പയ്യന്നൂർ: ക്രൈസ്തവരുടെ വലിയ നോമ്പാചരണത്തിന്റെ ആദ്യ വെള്ളിയാഴ്ചയായ ഇന്നു രാവിലെ കണ്ണൂർ രൂപതയിലെ വൈദിക കൂട്ടായ്മ കുരിശിന്റെ വഴി നടത്തി. കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല, സഹാ യ മെത്രാൻ ഡോ.ഡെന്നീസ് കുറുപ്പശേരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു വൈദികർ കുരിശിന്റെ വഴി നടത്തിയത്.
കുരിശിലേക്ക് നോക്കിയാൽ തീരാവുന്ന സങ്കടങ്ങളേ നമ്മുടെ ജീവിതത്തിലുള്ളുവെന്നും കുരിശും കുരിശിന്റെ വഴിയും നമ്മുടെ ജീവിതത്തിൽ ശക്തിയും അനുഗ്രഹങ്ങളുമാണ് നൽകുന്നതെന്നും ആമുഖഭാഷണത്തിൽ ബിഷപ് വടക്കുംതല പറഞ്ഞു. രൂപതയിലെ എല്ലാ രോഗികളുടേയും സൗഖ്യത്തിനായും വിശ്വാസ സമൂഹത്തേയും വൈദികരേയും സമർപ്പിച്ചുള്ള പ്രാർഥനയോടെയുമാണ് കുരിശിന്റെ വഴി ആരംഭിച്ചത്.
പയ്യന്നൂർ കേളോത്ത് അമലോത്ഭവ മാതാ പള്ളിയിൽനിന്നും കാൽവരിയാത്രയെ അനുസ്മരിക്കുന്ന ഗാനങ്ങളും പ്രാർഥനകളുമായി തുടങ്ങിയ കുരിശിന്റെ വഴി തീർഥാടന കേന്ദ്രമായ ഏഴിമലയിലെ ലൂർദ് മാതാ പള്ളിയിലാണ് സമാപിച്ചത്. കുരിശുകളേന്തിയ രൂപതയിലെ നാൽപതോളം വൈദികർ കുരിശിന്റെ വഴിയാചരണത്തിൽ പ ങ്കെടുത്തു.

