ലൂയീസ് തണ്ണിക്കോട്ട്
വിശുദ്ധിയുടെ നറുമണം പടർന്നു പരിലസിക്കുന്ന പരിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പായുടെ കേരള സന്ദർശനത്തിന് 2026 ഫെബ്രുവരി 7- 8 തീയതികളിൽ 40 ആണ്ടുകൾ തികയുന്നു. ജോൺപോൾ രണ്ടാമൻ പാപ്പായുടെ പാദ സ്പർശനത്താലും സാമീപ്യത്തിനാലും കളമശ്ശേരി എച്ച്എംടി ഗ്രൗണ്ട്, എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ ദേവാലയം , വരാപ്പുഴ അതിരൂപത ആസ്ഥാനമന്ദിരം എല്ലാം, പരിശുദ്ധ പാപ്പായുടെ സന്ദർശനത്തിന്റെ നിർവൃദ്ധിയിൽ നിറഞ്ഞുനിന്ന വരാപ്പുഴ അതിരൂപതയുടെ ഓർമ്മകളുടെ ദിനങ്ങളായിരുന്നു 1986 ഫെബ്രുവരി 7-8.
കാലങ്ങൾ ഏറെയായി പരിശുദ്ധ പത്രോസിന്റെ സിംഹാസനത്തിൽ നിന്നുള്ള ഒരു പാപ്പായ്ക്കു വേണ്ടി കേരള മണ്ണ് കാത്തിരിക്കുന്നു. ആ കാത്തിരിപ്പിന്റെ മനസ്സു തന്നെയായിരുന്നു വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ: ജോസഫ് കേളന്തറ പിതാവിനും. വരാപ്പുഴ അതിരൂപതയുടെ ശതാബ്ദിയോട് അനുബന്ധിച്ച് പരിശുദ്ധ പാപ്പായുടെ സാന്നിധ്യം ഉണ്ടാകണമെന്ന് കേളന്തറ പിതാവിന്റെ ആഗ്രഹവും ദീർഘവീക്ഷണവും പരിശ്രമവും ഒത്തുചേർന്നപ്പോൾ 1985 രണ്ടാം പകുതിയിൽ ആ വാർത്ത ആദ്യമായി മലയാളത്തിൽ മാതൃഭൂമി പത്രം പുറത്തുവിട്ടു. പരിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ കേരള മണ്ണിലേക്ക് …!
പരിശുദ്ധ പാപ്പായുടെ സന്ദർശനത്തിന് അതിരൂപതയിലെ അല്മായരേയും സമർപ്പിതരെയും ചേർത്തുപിടിച്ചു കൊണ്ടായിരുന്നു കേളന്തറ പിതാവിന്റെ മുന്നൊരുക്കം. പരിശുദ്ധ പാപ്പായുടെ സന്ദർശനത്തിന്റെ, ‘ഐക്യത്തിലേക്കുള്ള നാഥന്റെ വിളി ‘ എന്ന ആപ്തവാക്യം മുന്നൊരുക്കത്തിന്റെ എല്ലാ തലങ്ങളിലും ഒരുമയുടെ കാഹളമായി. മോൺ. മാത്യു ചക്കാലക്കൽ ജനറൽ കൺവീനറായി വിവിധ കമ്മറ്റികൾ പ്രവർത്തന സജ്ജമായി. പിന്നിട് ദൈവദാസനായി ഉയർത്തപ്പെട്ട മോൺ. ഇമ്മാനുവൽ ലോപ്പസ് ഉൾപ്പെടെയുള്ള വൈദികർ, അല്മായർ, വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നൽകി.
കാത്തിരുന്ന ദിവസം സമാഗതമായി. 1986 ഫെബ്രുവരി 7. കേളന്തറ പിതാവിന്റെ നേതൃത്വത്തിൽ വില്ലിങ്ടൻ ഐലന്റിലെ എയർപോർട്ടിൽ പരിശുദ്ധ പിതാവ് ജോൺപോൾ രണ്ടാമനെ, കൊച്ചി സ്വീകരിച്ചു. മാർ ആന്റണി പടിയറ, മുഖ്യമന്ത്രി കരുണാകരൻ ഉൾപ്പെടെയുള്ളവർ പരിശുദ്ധ പിതാവിനെ സ്വീകരിക്കാൻ എത്തിയിരുന്നു.
