ബാഴ്സലോണ: ബാഴ്സലോണയിലെ സഗ്രഡ ഫാമിലിയ ബസിലിക്കയുടെ മധ്യ ഗോപുരത്തിന്റെ നിർമ്മാണം പൂർത്തിയായി. ഫെബ്രുവരി 20ന് യേശു ക്രിസ്തുവിന്റെ ഗോപുരമെന്ന വിശേഷണത്തോടെ കുരിശിന്റെ മുകൾഭാഗം സ്ഥാപിച്ചതോടെ, ബസിലിക്കയുടെ ഏറ്റവും ഉയർന്ന സ്ഥലമായ സഗ്രഡ ഫാമിലിയയുടെ മധ്യ ഗോപുരത്തിന്റെ ബാഹ്യ ജോലികൾ പൂർത്തിയാക്കി. ദീർഘകാലമായി നടക്കുന്ന നിർമ്മാണം കൊണ്ട് ശ്രദ്ധയാകർഷിച്ച സാഗ്രഡ ഫാമിലിയ ബസിലിക്കയുടെ ആറ് മധ്യ ഗോപുരങ്ങളുടെ നിർമ്മാണം ബാഹ്യമായി പൂർത്തികരിച്ചിട്ടുണ്ട്. ഘടനയുടെ ഇന്റീരിയർ പണികൾ തുടരും.
കഴിഞ്ഞ വർഷം ജർമ്മനിയിൽ നിർമ്മിച്ച കുരിശാണ് ബസിലിക്കയിൽ സ്ഥാപിച്ചത്. വെളുത്ത സെറാമിക് ഗ്ലാസ്, സ്റ്റെയിൻഡ് ഗ്ലാസ് എന്നിവ വിവിധ ഫാക്ടറികളിലും വർക്ക്ഷോപ്പുകളിലുമായാണ് നിർമ്മിച്ചത്. ജർമ്മനിയിൽ നിന്ന് പല ഭാഗങ്ങളായി എത്തിച്ച കുരിശിന്റെ ഭാഗങ്ങൾ, ദേവാലയത്തിന്റെ 54 മീറ്റർ ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന വർക്ക് പ്ലാറ്റ്ഫോമിൽ കൂട്ടിചേർക്കുകയായിരിന്നു. 1882-ൽ നിർമ്മാണം ആരംഭിച്ച ബസിലിക്കയുടെ നിർമ്മാണം ഇപ്പോഴും പൂർത്തിയായിട്ടില്ല. അൻറോണിയോ ഗൗഡി എന്ന പ്രമുഖ ആർക്കിടെക്ട്ടാണ് മനോഹരമായ പടുകൂറ്റൻ ദേവാലയത്തിന്റെ രൂപരേഖ തയ്യാറാക്കിയത്.
അടിയുറച്ച കത്തോലിക്ക വിശ്വാസിയായ ഗൗഡി തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗവും ഈ സ്വപ്നപദ്ധതിയ്ക്കായാണ് ചെലവഴിച്ചത്. 1926ൽ ഗൗഡി മരിക്കുമ്പോൾ ദേവാലയ നിർമ്മാണം വളരെ കുറച്ചുമാത്രമേ പൂർത്തിയായിരുന്നുള്ളു. ദേവാലയ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടില്ലെങ്കിലും 2010-ൽ ബെനഡിക്ട് പതിനാറാമൻ പാപ്പ ബസിലിക്കയുടെ കൂദാശ കർമ്മം നിർവഹിച്ചിരുന്നു. 45 ലക്ഷത്തോളം ആളുകളാണ് ഈ ദേവാലയം വർഷംതോറും സന്ദർശിക്കുന്നത്. 2005ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സഗ്രഡ ഫാമിലിയ ഇടംപിടിച്ചിരുന്നു.

