ഹോങ്കോങ്ങ്: വഞ്ചന, നിയമവിരുദ്ധമായ സംഘംചേരൽ എന്നിവയുൾപ്പെടെ നിരവധി കുറ്റങ്ങൾ ആരോപിച്ച് ഹോങ്കോങ്ങ് ദിനപത്രമായ ആപ്പിൾ ഡെയിലിയുടെ മുൻ എഡിറ്ററും, പ്രമുഖ ജനാധിപത്യവാദിയും കത്തോലിക്ക വിശ്വാസിയുമായ ജിമ്മി ലായിയെ 20 വർഷം വരെ തടവിന് ശിക്ഷിച്ചു കോടതി. വാദം ഡിസംബറിൽ കോടതി അംഗീകരിച്ചിരിന്നു. ഇതേ തുടർന്നാണ് ഇന്നു ഫെബ്രുവരി 9നു ഹോങ്കോങ്ങ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ജനകീയ പ്രക്ഷോഭങ്ങളിൽ പൗരന്മാർക്കൊപ്പം നിലക്കൊണ്ടതിന്റെ പേരിൽ മുൻ ഹോങ്കോങ്ങ് മെത്രാൻ കർദ്ദിനാൾ ജോസഫ് സെന്നിനൊപ്പം അറസ്റ്റിലായ വ്യക്തിയാണ് ജിമ്മി ലായി.
1947-ൽ ചൈനയിൽ ജനിച്ച ജിമ്മി ലായി 12-മത്തെ വയസ്സിലാണ് ഹോങ്കോങ്ങിൽ എത്തിയത്. 49-മത്തെ വയസ്സിൽ അദ്ദേഹം മാമ്മോദീസ സ്വീകരിച്ചു കത്തോലിക്കാ സഭയിൽ ചേർന്നു. 2019-ൽ ഏതാണ്ട് 20 ലക്ഷത്തോളം ആളുകൾ പങ്കെടുത്ത ജനാധിപത്യ പ്രക്ഷോഭങ്ങൾക്ക് ശേഷം ബെയ്ജിംഗ് തടവിലാക്കിയ ഇരുന്നൂറ്റിഅൻപതോളം ജനാധിപത്യവാദികളിൽ ഒരാളാണ് ലായി. ഹോങ്കോങ്ങിന്റെ ദേശീയ സുരക്ഷാ നിയമത്തിൻ കീഴിൽ 2020 ഡിസംബറിലാണ് ജിമ്മി ലായി അറസ്റ്റിലാകുന്നത്.
അതിനുശേഷം സർക്കാർ അദ്ദേഹത്തിനെതിരെ നിരവധി തവണ കുറ്റം ചുമത്തിയിരിന്നു. ജാമ്യം നൽകാതെ തടവിലാക്കുകയും നീണ്ട ജയിൽ ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്ത നടപടിയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരിന്നു. ഇതിനിടെ 2021-ൽ ലായി നടത്തിക്കൊണ്ടിരിക്കുന്ന ആപ്പിൾ ഡെയിലി എന്ന ചൈനീസ് ഭാഷാദിനപത്രം നൂറുകണക്കിന് പോലീസ് എത്തി അടച്ചുപൂട്ടുകയും, മാധ്യമസ്ഥാപനത്തിന്റെ ഉന്നത ജീവനക്കാരെ തടവിലാക്കുകയും ചെയ്തു. ഹോങ്കോങ്ങിൽ ജനാധിപത്യത്തെ ഏറ്റവും കൂടുതൽ അനുകൂലിച്ച മാധ്യമസ്ഥാപനമായിരുന്നു ആപ്പിൾ ഡെയിലി.

