മലയാറ്റൂർ: മലയാറ്റൂർ കുരിശുമുടി തീർത്ഥാടനത്തിന് ഇന്നു തുടക്കമാകും. രാവിലെ ഏഴിന് മലയാറ്റൂർ ഇടവകയുടെ നേതൃത്വത്തിൽ മല കയറുന്നതോടെയാണു തീർത്ഥാടനത്തിന് തുടക്കമാകുന്നത്. അടിവാരത്ത് വി തോമസിന്റെ രൂപത്തിനു മുന്നിൽ കുരിശുമുടി വൈസ് റെക്ടർ ഫാ. ജോസ് ഒഴലക്കാട്ട് പ്രാർത്ഥനാശുശ്രൂഷകൾക്ക് കാർമികത്വം വഹിക്കുകയും തീർത്ഥാടനത്തിന് തുടക്കം കുറിക്കുകയും ചെയ്യും. മലയാറ്റൂർ, സെബിയൂർ, വിമലഗിരി, ഇല്ലിത്തോട് ഇടവകകളിലെ വിശ്വാസികൾ ഒരുമിച്ച് കുരിശുമുടി കയറും.
സെബിയൂർ പള്ളി വികാരി ഫാ. ഷെറിൻ പുത്തൻപുരയ്ക്കൽ, വിമലഗിരി പള്ളി വികാരി ഫാ. പോൾ പടയാട്ടി, ഇല്ലി ത്തോട് പള്ളി വികാരി ഫാ. ജോൺസൺ വല്ലൂരാൻ, കുരിശുമുടി സ്പിരിച്വൽ ഡയറക്ടർ ഫാ. ആൻ്റണി നടുവത്തുശേരി, മലയാറ്റൂർ സഹവികാരി ഫാ. ആൽബിൻ വെള്ളാഞ്ഞിയിൽ, കൈക്കാരൻമാരായ ടിനു തറയിൽ, ജോർളി ഈ രത്തര, ആബേൽ കപ്പ്യാരുകുടി, വൈസ് ചെയർമാൻ സാബു ചെല്ലാമ്പുറം തുടങ്ങിയവർ മലകയറ്റത്തിന് നേതൃത്വം നൽകും. തുടർന്ന് ഒൻപതിന് കുരിശുമുടിയിൽ കുർബാന.
കുരിശും വഹിച്ച് കാൽവരിയിലേക്കുള്ള യേശുവിന്റെ യാത്രയിലെ 14 പ്രധാന സംഭവങ്ങളെ പ്രതിനിധീകരിച്ച് പാറക്കെട്ടുകൾ നിറഞ്ഞ മലമ്പാതയിലുള്ള 14 വിശുദ്ധ സ്ഥലങ്ങൾ പിന്നിട്ട് തീർഥാടകർ മലമുകളിൽ വിശുദ്ധന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിട്ടുള്ള വി. തോമസ്സിന്റെ സന്നിധിയിലേക്കാണ് എത്തുന്നത്. ആന കുത്തിയ പഴയ പള്ളിയും പാറപ്പുറത്തെ അത്ഭുത ഉറവയും കാണാം.
പൊൻകുരിശും വിശുദ്ധന്റെ കാൽപാദം പതിഞ്ഞ വിരിപ്പാറ കണ്ട് തിരികെ ഇറക്കം.കുരിശുമുടി പള്ളിയിൽ ദിവസവും രാവിലെ 5.30, 7.30, 9.30, വൈകിട്ട് 6.30 സമയങ്ങളിൽ കുർബാനയുണ്ട്. മുൻകൂട്ടി അറിയിച്ചു വരുന്ന ചെറിയ ഗ്രൂപ്പുകൾക്ക് ധ്യാനം, പ്രാർഥന എന്നിവയ്ക്ക് സൗകര്യം ലഭ്യമാണ്. 24 മണിക്കൂറും മല കയറാം. നേരത്തെ അറിയിച്ചാൽ താഴത്തെ പള്ളിയ്ക്കു സമീപം വിശ്രമത്തിനും താമസത്തിനും സ്ഥലം ലഭിക്കും. വെഞ്ചരിച്ച നേർച്ച എണ്ണയും നേർച്ച പായസവും ഹന്നാൻ വെള്ളവും പള്ളി സ്റ്റാളുകളിൽ ലഭ്യമാണ്.

