ബെയ്റൂട്ട്: രാജ്യത്തിന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ തുടർച്ചയായ വ്യോമാക്രമണങ്ങളാണ് നടക്കുന്നതെന്നും മിസൈലുകൾ തങ്ങളുടെ തലയ്ക്ക് മുകളിലൂടെ പായുകയാണെന്നും ലെബനോനിലെ ബിഷപ്പുമാരുടെ വെളിപ്പെടുത്തൽ. ഇസ്രായേലും അമേരിക്കയും അയത്തുള്ള അലി ഖമേനിയെ വധിച്ചതിന് ശേഷം യുദ്ധത്തിൽ നിന്ന് വിട്ടുനിൽക്കാൻ ലെബനൻ സർക്കാരിന്റെ അഭ്യർത്ഥനകൾ അവഗണിച്ച്, അർദ്ധസൈനിക ഗ്രൂപ്പായ ഹിസ്ബുള്ളയാണ് ആദ്യം വെടിനിർത്തൽ ലംഖിച്ചത്. പതിനാല് മാസത്തെ ക്രൂരമായ സംഘർഷം അവസാനിപ്പിച്ച ഇസ്രായേലുമായി വെടിനിർത്തലിന് സമ്മതിച്ച 2024 നവംബർ മുതൽ ഹിസ്ബുള്ള നിശബ്ദത പാലിച്ചിരുന്നു.
വെടിനിർത്തൽ സമയത്ത്, ഹിസ്ബുള്ള ഒരു ആക്രമണം നടത്തി, അതേസമയം ഇസ്രായേൽ അതിർത്തിക്ക് മുകളിലൂടെ ആയിരക്കണക്കിന് ഡ്രോണുകൾ അയച്ചു, കുട്ടികൾ ഉൾപ്പെടെ മുന്നൂറ്റമ്പതിലധികം ലെബനൻമാരെ കൊന്നൊടുക്കിയ ആക്രമണങ്ങൾ നടത്തി. ഞായറാഴ്ച, ബെയ്റൂട്ട് സമയം അർദ്ധരാത്രിയോടെ, ഹിസ്ബുള്ള ഹൈഫയ്ക്ക് തെക്കുള്ള ഒരു ഇസ്രായേലി മിസൈൽ പ്രതിരോധ കേന്ദ്രത്തിലേക്ക് ഡ്രോൺ ആക്രമണം അഴിച്ചുവിട്ടു. പ്രൊജക്ടൈലുകൾ ലക്ഷ്യത്തിലെത്താൻ കഴിഞ്ഞില്ല, പക്ഷേ ഇസ്രായേൽ സൈന്യം ശക്തമായി തിരിച്ചടിച്ചു. തെക്കൻ ലെബനനിലെ അമ്പത്തിമൂന്ന് പട്ടണങ്ങളിൽ നിന്ന് ഒഴിഞ്ഞുപോകാൻ നോട്ടീസ് നൽകിയ ശേഷം, അതിർത്തി മുതൽ ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങൾ വരെയുള്ള ലക്ഷ്യസ്ഥാനങ്ങൾ അവർ ആക്രമിച്ചു. നേരം പുലർന്നപ്പോഴേക്കും മരണസംഖ്യ കുറഞ്ഞത് മുപ്പത്തിയൊന്നായിരുന്നു.
അതിർത്തി ഗ്രാമങ്ങളിൽ നിന്നുള്ള ക്രിസ്ത്യാനികൾ പലായനം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ബെക്കാ താഴ്വരയിൽ, ബാൽബെക്കിൽ നിന്നുള്ള മുസ്ലീം, ക്രിസ്ത്യൻ കുടുംബങ്ങൾ ദേർ എൽ അഹ്മറിൽ അഭയം തേടുന്നുവെന്ന് ബാൽബെക്ക്-ദേർ എൽ അഹ്മറിലെ മരോണൈറ്റ് ബിഷപ്പ് ഹന്ന റഹ്മെ പറഞ്ഞു. വളരെ പരിമിതമായ സാഹചര്യമാണ് ഉള്ളതെങ്കിലും ആവശ്യക്കാരെ സഭ ഉപേക്ഷിക്കില്ലെന്നു ബിഷപ്പ് റഹ്മെ വ്യക്തമാക്കി. “അവർ നമ്മുടെ ജനങ്ങളാണ്; തങ്ങളുടെ കൈയിലുള്ളത് ഉപയോഗിച്ച് ഞങ്ങൾ അവരെ പരിപാലിക്കും.”- അദ്ദേഹം പറഞ്ഞു. തെക്കൻ ലെബനോനിലും ബെക്കാ താഴ്വരയിലും സ്ഫോടനങ്ങൾ നടക്കുകയാണെന്നും ആളുകൾ കഴിയുന്നത് ഭയത്തോടും നിരാശയോടെയുമാണെന്ന് ബിഷപ്പുമാർ പറഞ്ഞു.