എറണാകുളത്ത് ആദ്യത്തെ പരിപാടി എച്ച്എംടി ഗ്രൗണ്ടിലെ ദിവ്യബലി ആയിരുന്നു. ആയിരങ്ങൾ കാത്തുനിന്ന കളമശ്ശേരി എച്ച്എംടി ഗ്രൗണ്ടിൽ പരിശുദ്ധ പാപ്പ ഹെലികോപ്റ്ററിൽ വന്നിറങ്ങി. ജനസഹസ്രങ്ങൾ രാവിലെ മുതൽ എത്തിച്ചേർന്നു കാത്തിരുന്ന എച്ച്എംടി ഗ്രൗണ്ടിൽ, കത്തി ഉരുകുന്ന കടുംവെയിലിനെ പോലും വകവയ്ക്കാതെ, അണപൊട്ടിയ മലവെള്ളപ്പാച്ചിൽ പോലെ, ഓരോ മനുഷ്യന്റെയും വിശ്വാസത്തെ അരക്കിട്ടുറപ്പിച്ചുകൊണ്ട് ‘വിവാ ഇൽ പാപ്പാ – പാപ്പാ നീണാൾ വാഴട്ടെ ‘
എന്ന ശാന്തി ഗീതം ആരവമായി അലയടിച്ചു ഉയർന്നു. മഞ്ഞയും വെള്ളയും നിറത്തിലെ പേപ്പൽ പതാക, എച്ച്എംടി ഗ്രൗണ്ടിൽ തിരമാലകളുടെ മനോഹാരിത തീർത്തു ! ജനക്കൂട്ടത്തെ ആശിർവദിച്ചുകൊണ്ട് പാപ്പാ വാഹനത്തിൽ നിന്നും ഇറങ്ങി ജനസാഗരത്തിന് നടുവിലൂടെ ബലി വേദിയിലേക്ക്………
ദിവ്യബലിക്ക് കേളന്തറ പിതാവ് സഹകാർമ്മികനായിരുന്നു. സുവിശേഷം വായിച്ചത് അന്ന് ഡീക്കൻ ആയിരുന്ന, മുൻ കെആർ എൽസിസി ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ തന്നിക്കാപ്പറമ്പിലാണ്. മോൺ. മൈക്കിൾ പനക്കലച്ചന്റെ നേതൃത്വത്തിൽ ഗായകരായ ഫ്രെഡി പള്ളനും, ജെൻസിയും ക്വയറിന് നേതൃത്വം നൽകി. ജെറി അമൽദേവ് ഗായകസംഘത്തെ നയിച്ചു. മാനുവലും ജോർജ് പള്ളത്താനയും (ജോബ് ആൻഡ് ജോർജ്) മൂന്നുമാസത്തോളം ഗായക സംഘത്തെ പരിശീലിപ്പിച്ചിരുന്നു. മോൺ. വർഗീസ് പുത്തൻവീട്ടിൽ കുർബാന മധ്യേയുള്ള വിവരണങ്ങൾ നൽകി. ജോബ് മാഷിനായിരുന്നു, കോട്ടയത്ത് ദിവ്യബലിയിലെ ഗായക സംഘത്തിന്റെ നേതൃത്വം.
കളമശ്ശേരി ഗ്രൗണ്ടിൽ വളണ്ടിയർ ആയി സേവനം ചെയ്യാനുള്ള ഭാഗ്യം ഈ കുറിപ്പ് എഴുതുന്ന ആൾക്കും കൈവന്നു. ജീവിതഭാഗ്യം, അനുഗ്രഹം എന്നപോലെ മുന്നിലുള്ള വിഐപി സെക്ടറുകളിൽ ഒന്നിൽ ആയിരുന്നു എന്റെ സേവന നിയോഗം. അതുകൊണ്ടുതന്നെ നാലു ലക്ഷത്തോളം വരുന്ന, ജനസമുദ്രത്തിൽ ഒരാളായി മാറിയപ്പോഴും, സൂര്യതേജസ്സോടെ തിളങ്ങിയ ആ തിരുമുഖം തൊട്ടടുത്ത് കാണുന്നതിനും വണങ്ങുന്നതിനും സാധിച്ചു. ജീവിതത്തിൽ ഒരിക്കൽ മാത്രം കൈവന്ന ആ ആനന്ദനുഭൂതി ഞാൻ എന്നും ഹൃദയത്തിൽ സൂക്ഷിക്കുന്നു. എന്നെപ്പോലെ കേരളത്തിലെ അനേക ലക്ഷങ്ങൾക്ക് ദിവ്യമായ ആ ഓർമ്മയും കാഴ്ച അനുഭവവും വിശുദ്ധിയുടെ സാമീപ്യം തന്നെ.
