കോട്ടപ്പുറം : അസീസിയിലെ വിശുദ്ധ ഫ്രാൻസിസിൻ്റെ 800 -ാം മഹാചരമവാർഷികത്തോടനുബന്ധിച്ച് ലയോ പാപ്പ പ്രഖ്യാപിച്ച അസീസിയിലെ വിശുദ്ധ ഫ്രാൻസിസിൻ്റെ വർഷം കോട്ടപ്പുറം രൂപതയിൽ മാർച്ച് ഏഴിന് ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് വൈകീട്ട് അഞ്ചിന് ഫ്രാൻസിസ്കൻ വൈദീകരാൽ സ്ഥാപിതമായ ചിരപുരാതനമായ തുരുത്തിപ്പുറം സെൻ്റ് ഫ്രാൻസിസ് അസീസി പള്ളിയിലെ വിശുദ്ധ കവാടം കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ വിശ്വാസികൾക്ക് തുറന്നുകൊടുക്കും.
തുടർന്ന് നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമ്മികത്വം വഹിക്കും. രൂപതയിലെ എല്ലാ വൈദീകരും സഹകാർമ്മികരാകും. ഫാ. റോബിൻ ഡാനിയൽ ഒഎഫ്എം കാപ് വചനസന്ദേശം നൽകും. സന്യസ്തരും അല്മായരുമടക്കം രൂപതയിലെ വിവിധ ഇടവകകളിൽ നിന്ന് ആയിരങ്ങൾ പങ്കെടുക്കും. ഫ്രാൻസിസ്കൻ വർഷത്തിൽ കോട്ടപ്പുറം രൂപതയിൽ നടക്കുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനവും നടക്കും.
ഫ്രാൻസിസ്കൻ വർഷത്തിൽ ദണ്ഡ വിമോചനം നേടുന്നതിന് കോട്ടപ്പുറം രൂപതയിൽ ഔദ്യോഗികമായി തുറന്നുകൊടുക്കുന്ന ദേവാലയമാണ് തുരുത്തിപ്പുറം സെൻ്റ് ഫ്രാൻസിസ് അസ്സീസി പള്ളി. ഈ ദേവാലയത്തിലെ വിശുദ്ധ കവാടത്തിലൂടെ കടന്ന് നിശ്ചിത വ്യവസ്ഥകളും പ്രാർത്ഥനകളും നിറവേറ്റുന്നവർക്ക് ഈ വർഷം മുഴുവൻ ദണ്ഡവിമോചനം പ്രാപിക്കാനാകും.
വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ മുന്നേറുകയാണെന്ന് തുരുത്തിപ്പുറം പള്ളി വികാരി ഫാ.ജോയ് സ്രാമ്പിക്കലും സഹവികാരി ഫാ. സ്റ്റെഫിൻ സ്റ്റീഫൻ പിഎംഐ യും അറിയിച്ചു.
ഭാരത സഭയുടെ പിള്ളത്തൊട്ടിയായ കൊടുങ്ങല്ലൂർ – കോട്ടപ്പുറത്തായിരുന്നു ആദിമ ക്രൈസ്തവരും യഹൂദരും അധിവസിച്ചിരുന്നത്. പിന്നീട് സാമൂതിരിയുടെ ആക്രമണം ഉണ്ടായപ്പോൾ അവർ കൊടുങ്ങല്ലൂരിന്റെ കിഴക്കുഭാഗത്തുള്ള ഉൾനാടുകളിലേക്ക് മാറി താമസിച്ചു. അങ്ങനെ ക്രൈസ്തവ സമൂഹം ആസ്ഥാനമാക്കിയ പ്രദേശമാണ് തുരുത്തിപ്പുറം. വിദേശീയരായ ഫ്രാൻസിസ്കൻ മിഷണറി വൈദീകരാൽ സ്ഥാപിതമായതാണ് തുരുത്തിപ്പുറത്തെ പുരാതന ദേവാലയം . ഫ്രാൻസിസ്കൻ മിഷണറിമാർ അവരുടെ പുണ്യപിതാവിൻ്റെ നാമം തന്നെ ഈ പള്ളിക്ക് ചാർത്തിക്കൊടുക്കുകയായിരുന്നു.
അവിഭക്ത വരാപ്പുഴ അതിരൂപതയിലെ തന്നെ ഏറ്റവും പുരാതന ഇടവകയായ തുരുത്തിപ്പുറം സെൻ്റ് ഫ്രാൻസിസ് പള്ളി കോട്ടപ്പുറം രൂപതയിലെ പള്ളികളുടെ മാതാവാണ് . 1531 ൽ സ്ഥാപിതമായ ഈ ഇടവകയിൽ നിന്ന് 1599 ലെ ഉദയംപേരൂർ സൂനഹദോസിൽ ക്രൈസ്തവ പ്രതിനിധികളും വൈദീക പ്രതിനിധിയും പങ്കെടുത്തിട്ടുണ്ട്. ടിപ്പുവിൻ്റെ പടയോട്ടകാലത്ത് തിരുസ്വരൂപങ്ങളുമായി മതിലകത്തേക്ക് പലായനം ചെയ്ത ഇവിടുത്തെ വിശ്വാസീസമൂഹം പിന്നീട് അതേ വിശ്വാസ ഭൂമിയിലേക്ക് തിരിച്ചെത്തിയതും ഒരു വിശ്വാസ ചരിത്രമാണ്. ഇവിടുത്തെ പൂർവ്വികർ വിദേശികളായ ഫ്രാൻസിസ്കൻ വൈദീകരുടെ പരിലാളനകളേറ്റ് വളർന്നവരായിരുന്നു.

