ജെയിംസ് അഗസ്റ്റിന്
ഫാ.തദേവൂസ് അരവിന്ദത്ത് എഴുതിയ പത്തു ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ക്കും അദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്. ആത്മാവിനെ എനിക്കേകേണമേ മാനസേ ഉണര്വേകേണമേ എന്ന ഗാനം ആലപിച്ചിട്ടുള്ളത് കെസ്റ്ററാണ്. ദൈവം തന്ന സ്നേഹം എന്ന് തുടങ്ങുന്ന ഗാനം കെ.ജി.മര്‍ക്കോസും മനീഷയും ചേര്‍ന്ന് പാടി. ചിത്ര പാടിയ സന്തോഷം ഇല്ലെന്നുള്ളില് എന്റെ ഈശോയില്‍ ചേരുവോളം എന്ന ഗാനവും ശ്രദ്ധേയമാണ്.
പത്താം വയസ്സില്‍ മാന്‍ഡലിനുമായി റെക്കോര്‍ഡിങ് സ്റ്റുഡിയോയിലേക്ക് ചുവടുവച്ച്, ഒരിക്കലും മായാത്ത നിലാവിന്റെ ശോഭയുള്ള ഈണങ്ങള്‍ സമ്മാനിച്ച എസ്.പി. വെങ്കിടേഷ് ഓര്‍മയായി.
വിണ്ണിലെ ഗന്ധര്‍വവീണകള്‍ പാടുന്ന സംഗീതമേ (രാജാവിന്റെ മകന്), നീയുറങ്ങിയോ നിലാവേ (ഹിറ്റ്ലര്‍), കുഞ്ഞിക്കിളിയേ കൂടെവിടെ (ഇന്ദ്രജാലം), പാതിരാക്കിളി വരൂ പാല്‍ക്കടല്‍ക്കിളി (കിഴക്കന്‍ പത്രോസ്), കറുകവയല്‍ക്കുരുവീ, തുമ്പിപ്പെണ്ണേ വാ വാ (ധ്രുവം), ശാന്തമീ രാത്രിയില്‍, ചാഞ്ചക്കം തെന്നിയും (ജോണി വാക്കര്‍), നിലാവേ മായുമോ(മിന്നാരം), വാല്‍ക്കണ്ണെഴുതിയ മകരനിലാവില്‍ (പൈതൃകം), താമരക്കണ്ണനുറങ്ങേണം (വാത്സല്യം), മുത്തുമണിത്തൂവല്‍ തരാം (കൗരവര്‍), താരനൂപുരം ചാര്‍ത്തി (സോപാനം), മഞ്ഞും മധുമാരിയും തൂകും വെണ്മേഘമേ (പുതിയ കരുക്കള്‍), പാല്നിലാവിലും ഒരു നൊമ്പരം(കാബൂളിവാല), കിലുകില് പമ്പരം (കിലുക്കം), ഏഴിമലപ്പൂഞ്ചോല (സ്ഫടികം) തുടങ്ങിയ ഗാനങ്ങള്‍ ഇല്ലാതെ ഈ സിനിമകളെക്കുറിച്ചു നമുക്ക് ഓര്‍മിക്കാനാകുമോ?
തമിഴ്നാട്ടില്‍ നിന്നും മലയാളസിനിമാരംഗത്തെത്തി എന്നെന്നും ഓര്‍മയില്‍ തങ്ങുന്ന ഗാനങ്ങള്‍ സൃഷ്ടിച്ച എസ്.പി.വെങ്കിടേഷ് രാജാവിന്റെ മകന് എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംഗീതസംവിധായകനാകുന്നത്. സംഗീതസംവിധായരായിരുന്ന ശ്യാം, കണ്ണൂര്‍ രാജന്, രവീന്ദ്രന് എന്നിവരുടെ അസിസ്റ്റന്റ് ആയിരുന്നു എസ്.പി.വെങ്കിടേഷ്. നൂറ്റി അറുപത് സിനിമകള്‍ക്ക് സംഗീതം നല്കി. ജോലിയിലെ വേഗമായിരുന്നു എസ്. പി.വെങ്കിടേഷിന്റെ ഏറ്റവും വലിയ മേന്മയായി സംവിധായകര്‍ പറഞ്ഞിരുന്നത്. സിനിമകള്‍ക്ക് ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് മികച്ച പശ്ചാത്തലസംഗീതം സൃഷ്ടിക്കുന്നതില്‍ എസ്.പി.വെങ്കിടേഷ് അതിവിദഗ്ധനായിരുന്നു.

അദ്ദേഹം പശ്ചാത്തലസംഗീതം നല്കിയ സിനിമകളുടെ ലിസ്റ്റ് നോക്കിയാല്‍ മലയാള സിനിമയില്‍ എസ്.പി.വെങ്കിടേഷിന്റെ സ്ഥാനം എന്തായിരുന്നു എന്നു മനസിലാക്കാം.