ദിവ്യബലിക്കു ശേഷം പരിശുദ്ധ പാപ്പ എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിലേക്ക് ……..
മറൈൻഡ്രൈവിലെ ഹെലിപാഡിൽ വന്നിറങ്ങിയ പരിശുദ്ധ പാപ്പാ, തുടർന്ന് കത്തിഡ്രൽ ദേവാലയത്തിലേക്ക്. ദേവാലയ കവാടത്തിൽ വികാരി മോൺ. അലക്സാണ്ടർ വടക്കുംതല മെഴുകുതിരി കൊടുത്ത് പരിശുദ്ധ പാപ്പായെ സ്വീകരിച്ചു. തുടർന്ന് വരാപ്പുഴ അതിരൂപതയുടെ ശതാബ്ദി ആഘോഷം നിലവിളക്കിൽ ദിപനാളം പകർന്നു കൊണ്ട് പാപ്പ ഉദ്ഘാടനം ചെയ്തു. അങ്ങനെ അതിരൂപതയുടെ ശതാബ്ദിയോട് അനുബന്ധിച്ച് പരിശുദ്ധ പാപ്പ കേരളത്തിൽ വരും, എന്ന കേളന്തറ പിതാവിന്റെ ആഗ്രഹം, ദീർഘവീക്ഷണം, പരിശ്രമം സഫലമായി.
ഇനി പറഞ്ഞു വരുന്നത്, ഒരു കൊച്ചു പെൺകുട്ടിക്ക്, ദൈവം കനിഞ്ഞരുളിയ ഭാഗ്യം കൊണ്ടു മാത്രം പരിശുദ്ധ പാപ്പായോട് ചേർന്ന് നിൽക്കാൻ കിട്ടിയ ഓർമ്മകളാണ്. കത്തീഡ്രൽ ഇടവകാംഗമായ അഡ്വ: ആന്റണി ബെനഡിക്ട് ആണ് അപൂർവ്വ ഭാഗ്യത്തിന്റെ ഈ ഓർമ്മകൾ പങ്കുവെച്ചത്.
കത്തീഡ്രൽ ദേവാലയത്തിലെ പരിശുദ്ധ പാപ്പായുടെ സന്ദർശനത്തിനോട് അനുബന്ധിച്ച് രണ്ട് മാസം മുൻപ് സെക്യൂരിറ്റി റിഹേഴ്സൽ ആരംഭിച്ചിരുന്നു, ശനിയും ഞായറും ഒഴിച്ച്. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഭക്ഷണം ക്രമീകരിച്ചിരുന്നത് തൊട്ടടുത്ത വിക്ടറി ഹോട്ടലിൽ നിന്നുമായിരുന്നു. അങ്ങനെ വിക്ടറി ഹോട്ടലിന്റെ ഉടമ പോൾ ചേട്ടനും സെക്യൂരിറ്റി ടീമും തമ്മിൽ നല്ല ബന്ധം നിലനിന്നു. കത്തിഡ്രൽ ദേവാലയത്തിൽ ഇടവകക്കാരായ 20 പേർക്ക് മാത്രമേ പ്രവേശനം ഉണ്ടായിരുന്നുള്ളൂ.
ഓരോ ഇടവകയിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഒന്നോ രണ്ടോ പേർക്ക് പാസ് മൂലമായിരുന്നു ദേവാലയത്തിനകത്ത് പ്രവേശനം . ഇതോടൊപ്പം പള്ളിക്ക് പുറത്ത് ഇരുവശങ്ങളിലും റോഡിന് പടിഞ്ഞാറുവശവും പ്രത്യേകം ക്രമീകരിച്ച പന്തലിൽ പാസ് മുഖാന്തിരം പ്രവേശന അനുമതി ഉണ്ടായിരുന്നു.
