കൊച്ചി: മനുഷ്യ ചരിത്രത്തിലേക്ക് ഏറ്റവും എളിമയുള്ള രീതിയിൽ സ്വർഗ്ഗ സ്നേഹം കടന്നുവന്നതിന്റെ ഉജ്ജ്വലമായ ആഘോഷമാണ് ക്രിസ്തുമസെന്ന്
വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ.വരാപ്പുഴ അതി മെത്രാസന മന്ദിരത്തിൽ നടന്ന മാധ്യമപ്രവർത്തകരുടെ സംഗമത്തിൽ ക്രിസ്തുമസ് സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബത്ലഹേമിലെ ഒരു രാത്രിയുടെ നിശബ്ദതയിൽ സ്വർഗ്ഗം ഭൂമിയെ സ്നേഹത്തോടെ സ്പർശിച്ചു. അതുവഴി നിത്യത കാലത്തിലേക്ക് പ്രവേശിച്ചു.രക്ഷയെ കുറിച്ച് തലമുറകളായി മനുഷ്യർക്ക് നൽകിയ ദൈവത്തിൻ്റെ വാഗ്ദാനം തുണികളാൽ പൊതിഞ്ഞ ഒരു നവജാത ശിശുവിന്റെ രൂപത്തിൽ ലോകത്ത് ജന്മമെടുത്തു. ഈ ദിവ്യ സംഭവം ഈ ലോകത്തിൻ്റെ മുന്നിൽ ഏറ്റവും നിസ്സാരമായ രീതിയിലാണ് ദൈവം വെളിപ്പെടുത്തിയത്.
സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ള പാവങ്ങളായ ആട്ടിടയന്മാർക്ക് മുൻപിൽ ലോകം കാത്തിരുന്ന ഏറ്റവും വലിയ മഹാ രഹസ്യം അവതരിപ്പിക്കപ്പെട്ടു.അതിൻ്റെ ആത്മീയ സന്തോഷത്തിൽ ആകാശത്ത് മാലാഖമാർ അത്യുന്നത ഗീതികൾ പാടി.പരിശുദ്ധ സ്നേഹവും എളിമ നിറഞ്ഞ പ്രവർത്തനങ്ങളുമാണ് ഓരോ മനുഷ്യജീവിതത്തെയും മനോഹരമാക്കുന്നത് എന്ന വലിയ സന്ദേശം ആണ് ക്രിസ്തുമസ് നമുക്ക് നൽകുക. നമ്മുടെ ഓരോരുത്തരുടെയും ഹൃദയത്തിൽ നന്മയും സ്നേഹവും സമാധാനവും സന്തോഷവും നിറയ്ക്കാൻ ക്രിസ്മസ് കാലത്തിന് കഴിയുന്നുണ്ട്. പുൽത്തൊഴുത്തിൽ ജാതനായ ഉണ്ണിയേശുവിന്റെ പിറവി മനുഷ്യകുലത്തോടുള്ള ദൈവത്തിൻ്റെ വലിയ സ്നേഹത്തിൻ്റെ മഹത്തായ പ്രഖ്യാപനമാണ്.
“അതിനാൽ കർത്താവ് തന്നെ നിനക്ക് അടയാളം തരും. യുവതി ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവൻ ഇമ്മാനുവൽ എന്ന് വിളിക്കപ്പെടും” (ഏശയ്യാ 7:14). യുദ്ധങ്ങളും മാത്സര്യവും അസ്വസ്ഥതകളും നിറയുന്ന ഈ കാലഘട്ടത്തിൽ ക്രിസ്തുമസ് നമ്മെ ക്ഷണിക്കുന്നത് ദൈവത്തിൻ്റെ പരിശുദ്ധ സ്നേഹത്തിൻ്റെ സാക്ഷികളായി മാറുവാൻ ആണ് .നമ്മുടെ സമൂഹത്തിലും കുടുംബങ്ങളിലും പരസ്പരം മനസ്സിലാക്കലിന്റെ പങ്കുവയ്ക്കലിന്റെ സ്നേഹത്തിന്റെ മനോഭാവം വളർത്തുവാൻ ഈ ക്രിസ്തുമസ് നമ്മെ ഓർമിപ്പിക്കുന്നുണ്ട്.
ദിവ്യ നക്ഷത്രം കിഴക്കുനിന്ന് വന്ന ജ്ഞാനികളെ പുൽത്തൊഴുത്തിലേക്ക് നയിച്ചത് പോലെ ദൈവത്തിൻ്റെ വചനം നമ്മെ ശാന്തിയിലേക്ക് നയിക്കട്ടെ.ആകാശത്ത് പ്രത്യക്ഷപ്പെട്ട ദൈവദൂതന്മാർ ലോകത്തിന് സമാധാനം ആശംസിച്ചതു പോലെ ഉണ്ണീശോയുടെ സമാധാനം നമ്മുടെ എല്ലാവരുടെമേൽ എന്നും വസിക്കട്ടെ. ബത്ലഹേമിലെ ആട്ടിടയന്മാർ പുൽക്കൂട്ടിൽ ജീവിതത്തിന്റെ ഏറ്റവും വലിയ സന്തോഷം കണ്ടെത്തിയത് പോലെ ക്രിസ്തുവിനെ അറിയുന്നതിലൂടെ ലഭിക്കുന്ന സന്തോഷത്താൽ നമ്മുടെയൊക്കെ ജീവിതം പൂർണമാകട്ടെയെന്നും
ആർച്ച് ബിഷപ്പ് പറഞ്ഞു.
വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ബിഷപ്പ് ഡോ.ആന്റണി വാലുങ്കൽ കേക്ക് ആശിർവാദം നടത്തി.വരാപ്പുഴ അതിരൂപത വികാരി ജനറൽമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിമറ്റം, കെആർ എൽസിസി വൈസ് പ്രസിഡൻ്റ് ജോസഫ് ജൂഡ്, കെഎൽസിഎ സംസ്ഥാന പ്രസിഡൻ്റ്
അഡ്വ.ഷെറി ജെ തോമസ്, പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ ഫാ.യേശുദാസ് പഴമ്പിള്ളി, മീഡിയ കമ്മീഷൻ സെക്രട്ടറി സിബി ജോയ് എന്നിവർ പ്രസംഗിച്ചു

