സമരങ്ങളില്‍ നിന്ന് പിന്മാറില്ലെന്ന് ‘കെയര്‍ കൊച്ചി’
കൊച്ചി: കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളില്‍ നേരിടുന്ന ഭീകരമായ കലേറ്റത്തിന് പരിഹാരം കാണുന്നതുവരെ സഹനസമരങ്ങളില്‍ നിന്ന് പിന്മാറില്ലെന്ന് ‘കെയര്‍ കൊച്ചി’ പ്രഖ്യാപിച്ചു.
പ്രക്ഷോഭങ്ങളുടെ തുടക്കമായി ഇന്ന് രാവിലെ കൊച്ചി ആലപ്പുഴ രൂപതകളിലെ വൈദികര്‍ തോപ്പുംപടി ബിഒടി ജംഗ്ഷനില്‍ ഏകദിന ഉപവാസ സമരം ആരംഭിച്ചു. രാവിലെ 9:30 മുതല്‍ വൈകിട്ട് 4:00 വരെയാണ് സമരം. കെആര്‍എല്‍സിസി വൈസ്പ്രസിഡന്റ് ജോസഫ് ജൂഡ് സമരം ഉദ്ഘാടനം ചെയ്തു.
തീരസംരക്ഷണത്തിന് ഗൗരവതരമായ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് കൊച്ചി – ആലപ്പുഴ രൂപതകളുടെ സംയുക്തനേതൃത്വത്തില്‍ രൂപം കൊണ്ടിട്ടുള്ള കെയര്‍ ചെല്ലാനം – കൊച്ചിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭ പരിപാടികള്‍ ശക്തമാക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ സമരം.
രാവിലെ തോപ്പുംപടി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ നിന്ന് ആരംഭിച്ച വൈദികരുടെ റാലി കൃപാസനം ഡയറക്ടര്‍ റവ. ഡോ. വി.പി. ജോസഫ് വലിയവീട്ടില്‍ ഉദ്ഘാടനം ചെയ്തു.
വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. ഉപവാസ ധര്‍ണയ്ക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് വൈകീട്ട് 3 ന് പള്ളുരുത്തിയില്‍ നിന്നും തോപ്പുംപടി ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന ബഹുജനറാലികള്‍ ഉപവാസവേദിയില്‍ സമാപിക്കും. റാലികള്‍ കെസിബിസി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജോ. തോമസ് എന്നിവര്‍ ഫ്ളാഗ് ഓഫ് ചെയ്യും. വൈകീട്ട് 4.30ന് ചേരുന്ന സമാപന സമ്മേളനം കോട്ടപ്പുറം മെത്രാന് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്യും.
അഡ്വ. ഷെറി. ജെ. തോമസ്, ആലപ്പുഴ രൂപത വികാരി ജനറല്‍ ഡോ. ജോയ് പുത്തന്‍വീട്ടില്‍, കൊച്ചി രൂപത വികാര ജനറല്‍ മോണ്‍. ഷൈജു പര്യാത്തുശേരി എന്നിവര്‍ പ്രസംഗിക്കും. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ സമരപ്രഖ്യാപനം നടത്തും. സമരസമിതി ചെയര്മാന് റവ. ഡോ. ജോണി സേവ്യര്‍ പുതുക്കാട്, കണ്‍വീനര്‍ ഫാ. ആന്റണി കുഴിവേലില്‍, കണ്ണമാലി ഫൊറോന വികാരി ഫാ. ജോപ്പന് അണ്ടിസേരി, കണ്ടക്കടവ് ഫൊറോന വികാരി ഫാ. സോളമന് താരങ്ങാട് എന്നിവര്‍ നേതൃത്വം നല്‍കും.
ചെല്ലാനം മുതല്‍ ഫോര്‍ട്ടുകൊച്ചി വരെയുള്ള പ്രദേശങ്ങളിലെ കടലാക്രമണത്തിനും അതേ തുടര്‍ന്നുള്ള കെടുതികള്‍ക്കും ദുരിതങ്ങള്‍ക്കും ശാശ്വത പരിഹാരമുണ്ടാക്കണമെന്ന് ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ നിരന്തരമായി സര്‍ക്കാരിനോട് ആവശ്യപ്പെട്ടുവരികയായിരുന്നു. നിരവധി സമരങ്ങളും പ്രക്ഷോഭങ്ങളും ഇവര്‍ നടത്തിയിരുന്നു, ഇന്നും
അവ തുടരുകയുമാണ്.
ഇവര്‍ നടത്തിയ പ്രക്ഷോഭങ്ങളുടെയും കെആര്‍എല്‍സിസി യുടെ നേതൃത്വത്തില്‍ നടത്തിയ
ശ്രമങ്ങളുടെയും പശ്ചാത്തലത്തില്‍ പതിനേഴു കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഈ തീരത്ത് ആദ്യഘട്ടത്തില്‍ ചെല്ലാനം
മിനി ഫിഷിംഗ് ഹാര്‍ബര്‍ മുതല്‍ ചെറിയകടവുവരെ 12 കി.മി. പ്രദേശത്ത് ടെട്രാപോട് കടല്‍ഭിത്തിനിര്‍മ്മാണം സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും 344 കോടി രൂപ അനുവദിക്കുകയും ചെയ്തു. കരാര്‍ തുകയിലുണ്ടായ
വര്‍ദ്ധനവും മറ്റ് സാങ്കേതിക ബുദ്ധിമുട്ടുകളും കാരണം ചെല്ലാനം മുതല്‍ കണ്ണമാലി പുത്തന്‍തോടു വരെയുള്ള 7.3കി.മി. മാത്രമാണ് സര്‍ക്കാര്‍ അനുവദിച്ച തുകയ്ക്ക് പൂര്‍ത്തിയാക്കിയത്.
ശേഷിക്കുന്ന പ്രദേശങ്ങളില്‍ കടല്‍ഭിത്തി തീര്‍ത്തും തകര്‍ന്ന അവസ്ഥയിലാണ്. അടിയന്തിരമായി കടല്‍ഭിത്തി നിര്‍മാണം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഈ പ്രദേശം ശക്തമായ കടലാക്രമണം നേരിടേണ്ടി വരുമെന്നും സര്‍ക്കാരിനെ
നിവേദനങ്ങളിലൂടെ ബോധ്യപ്പെടുത്തിയിട്ടും ഗൗരവമായ ഇടപെടല്‍ ഉണ്ടായില്ല. തന്മൂലം ഇവിടുത്തെ ജനങ്ങള്‍ ഇപ്പോഴും തുടര്‍ച്ചയായ കടലാക്രമണംമൂലം ദുരിതങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.
പ്രദേശവാസികളുടെജീവനും സ്വത്തിനും കടുത്തഭീഷണി നേരിടുന്നതോടൊപ്പം അപരിഹാര്യമായ ധനനഷ്ടവും മാനസിക സമ്മര്ദ്ദവുംനേരിട്ടുകൊണ്ടിരിക്കുന്നു. ഈ സ്ഥിതിയില്‍നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിനും അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനും ആവശ്യമായ അടിയന്തിര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുകയും യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കുകയും വേണമെന്നാണ് ആവശ്യം.