ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ എയർ കണ്ടിഷണറിൻ്റെ കംപ്രസർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേരും വളർത്ത് നായയും മരിച്ചു. സച്ചിൻ കപൂർ (49), ഭാര്യ റിങ്കു കപൂർ (48), മകൾ സുജൻ കപൂർ (13) എന്നിവരാണ് മരിച്ചത്.
ജനാലയിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെട്ട ഇവരുടെ മകൻ ആര്യൻ കപൂർ (24) അത്യാസന്ന നിലയിൽ ചികിത്സയിലാണ്.ഫരീദാബാദിൽ ഗ്രീൻ ഫീൽഡ് കോളനിയിലെ നാല് നിലക്കെട്ടിടത്തിലെ രണ്ടാമത്തെ നിലയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു സച്ചിൻ്റെ കുടുംബം. തിങ്കളാഴ്ച പുലർച്ചെ 3:30 ഓടെയാണ് പൊട്ടിത്തെറി ഉണ്ടായത്.
ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് കംപ്രസർ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.മുറിക്കുള്ളിൽ പുക നിറഞ്ഞതോടെയാണ് സച്ചിനും ഭാര്യയും മകളും ഉണർന്നത്. ഇവർ വളർത്തുനായയ്ക്കൊപ്പം ടെറസിലേക്ക് കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ടെറസിലേക്കുള്ള വാതിൽ പൂട്ടിയിരുന്നതിനാൽ കുടുങ്ങിപ്പോകുകയായിരുന്നു.
തുടർന്ന് പുക ശ്വസിച്ച് ഇവർ കുഴഞ്ഞുവീണു. മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്ന ആര്യൻ ജനാലയിലൂടെ പുറത്തേക്ക് ചാടി. ആര്യൻ്റെ കാലുകൾ ഒടിഞ്ഞിട്ടുണ്ട്. പൊലീസും അഗ്നിരക്ഷാസേനയും എത്തി തീയണച്ച് മൂവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