സൈനിക നടപടി ആരംഭിച്ചതിനുശേഷം ലെബനോനിൽ മുപ്പതിനായിരത്തിലധികം ആളുകൾ കുടിയിറക്കപ്പെട്ട സാഹചര്യമാണുള്ളതെന്ന് കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് (ACN) പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷണം, അടിയന്തര കിറ്റുകൾ, പ്രാഥമിക സഹായം എന്നിവ ലഭ്യമാക്കുന്നതിന് അന്താരാഷ്ട്ര സഹായം തേടേണ്ട സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് രാജ്യത്തെ ബിഷപ്പുമാർ പറയുന്നു.

തെക്കൻ തുറമുഖ നഗരമായ സൈദയിൽ, തലയ്ക്ക് മുകളിലൂടെ മിസൈലുകൾ പായുകയാണെന്നു മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്ക ബിഷപ്പ് എലി ഹദ്ദാദ് പറഞ്ഞു. അക്രമം തുടർന്നാൽ തന്റെ രൂപതയിലെ ഏകദേശം 800 ക്രിസ്ത്യൻ കുടുംബങ്ങൾക്ക് സഹായം അത്യാവശ്യമായി മാറുമെന്ന് ടയറിലെ മെൽക്കൈറ്റ് ബിഷപ്പ് ജോർജ്ജ് ഇസ്കന്ദർ പറഞ്ഞു. അതേസമയം സ്ബൗഡിൽ സിസ്റ്റേഴ്സ് ഓഫ് ദി ഗുഡ് സർവീസ് സന്യാസ സമൂഹം നടത്തുന്ന സ്കൂളിൽ ഏകദേശം 100 പേർക്ക് നിലവിൽ അഭയം ഒരുക്കിയിട്ടുണ്ട്. പ്രതിസന്ധിയിൽ അമരുമ്പോഴും ദുരിത ബാധിതരെ ചേർത്തു പിടിക്കുവാൻ തന്നെയാണ് ലെബനീസ് സഭയുടെ തീരുമാനം.
ലെബനൻ കുട്ടികൾ
ലെബനനിലെ കുട്ടികൾ അവിടെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളുടെ തിക്തഫലങ്ങൾ അനുഭവിക്കാൻ വിധിക്കപ്പെട്ടിരിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ലെബനനുനേരെ നടന്നുവരുന്ന തുടർച്ചയായ വ്യോമാക്രമണങ്ങൾ മൂലം, മാർച്ച് മൂന്നാം തീയതി മാത്രം രാജ്യത്ത് ഏഴ് കുട്ടികൾ കൊല്ലപ്പെട്ടുവെന്നും മുപ്പത്തിയെട്ട് കുട്ടികൾക്ക് പരിക്കേറ്റുവെന്നും മാർച്ച് നാലാം തീയതി പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ സംഘടന അറിയിച്ചു.
കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറുകളിൽ ലെബനനിൽ അറുപതിനായിരത്തോളം ആളുകൾ കുടിയിറങ്ങിയെന്നും, അവരിൽ പതിനെണ്ണായിരത്തോളം കുട്ടികൾ ഉണ്ടെന്നും യൂണിസെഫ് വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുറന്ന മുന്നോറോളം അഭയാർത്ഥികേന്ദ്രങ്ങളിലാണ് പതീരായിരത്തോളം കുടുംബങ്ങൾ അഭയം തേടിയിരിക്കുന്നതെന്നും, പല ക്യാമ്പുകളും ഇപ്പോൾത്തന്നെ നിറഞ്ഞുവെന്നും സംഘടന വിശദീകരിച്ചു.
ഒരു കുട്ടിപോലും കൊല്ലപ്പെടരുതെന്നും, ജീവിതകാലം മുഴുവൻ ആക്രമണങ്ങളുടെ ശാരീരികവും മാനസികവുമായ മുറിപ്പാടുകൾ കൊണ്ടുനടക്കാൻ അവർ നിർബന്ധിതരാകരുതെന്നും ലെബനനിലേക്കുള്ള യൂണിസെഫ് പ്രതിനിധി മാർക്കോലൂയീജി കോർസി പ്രസ്താവിച്ചു. ആക്രമണങ്ങൾ അവസാനിക്കണമെന്നും കുട്ടികൾ എക്കാലവും സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
