ക്രോസ്സ് റിവർ: ക്രോസ് റിവറിലെ ബോക്കി ലോക്കൽ ഗവൺമെന്റ് ഏരിയയിലെ കച്ചുവാൻ ഇരുവാനിലുള്ള സെന്റ് മേരീസ് കത്തോലിക്കാ പള്ളിക്ക് നേരെ ആക്രമണം നടന്നതായി ക്രോസ് റിവറിലെ പോലീസ് കമാൻഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച പുലർച്ചെ 3 മണിയോടെയാണ് അക്രമകാരികൾ തീകൊളുത്തുവാൻ ശ്രമിച്ചതെന്ന് കമാൻഡിന്റെ വക്താവ് എഎസ്പി സൺഡേ ഐതോക്പ പറഞ്ഞു.
സാക്രിസ്റ്റിയിൽ സൂക്ഷിച്ചിരുന്ന എല്ലാ പള്ളി രേഖകളും തീയിട്ട് നശിപ്പിച്ചതായും പള്ളി പരിസരത്ത് നിർത്തിയിട്ടിരുന്ന പുരോഹിതന്റെ ലെക്സസ് 350 ജീപ്പും ടൊയോട്ട കൊറോളയും അക്രമികൾ കത്തിച്ചതായും അദ്ദേഹം പറഞ്ഞു. “ഇപ്പോൾ ആരെയും തിരിച്ചറിഞ്ഞിട്ടില്ല. ഈ നിർഭാഗ്യകരമായ ക്രിമിനൽ പ്രവൃത്തിക്ക് ഉത്തരവാദികളായവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
നൈജീരിയയിലെ ക്രൈസ്തവർ അക്രമത്തിന്റെയും ഭീഷണിയുടെയും നിഴലിൽ കഴിയുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമായാണ് ഈ സംഭവത്തെ വിലയിരുത്തുന്നത്. ക്രൈസ്തവ ദേവാലയങ്ങൾക്കും വൈദികർക്കും നേരെയുള്ള ആക്രമണങ്ങളും തുടർച്ചയായ ക്രൈസ്തവ കൂട്ടക്കൊലകളും രാജ്യത്തെ ക്രൈസ്തവരെ ആശങ്കയിലാഴ്ത്തുകയാണ്. ഓപ്പൺ ഡോർസ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ വേൾഡ് വാച്ച് ലിസ്റ്റ് പ്രകാരം, ക്രിസ്ത്യാനികൾക്ക് ജീവിക്കുവാൻ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഏഴാം സ്ഥാനത്താണ് നൈജീരിയ.

