വത്തിക്കാൻ : ഗ്വാദലൂപ്പെ രക്ഷകരാസത്യത്തിന്റെ സാംസ്കാരിക അനുരൂപണത്തിന് ഉത്തമ മാതൃകയും, സുവിശേഷപ്രഘോഷണദൗത്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുള്ള അളവുകോലുമാണെന്ന് ലിയോ പതിനാലാമൻ പാപ്പാ. മധ്യ അമേരിക്കൻ രാജ്യമായ മെക്സിക്കോയുടെ തലസ്ഥാനം കൂടിയായ മെക്സിക്കോ സിറ്റിയിൽ, ഗ്വാദലൂപ്പെ മാതാവിന്റെ പ്രത്യക്ഷീകരണവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 24 മുതൽ 26 വരെ നടക്കുന്ന ദൈവശാസ്ത്ര-അജപാലന കോൺഗ്രസിലേക്കയച്ച സന്ദേശത്തിലാണ്, വിവിധ സംസ്കാരങ്ങളെ മാതൃകാപരമായ രീതിയിൽ ചേർത്തുപിടിക്കുന്ന ഗ്വാദലൂപ്പെയിലെ പ്രവർത്തനങ്ങളെ പരിശുദ്ധ പിതാവ് പ്രകീർത്തിച്ചത്.
അഞ്ഞൂറോളം വർഷങ്ങൾക്ക് മുൻപ് വിശുദ്ധ ഹുവാൻ ദിയേഗോ തെപെയാക് ഹിൽ എന്നയാൾക്ക് പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണങ്ങൾ ഉണ്ടായതുമായി ബന്ധപ്പെട്ട ജൂബിലിക്കൊരുക്കമായി, തെക്കേ അമേരിക്കയയ്ക്കായുള്ള പൊന്തിഫിക്കൽ കമ്മീഷനും, മെക്സിക്കോയിലെ മെത്രാൻസമിതിയും, നൈറ്റ്സ് ഓഫ് കൊളംബസ്, പൊന്തിഫിക്കൽ മരിയൻ അക്കാദമി എന്നീ പ്രസ്ഥാനങ്ങളും ചേർന്ന് ഒരു ദൈവശാസ്ത്ര-അജപാലന സമ്മേളനം നടത്തുന്നതിലേക്ക് അയച്ച സന്ദേശത്തിൽ, ഇതുമായി ബന്ധപ്പെട്ട്, ദൈവം തന്നെത്തന്നെ വെളിപ്പെടുത്തുന്ന മാർഗ്ഗത്തെക്കുറിച്ച് വിചിന്തനം ചെയ്യുന്നതിന്റെ പ്രാധാന്യവും പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു. തിടുക്കത്തിലല്ലാതെ, സാവധാനത്തിൽ ചരിത്രത്തിലേക്ക് കടന്നുവരികയും, മനുഷ്യന്റെ വ്യക്തിപരമായ സ്വാതന്ത്ര്യവുമായി സംവാദത്തിലേർപ്പെട്ടുമാണ് അവിടുന്ന് തന്നെത്തന്നെ വെളിപ്പെടുത്തുന്നതെന്നും, എന്നാൽ യേശുക്രിസ്തുവിലൂടെയാണ് അവിടുന്ന് തന്നെത്തന്നെ പൂർണ്ണമായി വെളിവാക്കുന്നതെന്നും പാപ്പാ എഴുതി. ഈയൊരു ക്രിസ്തുവിനെ മറ്റുള്ളർക്ക് മുന്നിൽ സമീപസ്ഥനും, സമീപിക്കാവുന്നവനുമാക്കി അവതരിപ്പിക്കുകയാണ് സുവിശേഷവത്കരണം എന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
ഏതെങ്കിലും ഒരു സംസ്കാരത്തെ ഏറ്റവും ശ്രേഷ്ഠമായി ഉയർത്തിക്കാട്ടുകയോ ഏതെങ്കിലും സംസ്കാരങ്ങളെ അവഗണിക്കുകയോ താഴ്ത്തിക്കാട്ടുകയോ ചെയ്യുന്നതല്ല ആധികാരികമായ സാംസ്കാരിക അനുരൂപണം കൊണ്ട് കത്തോലിക്കാസഭ ഉദ്ദേശിക്കുന്നതെന്നാണ് ഗ്വാദലൂപ്പെ വ്യക്തമാക്കുന്നതെന്ന് പാപ്പാ എഴുതി. സംസ്കാരങ്ങളെ ശുദ്ധീകരിക്കുകയും, ക്രിസ്തുവുമായുള്ള കണ്ടുമുട്ടലിന്റെ ഇടങ്ങളാക്കി അവയെ മാറ്റുകയുമാണ് സാംസ്കാരിക അനുരൂപണം കൊണ്ട് നാം മനസ്സിലാക്കുന്നത്. സംസ്കാരങ്ങളിൽ നിലനിൽക്കുന്ന “വചനത്തിന്റെ വിത്തിനെ” തിരിച്ചറിയുക എന്നതിന്റെ പ്രാധാന്യവും പാപ്പാ പ്രത്യേകം അനുസ്മരിച്ചു.
സുവിശേഷം അതിന്റെ പൂർണ്ണത കാത്തുസൂക്ഷിച്ചും പുതുമ നിലനിർത്തിയും നിർബന്ധം കൊണ്ടല്ലാതെ പ്രഘോഷിക്കാമെന്നതാണ് വിശുദ്ധ ഹുവാൻ ദിയേഗോ തെപെയാക് ഹില്ലിനുണ്ടായ പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണവുമായി ബന്ധപ്പെട്ട സംഭവം വ്യക്തമാക്കുന്നതെന്ന് പാപ്പാ വിശദീകരിച്ചു.
ഗ്വാദലൂപ്പെയുമായി ബന്ധപ്പെട്ട സംഭവങ്ങളിലെ ദൈവശാസ്ത്രപരമായ ഉള്ളടക്കം പരിശോധിക്കുവാനും അതിനെ കൂടുതൽ മനസ്സിലാക്കാനുമുള്ള ശ്രമങ്ങൾ, സുവിശേഷത്തെ മനസ്സിലാക്കാനുള്ള ശ്രമങ്ങളോട് ചേർന്ന് പോകുന്നതാണെന്ന് എഴുതിയ പാപ്പാ, ഗ്വാദലൂപ്പെ മാതാവിന്റെയും വിശുദ്ധരുടെയും പ്രാർത്ഥനകളും പിന്തുണയും ഇതിൽ നിങ്ങൾക്കുണ്ടാകട്ടെയെന്ന് തന്റെ സന്ദേശത്തിൽ ആശംസിച്ചു.