കിലുക്കം, തേന്മാവിന് കൊമ്പത്ത്, മഴയെത്തും മുന്‍പേ, പഞ്ചാബി ഹൗസ്, ദേവാസുരം, മിഥുനം, കന്മദം, ചന്ദ്രലേഖ, ശ്യാമ, വെട്ടം, വിഷ്ണു, ലേലം, കുട്ടേട്ടന്, മിഥുനം, നമ്പര്‍ 20 മദ്രാസ് മെയില്‍, ജോക്കര്‍, രാക്കിളിപ്പാട്ട് തുടങ്ങിയവ അദ്ദേഹം സംഗീതം ഒരുക്കിയ സിനിമകളാണ്. ഇവ കൂടാതെ നൂറിലധികം സിനിമകള്‍ക്ക് അദ്ദേഹം പശ്ചാത്തലസംഗീതം നല്‍കിയിട്ടുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങളും കംപ്യൂട്ടറുകളും സംഗീതരംഗത്തു വരുന്നതിനു മുന്‍പുള്ള കാലമാണെന്നു ഓര്‍ക്കണം. എല്ലാം മനുഷ്യന് തന്നെ ചെയ്യണം. എല്ലാവരും ഒരുമിച്ചിരുന്നു റെക്കോര്‍ഡ് ചെയ്യണം. ഒരാള്‍ക്ക് തെറ്റ് പറ്റിയാല്‍ ആദ്യം മുതല്‍ വീണ്ടും റെക്കോര്‍ഡ് ചെയ്യണം. അങ്ങനെയുള്ള സാഹചര്യത്തിലാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന വേഗം കൈവരിക്കാന്‍ എസ്.പി.വെങ്കിടേഷിന് കഴിഞ്ഞതെന്നത് അദ്ദേഹത്തിലെ പ്രതിഭയുടെ തിളക്കം വെളിവാക്കുന്നു.
ഹിന്ദി, തമിഴ്, കന്നഡ, ബംഗാളി ഭാഷകളിലെല്ലാം അദ്ദേഹം സിനിമ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുകയും പശ്ചാത്തലസംഗീതം ഒരുക്കുകയും ചെയ്തു. മലയാളത്തില്‍ പി.ഭാസ്കരന്, ഒ.എന്‍.വി. , ഗിരീഷ് പുത്തഞ്ചേരി, ബിച്ചു തിരുമല, ഷിബു ചക്രവര്‍ത്തി, കൈതപ്രം, വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് അദ്ദേഹം ഈണം നല്കി.
ഫാ.തദേവൂസ് അരവിന്ദത്ത് എഴുതിയ പത്തു ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ക്കും അദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്. ആത്മാവിനെ എനിക്കേകേണമേ മാനസേ ഉണര്വേകേണമേ എന്ന ഗാനം ആലപിച്ചിട്ടുള്ളത് കെസ്റ്ററാണ്. ദൈവം തന്ന സ്നേഹം എന്ന് തുടങ്ങുന്ന ഗാനം കെ.ജി.മര്‍ക്കോസും മനീഷയും ചേര്‍ന്ന് പാടി. ചിത്ര പാടിയ സന്തോഷം ഇല്ലെന്നുള്ളില് എന്റെ ഈശോയില്‍ ചേരുവോളം എന്ന ഗാനവും ശ്രദ്ധേയമാണ്.
സംഗീതജ്ഞനായ തന്റെ പിതാവ് പളനിയില്‍ നിന്നാണ് എസ്.പി.വെങ്കിടേഷ് സംഗീതം പഠിക്കുന്നത്. മാന്‍ഡലിന്‍, ബാന്‍ജോ, ഗിറ്റാര്‍ എന്നിവയെല്ലാം കുട്ടിക്കാലത്തു തന്നെ വെങ്കിടേഷ് വായിക്കുമായിരുന്നു. കുട്ടിക്കാലം മുതല്‍ റെക്കോര്‍ഡിങ് സ്റ്റുഡിയോകളിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. മറ്റു കുട്ടികള്‍ ഫുട്ബാളും ക്രിക്കറ്റും കളിച്ചു നടന്നപ്പോള്‍ തന്ത്രികളില്‍ നിന്നും അനേകതലമുറകള്‍ക്ക് കേക്കാനുള്ള സംഗീതം സൃഷ്ടിക്കുകയായിരുന്നു വെങ്കിടേഷ്. അതെ, ഈ ഗാനങ്ങള്‍ തലമുറകളോളം കേള്‍ക്കും. മലയാളികള്‍ക്ക് ഇങ്ങനെയൊരു ഗാനപ്രവാഹം നല്‍കിയതിന് പ്രണാമം.