ദേവാലയത്തിനകത്ത് രണ്ടുമണിക്കൂർ മുന്നേ ഇരിപ്പിടത്തിൽ എത്തണം എന്നതായിരുന്നു നിബന്ധന. അതിനാൽ വിക്ടറി പോളും പള്ളിക്കകത്ത് പ്രവേശിച്ചു. എന്നാൽ സെക്യൂരിറ്റിയുമായുള്ള പരിചയം ഉള്ളതുകൊണ്ട് പോൾ പുറത്തിറങ്ങി പള്ളി മതിലിനോട് ചേർന്നുള്ള തന്റെ കടയിലേക്ക് ചെന്നു. കടയിൽ പരിശുദ്ധ പാപ്പായെ കാണാൻ സെക്യുരിറ്റിയുടെ അനുമതിയോടെ കുടുംബാംഗങ്ങളും ബന്ധുക്കളും ഉണ്ടായിരുന്നു. അവരോടൊപ്പം ഉണ്ടായിരുന്ന സഹോദരിയുടെ മകളെ തിരിച്ചു പോന്നപ്പോൾ പോൾ ഒപ്പം കൂട്ടി.
പൊതുവേ കുട്ടികളെ പ്രവേശിപ്പിക്കരുതെന്ന് നിബന്ധന ഉണ്ടായിരുന്നുവെങ്കിലും, സെക്യൂരിറ്റിക്കാരോടുള്ള അടുപ്പം മൂലം കുട്ടിയുമായി പള്ളിക്കകത്ത് പ്രവേശിച്ചു. സിസ്റ്റേഴ്സ്, വൈദികർ, പ്രത്യേകം ക്ഷണിതാക്കൾക്കുമായി ക്രമീകരിച്ചിരിക്കുന്ന കൂട്ടത്തിൽ ഏതാണ്ട് മുൻഭാഗത്ത്, പോളിന്റെ ഇരിപ്പിടത്തിനടുത്ത് ഉണ്ടായിരുന്ന ഒരു സിസ്റ്റർ, കുട്ടിയുടെ ഓമനത്തം കണ്ട് ചോദിക്കുകയും, സിസ്റ്റർ കുട്ടിയെ മടിയിലിരുത്തുകയും ചെയ്തു. കുറച്ചു കഴിഞ്ഞ് സെക്യൂരിറ്റിയുടെ പ്രധാന ഓഫീസർ അല്പം ദേഷ്യഭാവത്തിൽ ആരുടേതാണ് ഈ കുട്ടി എന്ന് ആരാഞ്ഞു. പേടിച്ചു പോയ സിസ്റ്റർ പോളിന്റെ കുട്ടി ആണെന്ന് മറുപടി പറഞ്ഞു. ഭയം നിറഞ്ഞുനിന്ന അവസ്ഥ. അല്പം കഴിഞ്ഞ് സെക്യുരിറ്റി ഓഫീസർ പോളിനോടും സിസ്റ്ററിനോടും ചോദിച്ചത് പരിശുദ്ധ പിതാവിന് ഒരു പ്രസന്റ് ഈ കുട്ടിയെ കൊണ്ട് കൊടുപ്പിക്കാൻ കഴിയുമോ എന്നായിരുന്നു. ഇരുവരും അദ്ഭുതത്തോടെ പറഞ്ഞു, ഞങ്ങൾ ഒന്നും കരുതിയിട്ടില്ല. അതൊക്കെ ഞങ്ങൾ തന്നു കൊള്ളാം, എന്ന് ഓഫീസർ.
