്ട നിർമ്മാണ വസ്തുക്കൾ നൽകി സഹായിച്ചത് നോവൽറ്റി ടെക്സ്റ്റൈൽ ഉടമ ഇ.പി. ജോർജും,ഏലിയാമ്മ ജോസും കുടുംബവുമാണ്. അർപ്പിത കോൺവെന്റ് സുപീരിയര് സിസ്റ്റർ സുനിത മിഞ്ച്,കോർപ്പറേഷൻ കൗൺസിലർ മാരായ ദീപ്ത്തി മേരി വർഗീസ്,ഗേളി റോബർട്ട്, മോളി ചാർലി,പള്ളിനട വെസ്റ്റ് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് സുധീർ ചീരാന്തറ, രൂപ ജോർജ്,ആൻ ജോർജ് സിസ്റ്റർ.മേരി എബ്രഹാം, ഹൗസ് ചലഞ്ച് കോഡിനേറ്റർ ലില്ലി പോൾ, ജിജി റോസ് ജെയ്സൺ തുടങ്ങിയവർ പ്രസംഗിച്ചു.ജയകുമാരി ദിവാകരൻ കമ്മത്തിന്റെയും, അജിത രാജേന്ദ്രന്റെയും കുടുംബങ്ങൾക്കാണ് ഈ വീടുകൾ സമ്മാനിച്ചത്.


