ഒഡീഷ: ഒഡീഷയിലെ ഗംഗാധർ ഗ്രാമത്തിൽ ബജ്റങ്ദൾ പ്രവർത്തകർ കന്യാസ്ത്രീകളെയും വൈദികരെയും ആക്രമിച്ചു. എഴുപതോളം വരുന്ന ബജ്റങ്ദൾ പ്രവർത്തകരാണ് തങ്ങളെ ആക്രമിച്ചതെന്ന് മർദനമേറ്റ മലയാളി സിസ്റ്റർ എലേസ മാധ്യമങ്ങളോട് പറഞ്ഞു.
അക്രമികൾ ബൈബിൾ വലിച്ചെറിഞ്ഞുവെന്നും വൈദികരെ മർദിച്ചുവെന്നും സിസ്റ്റർ പറഞ്ഞു. മൊബൈൽ ഫോണടക്കം അക്രമി സംഘം കവർന്നെടുത്തു. മതപരിവർത്തനം നടത്തിയിട്ടില്ലെന്നും അത്തരത്തിലുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സിസ്റ്റർ കൂട്ടിച്ചേർത്തു.
ഗംഗാധറിലെ കത്തോലിക്കാ കുടുംബത്തിന്റെ ആണ്ടുകുർബാനയ്ക്കെത്തിയ വൈദികരും കന്യാസ്ത്രീകളുമാണ് ഇന്നലെ അക്രമത്തിനിരയായത്. ജലേശ്വർ സെന്റ് തോമസ് ഇടവക വികാരി ഫാ. ലിജോ നിരപ്പേൽ, ജോഡ ഇടവക വികാരി ഫാ. വി. ജോജോ, സിസ്റ്റേഴ്സ് ഓഫ് ദ് വിസിറ്റേഷൻ കോൺഗ്രിഗേഷൻ അംഗങ്ങളായ എലേസ, മോളി, എന്നിവരാണ് ഗംഗാധറിലെത്തിയിരുന്നത്.
ഭരണം മാറിയെന്നും ഇനി മതപരിവർത്തനം നടക്കില്ല എന്ന് പറഞ്ഞ് പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു മർദനമെന്നാണ് ആരോപണം.
ഞെട്ടിക്കുന്ന ആക്രമണമാണിതെന്ന് സിബിസിഐ പ്രതികരിച്ചു. വൈദികർക്കും സന്യസ്ഥർക്കും ഭരണകൂടം സുരക്ഷയൊരുക്കണം. ഇത്തരം അക്രമങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും സിബിസിഐ വക്താവ് ഫാ. റോബിൻസൻ റോഡ്രിഗസ് പറഞ്ഞു.
രാജ്യത്ത് ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങളിൽ ബിജെപിക്കെതിരെ സിറോ മലബാർ സഭ. ബി.ജെ.പി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും പരിവാർ സംഘടനകളുടെ തീവ്രനിലപാടുകൾ മൂലം ജീവിക്കാൻതന്നെ കഴിയാത്തവിധം അരക്ഷിതാവസ്ഥയിലാണ് ക്രൈസ്തവർ.
ജനാധിപത്യ അവകാശങ്ങൾക്കുമേൽ കടന്നുകയറുന്ന വർഗീയ സംഘങ്ങൾ രാജ്യത്തിന്റെ മതേതരസ്വഭാവത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് ക്രൈസ്തവർക്കുനേരെ വർധിച്ചുവരുന്ന അസഹിഷ്ണുതയിൽ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടുകയും നീതി ഉറപ്പാക്കുകയും ചെയ്യണം എന്നു സഭാ വക്താക്കൾ ആവശ്യപ്പെട്ടു.

