കൊച്ചി : കണ്ണമാലി, ചെറിയ കടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ഭീകരമായ കലാക്രമണത്തിന് പരിഹാരം കാണുന്നതുവരെ ശക്തമായ സമരം തുടരാൻ കൊച്ചി – ആലപ്പുഴ രൂപതകളിലെ വൈദീകരുടെയും സംഘടനാ ഭാരവാഹികളുടെയും ആത്മായ പ്രതിനിധികളുടെയും സംയുക്ത യോഗം തീരുമാനിച്ചു. ആലപ്പുഴ കൊച്ചി രൂപതകളുടെ സംയുക്ത നേതൃത്വത്തിലുള്ള “കെയർ ചെല്ലാനം – കൊച്ചി” വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം.
പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബുധനാഴ്ച തീരമേഖലയിൽ ഉടനീളം വിളമ്പര ജാഥകൾ നടത്തുവാനും ജൂൺ 20 ന് വെള്ളിയാഴ്ച കൊച്ചി ആലപ്പുഴ രൂപതകളിലെ വൈദീകർ തോപ്പുംപടി ബി.ഒ.ടി. ജംഗ്ഷനിൽ ഏകദിന ഉപവാസ സമരം സംഘടിപ്പിക്കും . ഉപവാസ സമരത്തിന് രണ്ട് രൂപതകളിലെയും വികാരി ജനറൽമാർ നേതൃത്വം നൽകും .
യോഗത്തിൽ മോൺ. ഷൈജു പരിയാത്തുശേരി അധ്യക്ഷത വഹിച്ചു. ആലപ്പുഴ വികാരി ജനറൽ മോൺ. ജോയി പുത്തൻ വീട്ടിൽ ഉദ്ഘാടനം ചെയ്തു. KRLCC ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ. ജിജു അറക്കത്തറ, KRLCC വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, റവ. ഡോ.ജോണി സേവ്യർ പുതുക്കാട്, ഫാ.ജോപ്പൻ അണ്ടി ശ്ശേരി, ഫാ. സോളമൻ ചാരങ്ങാട്ട്, കെയർ ചെല്ലാനം കൺവീനർ ടി.എ. ഡാൽഫിൻ. KLCA സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി, പൈലി ആലുങ്കൽ, ബാബു കാളിപ്പറമ്പിൽ പ്രസംഗിച്ചു.
ഉപവാസ സമരത്തിന് നേതൃത്വം നൽകുന്നതിന് റവ. ഡോ. ജോണി സേവ്യർ പുതുക്കാട് ചെയർമാനും, ഫാ. സോളമൻ ചാരങ്ങാട്ട് വൈ. ചെയർമാനും, ഫാ.ആന്റണി കുഴിവേലിൽ കൺവീനറും, ജോ.കൺവീനർമാരായി സന്തോഷ് കൊടിയനാട്, സോഫി രാജു, KCYM മുൻസംസ്ഥാന പ്രസിഡൻ്റ് ഇമ്മാനുവൽ എന്നിവരെ ചുമതലപ്പെടുത്തി.