കൊച്ചി : ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് മുൻഗണനാ ക്രമത്തിൽ , സമയബന്ധിതമായി , കൂടിയാലോചനയിലൂടെ നടപ്പാക്കുമെന്ന് ഉറപ്പുവരുത്താൻ കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ സംസ്ഥാന വ്യാപകമായി ജാഗ്രത സമിതികൾ രൂപീകരിക്കാൻ തീരുമാനിച്ചു. കെ.എൽ.സി.എ സംസ്ഥാന ഭാരവാഹികളുടെ യോഗത്തിൽ ആണ് ഇത് സംബന്ധിച്ചു തീരുമാനം ഉണ്ടായത്.
മാർച്ച് ഒൻപതാം തീയതി രാവിലെ 11 മണിയ്ക്ക് കേരളത്തിലെ പന്ത്രണ്ട് ലത്തീൻ രൂപതകളിൽ നിന്നുള്ള പ്രതിനിധികളുടെയും , ഭാരവാഹികളുടെയും സാന്നിധ്യത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ സംസ്ഥാനതല ജാഗ്രത സമിതി പ്രഖ്യപിക്കും. പിന്നീട് പ്രാദേശിക കേന്ദ്രങ്ങളിൽ രുപത അടിസ്ഥാനത്തിലും ഇടവക അടിസ്ഥാനത്തിലും ജാഗ്രതാ സമിതികൾ രൂപീകരിക്കും. കോശി കമ്മീഷൻ പുറത്തുവിട്ടിരിക്കുന്ന 284 ശുപാർശകൾ സംബന്ധിച്ച് വിശദമായ പഠനങ്ങൾ നടത്താനും പ്രചാരണ യോഗങ്ങൾ നടത്താനും സമയബന്ധിതമായി അവ നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്താനുള്ള സമ്മർദ്ദ ശക്തിയായി പ്രവർത്തിക്കാനുമാണ് ജാഗ്രതാ സമിതികൾ രൂപീകരിക്കുന്നത്. യോഗത്തിൽ കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ് അഡ്വ ഷെറി ജെ തോമസ് അധ്യക്ഷത വഹിച്ചു.
കെ.എൽ.സി.എ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി , ട്രഷറർ രതീഷ് ആന്റണി , വൈസ് പ്രസിഡന്റ്മാരായ എബി കുന്നേപറമ്പിൽ , അലക്സ് താളൂപാടത്ത് , നൈജു അറക്കൽ , പൈലി ആലുങ്കൽ , പാട്രിക്ക് മൈക്കിൾ , സി ജെ പോൾ , സെക്രട്ടറിമാരായ ഉഷ ലാസർ , ക്രിസ്റ്റഫർ എസ് , കോൺക്ളിൻ ജിമ്മി ജോൺ , ജയൻ കുന്നേൽ , ജോൺ ബാബു , ഷീബ മാത്യു എന്നിവർ പ്രസംഗിച്ചു .