അങ്ങനെ സമയം സമാഗതമായി പരിശുദ്ധ പിതാവ് കത്തീഡ്രലിൽ പ്രവേശിച്ചു ശതാബ്ദിയുടെ ഉദ്ഘാടനം കഴിഞ്ഞു. ഈ സമയം പരിശുദ്ധ പിതാവ് പ്രത്യേകം സജ്ജമാക്കിയിരുന്ന ഇരിപ്പിടത്തിൽ ഇരുന്നു. ഇതിനു മുന്നേ സെക്യൂരിറ്റി ഓഫീസർ തണ്ടിന് നീളം കൂടിയ മുള്ളുകൾ ഇല്ലാത്ത ഒരു ചുവന്ന റോസാപ്പൂ കുട്ടിയുടെ കയ്യിൽ കൊടുത്തിട്ട് പരിശുദ്ധ പാപ്പായക്ക് കൊടുക്കണമെന്നു പറഞ്ഞു. സമയമായപ്പോൾ സെക്യൂരിറ്റി ഓഫീസർ കൈകാണിച്ചു. കുട്ടി കേന്ദ്ര സേനയുടെ സഹായത്തോടെ കത്തിഡ്രൽ അൾത്താരയുടെ ചവിട്ടുപടികൾ കയറി കസേരയിലിരിക്കുന്ന പരിശുദ്ധ പിതാവിന് ചുവന്ന റോസാപ്പൂ കൊടുത്തു. പൂ വാങ്ങി പാപ്പ കുട്ടിയെ ആശ്ലേഷിച്ചു. ഉടനെ മുന്നു വട്ടം വിവാ ഇൽ പാപ്പാ എന്നു കുട്ടി പറഞ്ഞു. പിതാവിന് സമീപം ഉണ്ടായിരുന്ന മൈക്കിലൂടെ വിവാ ഇൽ പാപ്പാ പള്ളിക്കകത്ത് മുഴുങ്ങി. ഈ സമയം പിതാവിന് അഭിമുഖം നിന്നിരുന്ന കുട്ടിയെ ഫോട്ടോഗ്രാഫർമാർ ചിത്രത്തിനായ് പകർത്തി കൊണ്ടിരുന്നു.
ഈ സമയത്ത് പരിശുദ്ധ പിതാവ് ഫോട്ടോ എടുക്കൽ നിർത്താൻ ആവശ്യപ്പെട്ടു. പരിശുദ്ധ പിതാവ് ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് സദസ്സിന് അഭിമുഖമായി കുട്ടിയെ ചേർത്തു നിർത്തിയിട്ട് ഫോട്ടോ എടുക്കാൻ പറഞ്ഞു. അങ്ങനെ സക്കേവൂസിന്റെ ഭാഗ്യം പോലെ, അടുത്തു നിന്ന് കാണാൻ ആശിച്ച ബാലികയെ പരിശുദ്ധ പിതാവ് ചേർത്തുപിടിച്ചു. യാതൊരു മുന്നൊരുക്കവും അറിയിപ്പുമില്ലാതെ പരിശുദ്ധ പിതാവിനോട് ചേർന്ന് നിന്ന നിമിഷങ്ങൾ….ഇതിനെക്കുറിച്ച് ആർച്ച്ബിഷപ് കേളന്തറ പിതാവും, മോൺ. വടക്കുംതലയച്ചനും പിന്നീട് പറഞ്ഞത്, മകളേ, നിന്റെ ജീവിതത്തിൽ ഇതുപോലെ ഒരു ഭാഗ്യം മറ്റാർക്കും കിട്ടിയിട്ടുണ്ടാവില്ല. കാരണം, പരിശുദ്ധ പിതാവിന് അൾത്താരയിൽ വെച്ച് പൂവ് കൊടുക്കാനുള്ള ഭാഗ്യം. നീയും, പരിശുദ്ധ പിതാവും……..അത് അപൂർവ്വ ഭാഗ്യം തന്നെയാണ്…….!
പരിശുദ്ധ പിതാവിന് സമീപം നിന്ന് വിവാ ഇൽ പാപ്പ എന്ന് സങ്കോചമില്ലാതെ ഈ കുട്ടി പറയാൻ ഒരു കാരണവും കൂടിയുണ്ട്. വരാപ്പുഴ അതിരൂപത ആസ്ഥാനമന്ദിരത്തിന്റെ പ്രധാന കവാടത്തിന് നേരേ എതിർവശത്താണ് വിക്ടറി ഹോട്ടൽ. (പ്രധാന പ്രവേശനം പടിഞ്ഞാറ് ഭാഗത്തേക്ക് മാറ്റിയത് കൊണ്ട്, കിഴക്കുഭാഗത്തുള്ള പഴയ പ്രധാന കവാടം ഇപ്പോൾ ഉപയോഗിക്കാറില്ല.) വിക്ടറി ഹോട്ടലിൽ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും ഇരിക്കാനുള്ള സെക്യുരിറ്റിയുടെ അനുമതി ഉണ്ടായിരുന്നു. അക്കൂട്ടത്തിൽ ഇരുന്നിരുന്ന കുട്ടിയോട് വിവാ ഇൽ പപ്പാ എന്ന് പരിശുദ്ധ പിതാവ് അടുത്തെത്തുമ്പോൾ ഉറക്കെ പറഞ്ഞാൽ, ഒരു കൊച്ചു കുട്ടിയാകുമ്പോൾ പാപ്പ പ്രത്യേകം ശ്രദ്ധിക്കും എന്ന് ചിന്തയിലാണ് വിവാ ഇൽ പാപ്പ കുട്ടിയെ പറഞ്ഞു പഠിപ്പിച്ചത്. എന്നാൽ ഒരു പൂ ആഗ്രഹിച്ചവർക്ക്, ഒരു പൂന്തോട്ടം കിട്ടിയ അനുഭവമായിരുന്നു ആ കുടുംബത്തിന്.
