ഓഗ്സ്ബർഗ്: ലോകത്ത് സമാധാനം സംജാതമാകുവാൻ നോമ്പ് കാലത്തു പ്രാർത്ഥിക്കുവാൻ ആഹ്വാനവുമായി യൂറോപ്യൻ സഭ. യുദ്ധങ്ങളും ആക്രമണങ്ങളുംക്കൊണ്ട് സംഘർഷഭരിതമായ ലോകത്ത്, പ്രത്യേകിച്ച് യുക്രൈനിലും മധ്യപൂർവ്വേഷ്യയിലും സമാധാനം പുലരുവാൻ വേണ്ടിയാണ് പ്രാർത്ഥനയ്ക്കു നിർദേശം നൽകിയിരിക്കുന്നത്. ഇന്ന് ഫെബ്രുവരി 18 വിഭൂതി ബുധനാഴ്ച മുതൽ, നോമ്പുകാലം മുഴുവൻ, സംഘർഷങ്ങളുടെ അവസാനത്തിന് വേണ്ടി പ്രാർത്ഥിക്കാനാണ് കൗൺസിൽ ഓഫ് യൂറോപ്യൻ ബിഷപ്പ്സ് കോൺഫറൻസിന്റെ (CCEE) ആഹ്വാനം.
യുദ്ധത്തിന്റെ ഇരകൾക്കുവേണ്ടി പ്രാർത്ഥിക്കുന്നതിനും യുക്രൈനിലും വിശുദ്ധ നാട്ടിലും ലോകമെമ്പാടും നിരായുധീകരണം നടക്കുന്നതിനും സമാധാനം സംജാതമാകുന്നതിനും കുറഞ്ഞത് ഒരു കുർബാനയെങ്കിലും അർപ്പിക്കുവാനും വിവിധ രാജ്യങ്ങളിലെ മെത്രാൻ സമിതിയോട് ആഹ്വാനം ചെയ്തിട്ടുണ്ട്. “യൂക്കരിസ്റ്റിക് ചെയിൻ” എന്ന് വിളിക്കപ്പെടുന്ന നോമ്പുകാല പ്രാർത്ഥനാകൂട്ടായ്മ യൂറോപ്യൻ ഭൂഖണ്ഡത്തിനു കൂട്ടായ്മയുടെ അനുഭവവും പ്രത്യാശയുടെ അടയാളവുമാകാൻ ലക്ഷ്യമിടുകയാണെന്നും കൗൺസിൽ ഓഫ് യൂറോപ്യൻ ബിഷപ്പ്സ് കോൺഫറൻസ് വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ, യുദ്ധങ്ങളും സംഘർഷങ്ങളും മൂലം മുറിവേറ്റ ഒരു ലോകത്താണ് നാം ജീവിക്കുന്നതെന്നും യൂറോപ്പിലെ ജനങ്ങൾ പോലും ആശങ്കയോടെയാണ് കഴിയുന്നതെന്നും ഫെബ്രുവരി 13 ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഇറ്റലി, ഫ്രാൻസ്, ജർമനി, പോളണ്ട് എന്നീ രാജ്യങ്ങളിലെ മെത്രാൻ സമിതി അധ്യക്ഷന്മാർ കുറിച്ചു. ക്രൈസ്തവ പരമ്പര്യത്തിൽ അധിഷ്ഠിതമായ ചിന്തകളോടെ യൂറോപ്പിന്റെ സ്ഥാപകർ മുന്നോട്ടുവച്ച മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ യൂറോപ്പിലെ ജനങ്ങൾക്കാകണമെന്നും മെത്രാൻ സമിതികൾ സംയുക്ത പ്രസ്താവനയിൽ ഓർമ്മിപ്പിച്ചു.

