അവകാശ പ്രഖ്യാപനമായ് കെഎൽസിഎ വൈപ്പിൻ സമ്മേളനം
വൈപ്പിൻ: വൈപ്പിൻ കരയുടെ സർവതോന്മുഖമായ പുരോഗതിക്ക് ലത്തീൻ സമുദായം നൽകിയ സംഭാവനകൾ അതുല്യമാണെന്ന് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ബിഷപ് ആൻ്റണി വാലുങ്കൽ അഭിപ്രായപ്പെട്ടു. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തിയ വൈപ്പിൻ നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടത് കെഎൽസിഎ അടക്കമുള്ള സമുദായ സംഘടനകളുടെ സമ്മർദ്ദം കൊണ്ടുമാത്രമാണ്.
കാലാകാലങ്ങളായി സർക്കാർ നടപ്പിലാക്കികൊണ്ടിരിക്കുന്ന ഇരുന്നൂറിലധികം കാര്യങ്ങളാണ് ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ ശുപാർശകൾ എന്ന പേരിൽ സർക്കാർ പുറത്തുവിട്ടിരിക്കുന്നതെന്നാണ് പ്രാഥമികമായി മനസിലാക്കാൻ സാധിക്കുന്നത്.
കേരളത്തിലെ ക്രൈസ്തവരുടെ അവസ്ഥ പരിഹരിക്കുന്നതിനായി കമ്മീഷൻ നൽകിയിരിക്കുന്ന എല്ലാ ശുപാർശകളും നീതിപൂർവ്വകമായി നടപ്പിലാക്കണമെന്ന് ബിഷപ്പ് വാലുങ്കൽ സർക്കാരിനോട് ആവശ്യപ്പെട്ടു.
പെരുമ്പിള്ളി ഹോളി ഫാമിലി കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ
വരാപ്പുഴ അതിരൂപത കെഎൽസിഎ പ്രസിഡൻ്റ് റോയ് ഡിക്കൂഞ്ഞ അധ്യക്ഷത വഹിച്ചു.
കെഎൽസിഎ സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഷെറി ജെ തോമസ് മുഖ്യ പ്രഭാഷണം നടത്തി.
കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. ജിജു അറക്കത്തറ, വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞിമിറ്റം, ലത്തീൻ സമുദായ വക്താവ് ജോസഫ് ജൂഡ്, കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി, ഫാ. മാർട്ടിൻ തൈപ്പറമ്പിൽ, അതിരൂപത പൊളിറ്റിക്കൽ അഫയേഴ്സ് ചെയർമാൻ ഫാ.ഫ്രാൻസിസ് സേവ്യർ താന്നിക്കപ്പറമ്പിൽ, ബിസിസി ഡയറക്ടർ ഫാ. യേശുദാസ് പഴമ്പിള്ളി,വൈപ്പിൻ ഫൊറോന ബിസിസി ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ഓളിപ്പറമ്പിൽ, അതിരൂപതാ ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ, ട്രഷറർ പൗലോസ്, വൈപ്പിൻ മേഖലാ പ്രസിഡൻ്റ് ബെനറ്റ് കുറുപ്പശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു.
അതിരൂപത വൈസ് പ്രസിഡൻ്റുമാരായ ബാബു ആൻ്റണി, എം എൻ ജോസഫ്, പ്രൊഫ ഡോ സൈമൺ കൂമ്പയിൽ, ഫില്ലി കാനപ്പിള്ളി സെക്രട്ടറിമാരായ നിക്സൺ വേണാട്ട്, നവീൻ വർഗീസ്, ബിജു മുള്ളൂർ, റോസ് മാർട്ടിൻ എന്നിവർ നേതൃത്വം നൽകി.
കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്ക അവസ്ഥ പരിഹരിക്കുന്നതിനായി സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ ശുപാർശകൾ എത്രയും വേഗം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കെഎൽസിഎ യുടെ നേതൃത്വത്തിൽ ബിസിസി കളുടെയും, സമുദായ സംഘടനകളുടെയും സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചത്.
ടെട്രാപോഡ് ,വൈപ്പിൻ തീരദേശ പാത, കായലോരപാത, ഗോശ്രീ സമാന്തര പാലം, പുക്കാട് കണ്ടൈനർ റോഡ് പാലം ഉൾപ്പെടെയുള്ള പ്രാദേശിക വിഷയങ്ങളും കൺവെൻഷനിൽ ഉന്നയിച്ചു.