അന്ന് വിക്ടറി ഹോട്ടലിൽ നിന്നു കൊണ്ടാണ് അഭിവന്ദ്യ ആർച്ച് ബിഷപ് ജോസഫ് കളത്തിപ്പറമ്പിൽ പിതാവിന്റെ മാതാവ് ത്രേസ്യ വളരെ അടുത്തായി പരിശുദ്ധ പിതാവിനെ കണ്ടത് എന്നതും ഈ കഥയുടെ ബാക്കിപത്രം. ബിഷപ്പിന്റെ കുടുംബവും പോളിന്റെ കുടുംബവും തമ്മിലുള്ള ബന്ധത്തിലാണ് കളത്തിപ്പറമ്പിൽ പിതാവിന്റെ പ്രിയ മാതാവ് അവിടെയിരുന്ന് പരിശുദ്ധ പിതാവിനെ ദർശിച്ചത്. ആർച്ച്ബിഷപ് ജോസഫ് കളത്തിപ്പറമ്പിൽ ഈ സമയത്ത് റോമിൽ ആയിരുന്നു.
കഥാനായിക പൂക്കാരിയുടെ പേര് നിമ്മി. നിമ്മിയുടെ പിതാവ് അലക്സാണ്ടർ പടുമാട്ടുമ്മേൽ. അമ്മ ബെർണദീത്ത. അലക്സാണ്ടർ, അഭിവന്ദ്യ കല്ലറക്കൽ പിതാവിന്റെ സഹപാഠിയാണ്. അലക്സാണ്ടറിന്റെ ജേഷ്ഠ സഹോദരന്റെ മകനാണ് ഫാ. പ്രിൻസ് പടമാട്ടുമ്മൽ. (കോട്ടപ്പുറം രൂപത) നമ്മുടെ നായിക നിമ്മിയുടെ അമ്മയുടെ സഹോദരിയുടെ മകനാണ്, ഫാ. രാജീവ് കൈനിക്കാട്ട്. (വരാപ്പുഴ അതിരൂപത) പരിശുദ്ധ ജോൺ പോൾ രണ്ടാമൻ പിതാവിന് റോസാപ്പൂ കൊടുത്ത നിമ്മി, നാളുകൾക്കു ശേഷം വിശുദ്ധ മദർ തെരേസയ്ക്കും പൂ കൊടുത്ത് സ്വീകരിക്കാൻ ഭാഗ്യം ഉണ്ടായ പെൺകുട്ടിയാണ്. അങ്ങനെ തന്റെ ജീവിതത്തിൽ രണ്ടു വിശുദ്ധരെ റോസാപ്പൂ നല്കി സ്വീകരിച്ച നിമ്മി, ഇപ്പോൾ ഇംഗ്ലണ്ടിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. ആലുവയിലുള്ള ബിജു മുളവേലിക്കൽ ആണ് ഭർത്താവ്. രണ്ട് ആൺമക്കൾ, വിദ്യാർഥികളാണ്.
വിശുദ്ധ ബൈബിൾ വചനം പോലെ, ‘മനുഷ്യൻ പദ്ധതികൾ വിഭാവനം ചെയ്യുന്നു, അന്തിമമായ തീരുമാനം കർത്താവിന്റേതത്രേ.’ (സുഭാ:16/1) അങ്ങിനെ കർത്താവിന്റെ തീരുമാനം നിമ്മിക്കും കുടുംബത്തിനും ഒത്തിരി വിശുദ്ധ ഓർമ്മകൾ സമ്മാനിച്ചു.
പരിശുദ്ധ പാപ്പായുടെ സന്ദർശന ഓർമ്മ നിലനിർത്താൻ കത്തിഡ്രൽ പള്ളിയുടെ (കപ്പൽ പള്ളി) പ്രവേശന കവാടത്തിൽ ഒരു ഫലകം ഉണ്ട്. മറ്റൊന്ന് അതിരൂപത ആസ്ഥാനമന്ദിരത്തിൽ പാപ്പ വിശ്രമിച്ച മുറിയുടെ മുൻവശത്തും. ആ മുറിയിൽ പരിശുദ്ധ പാപ്പ വിശ്രമിച്ച ഏഴ് അടി നീളമുള്ള കട്ടിൽ എല്ലാ വിശുദ്ധിയോടും കൂടി സൂക്ഷിച്ചിരിക്കുന്നു.
സഞ്ചരിക്കുന്ന പാപ്പ എന്നറിയപ്പെടുന്ന ജോൺപോൾ രണ്ടാമൻ 29-ാമത് വിദേശ യാത്രയായിരുന്നു 1986 ഫെബ്രുവരി 7 -8 തീയതികളിൽ കേരളത്തിലെ സന്ദർശനം. കേരളത്തിലെ മൊത്തം രൂപതകളെ നാലു കേന്ദ്രങ്ങളായി തിരിച്ചു. തൃശൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു പരിശുദ്ധ പാപ്പ ദിവ്യബലി അർപ്പിച്ചത്. കേരള ക്രൈസ്തവ സഭയിലെ എല്ലാ വിഭാഗങ്ങളെയും യോജിപ്പിച്ചു കൊണ്ടുള്ള ഈ സന്ദർശന പരിപാടി ഏറെ ശ്രദ്ധേയം തന്നെയായിരുന്നു. പുരോഹിതർ ഉൾപ്പെടെയുള്ള സമർപ്പിതരും അല്മായരും ഒരു മാലയിൽ കോർത്ത പുഷ്പങ്ങൾ പോലെ സഹകരണത്താലും പ്രവർത്തന സൗരഭ്യത്താലും, പരസ്പര സ്നേഹ ബഹുമാനങ്ങളുടെ പരിമളം പരത്തി, പാപ്പായുടെ കേരള സന്ദർശനം വൻ വിജയമാക്കി. പരിശുദ്ധ പപ്പായെ മലയാളം പഠിപ്പിച്ചത് ഭാഗ്യസ്മരണാർഹനായ മുൻ ആർച്ച്ബിഷപ് ഡോ: ഡാനിയൽ അച്ചാരുപറമ്പിൽ പിതാവ് ആയിരുന്നു എന്നതും ശ്രദ്ധേയം.
വിശുദ്ധ ജോൺപോൾ പാപ്പ കേരളം സന്ദർശിച്ചതിനു ശേഷം മറ്റൊരു പാപ്പ ഇതുവരെ കേരളം സന്ദർശിച്ചിട്ടില്ല. അതുകൊണ്ടു തന്നെ നാല് പതിറ്റാണ്ട് മുമ്പുള്ള പരിശുദ്ധ പാപ്പായുടെ പാദസ്പർശനവും സാമീപ്യവും ഇന്നും കേരളീയർക്ക് ദൈവാനുഭവത്തിന്റെ നേർക്കാഴ്ച തന്നെ.
പറഞ്ഞവസാനിപ്പിക്കുന്നത് 1986 ഫെബ്രുവരി ഏഴിന് ലത്തീൻ സമുദായത്തിന്റെ ജിഹ്വ ആയിരുന്ന പ്രസിദ്ധീകരണം നിലച്ചു പോയ കേരള ടൈംസിന്റെ മുൻപേജിലെ ലീഡ് വാർത്തയുടെ തലക്കെട്ട് ഇതായിരുന്നു ‘വരിക അനുഗ്രഹിക്ക….’ പരിശുദ്ധ സിംഹാസനത്തിൽ നിന്നും ഇനിയും ഒരു പാപ്പ കേരള സഭയിലേക്ക് കേരള മണ്ണിലേക്ക് പരിശുദ്ധ പാപ്പായെ ‘വരിക അനുഗ്രഹിക്ക..’

